Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്സഭയിൽ വീണപ്പോൾ ശബരിമലയുടെ പേരിൽ പഴി കേട്ടിരുന്ന പിണറായിക്ക് തന്റെ നിലപാടാണ് ശരിയെന്ന് സ്ഥാപിക്കാൻ ലഭിച്ച അവസരം; സിപിഎം നൽകുന്നത് നിലപാടല്ല, പ്രവർത്തന രീതിയാണ് തിരുത്തേണ്ടതെന്ന സന്ദേശം; സൈബർ ഗുണ്ടകളെ അഴിഞ്ഞാടാൻ വിടാതെ വീട്ടിൽ ഇരുത്തിയതും ഗുണകരമായി; ഇരട്ടച്ചങ്കൻ ബഹുമതിയിൽ മതിമറന്നു പോയ സിപിഎമ്മിന് നല്ലപാഠം നൽകിയ ഉപതിരഞ്ഞെടുപ്പ്; 91 സീറ്റുകളിൽ ഭരണം തുടങ്ങി 93 സീറ്റുകളിൽ അവസാനിപ്പിക്കുന്ന അത്യപൂർവ്വ നേട്ടവുമായി പിണറായി

ലോക്സഭയിൽ വീണപ്പോൾ ശബരിമലയുടെ പേരിൽ പഴി കേട്ടിരുന്ന പിണറായിക്ക് തന്റെ നിലപാടാണ് ശരിയെന്ന് സ്ഥാപിക്കാൻ ലഭിച്ച അവസരം; സിപിഎം നൽകുന്നത് നിലപാടല്ല, പ്രവർത്തന രീതിയാണ് തിരുത്തേണ്ടതെന്ന സന്ദേശം; സൈബർ ഗുണ്ടകളെ അഴിഞ്ഞാടാൻ വിടാതെ വീട്ടിൽ ഇരുത്തിയതും ഗുണകരമായി; ഇരട്ടച്ചങ്കൻ ബഹുമതിയിൽ മതിമറന്നു പോയ സിപിഎമ്മിന് നല്ലപാഠം നൽകിയ ഉപതിരഞ്ഞെടുപ്പ്; 91 സീറ്റുകളിൽ ഭരണം തുടങ്ങി 93 സീറ്റുകളിൽ അവസാനിപ്പിക്കുന്ന അത്യപൂർവ്വ നേട്ടവുമായി പിണറായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യുമ്പോൾ ചിന്തിക്കുന്നതു പോലെയല്ല കേരളത്തിലെ വോട്ടർമാർ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ചിന്തിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇക്കുറി വേണ്ടതു പോലെ ഏശിയതുമില്ല. അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വ്യക്തമായ രണ്ട് കാര്യങ്ങൾ ഇതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണകരമായി മാറിയത് ശബരിമല വിഷയവും രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തിയതോടെ പ്രവർത്തകർക്കുണ്ടായ ആവേശവുമാണ്. കൂടാതെ ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ പോക്കറ്റിൽ വീണതും യുഡിഎഫിന് ഗുണകരമായി മാറി.

ഉപതിരഞ്ഞെടുപ്പിൽ ശബരിമല കാര്യമായി ഏറ്റില്ലെന്നതാണ് സിപിഎമ്മിന്റെ വിജയം. ലോക്‌സഭയിലെ തോൽവിയുടെ പേരിൽ ഏറെ പഴികേട്ട പിണറായി വിജയന് ഈ വിജയം തന്റെ നിലപാടിന്റെ വിജയമായി ചേർക്കാം. പ്രവർത്തകർ അഹങ്കാരം വെടിഞ്ഞ് വിനയത്തോടെ പെരുമാറണമെന്ന് കോടിയേരി വിളിച്ച വാർത്താസമ്മേളനങ്ങളിൽ എല്ലാം ആവർത്തിച്ചു. സൈബർ ഗുണ്ടകളോട് തൽക്കാലം പണി നിർത്താൻ ആവശ്യപ്പെട്ടു. ഇതെല്ലാം, ഫലം വന്നപ്പോൾ ഗുണകരമായ കാര്യമായി മാറി. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി അരൂരിൽ ഷാനിമോൾ ഉസ്മാനെ വിജയിപ്പിച്ചതിൽ ജി സുധാകരന്റെ പൂതനാ പരാമർശത്തിനും കാര്യമായ പങ്കുണ്ട്.

പാലായുൾപ്പെടെ ആറ് ഉപതിരഞ്ഞെടുപ്പുകളുടെ ഫലം നിയമസഭയിൽ അംഗബലം കൂട്ടി എന്നതിനേക്കാൾ കേരളത്തിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇടം തിരിച്ചുപിടിക്കാനായി എന്നതാണ് എൽ.ഡി.എഫിന്റെ നേട്ടം. ശബരില വിവാദത്തിനു പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്കേറ്റ കടുത്ത തിരിച്ചടി രാഷ്ട്രീയവിധിയെഴുത്തായി കണക്കാക്കേണ്ടെന്ന നേതാക്കളുടെ വാദത്തിന് ബലം പകരുന്നതാണിത്. ഒപ്പം, നിലപാടല്ല, പ്രവർത്തനരീതിയാണ് മാറ്റേണ്ടതെന്ന് 'തെറ്റുതിരുത്തലി'ലൂടെ അംഗങ്ങൾക്ക് സിപിഎം. നൽകിയ സന്ദേശവും ഈ തിരഞ്ഞെടുപ്പുകളിൽ ഗുണംചെയ്തു.

സിപിഎമ്മിന്റെ കണക്കുകൾ കാര്യമായി തെറ്റിയില്ലെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. അല്ലെങ്കിൽ, പാർട്ടിയുടെ കണക്കുകൂട്ടലുകളെ ജനങ്ങൾ തെറ്റിച്ചിട്ടുണ്ടെന്നും പറയാം. വട്ടിയൂർക്കാവിലും കോന്നിയിലും ഇടതുസ്ഥാനാർത്ഥികൾ ജയിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്ക്. അരൂർ അത്ര ശുഭമല്ലെന്ന സൂചന പാർട്ടിഘടകങ്ങൾ നേരത്തേ നൽകിയിരുന്നു. എന്നാലും, പ്രതീക്ഷിക്കാമെന്നായിരുന്നു ബൂത്തുതലത്തിൽനിന്നുള്ള പ്രതികരണം. മഞ്ചേശ്വരത്തും എറണാകുളത്തും പോരാട്ടം മാത്രമായിരുന്നു ലക്ഷ്യം. ഇതെല്ലാം അംഗീകരിക്കുന്നതാണ് ഇപ്പോഴത്തെ ഫലം. വട്ടിയൂർക്കാവിൽ പരമാവധി 5000 വോട്ടിന്റെ ലീഡാണ് സിപിഎമ്മിന്റെ കണക്കനുസരിച്ചുണ്ടായിരുന്നത്. കോന്നിയിലും ചെറിയ ഭൂരിപക്ഷമേ പ്രതീക്ഷിച്ചുള്ളൂ. ഈ രണ്ടു കണക്കുകൂട്ടലുകളും വോട്ടർമാർ തെറ്റിച്ചു.

ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയത്തിൽപ്പോലും പുതിയ പരീക്ഷണവും നിലപാടും പ്രകടമായിരുന്നു. നായർ സമുദായത്തിന് പ്രാമുഖ്യമുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജാതിപരിഗണനയ്ക്കപ്പുറം ജനകീയതയും പ്രവർത്തന അംഗീകാരവുമുള്ളയാളെ സ്ഥാനാർത്ഥിയാക്കി. സമുദായങ്ങൾക്കും വിശ്വാസികൾക്കും ഇടയിൽ അംഗീകാരമുള്ളയാളെ മഞ്ചേശ്വരത്ത് പരീക്ഷിച്ചു. പതിവ് മുഖങ്ങൾക്കുപകരം യുവാക്കൾക്ക് പ്രാധാന്യം നൽകി.

ഇങ്ങനെ നിർത്തിയ സ്ഥാനാർത്ഥികളെല്ലാം വിജയിച്ചുവെന്നതല്ല, ഈ പരിഗണന ജനമനസ്സിനെയാകെ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ വ്യക്തമാകുന്നത്. സാമുദായികപരിഗണനയ്ക്കപ്പുറം സൗമ്യതയും ജനകീയതയുംകൊണ്ട് ഒരാൾ ജയിച്ചുകയറുന്നത്, വേണമെങ്കിൽ സിപിഎമ്മിനും ഒരു പാഠമാണെന്ന് വിലയിരുത്താം. പക്ഷേ, ആ വിജയം എൽ.ഡി.എഫിനുണ്ടാക്കുന്ന രാഷ്ട്രീയക്കരുത്ത് ചെറുതല്ല.

പഴുതടച്ച പ്രചാരണത്തിലൂടെയാണ് സിപിഎം യു.ഡി.എഫിന്റെ കോന്നി പിടിച്ചെടുത്തത്. ഇടതുപക്ഷത്തിന്റെ പടയോട്ടത്തിൽ മണ്ഡലത്തിലെ 11 പഞ്ചായത്തുകളിൽ ഒമ്പതും ചെങ്കൊടിയേന്തി. കോന്നിയിലെ വിജയത്തോടെ പത്തനംതിട്ട ജില്ലയിൽ ആകെയുള്ള അഞ്ചുമണ്ഡലങ്ങളും ചുവപ്പണിഞ്ഞു. ശബരിമല ഉൾപ്പെടുന്ന ജില്ലയിലെ കോന്നിയിൽ നേടിയ തകർപ്പൻ വിജയം എൽ.ഡി.എഫിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വിശ്വാസസംരക്ഷണ വിഷയം എതിരാളികൾ ആയുധമാക്കിയപ്പോൾ സിപിഎമ്മും വിട്ടുകൊടുത്തിരുന്നില്ല. ശബരിമലയിൽ വികസനപ്രവർത്തനങ്ങൾക്കായുള്ള സർക്കാർ സഹായധനത്തിന്റെ കണക്ക് മുഖ്യമന്ത്രിതന്നെ വിശദമായി അവതരിപ്പിച്ചു. വിവാദവിഷയങ്ങളിലേക്കു കടന്നതുമില്ല. മലയാലപ്പുഴ പഞ്ചായത്തിലുൾപ്പെടെയുള്ള പൊതുയോഗങ്ങളിലായിരുന്നു ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി. ലീഡ് നേടിയ മലയാലപ്പുഴയും കലഞ്ഞൂരും വള്ളിക്കോടും അരുവാപ്പുലവുമെല്ലാം ഇക്കുറി എൽ.ഡി.എഫിനൊപ്പം പോന്നു.

ശബരിമലവിഷയത്തിൽ സിപിഎമ്മിനെ കൈയൊഴിഞ്ഞ വോട്ടുകളെല്ലാം ജനീഷിലൂടെ തിരിച്ചുപിടിക്കാനായി എന്നത് പാർട്ടിക്ക് വൻനേട്ടമാണ്. സിപിഎം. സംസ്ഥാനനേതൃത്വം നേരിട്ട് രംഗത്തിറക്കിയ സ്ഥാനാർത്ഥിയാണ് ജനീഷ് കുമാർ. ഇത് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ രൂക്ഷവിമർശനത്തിനിടയാക്കിയെങ്കിലും നേതൃത്വം തീരുമാനത്തിൽനിന്നു പിന്മാറിയില്ല. ഇടതിനു വേരോട്ടമുള്ള കോന്നിയിൽ മുൻകാലങ്ങളിലെ ശ്രദ്ധക്കുറവാണ് തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടായതെന്ന് സംസ്ഥാന നേതൃത്വം ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. പഞ്ചായത്തുകളിലെ പ്രചാരണത്തിന്റെ ചുമതല പാർട്ടിയുടെ ഒന്പത് സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്കു നൽകി. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.എൻ. ബാലഗോപാൽ, കെ.െജ. തോമസ് എന്നിവർക്കുപുറമേ മന്ത്രി എം.എം. മണിക്കും മണ്ഡലത്തിന്റെ ചുമതല നൽികിയിരുന്നു.

ന്യൂനപക്ഷവോട്ടുകൾ പോക്കറ്റിലാണെന്ന് വിശ്വസിച്ച യുഡിഎഫിനേറ്റ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പു ഫലം. സമദൂരംവിട്ട് ശരിദൂരചിന്തയുമായി പ്രബലസമുദായംകൂടി കൂട്ടുകൂടാൻ എത്തിയതോടെ വിശ്വാസികൾ രക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അവർ. വാനോളമുണ്ടായിരുന്ന ഈ വീരവാദത്തിന്റെ കാൽമുട്ട് തകർക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. സ്വന്തംകീശയിൽനിന്ന് വട്ടിയൂർക്കാവും കോന്നിയും ചോർന്നുപോയതുതന്നെ ഉദാഹരണം. പരാജയകാരണം പഠിക്കുമെന്ന് ആവർത്തിക്കുന്ന കെപിസിസി., യു.ഡി.എഫ്. നേതാക്കൾക്കുമുന്നിൽ പാലായിലെ പാഠപുസ്തകം മലർക്കെ തുറന്നുകിടക്കുകയായിരുന്നു; ചൂടാറാതെ. ഒരക്ഷരം പഠിച്ചില്ലെന്നുമാത്രമല്ല, മറിച്ചുനോക്കുകപോലുമുണ്ടായില്ലെന്നതിന് ഉദാഹരണംകൂടിയാണ് ഈ രണ്ടുമണ്ഡലങ്ങൾ.

2011-ൽ തിരുവനന്തപുരം നോർത്ത് മണ്ഡലം വട്ടിയൂർക്കാവായി പരിണമിച്ചപ്പോൾ ഒരു യു.ഡി. എഫ്. മണ്ഡലത്തിനാവശ്യമായ എല്ലാ ചേരുവയും അവിടെയുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ഈ സമുദായ സമവാക്യങ്ങൾ മുന്നണിയെ ഒരുപരിധിവരെ തുണച്ചു. ഇക്കുറി ചില സമുദായനേതാക്കൾതന്നെ പടിക്കെട്ടുകൾ കയറി മണ്ഡലത്തിലിറങ്ങിയപ്പോൾ വിജയം അനായാസമാകുമെന്ന അമിതപ്രതീക്ഷയാണ് നേതാക്കൾക്കുണ്ടായിരുന്നത്. നിഷ്പക്ഷവോട്ടർമാർ ഈ കൂട്ടുകെട്ട് തള്ളിക്കളഞ്ഞുവെന്നുമാത്രമല്ല ഇതരസമുദായങ്ങളുടെ എതിർപ്പ് വർധിക്കുകയുംചെയ്തു.

ഇടത് അടിത്തറയുള്ള അരൂരിൽ യു.ഡി.എഫിന് ആശ്വാസജയമാണ്. ചിട്ടയായ പ്രവർത്തനം നടത്തിയതിന്റെ ഫലം അവിടെയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മിക്കപ്പോഴും യു.ഡി.എഫ്. മേൽക്കൈ നേടിയിരുന്നിടമാണ് അരൂർ. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ 648 വോട്ടിന്റെയെങ്കിലും ലീഡ് അവിടെ യു.ഡി.എഫിനുണ്ടായിരുന്നു. അനുകൂലകാലാവസ്ഥ മുതലെടുത്ത് അതേ സ്ഥാനാർത്ഥിതന്നെ മണ്ഡലത്തിലങ്ങോളമിങ്ങോളം ഇറങ്ങിനടന്നതിന്റെ ഫലമാണ് കൊയ്യാനായത്.

കോട്ടയായ എറണാകുളത്ത് ടി.ജെ. വിനോദ് നേടിയ വിജയത്തിൽ അഭിമാനിക്കാൻ യു.ഡി.എഫിനൊന്നുമില്ല. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ 21,949 വോട്ടുകൾക്കാണ് എം. അനിൽകുമാറിനെ തോൽപ്പിച്ചത്. ഇക്കുറി വിനോദിന്റെ ഭൂരിപക്ഷം 3750 ആയി കുറഞ്ഞതിന് മഴയെമാത്രം പഴിക്കാനാകില്ല. മഞ്ചേശ്വരത്ത് കഴിഞ്ഞതവണ 89 വോട്ടുകൾക്കാണ് അബ്ദുൾ റസാഖ് കടന്നുകൂടിയതെങ്കിൽ അത് ലീഗ് ഒരു പാഠമാക്കിയിരുന്നു. കൃത്യമായ വിലയിരുത്തലകളിലൂടെ വോട്ടുബാങ്ക് വർധിപ്പിക്കാൻ അവർ ശ്രദ്ധിച്ചു. ലോക്സഭാതിരഞ്ഞെടുപ്പിൽ അതുഫലം കണ്ടു. ഇക്കുറി അതവർ ആവർത്തിക്കുകയുംചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP