Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്വയെ മാത്രം ഫോക്കസ് ചെയ്ത് നമ്മൾ കരഞ്ഞപ്പോൾ, ഇവിടെ ചതച്ചരയ്ക്കപ്പെടുകയായിരുന്നു കുരുന്നുകളെന്നുള്ള വലിയ സത്യത്തെ നമ്മൾ മറന്നു രാഷ്ട്രീയ-മതഭേദങ്ങളുടെ കയത്തിൽ അവയെ സൗകര്യപൂർവ്വം ഒളിപ്പിച്ചപ്പോൾ നീതി നിഷേധിക്കപ്പെട്ട രണ്ടാത്മാക്കളുടെ ശാപം നമുക്ക് മുകളിൽ തൂങ്ങിയാടുന്നുണ്ടെന്നും മറന്നു! ഇതോ നമ്പർ 1 പ്രബുദ്ധ കേരളം? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

കത്വയെ മാത്രം ഫോക്കസ് ചെയ്ത് നമ്മൾ കരഞ്ഞപ്പോൾ, ഇവിടെ ചതച്ചരയ്ക്കപ്പെടുകയായിരുന്നു കുരുന്നുകളെന്നുള്ള വലിയ സത്യത്തെ നമ്മൾ മറന്നു രാഷ്ട്രീയ-മതഭേദങ്ങളുടെ കയത്തിൽ അവയെ സൗകര്യപൂർവ്വം ഒളിപ്പിച്ചപ്പോൾ നീതി നിഷേധിക്കപ്പെട്ട രണ്ടാത്മാക്കളുടെ ശാപം നമുക്ക് മുകളിൽ തൂങ്ങിയാടുന്നുണ്ടെന്നും മറന്നു! ഇതോ നമ്പർ 1 പ്രബുദ്ധ കേരളം? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

സാംസ്‌കാരിക നാറികളെ, കത്വയേക്കാൾ കാതങ്ങൾക്കടുത്താണെടോ വാളയാർ! ദളിതനായ വെമൂലയുടെ ആത്മഹത്യേക്കാൾ പൈശാചികവും ക്രൂരവുമാണെടോ കൊച്ചുക്കൂരയിലെ ചായ്‌പ്പിനുള്ളിൽ കൊന്നുകെട്ടിത്തൂക്കിയ രണ്ടു കുഞ്ഞുശരീരങ്ങൾ! ഉന്നാവിനേക്കാൾ നോവുന്നതാണെടോ ഇവിടുത്തെ ഭരണകൂടത്തിന്റെ ഒത്താശയിൽ ,നെറികെട്ട നിയമപാലനത്തിന്റെ കൂട്ടിക്കൊടുപ്പിൽ തെളിവുകളുടെ അഭാവത്താൽ നീതിനിഷേധിക്കപ്പെട്ട രണ്ടാത്മാക്കളുടെ വിങ്ങൽ! ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലപാതകങ്ങളേക്കാൾ നിന്ദ്യമാണ് നാറികളേ കുഞ്ഞുമേനികളിൽ കാമം തീർത്ത് കെട്ടിത്തൂക്കുന്ന കേരളാമോഡൽ പ്രബുദ്ധത! പുരസ്‌കാരപ്പെരുമയിലും താരസിംഹാസനങ്ങളിലും വിരാജിക്കുന്ന നീയൊക്കെ എന്തുകൊണ്ട് ചുറ്റും നടക്കുന്ന കൊള്ളരുതായ്മകൾ കണ്ടില്ലെന്നു നടിക്കുന്നു? അനീതിക്കെതിരെ ഗർജ്ജിക്കാൻ കഴിഞ്ഞിരുന്ന അഴിക്കോടൻ മാഷിന്റെ വിയോഗത്തോടെ കുറ്റിയറ്റുപോയോ നമ്മുടെ പ്രതികരണശേഷിയുള്ള ബുദ്ധിജീവിവർഗ്ഗം?

പുരോഗമനവാദികളേ, പുഴുക്കുത്തേറ്റ നിന്റെയൊക്കെ മനസ്സിനു പ്രതികരണശേഷിയുണ്ടാവണമെങ്കിൽ കൊല്ലപ്പെടുന്ന ഇരകൾ ഉത്തരേന്ത്യക്കാരോ, അവിടുത്തെ ദളിതരോ കുറഞ്ഞപക്ഷം ന്യൂനപക്ഷസമുദായക്കാരോ ആവണമല്ലേ? ആസിഫയുടെ കൊലയെ ശിവലിംഗത്തെ ആയുധമാക്കി പ്രതികരിക്കാൻ കെല്പുണ്ടായവളുടെ ബ്രഷുകൾക്ക് എന്തേ വാളയാർ ഇതുവരെ വിഷയമായില്ല? ഒരു റേപ്പ് ജോക്കിന്റെ മറപ്പിടിച്ച് സമൂഹമാധ്യമത്തിൽ ഖണ്ഡിക ഖണ്ഡികയായി ബലാത്സംഗത്തെക്കുറിച്ച് വാഴ്‌ത്താരി മുഴക്കിയവൾക്കും രണ്ടരവർഷത്തോളം വാളയാറിനെ കാണാൻ കഴിഞ്ഞിരുന്നില്ല.ആർപ്പോ ആർത്തവം ആഘോഷമാക്കാൻ മുന്നിൽ നിന്ന പടുജന്മങ്ങൾക്ക് ഒന്നിനും ഈ കുരുന്നുകളുടെ കൊലപാതകങ്ങൾ വിഷയമായതേയില്ല.

കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തെ നെഞ്ചോട് ചേർക്കുന്ന സഖാക്കളേ,സഖാത്തികളേ, ജസ്റ്റിസ് ഫോർ ആസിഫ ഹാഷ്ടാഗാക്കി സമൂഹമാധ്യമങ്ങളിൽ നീതിക്കായി പോരാടിയ നിനക്കൊന്നും തൂങ്ങിയാടിയ ആ ശരീരങ്ങൾക്ക് നീതി നല്കണമെന്നു തോന്നിയില്ലേ? ആസിഫ അങ്ങ് കശ്മീരിൽ കൊലചെയ്യപ്പെട്ടപ്പോൾ കൊലയാളികളുടെ രാഷ്ട്രീയം നോക്കി ഈ കൊച്ചുകേരളത്തിൽ ആ രാഷ്ട്രീയപ്പാർട്ടിയുടെ അനുയായികളെയും അണികളെയും വീട്ടിൽ കയറ്റാൻ പാടില്ലെന്നു ആഹ്വാനം നല്കിയ നിനക്കൊക്കെ എന്തേ വാളയാറിലെ നാലു പ്രതികളെ സമൂഹത്തിൽ ഒറ്റപ്പെട്ടുത്താൻ കഴിഞ്ഞില്ല? പകരം പ്രതികൾക്ക് സംരക്ഷണകവചമൊരുക്കി രക്ഷിക്കാൻ ശ്രമിച്ച നിന്നെയൊക്കെ,നിന്റെയൊക്കെ രാഷ്ട്രീയപ്രസ്ഥാനത്തെ ഈ രാജ്യത്തുനിന്നു തന്നെ ആട്ടിയോടിക്കുകയല്ലേ ഞങ്ങളും ചെയ്യേണ്ടത് ? രാഷ്ട്രീയപകപ്പോക്കലുകൾക്കായി യുവത്വങ്ങളുടെ ജീവനെടുക്കാൻ നീയൊക്കെ കാട്ടുന്ന വൃഗ്രത എന്തേ ഈ വേട്ടനായ്ക്കളോട് കാട്ടാൻ കഴിയാത്തത്? സ്വന്തം പാർട്ടിയിലുള്ളവർ എന്തുകൊള്ളരുതായ്മകളും ക്രൂരതകളും കാട്ടിയാലും അവരെ സംരക്ഷിക്കുന്ന,അവർക്കായി വാദിക്കുന്ന നീയൊക്കെ ഏത് ഗംഗയിൽ മുങ്ങിയാലാണ് നിങ്ങളിലുള്ള പാപക്കറ മായുന്നത്?

ഇനി ചോദിക്കാനുള്ളത് ഇവിടുത്തെ ഭരണവർഗ്ഗത്തോടാണ്!

ആഭ്യന്തരം ആഭാസമായ എത്രയോ സംഭവവികാസങ്ങൾ ഈ മൂന്നരകൊല്ലത്തെ ഭരണത്തിനിടയിൽ നടന്നു.എത്രയോ നിരപരാധികളുടെ ചോര ഇവിടെ വീണു.
ആഭ്യന്തര വകുപ്പുമായി ബന്ധമില്ലാത്ത ഒരു കേസെങ്കിലും കഴിഞ്ഞ മുന്നരകൊല്ലത്തിനിടയിൽ ഈ കൊച്ചുകേരളത്തിൽ ഉണ്ടായിട്ടുണ്ടോ? ക്രിമിനലുകളായ അണികളെ സംരക്ഷിക്കാനുള്ള വൃഗ്രതയിൽ ഈ ഭരണം ബലികൊടുത്തത് ഒരു നല്ല പ്രസ്ഥാനത്തെയും ആശയങ്ങളെയുമല്ലേ? നല്ലൊരു കേരളം സ്വപ്നംകണ്ട് നിങ്ങളെയും നിങ്ങളുടെ പാർട്ടിയെയും ഭരിക്കാനനുവദിച്ച പാവപ്പെട്ട വോട്ടർമാരുടെ ജനാധിപത്യവിശ്വാസത്തിന്റെ കടയ്ക്കലല്ലേ നിങ്ങൾ ആഞ്ഞുവെട്ടിയത്?അതിന്റെ ഒന്നാന്തരം തെളിവല്ലേ പി എസ് സി പരീക്ഷകളിലെ ക്രമക്കേട് പോലും.അഴിമതിയുടെ കറപുരളാത്ത ഒരാളെങ്കിലും നിങ്ങളുടെ കൂട്ടത്തിലുണ്ടോ?
അനുദിനം വാർത്തകളിൽ മാത്രം വികസിതമായ കേരളത്തിലെ ഇരട്ടചങ്കുള്ള മുഖ്യൻ കയ്യാളുന്ന ആഭ്യന്തരവകുപ്പിലെ പൊലീസിന്റെ നിഷ്‌ക്രിയത്വം കൊണ്ട് നീതിനിഷേധിക്കപ്പെട്ടത് രണ്ട് കുഞ്ഞ് ആത്മാക്കൾക്കാണ്.

പലതും ഞങ്ങൾ മറന്നതും പ്രതികരിക്കാതിരുന്നതും നിങ്ങൾ നന്നാവുമെന്ന് പ്രതീക്ഷിച്ചൊന്നുമല്ല..നിവൃത്തികേടുകൊണ്ടാണ്.മാഷാ അള്ളാ സ്റ്റിക്കറെയും ഇന്നോവയെയും ഭയന്നതുക്കൊണ്ടാണ്. എന്നാൽ ഇനി നിങ്ങൾക്ക് മാപ്പില്ല. മനുഷ്യത്വം അല്പമെങ്കിലും നിങ്ങളിൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ.ഇനിയെങ്കിലും ഈ ചെറ്റകളെ രക്ഷിക്കാൻ ശ്രമിക്കാതെ,നിയമത്തിനു മുന്നിൽ കൊണ്ടുവരികയും അർഹമായ ശിക്ഷ അവന്മാർക്കും അവരെ സംരക്ഷിച്ചവർക്കും നല്കാൻ ശ്രമിക്കുക.എങ്കിൽ വരും തലമുറ കസേരകളിക്കുമ്പോഴെങ്കിലും നിങ്ങളെയും നിങ്ങളുടെ പാർട്ടിയെയും ഓർക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP