Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിൽപ്പയുടേയും ശ്യാമിന്റേയും മൃതദേഹം കല്ലേത്ത് ഗ്രാമത്തിൽ എത്തിയപ്പോൾ നെഞ്ചത്ത് കൈവച്ച് അലറി നിലവളിച്ച് ശിൽപ്പയുടെ അച്ഛനും അമ്മയും; സഹിക്കാനാവാതെ നെഞ്ച് പൊട്ടിക്കരഞ്ഞ് ഉറ്റവരും ഉടയവരും; ശ്യാമിന്റെ മൃതദേഹം മുതുകാട്ടുകരയിലെത്തിച്ചപ്പോൾ രോഷം കൊണ്ട് തിളച്ച് അലറി കരഞ്ഞ് നാട്ടുകാർ; ശ്യാമിന്റെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാനാവാതെ ഒരു നാട് മുഴുവൻ; ഒരു മദ്യപാനി ജീവനെടുത്ത ദമ്പതികൾക്ക് നാട്ടുകാർ അന്ത്യയാത്ര ഒരുക്കിയത് കണ്ണീർ കടലു തീർത്ത്

ശിൽപ്പയുടേയും ശ്യാമിന്റേയും മൃതദേഹം കല്ലേത്ത് ഗ്രാമത്തിൽ എത്തിയപ്പോൾ നെഞ്ചത്ത് കൈവച്ച് അലറി നിലവളിച്ച് ശിൽപ്പയുടെ അച്ഛനും അമ്മയും; സഹിക്കാനാവാതെ നെഞ്ച് പൊട്ടിക്കരഞ്ഞ് ഉറ്റവരും ഉടയവരും; ശ്യാമിന്റെ മൃതദേഹം മുതുകാട്ടുകരയിലെത്തിച്ചപ്പോൾ രോഷം കൊണ്ട് തിളച്ച് അലറി കരഞ്ഞ് നാട്ടുകാർ; ശ്യാമിന്റെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാനാവാതെ ഒരു നാട് മുഴുവൻ; ഒരു മദ്യപാനി ജീവനെടുത്ത ദമ്പതികൾക്ക് നാട്ടുകാർ അന്ത്യയാത്ര ഒരുക്കിയത് കണ്ണീർ കടലു തീർത്ത്

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: അടൂരിലുണ്ടായ ബസ് അപകടത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട യുവദമ്പതികൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.രാവിലെ 11.30 ഓടെ മൃതദേഹങ്ങൾ ശിൽപ്പയുടെ വീടായ ഏഴംകുളത്ത് പൊതുദർശനത്തിന് വച്ച ശേഷമാണ് നൂറനാട്ടേക്ക് എത്തിച്ചത്. നൂറു കണക്കിന് നാട്ടുകാർ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അർപ്പിക്കാനും എത്തിയിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച സ്വകാര്യ ബസാണ് നൂറനാട് പുതുക്കാട്ടുകര ശ്യാംഭവനിൽ ശ്യാംകുമാറിനും ഭാര്യ ശിൽപയ്ക്കും റോഡിൽ മരണക്കെണിയൊരുക്കിയത്. ഈ യുവ ദമ്പതികൾക്ക് കണ്ണീർ കടലു തീർത്ത് യാത്രമൊഴി നൽകുകയാണ് അവരുടെ ഗ്രാമങ്ങൾ ചെയ്തത്. ഗൾഫിലായിരുന്ന ശ്യാംകുമാർ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടം. ആശുപത്രി ചെക്കപ്പിന് നൂറനാട്ടു നിന്ന് ബൈക്കിലാണ് ഇരുവരും ഏഴംകുളത്തേക്ക് പോയത് .അടൂരിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നു വാങ്ങിയ ശേഷം ബൈക്ക് ഇരിക്കുന്ന ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് നിയന്ത്രണംതെറ്റി വന്ന സ്വകാര്യ ബസ് ഇടിച്ചു വീഴ്‌ത്തിയത്. ബസിനടിയിൽപെട്ട ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഇന്നലെയായിരുന്നു സംസ്‌കാരം നടന്നത്.

നടുമൺ കല്ലേത്തുള്ള വീട്ടിലേക്ക് കൊണ്ടുവന്ന മകളുടെയും മരുമകന്റെയും ചേതനയറ്റ ശരീരം കണ്ട് ശിൽപയുടെ പിതാവ് സത്യനും മാതാവ് ഗിരിജയും സഹോദരൻ അക്ഷയും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ഇവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കുമായില്ല. അത്രയും വേദനയാണ് കണ്ണീരായി ഒഴുകിയത്. അടൂരിൽ സ്വകാര്യ ബസ് ഇടിച്ചു മരിച്ച യുവദമ്പതികളായ ശ്യാമിന്റെയും ശിൽപയുടെയും മൃതദേഹങ്ങൾ ശിൽപയുടെ വസതിയിൽ പൊതുദർശനത്തിനു വച്ചപ്പോൾ ഒഴുകിയെത്തിയത് ആയിരങ്ങലാണ്. വിങ്ങിപ്പൊട്ടുന്ന മാതാപിതാക്കളും ബന്ധുക്കളും ഇവിടെ ആരുടേയും മനസ്സിലെ നൊമ്പര ചിത്രമായി. ഇരുവർക്കും അച്ഛനും അമ്മയും അന്ത്യചുംബനം നൽകി യാത്രമൊഴിയേകിയത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു.

ദമ്പതികളുടെ ഫോട്ടോ പതിച്ച ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ 9.30നാണ് കല്ലേത്തുള്ള വീട്ടിൽ മൃതദേഹങ്ങൾ എത്തിച്ചത്. അവസാനമായി ഒരുനോക്കു കാണാൻ പുത്തൻപീടികയിൽ വീട്ടിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിയത്. തുടർന്ന് പതിനൊന്ന് മണിയോടെ വിലാപയാത്രയായി നൂറനാട്ടുള്ള വീട്ടിലേക്ക് കൊണ്ടു പോയി. ഉച്ചയോടെ മൃതദേഹങ്ങൾ നൂറനാട് മുതുകാട്ടുകരയുള്ള ശ്യാമിന്റെ കുടുംബ വീട്ടിൽ കൊണ്ടുവന്നു. ഇരുവർക്കും അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറു കണക്കിനാളുകളാണ് എത്തിച്ചേർന്നത്. വീടിനോടു ചേർന്നാണ് ഇരുവർക്കും ചിതയൊരുക്കിയത്. ഇവിടേയും ശ്യാമിന്റെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. അവരും അലമുറയിട്ട് കരഞ്ഞു.

ശനിയാഴ്ച വൈകിട്ട് 3.15ന് ശ്രീമൂലം ചന്തയ്ക്കു സമീപം വൺ വേ റോഡിലായിരുന്നു കാൽനടയാത്രക്കാരായ ഇരുവരെയും ബസ് ഇടിച്ചിട്ടത്. ബസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നു. യുവ ദമ്പതികൾ മരിക്കാനിടയാക്കിയ സംഭവത്തിലെ ബസിന്റെ ഡ്രൈവറുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ചെയ്യാൻ മോട്ടർ വാഹന വകുപ്പ് നടപടി തുടങ്ങി. മോണിങ് സ്റ്റാർ ബസോടിച്ചിരുന്ന ഡ്രൈവർ മാവേലിക്കര കൊല്ലകടവ് കൃഷ്ണസദനത്തിൽ ഉല്ലാസിന്റെ(48) ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആർ. രമണൻ അടൂർ ജോയിന്റ് ആർടിഒ ശ്യാമിന് രേഖാമൂലം നിർദ്ദേശം നൽകി.

ഇതിന്റെ ഭാഗമായി ലൈസൻസ് റദ്ദ് ചെയ്യുന്നതിന് അടൂരിലെ ജോയിന്റ് ആർടി ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി. ബസിന്റെ പെർമിറ്റ് താൽക്കാലികമായി റദ്ദ് ചെയ്യാനാണ് തീരുമാനം. ഡ്രൈവറായ ഉല്ലാസ് ബസ് ഓടിച്ചിരുന്ന സമയത്ത് മദ്യപിച്ചിരുന്നതായി പൊലീസിന്റെ റിപ്പോർട്ട് പ്രകാരവും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുമാണ് ഡ്രൈവിങ് ലൈസൻസ് റദ്ദു ചെയ്യാനുള്ള തീരുമാനത്തിലേക്ക് മോട്ടർ വാഹന വകുപ്പ് എത്തിയത്.

ശനിയാഴ്ച വൈകിട്ട് 3.15ന് ആയിരുന്നു അപകടം. മരുന്നുകടയിൽ കയറിയ ശേഷം റോഡരികിലൂടെ വരികയായിരുന്ന ദമ്പതികളെയാണ് ബസ് ഇടിച്ചത്. സംഭവ സ്ഥലത്തുനിന്ന് ഉല്ലാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വീയപുരം- മാവേലിക്കര-അടൂർ-മണ്ണടി റൂട്ടിൽ സർവീസ് നടത്തുന്ന മോണിങ് സ്റ്റാർ ബസാണ് അപകടമുണ്ടാക്കിയത്. ചന്തയ്ക്ക് സമീപത്തെ ആശ്വാസ് മെഡിക്കൽസിൽനിന്നു മരുന്നു വാങ്ങി വഴിയിലേക്കിറങ്ങിയപ്പോഴാണ് അടൂർഭാഗത്തേക്ക് അമിതവേഗത്തിലെത്തിയ ബസ് ഇവരെ ഇടിച്ചത്. സമീപത്തെ മാടക്കടയിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. കടയ്ക്കു മുന്നിലെ മരവും ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞുവീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും തകർന്നു.

അടൂരിൽനിന്ന് അഗ്നിശമനസേന എത്തി കയർ ഉപയോഗിച്ച് ബസ് ഇടതുവശത്തേക്കു മറിച്ച ശേഷമാണ് ടയറിനടിയിൽപ്പെട്ടു കിടന്ന ഇരുവരെയും പുറത്തെടുത്തത്. രണ്ടു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് സൗദിയിൽ ജോലിക്കുപോയ ശ്യാംകുമാർ 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP