Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കളെ തട്ടിയെടുത്ത ഭർത്താവ് കേരളത്തിലേക്ക് മുങ്ങി; അമേരിക്കയിലെ മലയാളി യുവതി സഹായാഭ്യർഥനയുമായി സെനറ്റേർസിന് മുമ്പിൽ

മക്കളെ തട്ടിയെടുത്ത ഭർത്താവ് കേരളത്തിലേക്ക് മുങ്ങി; അമേരിക്കയിലെ മലയാളി യുവതി സഹായാഭ്യർഥനയുമായി സെനറ്റേർസിന് മുമ്പിൽ

റുവർഷം മുമ്പ് ഇരട്ടകളായ രണ്ടാൺ മക്കളുമായി കേളത്തിലേക്ക് കടന്ന ഭർത്താവിനെതിരെ പരാതിയുമായി അമേരിക്കയിലെ മലയാളി വീട്ടമ്മ കോൺഗ്രസ് ഉപസമിതി മുൻപാകെ പരാതിയുമായെത്തി. ന്യൂജഴ്‌സിയിലെ പ്‌ളെയിൻബോറോയിൽ സ്ഥിരതാമസക്കാരിയായ കോട്ടയം പാമ്പാടി സ്വദേശി പി.ടി. ഫിലിപ്പോസിന്റെ മകൾ ബിന്ദു ഫിലിപ്പാണ് തന്റെ മക്കളെ വീണ്ടെടുത്ത് തരണമെന്ന് ആവശ്യവുമായി കോൺഗ്രസിന് മുന്നിലെത്തിയത്. ആറുവർഷമായി ഈ ആവശ്യം ഉന്നയിച്ച് ബിന്ദു മുട്ടാത്ത വാതിലുകളില്ല. കുട്ടികളെ വർഷങ്ങളായി ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് അമേരിക്കൻ കോൺഗ്രസ് മുൻപാകെ ഈ അമ്മ എത്തിയത്. വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സമിതിയാണ് ബിന്ദു ഫിലിപ്പന്റെ പരാതി കേട്ടത്.

1996ലാണ് കോട്ടയം വടവാതൂർ എലവുങ്കൽ വീട്ടിൽ സുനിൽ ജേക്കബും ബിന്ദു ഫിലിപ്പും വിവാഹിതരാകുന്നത്. അമേരിക്കയിൽ താമസമാക്കിയ ഇരുവർക്കും അവിടുത്തെ പൗരത്വം ലഭിച്ചു. സിറ്റി ബാങ്കിൽ വെൽത്ത് മാനേജ്‌മെന്റ് സ്‌പെഷലിസ്റ്റായിരുന്ന സുനിൽ ഭാര്യയായ ബിന്ദുവിനെയും മക്കൾ ഇരട്ടക്കുട്ടികളായ ആൽഫ്രഡ് ഫിലിപ്പ് ജേക്കബിനെയും ആൽഫ്രഡ് വില്യം ജേക്കബിനെയും 2008 ഡിസംബറിലാണ് നാട്ടിലേയ്ക്ക് അവധിക്കെന്നു പറഞ്ഞ് കൊണ്ടുവന്നത്. എന്നാൽ നാട്ടിലെത്തിയ ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും കുട്ടികളെ താനറിയാതെ സ്‌കൂളിലാക്കിയെന്നും ബിന്ദു പറയുന്നു. മക്കളെ അമ്മയെ കാണുന്നതിനു സ്‌കൂളിൽ വിലക്കുമേർപ്പെടുത്തി. സുനിൽ പിന്നീട് അമേരിക്കയിലേക്ക് മടങ്ങിയതുമില്ല.

ഒടുവിൽ ഗത്യന്തരം ഇല്ലാതെ നാട്ടിൽ നിന്ന് ബിന്ദു അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ അമേരിക്കയിലെ വീട്ടിലെത്തിയ ബിന്ദുവിന് ഭർത്താവ് കുട്ടികളുടെ ചിത്രങ്ങളടക്കം എല്ലാ രേഖകളും വീട്ടിൽ നിന്നു കടത്തിയതായി മനസിലായി. തുടർന്നാണ് ബാങ്കിലെ ക്രമക്കേടിനെക്കുറിച്ച എഫ്.ബി.ഐ അന്വേഷണമാണ് ഇതിന് കാരണമെന്നും അമേരിക്കയിലേക്ക് മടങ്ങേണ്ടെന്ന് ഉറപ്പിച്ചാണ് സുനിൽ നാട്ടിലേക്ക് വന്നതെന്നും ബിന്ദു അമേരിക്കൻ പൊലീസിൽനിന്ന് മനസ്സിലാക്കിയത്. തുടർന്ന്് കാര്യങ്ങൾ വിവാഹ മോചനത്തിലേക്ക് നീങ്ങി.

ന്യു ജഴ്‌സിയിലെ കുടുംബക്കോടതിയിൽ കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു നൽകിയ ഹർജിയിൽ അവർക്കനുകൂലമായി വിധി വന്നിരുന്നു. എന്നാൽ കുട്ടികൾ ഇന്ത്യയിലായതിനാൽ നടപടിയുണ്ടായില്ല. അമേരിക്കൻ പൗരത്വമുള്ള കുട്ടികളെ വിട്ടുനൽകണമെന്ന 2009 ഡിസംബർ 28ലെ ന്യൂജഴ്‌സി കോടതി വിധി ചൂണ്ടിക്കാട്ടി ബിന്ദു ഏറ്റുമാനൂർ കുടുംബ കോടതിയെയും കേരള ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. തുടർന്ന് ബിന്ദു സുപ്രീംകോടതിയിൽ ഹർജി നൽകി

ബിന്ദുവിന് അൽപം ആശ്വാസം പകർന്ന് അമേരിക്കൻ കോടതിവിധിക്കെതിരെയുള്ള ഏറ്റുമാനൂർ കുടുംബകോടതിവിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. തന്റെ മക്കളെ വിട്ടുതരണമെന്ന് ന്യൂജഴ്‌സി സുപ്പീരിയർ കോടതി 2009 ഡിസംബർ 28ന് സുനിൽ ജേക്കബിനോട് നിർദേശിച്ചത് ബിന്ദു ചൂണ്ടിക്കാട്ടിയിരുന്നു. തന്റെയും മക്കളുടെയും അമേരിക്കൻ പൗരത്വം ഉറപ്പാക്കിയായിരുന്നു ഈ വിധി. അമേരിക്കൻ കോടതിവിധിയുടെ പകർപ്പും ബിന്ദു സുപ്രീംകോടതിയിൽ നൽകി. സുനിൽ ജേക്കബ് കേരളത്തിലേക്കു കൊണ്ടുവന്ന കുട്ടികളെ വിട്ടുകൊടുക്കാനായി ന്യൂജഴ്‌സി കോടതിയുടെ വിധിപ്പകർപ്പ് ന്യൂഡൽഹിയിലെ നിയമമന്ത്രാലയത്തിനും കൈമാറി. പകർപ്പ് സുനിൽ ജേക്കബിനും നൽകി. അമേരിക്കൻ പൗരത്വമുള്ള പിതാവിന്റെ കൂടെക്കഴിയാൻ അനുവാദം നൽകിയ ഏറ്റുമാനൂർ കുടുംബകോടതിയുടെ നടപടി ശരിയല്ലെന്നും ഹർജിക്കാരി അഭിപ്രായപ്പെട്ടിരുന്നു.

കോട്ടയം ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്‌കൂളിൽ പഠിക്കുന്ന പ്രായപൂർത്തിയാവാത്ത തന്റെ മക്കൾ ഇന്ത്യയുടെ പ്രവാസി പൗരന്മാരാണെന്നും പരാതിക്കാരിയായ ബിന്ദുവിന് ഇന്ത്യൻ പൗരത്വമാണുള്ളതെന്നും മൂവരും ഇന്ത്യൻ കോടതിയുടെ പരിധിയിലാണെന്നും സുനിൽ കുടുംബകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഹർജിയിൽ ആരോപിച്ചു. ഇക്കാര്യം കേരള ഹൈക്കോടതിയെ ധരിപ്പിച്ചെങ്കിലും വീണ്ടും ഏറ്റുമാനൂർ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച് ഹർജി തള്ളുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി വിധിയും ഏറ്റുമാനൂർ കോടതിയുടെ വിധിയും സ്‌റ്റേ ചെയ്തത്. ഭർത്താവ് സുനിൽ ജേക്കബ് ഇന്ത്യയിലെ കോടതിയിലും സമാനമായ ഹർജി നൽകിയിട്ടുണ്ട്. സുനിലിനെതിരെ അമേരിക്കയിലും സുനിൽ നൽകിയ കേസിൽ ബിന്ദുവിനെതിരെ കേരളത്തിലും അറസ്റ്റ് വാറന്റുണ്ട്.

അമേരിക്കയിൽ ദേശീയ ശ്രദ്ധ നേടിയ സംഭവമാണ് ബിന്ദു - സുനിൽ ജേക്കബ് ദമ്പതികളുടെ കേസ്. ബിന്ദുവിന് സംഭവിച്ചത് പോലെ അമേരിക്കൻ പൗരത്വമുള്ള കുട്ടികളെ സമാനതരത്തിൽ യുഎസിൽനിന്നും മറ്റു രാജ്യങ്ങളിലേക്ക്് കടത്തികൊണ്ടു പോയ മാതാപിതാക്കളുടെ ശ്രമങ്ങളുടെ ഫലമായി യു.എസ് ജനപ്രതിനിധി സഭ 'അന്താരാഷ്ട്ര കുട്ടികളെ കടത്തിക്കൊണ്ടുപോകൽ തടയലും തിരിച്ചുകൊണ്ടുവരലും നിയമം 2013' പാസാക്കിയിരുന്നു. മക്കളെ വിട്ടുകിട്ടാനുള്ള ബിന്ദുവിന്റെ നിയമപോരാട്ടങ്ങളാണ് പ്രത്യേക ബിൽ തയാറാക്കാൻ അമേരിക്കൻ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചത്. ബിന്ദു നടത്തിയ പോരാട്ടങ്ങളാണ് കുടുംബബന്ധങ്ങളുടെ തകർച്ചയിൽ വലയുന്ന കുട്ടികളുടെ അവസ്ഥകളിലേക്ക് അമേരിക്കൻ ഭരണകൂടത്തിന്റെ ശ്രദ്ധതിരിച്ചത്. ഒരു വർഷം മുമ്പ് വാഷിങ്ടൺ ഡി.സിയിൽ കാപിറ്റോൾ ബിൽഡിങ്ങിൽ ബിന്ദു നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം റിപ്പബ്‌ളിക്കൻ പ്രതിനിധി ക്രിസ് സ്മിത് അവതരിപ്പിച്ച ബിൽ ഏറെ പിന്തുണയോടെയാണ് ജനപ്രതിനിധി സഭ പാസാക്കിയത്.

അമേരിക്കയിൽ ജനിച്ചുവളർന്ന കുട്ടികളെ മാതാപിതാക്കളിൽ ഒരാളോ മറ്റ് രക്ഷിതാക്കളോ അന്യരാജ്യങ്ങളിലേക്ക് തട്ടിക്കൊണ്ടുപോയാൽ തിരിച്ചുകൊണ്ടുവരാൻ ഭരണകൂട നടപടികൾ വേഗത്തിലാക്കുന്നതാണ് ബിൽ. കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത് തടയുന്ന ഹേഗ് കൺവെൻഷനിൽ ഇന്ത്യ ഒപ്പിടാത്തതിനാൽ മക്കളെ വിട്ടുകിട്ടാൻ ബിൽ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിന്ദു. ബിൽ അമേരിക്കൻ സെനറ്റ് കൂടി പാസാക്കുന്നതോടെ അമേരിക്കയിൽ നിന്ന് കടത്തിക്കൊണ്ടുപോയ കുട്ടികളെ തിരിച്ചത്തെിക്കാത്ത രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ തടയാൻ പ്രസിഡന്റിന് ശിപാർശ ചെയ്യാനാകും. ഇപ്പോൾ ഇങ്ങനെ അമേരിക്കൻ പൗരത്വമുള്ള 28 കുട്ടികളെ തട്ടിക്കൊണ്ടുപോയ പരാതികൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമർപ്പിച്ചതും കോൺഗ്രസ് ഉപസമിതി പരിഗണിക്കുന്നുണ്ട്.

'എന്റെ മക്കൾക്ക് ഒരമ്മയുടെ കരുതലും പരിചരണവും ഏറ്റവും ആവശ്യമുള്ള കാലഘട്ടമാണിത്. എനിക്കു നഷ്ടപ്പെട്ടത് വിലപ്പെട്ട ആ ആറുവർഷമാണ്. അവരുടെ ബാല്യവും കുട്ടികൾക്കിപ്പോൾ പതിനാലും വയസായി. അവരുമായി സംഗമിക്കാൻ അവസരമൊരുക്കണമെന്നും' കോൺഗ്രസ് സമിതി മുൻപാകെ ബിന്ദു അഭ്യർത്ഥിച്ചു. മക്കളുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളുമടഞ്ഞപ്പോൾ അവർക്കു സ്‌നേഹം കൈമാറാൻ ബിന്ദു ഒരു വൈബ്‌സൈറ്റ് തുടങ്ങി. ബിന്ദുവിന്റെ പരാതിയിലുള്ള പ്രശ്‌നം പരിഹരിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കുട്ടികളുടെ കാര്യങ്ങൾക്കുള്ള സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഉപദേഷ്ടാവ് സൂസൻ ജേക്കബ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP