Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസാന കുർബാന കഴിഞ്ഞ് വിശ്വാസികൾ മടങ്ങിയത് കണ്ണീരോടെ; പൂർവ്വികരുടെ ശവകല്ലറകൾക്ക് മുമ്പിൽ അണപൊട്ടിയൊഴുകി സങ്കടം; അവസാന പോരാട്ടവും പരാജയപ്പെട്ടതോടെ തർക്കമുള്ള പള്ളികളെല്ലാം ഒരോന്നോയി ഒഴിയുന്നത് പൊട്ടിക്കരഞ്ഞും നിരാശയിൽ കെട്ടിപ്പിടിച്ചും; കുരുന്നുകൾ പോലും സങ്കടം സഹിക്കാനാവാതെ നിലവിളിക്കുന്ന കാഴ്‌ച്ച ഹൃദയഭേദകം; അനേകം പള്ളികളിൽ നിന്നും യാക്കോബായക്കാർ പടിയിറങ്ങുന്നത് ഹൃദയഭേദകമായി

അവസാന കുർബാന കഴിഞ്ഞ് വിശ്വാസികൾ മടങ്ങിയത് കണ്ണീരോടെ; പൂർവ്വികരുടെ ശവകല്ലറകൾക്ക് മുമ്പിൽ അണപൊട്ടിയൊഴുകി സങ്കടം; അവസാന പോരാട്ടവും പരാജയപ്പെട്ടതോടെ തർക്കമുള്ള പള്ളികളെല്ലാം ഒരോന്നോയി ഒഴിയുന്നത് പൊട്ടിക്കരഞ്ഞും നിരാശയിൽ കെട്ടിപ്പിടിച്ചും; കുരുന്നുകൾ പോലും സങ്കടം സഹിക്കാനാവാതെ നിലവിളിക്കുന്ന കാഴ്‌ച്ച ഹൃദയഭേദകം; അനേകം പള്ളികളിൽ നിന്നും യാക്കോബായക്കാർ പടിയിറങ്ങുന്നത് ഹൃദയഭേദകമായി

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: കോതമംഗലം മാർത്തോമ്മാ ചെറിയപള്ളിയിൽ അഖില മലങ്കര സൺഡേ സ്‌കൂൾ കുട്ടികൾ രക്തം കൊണ്ട് സത്യം ചെയ്തു. സ്വന്തം വിരൽ മുറിച്ച രക്തം കൊണ്ട് സത്യം എന്ന് എഴുതിയാണ് കോതമംഗലം മോർ ബസേലിയോസ് സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾ കുട്ടിക്കൂട്ടം പ്രാർത്ഥന കൂട്ടായ്മയിൽ സത്യപ്രതിജ്ഞെേ നഞ്ചറ്റിയത്. ഇതു തന്നെയാണ് യാക്കോബായക്കാർ പടിയിറങ്ങുന്ന എല്ലാ പള്ളികളിലേയും കാഴ്ച. അവസാന കുർബാന കഴിഞ്ഞ് വിശ്വാസികൾ മടങ്ങുന്നത് കണ്ണീരോടെ പള്ളികൾ വിട്ടിറങ്ങി. പൂർവ്വികരുടെ ശവകല്ലറകൾക്ക് മുമ്പിൽ അണപൊട്ടിയൊഴുകിയത് അടങ്ങാനാവാതെ സങ്കടമാണ്. അവസാന പോരാട്ടവും പരാജയപ്പെട്ടതോടെ തർക്കമുള്ള പള്ളികളെല്ലാം ഒരോന്നോയി ഒഴിയുന്നത് പൊട്ടിക്കരഞ്ഞും നിരാശയിൽ കെട്ടിപ്പിടിച്ചുമാണ്. അങ്ങനെ പള്ളി തർക്കത്തിൽ ഓർത്തഡോക്സുകാർ സുപ്രീംകോടതി വിധിയുടെ കരുത്തിൽ ഓരോ പള്ളികളായി സ്വന്തമാക്കുകയാണ്.

കോതമംഗലത്തും തൊടുപുഴയിലും എല്ലാം ഇത് തന്നെയാണ് കണ്ടത്. ഞങ്ങളുടെ പൂർവികരാൽ പകർന്നുനൽകിയ വിശ്വാസം ലോകാവസാനംവരെ കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ രക്തത്തിലേറ്റുവാങ്ങിയതിന് തെളിവായാണ് രക്തം കൊണ്ടു സത്യം ചെയ്തതെന്നു കോതമംഗലത്ത് വിശ്വാസ സംരക്ഷണത്തിന് എത്തിയ കുട്ടികൾ പറഞ്ഞു. കൈകൾ കോർത്തുപിടിച്ച സത്യപ്രതിജ്ഞയ്ക്കുശേഷം പള്ളിവരാന്തയിൽ കയറിയാണ് കുട്ടികൾ കൈവിരലിൽ സിറിഞ്ച് സൂചി കുത്തി വെള്ളക്കടലാസിൽ രക്തംകൊണ്ട് സത്യം എന്ന് എഴുതിയത്. മോർ ബസേലിയോസ് വെണ്ടുവഴി സൺഡേ സ്‌കൂളുകളിലെ അലീന ബാബു, ബേസിൽ ബിജു, അനീന ബാബു, അലോക് എൽദോ, അഞ്ജന മോജ്, അലിൻ ബിജു, ബിൻല ഷാജു, സെസ ബന്നി, സാന്ദ്രാ പോളി, അനിയ ബൈജു, സാന്ദ്ര സി.എസ്, ആൻവി മരിയ, നിയ ബേസിൽ, അലീന മേരി സാബു, ആൻലിയ, ആൽവിൻ വർഗീസ്, ബേസിൽ റോയ് എന്നിവരാണ് ആദ്യം ഇതിനു മുതിർന്നത്. ഇതുകണ്ടുനിന്ന മറ്റുകുരുന്നുകളും അദ്ധ്യാപകരും മാതാപിതാക്കളും പിന്നാലെയെത്തി രക്തം കൊണ്ട് സത്യം ചെയ്യുന്നതു തുടർന്നു.

പുറമേനിന്നുള്ള ശക്തികൾക്കും വിധികൾക്കും വഴങ്ങാനുള്ളതല്ല പൂർവികർവഴി ആർജിച്ച വിശ്വാസവും പൈതൃകവുമെന്നു പ്രഖ്യാപിച്ച് കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ അണിനിരന്നതു പതിനായിരക്കണക്കിനു കുട്ടികളാണ്. 'പരിശുദ്ധസഭയുടെ ആദ്യ പാത്രിയർക്കീസായ പത്രോസ് ശ്ലീഹ സ്ഥാപിച്ച അന്ത്യോഖ്യാ സിംഹാസനത്തിൽനിന്ന് കൈവയ്പ് ലഭിച്ചിട്ടുള്ളതും...' എന്നു തുടങ്ങി ആ സത്യവിശ്വാസം ഊട്ടി ഉറപ്പിക്കുന്നതിനായി മലങ്കരയിൽ എഴുന്നള്ളിയ മഹാപരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവ അന്ത്യവിശ്രമം കൊള്ളുന്ന കബറിനെ സാക്ഷിനിർത്തി ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു... ഇതു സത്യം, സത്യം, സത്യം...' എന്ന് കൊച്ചുകണ്ഠങ്ങളിൽനിന്ന് ഉയർന്ന പ്രതിജ്ഞ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.

തൊടുപുഴയിൽ കണ്ണീരോടെ പള്ളി വിട്ടു നൽകി പടിയിറങ്ങിയ വിശ്വാസികൾ പിറ്റേന്ന് മടങ്ങിയെത്തി പള്ളിക്ക് മുന്നിലെ റോഡിൽ കുർബാന അർപ്പിച്ചു. സുപ്രീം കോടതിയുടേയും മുട്ടം സബ്‌കോടതിയുടേയും വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പന്നൂർ സെന്റ് ജോൺസ് പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് വിട്ടു നൽകിയതിന് പിറ്റേന്ന് ഞായറാഴ്ച കുർബാന അർപ്പിക്കാനായി എത്തിയത്. പള്ളിയിൽ കയറാനാകാത്തതനാലാണ് താഴെയുള്ള കുരിശിനു സമീപത്തായി വികാരി ഫാ. ബേസിൽ രാജു ഞാനാമറ്റം കുർബാന നടത്തിയത്. കുർബാനയിൽ ഉടനീളം പുരോഹിതരും വിശ്വാസികളും കരഞ്ഞുകൊണ്ടാണു പങ്കെടുത്തത്.

സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം വിശ്വാസികളാണ് റോഡരുകിൽ നടത്തിയ പ്രാർത്ഥനയ്ക്ക് പങ്കെടുക്കാനെത്തിയത്. ഇതിനിടെ പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗക്കാർ കുർബാന നടത്തി. കുർബാനയ്ക്ക് ശേഷം പള്ളിയുടെ സെമിത്തേരിയിൽ പ്രാർത്ഥിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ ഓർത്തഡോക്‌സ് വൈദികർ തടഞ്ഞു. ഇതോടെ ഇരുവിഭാഗക്കാരും തമ്മിൽ തർക്കമായി. കരിങ്കുന്നം സിഐ. പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ഇരുവിഭാഗവുമായി ചർച്ച നടത്തി. വിശ്വാസികൾ സെമിത്തേരിയിൽ കയറുന്നത് തടയണമെന്ന നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെയാണ് യാക്കോബായക്കാർ സെമിത്തേരിയിൽ കയറി പ്രാർത്ഥന നടത്തിയത്. സമാധാനപരമായി സെമിത്തേരിയിൽ കയറി പ്രാർത്ഥിക്കാൻ കഴിയാത്തതിനാൽ പലരും കരഞ്ഞു കൊണ്ടാണ് മടങ്ങിയത്്. തങ്ങളുടെ കണ്ണുനീരോടെയുള്ള പ്രാർത്ഥനയുടെ ഫലമായി തങ്ങളുടെ പള്ളി തിരികെ ലഭിക്കുമെന്ന പ്രത്യാശ പങ്കുവച്ചാണ് പല വിശ്വാസികളും മടങ്ങിയത്. വികാര നിർഭരവും സംഘർഷഭരിതവുമായ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ചാണ് കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗം പള്ളി വിട്ടിറങ്ങിയത്.

വിശ്വാസ സംരക്ഷണത്തിന് കുട്ടി പട്ടാളം

പുറമേനിന്നുള്ള ശക്തികൾക്കും വിധികൾക്കും വഴങ്ങാനുള്ളതല്ല പൂർവികർവഴി ആർജിച്ച വിശ്വാസവും പൈതൃകവുമെന്നു പ്രഖ്യാപിച്ച് കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ അണിനിരന്നതു പതിനായിരക്കണക്കിനു കുട്ടികൾ. ഇന്നലെ നടന്ന അഖില മലങ്കര യാക്കോബായ സൺഡേ സ്‌കൂൾ അസോസിയേഷന്റെ കുട്ടിക്കൂട്ടം എന്ന പ്രാർത്ഥനാ പ്രതിജ്ഞയും ചങ്ങലയും കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ളവരുടെ പ്രാതിനിധ്യത്താൽ രചിച്ചതു പുതുചരിത്രം.

വിശ്വാസസംരക്ഷണത്തിനായി കൈകൾ കോർത്ത് പ്രതിജ്ഞ ചൊല്ലിയ കുരുന്നുകൾ ആരുടേയും കണ്ണു നനയിപ്പിക്കുന്ന കാഴ്ച. ഞങ്ങൾ കോർത്തുപിടിച്ചത് കൈകളല്ല മനസുകളാണെന്ന് അവർ ഉറക്കെ വിളിച്ചുപറഞ്ഞു. ഓർമവച്ചകാലം മുതൽ ആരാധന നടത്തിയിരുന്ന പള്ളിയും സൺഡേ സ്‌കൂൾ മുറികളും നഷ്ടപ്പെട്ട വിദ്യാർത്ഥികളും വിശ്വാസ സംരക്ഷണത്തിനായി എത്തിയിരുന്നു.

അന്ത്യോഖ്യ സിഹാസനത്തിന് ജയ് വിളിച്ചും പാത്രിയർക്കൽ പതാക ഉയർത്തിപ്പിടിച്ചും ചെറിയ പള്ളി മുറ്റത്ത് കുട്ടിക്കൂട്ടം വിശ്വാസം പരമമെന്ന് ഉദ്‌ഘോഷിച്ചു. തലമുറകൾ കൈമറിഞ്ഞെത്തിയ വിശ്വാസത്തെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അതിനായാണ് ദൂരങ്ങൾ താണ്ടി പള്ളിമുറ്റത്ത് ഒത്തുകൂടിയതെന്നും കുട്ടികൾ പറഞ്ഞു. ചിന്തോദ്ദീപക വാചകങ്ങളെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് പലരും വിശ്വാസ സംരക്ഷണ സമ്മേളനത്തിനെത്തിയത്. വിശ്വാസം മൗലികാവകാശമാണ്, വിശ്വാസം ഞങ്ങൾക്ക് ഏറ്റവും വലിയ സ്വത്ത്, ഞങ്ങളുടെ ഭരണഘടന പരിശുദ്ധ ബൈബിൾ, ബാവയുടെ കബർ ആത്മീയസ്വത്ത് തുടങ്ങിയ വാചകങ്ങൾ പ്ലക്കാർഡുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഈ വരികളെക്കുറിച്ചും വാചാലരായിരുന്നു കുരുന്നുകൾ.

എഴുതിയതും ഏറ്റുവിളിച്ചതുമെല്ലാം ശരികളാണെന്ന് ഉറച്ച വിശ്വാസമുണ്ട്. വിശ്വാസത്തിൽതന്നെ മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. ഇനി തങ്ങളുടെ ആരാധനാലയങ്ങൾ വിട്ടുകൊടുക്കില്ലെന്നും ആവശ്യം വന്നാൽ അതിനായി തിരികെയെത്തുമെന്നും അവർ പറയുന്നു.

ചെറിയ പള്ളിക്ക് കൂട്ടായ്മ

മാർത്തോമ്മാ ചെറിയ പള്ളിക്ക് നാടിന്റെ പൂർണ പിന്തുണ. പള്ളി സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം. കോതമംഗലത്തെ പൗരപ്രമുഖർ, രാഷ്ട്രീയപ്പാർട്ടികൾ, വ്യാപാരി സംഘടനകൾ, ബസ് ഓപ്പറേറ്റേഴ്‌സ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ തുടങ്ങിവയുടെ ഭാരവാഹികളുടെ യോഗത്തിലാണ് ആവശ്യമെങ്കിൽ ചെറിയ പള്ളിക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയ്യാറെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത്.

കോതമംഗലത്തെ സംഘർഷ ഭൂമിയാക്കി നഗരത്തിന്റെ വിളക്കു കെടുത്താൻ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. ആന്റണി ജോൺ എംഎ‍ൽഎ. അധ്യക്ഷത വഹിച്ചു. ടി.യു. കുരുവിള, എ.ജി. ജോർജ്, കെ.പി. ബാബു, കെ.എ. നൗഷാദ്, ഷിബു തെക്കുംപുറം, എം.യു. അഷറഫ്, ഇ.കെ. സേവിയർ, കെ.വി. തോമസ്, വി.ടി. ഹരി, പി.എച്ച്. ഷിയാസ്, ഷെമീർ പനക്കൽ, പ്രിൻസ് വർക്കി, എബി ഏബ്രഹാം, ജെയ്‌സൺ ഡാനിയേൽ, പ്രഫ. കെ.എം. കുര്യാക്കോസ്, എ.ടി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

രാഷ്ട്രപതിക്ക് ഒരു ലക്ഷം കുട്ടികളുടെ ഹർജി അയയ്ക്കും

അഖില മലങ്കര സൺഡേ സ്‌കൂൾ അസോസിയേഷൻ രാഷ്ട്രപതിക്ക് ഒരു ലക്ഷം കുട്ടികളുടെ ഹർജി സമർപ്പിക്കും. ഇതിന്റെ പകർപ്പ് ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കും അയയ്ക്കും. ഇന്നലെ കോതമംഗലത്ത് നടന്ന കുട്ടിക്കൂട്ടം പരിപാടിയിൽ പ്രസംഗിക്കവേ സൺഡേ സ്‌കൂൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷെവ. എം.ജെ. മർക്കോസാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ 700-ൽ ഏറെ സൺഡേ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ നവംബർ 18 ന് അതതു സ്ഥലത്തെ പോസ്റ്റ് ഓഫീസ് വഴിയായാണ് ഹർജി അയയ്ക്കുക. നവംബർ 3, 7, 10 തീയതികളിൽ വിവിധയിടങ്ങളിൽ സൺഡേ സ്‌കൂളുകളിൽ ഇതേവിഷയത്തിൽ പ്രമേയം അവതരിപ്പിക്കും. പ്രമേയത്തിന്റെ പകർപ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കേരളാ ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർക്കും നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP