Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരന്തം മുന്നിൽ കണ്ട് പൈലറ്റ് അലറി വിളിച്ചു; പ്രാണവേദനയോടെ യാത്രക്കാർ പൊട്ടിക്കരഞ്ഞു; ഒന്നും മിണ്ടാതെ കോ പൈലറ്റ് മരണത്തിലേക്ക് വിമാനം ഓടിച്ചു കയറ്റി

ദുരന്തം മുന്നിൽ കണ്ട് പൈലറ്റ് അലറി വിളിച്ചു; പ്രാണവേദനയോടെ യാത്രക്കാർ പൊട്ടിക്കരഞ്ഞു; ഒന്നും മിണ്ടാതെ കോ പൈലറ്റ് മരണത്തിലേക്ക് വിമാനം ഓടിച്ചു കയറ്റി

ഡുസൽഡോർഫ്: ഫ്രാൻസിലെ ആൽപ്‌സ് പർവതനിരയിൽ വിമാനം ഇടിച്ചു തകർത്ത സഹപൈലറ്റ് ആൻഡ്രിയാസ് ലുബിട്‌സിനു മാനസികാസ്വാസ്ഥ്യവും വിഷാദരോഗവും മാത്രമല്ല, കാഴ്ചത്തകരാറുമുണ്ടായിരുന്നെന്നു റിപ്പോർട്ടുകൾ. അതിനിടെ ജർമൻവിങ്‌സ് വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റിക്കോർഡറിൽനിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ജർമൻ പത്രം ബിൽഡ് പുറത്തുവിട്ടു.

മരണത്തിലേക്കു പറക്കുന്ന യാത്രക്കാരുടെ നിലവിളിയാണ് അത്. അടഞ്ഞ കോക്ക്പിറ്റ് വാതിലിൽ പൈലറ്റ് കോടാലികൊണ്ട് ആഞ്ഞുവെട്ടുന്ന ശബ്ദം. ദൈവത്തെയോർത്ത് ഈ വാതിലൊന്നു തുറക്കൂ - അയാൾ അലറുന്നു. ആൽപ്‌സ് പർവതനിരയിലിടിച്ചു തകർക്കാൻ വിമാനം മെല്ലെ താഴ്‌ത്തിക്കൊണ്ടിരിക്കുന്ന സഹപൈലറ്റിന്റെ ഭാഗത്തു പരമനിശ്ശബ്ദതയും. വിമാനം കോ പൈലറ്റ് മനപ്പൂർവ്വം തകർക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദ രേഖയാണ് പുറത്തുവന്നത്. ബാർസിലോണയിൽനിന്നു പുറപ്പെടുംമുൻപു ബാത്ത്‌റൂമിൽ പോകാൻ സമയം കിട്ടിയില്ലെന്നു വിശദീകരിച്ചാണു പൈലറ്റ് കോക്ക്പിറ്റ് വിടുന്നത്. തിരികെയെത്തിയപ്പോൾ കോക്ക്പിറ്റ് വാതിലിൽ പൂട്ടുവീണിരിക്കുന്നു. വിമാനം താഴ്ചയിലേക്കു പതിക്കുന്നതു മനസ്സിലാക്കുന്നതോടെ യാത്രക്കാരുടെ നിലവിളി. എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കാത്തപ്പോൾ ഈ നശിച്ച വാതിൽ തുറക്കെന്നു പറഞ്ഞു പൈലറ്റ് ആക്രോശിക്കുന്നതു കേൾക്കാം.

വിമാനം തകർക്കാൻ ഇയാൾ പണ്ടേ പദ്ധതിയിട്ടെന്നു ജർമൻവിങ്‌സ് ജീവനക്കാരിയായ മുൻ കാമുകി വെളിപ്പെടുത്തിയതിനു പിന്നാലെ ലുബിട്‌സിന്റെ കൂടുതൽ രോഗവിവരങ്ങളും പുറത്തായി. ആരോഗ്യപ്രശ്‌നങ്ങൾ മൂലം ലുഫ്താൻസയിൽ പൈലറ്റ് കരിയർ അസാധ്യമെന്നു തിരിച്ചറിഞ്ഞുള്ള നിരാശമൂലമാകണം ലുബിട്‌സ് കടുംകൈ ചെയ്തതെന്നാണു മുൻ കാമുകിയുടെ നിഗമനം. സ്‌പെയിനിലെ ബാർസിലോനയിൽനിന്നു ജർമനിയിലെ ഡുസൽഡോർഫിലേക്കു പറന്ന വിമാനം കഴിഞ്ഞ ചൊവ്വാഴ്ചയാണു ഫ്രാൻസിലെ ആൽപ്‌സ് പർവതനിരയിൽ ഇടിച്ചു തകർന്നത്. ദുരന്തത്തിൽ 150 പേർ മരിച്ചു.

വിമാനം തകർക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ ലുബിറ്റ്‌സിന് ഉണ്ടായിരുന്നുള്ളൂവെന്നും ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നവർ വിലയിരുത്തുന്നു. കടുത്ത വിഷാദ രോഗിയായിരുന്നു ലുബിറ്റ്‌സ് എന്ന് ജർമൻവിങ്‌സ് വിമാനക്കമ്പനി അധികൃതർ തന്നെ വെളിപ്പെടുത്തി. ലുബിറ്റ്‌സിന്റെ ഫ്‌ളാറ്റില് തിരച്ചിൽ നടത്തിയ പൊലീസ് സംഘം, പൈലറ്റിന്റെ കുടുംബജീവിതം ആകെ തകരാറിലായിരുന്നുവെന്നതിന് തെളിവുകൾ കണ്ടെത്തി. നാലുമണിക്കൂറോളം നീണ്ട പരിശോധനയ്ക്കിടെ നിർണായകമായ ചില തെളിവുകൾ ശേഖരിക്കാനായെന്നും പൊലീസ് പറഞ്ഞു. എന്നാൽ, അതൊരു ആത്മഹത്യാക്കുറിപ്പല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാങ്ക്ഫർട്ടിൽ ഒരു കുടുംബവീടും ഡസൽഡോർഫിൽ ഒരു അപ്പാർട്ട്‌മെന്റും ലുബിറ്റ്‌സിനുണ്ട്.

മണിക്കൂറിൽ 430 മൈൽ വേഗതയിലാണ് വിമാനം ആൽപ്‌സ് പർവത നിരയിൽ ഇടിച്ചിറങ്ങിയത്. ജർമൻകാരനായ ലുബിറ്റ്‌സ് വിമാനം താഴ്‌ത്തുന്നതിനുള്ള ബട്ടൺ അമർത്തി വച്ചിരിക്കുകയായിരുന്നു ഈ സമയം. ലുബിറ്റ്‌സിന് കടുത്ത മാനസിക സംഘർഷം ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. വിഷാദ രോഗിയുമായിരുന്നു. വിഷാദ രോഗത്തെ തുടർന്ന് 2008ൽ പഠനം പോലും ഉപേക്ഷിക്കേണ്ടി വന്ന ചരിത്രമുള്ള വ്യക്തിയാണ് ലുബിറ്റ്‌സ്. ആൻഡ്രൂ ലുബിറ്റ്‌സ് 2013 ലാണ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. തുടർന്ന് കോ പൈലറ്റായി ജർമൻ വിങ്‌സിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

ബജറ്റ് എയർലൈനുകൾ സാധാരണ ഉപയോഗിക്കുന്ന വിമാനമാണ് എ320. ആറു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് എയർബസ് വിമാനം അപകടത്തിൽപെടുന്നത്. അടിക്കടിയുണ്ടാകുന്ന വിമാന ദുരന്തങ്ങൾ പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വിമാന ദുരന്തങ്ങളാണുണ്ടായത്. ഈ സാഹചര്യത്തിൽ ജർമ്മനിയിലെ മുൻനിര വിമാനക്കമ്പനിയായ ലുഫ്താൻസയുടെ ബജറ്റ് സർവീസായ ജർമൻവിങ്‌സിനെ പ്രതിക്കൂട്ടിലാക്കി റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.

24 വർഷം പഴക്കമുള്ള വിമാനം 1991 മുതൽ ലുഫ്താൻസ ഉപയോഗിക്കുന്നതാണ്. രാവിലെ 8.35ന് ബാഴ്‌സലോണയിൽ നിന്ന് പുറപ്പെട്ട വിമാനം 10.35ന് ഡസൽഡോർഫിൽ എത്തേണ്ടതായിരുന്നു. കാണാതാകുന്നതിന് തൊട്ടുമുമ്പ് വിമാനം 31,200 അടി ഉയരത്തിലായിരുന്നു പറന്നുകൊണ്ടിരുന്നത്. കഴിഞ്ഞവർഷം നിരവധി ആകാശ ദുരന്തങ്ങൾ ലോകത്ത് ഉണ്ടായിരുന്നു. മുപ്പതിലേറെ വിമാനാപകടങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ വർഷം ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP