Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വട്ടിയൂർക്കാവിൽ കുമ്മനത്തിന് ലഭിച്ച വോട്ടുകൾ പാതിയോളം എങ്ങോട്ടുപോയി? മഞ്ചേശ്വരത്തെ 80 വോട്ടു വ്യത്യാസം എങ്ങനെ 7923 ആയി മാറി? സുരേന്ദ്രനെ തന്നെ നിർത്തിയിട്ടും എങ്ങനെ കോന്നിയിൽ 7000 വോട്ടുകൾ കൊഴിഞ്ഞു പോയി? അരൂരിലെ 10,000 വോട്ടുകളും എറണാകുളത്തു 4000 വോട്ടുകളും എവിടെ പോയി? ഓരോ ദിവസവും വളരുന്നു എന്ന് അവകാശപ്പെടുമ്പോഴും വോട്ടു ശതമാനത്തിൽ താഴോട്ടു പോകുന്നതിന്റെ കാരണം തേടി ബിജെപി; നേതൃത്വത്തിന് എതിരെയുള്ള അണികളുടെ രോഷം അണപൊട്ടിയൊഴുകുന്നു

വട്ടിയൂർക്കാവിൽ കുമ്മനത്തിന് ലഭിച്ച വോട്ടുകൾ പാതിയോളം എങ്ങോട്ടുപോയി? മഞ്ചേശ്വരത്തെ 80 വോട്ടു വ്യത്യാസം എങ്ങനെ 7923 ആയി മാറി? സുരേന്ദ്രനെ തന്നെ നിർത്തിയിട്ടും എങ്ങനെ കോന്നിയിൽ 7000  വോട്ടുകൾ കൊഴിഞ്ഞു പോയി? അരൂരിലെ 10,000 വോട്ടുകളും എറണാകുളത്തു 4000 വോട്ടുകളും എവിടെ പോയി? ഓരോ ദിവസവും വളരുന്നു എന്ന് അവകാശപ്പെടുമ്പോഴും വോട്ടു ശതമാനത്തിൽ താഴോട്ടു പോകുന്നതിന്റെ കാരണം തേടി ബിജെപി; നേതൃത്വത്തിന് എതിരെയുള്ള അണികളുടെ രോഷം അണപൊട്ടിയൊഴുകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വോട്ടു കച്ചവടക്കാർ എന്ന ആരോപണം ഇഷ്ടംപോലെ കേട്ടിട്ടുള്ളവരാണ് ബിജെപിക്കാർ. അടുത്തകാലത്താണ് ഈ ചീത്തപ്പേര് മാറ്റി ബിജെപി ഇവിടെ വളർന്നു തുടങ്ങിയത്. എന്നാൽ, പാലാ ഉപതിരഞ്ഞെടുപ്പോടെ ബിജെപിക്ക് വോട്ടുകച്ചവടക്കാർ എന്ന ചീത്തപ്പേര് വീണ്ടും ലഭിച്ചു. അവിടെ വോട്ടുകച്ചവടം നടന്നെന്ന് പരര്യമായി തന്നെ നേതാക്കൾ ആരോപിച്ചു. ഇതിന് പിന്നാലെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോഴും ബിജെപി സമാന ആരോപണം നേരിടുന്നുണ്ട്. എൻഡിഎക്ക് ഒപ്പം നിന്ന ബിഡിജെഎസ് ഇടതുചാഴ്‌വ് പരസ്യമായി പ്രകടിപ്പിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്. അതുകൊണ്ട് തന്നെ വോട്ടുചേർച്ചക്ക് അവരെ പഴിക്കാമെങ്കിലും ബിജെപിയിൽ പ്രശ്‌നങ്ങൾ തീരുന്നില്ല.

ഒരുമാസം മുൻപ് പാലായിലുണ്ടായ വോട്ടുചോർച്ച ഇത്തവണ ഉപതിരഞ്ഞടുപ്പ് നടന്ന അഞ്ചുമണ്ഡലങ്ങളിൽ നാലിടത്തും ആവർത്തിച്ചു. മഞ്ചേശ്വരത്ത് രണ്ടാംസ്ഥാനം നിലനിർത്താനായതും ഇവിടെ 380 വോട്ടുകൂടിയെന്നതും അല്പം ആശ്വാസം. എങ്കിലും ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി ലീഡ് വർദ്ധിപ്പിച്ചത് ബിജെപിക്ക് ക്ഷീണമായി. അരൂരിൽ സീറ്റുനൽകിയിട്ടും വേണ്ടെന്നുപറഞ്ഞു മാറിനിന്ന ബി.ഡി.ജെ.എസിനെക്കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം എൻ.ഡി.എ.ക്ക് എന്തുഗുണമുണ്ടായെന്ന ചോദ്യവും ശക്തമായിട്ടുണ്ട്.

സ്ഥാനാർത്ഥിനിർണയത്തിലുണ്ടായ അസ്വസ്ഥത എൻ.ഡി.എ.ക്കു തിരിച്ചടിയായി. ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകനായ കുമ്മനത്തോടുള്ള മമത സുരേഷിനോടുണ്ടാവില്ലെന്നു വോട്ടെണ്ണുന്നതിനുമുൻപ് മറ്റൊരു മുതിർന്ന നേതാവ് ഒ. രാജഗോപാൽ പറഞ്ഞത് ശരിവെക്കുന്നതായി ഫലം. സാമുദായിക ഇടപടലിന്റെ പ്രതിഷേധമെന്നോണം ആർ.എസ്.എസിൽ ഒരുവിഭാഗത്തിന്റെ വോട്ട് എൽ.ഡി.എഫിനു കിട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനംരാജശേഖരൻ 50,709 വോട്ടുനേടി രണ്ടാമനായപ്പോൾ ഇത്തവണ സുരേഷിന് 27,453 വോട്ടുമായി മൂന്നാമനാകാനേ കഴിഞ്ഞുള്ളൂ. 23,256 വോട്ടിന്റെ കുറവ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 43,700 വോട്ടാണ് രണ്ടാമതെത്തിയ കുമ്മനം നേടിയത്. ഇത്തവണത്തെ പിന്നോട്ടടി ഈ നേട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കി.

അതേസമയം കോന്നിയിൽ കെ. സുരേന്ദ്രനെ മത്സരിപ്പിച്ചപ്പോൾ വിജയപ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാൽ, ഒന്നും നടന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ 46,506 വോട്ടാണ് സുരേന്ദ്രനു കിട്ടിയത്. ഇടതുമുന്നണിയിലെ വീണാ ജോർജുമായി 440 വോട്ടിന്റെ വ്യത്യാസം മാത്രം. ഇത്തവണ സുരേന്ദ്രന് 39,786 വോട്ടുമാത്രം. എന്നാൽപ്പോലും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.ക്കു കിട്ടിയ 16,713 വോട്ട് ഇക്കുറി ഉയർത്തുകയും ചെയ്തു. അകഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 16,000 വോട്ട് മാത്രമാണ് കോന്നിയിൽ ബിജെപിക്ക് ഉണ്ടായിരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ അത് 46,406 ആയി ഉയർന്നു. ഇന്നിപ്പോൾ നാൽപ്പതിനായിരത്തിലധികം വോട്ട് നേടാൻ സുരേന്ദ്രനായി. ഈഴവ വോട്ടുകൾ ധ്രുവീകരിച്ച് ജനീഷ് കുമാറിന് പോയപ്പോൾ സുരേന്ദ്രന് ഓർത്തഡോക്‌സ് സഭയുടെ വോട്ടുകളും ലഭിച്ചുവെന്നാണ് ഫലത്തിൽ നിന്ന് മനസിലാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു കോന്നിയിലെ സാഹചര്യം.

അന്ന് ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടാൻ കാരണങ്ങൾ പലതായിരുന്നു. ശബരിമല ആചാര സംരക്ഷണം തന്നെയായിരുന്നു ആദ്യത്തേത്. മറ്റു രണ്ടു സ്ഥാനാർത്ഥികളും ക്രൈസ്തവ സമുദായത്തിൽപ്പെട്ടാവരായിരുന്നു. അതിലൊക്കെ ഉപരി സുരേന്ദ്രന്റെ ജനസമ്മിതി കൂടി വോട്ടായി മാറി. അന്ന് 75 ശതമാനം പോളിങ് നടന്നപ്പോൾ ഇക്കുറി അത് 70.07 മാത്രമാണ് എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ഈഴവ വോട്ടുകൾ ജനീഷ് കുമാറിന് പോയപ്പോൾ സുരേന്ദ്രൻ സ്വാഭാവികമായും വളരെയധികം പിന്നിൽ പോകേണ്ടതായിരുന്നു. കടുത്ത ബിജെപിക്കാരൻ പോലും 22000-25000 വോട്ട് പ്രതിക്ഷിച്ചിടത്താണ് സുരേന്ദ്രൻ 40,000 ത്തോളം വോട്ട് നേടിയത്.

രണ്ടു ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് കുറഞ്ഞത് എന്ന് സുരേന്ദ്രൻ പറയുന്നു. അത് തനിക്ക് കിട്ടിയ ഈഴവ വോട്ടുകൾ തിരിച്ചു പോയതാണെന്നും അദ്ദേഹം കരുതുന്നു. വോട്ടുകച്ചവടം ആരോപിക്കാൻ യുഡിഎഫിനോ എൽഡിഎഫിനോ കഴിയില്ല. കാരണം 47,000 വോട്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായിരുന്നത്. അത് 44000 ആയി ഇപ്പോൾ കുറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരൻ മണ്ഡലം കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങളാണ് സുരേന്ദ്രന് തുണയായത്. കോളനികൾ കേന്ദ്രീകരിച്ച് ശക്തമായ പ്രവർത്തനമാണ് നടന്നത്. ശബരിമല ആചാര സംരക്ഷണത്തിന്റെ പേരിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സുരേന്ദ്രന് വോട്ട് ചെയ്ത ചില സിപിഎമ്മുകാർ ഇക്കുറിയും അതാവർത്തിച്ചു. അതേസമയം, അന്നു വീണ സിപിഎം കോട്ടുകളിൽ ഒരു ഭാഗം തിരികെ ജനീഷിന് ലഭിക്കുകയും ചെയ്തു.

മഞ്ചേശ്വരത്ത് വോട്ടുകോട്ട കാക്കാൻ ബിജെപി.ക്കായി. എന്നാൽ, വിജയിച്ച യു.ഡി.എഫിലെ എം.സി. കമറുദ്ദീനും രണ്ടാമതെത്തിയ രവീശതന്ത്രി കുണ്ടാറും തമ്മിൽ ഇത്തവണ വോട്ടുവ്യത്യാസം 7923 ആണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 89 മാത്രമായിരുന്നു. എങ്കിലും ഇവിടെ വോട്ടുഭിന്നിക്കൽ തടയാനായി. എൻ.ഡി.എ.ക്ക് ഇക്കുറി കിട്ടിയത് 57,484 വോട്ട്. അരൂരിൽ ബിജെപി.യുമായി ബി.ഡി.ജെ.എസിന്റെ അകൽച്ച എത്രത്തോളം വലുതെന്നു കെ. പ്രകാശ്ബാബുവിന്റെ വോട്ട് വിളിച്ചുപറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡോ. കെ.എസ്. രാധാകൃഷ്ണന് 26,250 വോട്ട് കിട്ടിയിടത്ത് ഇത്തവണ പ്രകാശ്ബാബുവിന് 16,289 വോട്ടുമാത്രം. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് എതിരായെന്നും ബി.ഡി.ജെ.എസ്. പറ്റിച്ചെന്നും ബിജെപി. വിലയിരുത്തുന്നു.

എറണാകുളത്ത് പ്രചാരണത്തിൽ ഒറ്റയാൾപോരാട്ടം നടത്തിയ സി.ജി. രാജഗോപാൽ നേടിയത് 13,351 വോട്ട്. പാർട്ടിമെഷീനറി നിർജീവമായിരുന്നു ഇവിടെന്നു ചില നേതാക്കൾ മുറുമുറുക്കുന്നു. പെരുമഴയത്ത് മറ്റുമുന്നണികൾ വോട്ടർമാരെ ബൂത്തിലെക്കിക്കാൻ കഷ്ടപ്പെട്ടപ്പോൾ എൻ.ഡി.എ കാഴ്ചക്കാരായിനിന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അൽഫോൻസ് കണ്ണന്താനത്തിന് 17,769 വോട്ടുണ്ടായിരുന്നു. ഇപ്പോഴത്തെ ബിജെപിയുടെ അവസ്ഥയിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത അമർഷം പുകയുന്നുണ്ട്. ഈ രോഷം പി എസ് ശ്രീധരൻ പിള്ളയുടെ അധ്യക്ഷ പദവിയും തെറിപ്പിച്ചേക്കാം.

കേരളത്തിൽ പിന്നോട്ട് പോകുന്നതിൽ കേന്ദ്ര നേതൃത്വം നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തരമൊരു അതൃപ്തിയിലാണ് മിസോറം ഗവർണർ ആയി കുമ്മനത്തെ മാറ്റിയതിനു പിന്നിലും വന്നത്. സംസ്ഥാന അധ്യക്ഷൻ ആയിരിക്കെ ഒരു സുപ്രഭാതത്തിൽ ഗവർണർ പദവിയിൽ കുമ്മനം പ്രതിഷ്ടിക്കപ്പെടുകയായിരുന്നു. തോൽവിയുടെയും നിറംകെട്ട പ്രകടനങ്ങളുടെയും അടിസ്ഥാനത്തിൽ നിലവിലെ അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ ഭാവിയും തുലാസിലാകാനാണ് സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP