Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'കാറ്റ് കടൽ അതിരുക'ളുടെ പ്രമേയം ഉള്ള് നീറുന്ന രോഹിഗ്യൻ-ടിബറ്റ് അഭയാർഥി പ്രശ്‌നങ്ങൾ; രണ്ടു കോടിയിലേറെ മുതൽമുടക്കുള്ള സിനിമയുടെ ചിത്രീകരണം തന്നെ നടന്നത് ടിബറ്റൻ സെറ്റിൽമെന്റിലും രോഹിഗ്യൻ അഭയാർഥി ക്യാമ്പുകളിലും; സെൻസറിംഗിനു എത്തിച്ചപ്പോൾ അന്താരാഷ്ട്ര വിഷയം, വിദേശ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി സെൻസർ ബോർഡിന്റെ അനുമതി നിഷേധം; സമദ് മങ്കടയുടെ സിനിമ പുറംലോകം കാണാതെ പെട്ടിയിൽ; ഐഎഫ്എഫ്‌കെയിലും പ്രദർശിപ്പിക്കാൻ അനുമതിയില്ല

'കാറ്റ് കടൽ അതിരുക'ളുടെ പ്രമേയം ഉള്ള് നീറുന്ന രോഹിഗ്യൻ-ടിബറ്റ് അഭയാർഥി പ്രശ്‌നങ്ങൾ; രണ്ടു കോടിയിലേറെ മുതൽമുടക്കുള്ള സിനിമയുടെ ചിത്രീകരണം തന്നെ നടന്നത് ടിബറ്റൻ സെറ്റിൽമെന്റിലും രോഹിഗ്യൻ അഭയാർഥി ക്യാമ്പുകളിലും; സെൻസറിംഗിനു എത്തിച്ചപ്പോൾ അന്താരാഷ്ട്ര വിഷയം, വിദേശ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി സെൻസർ ബോർഡിന്റെ അനുമതി നിഷേധം; സമദ് മങ്കടയുടെ സിനിമ പുറംലോകം കാണാതെ പെട്ടിയിൽ; ഐഎഫ്എഫ്‌കെയിലും പ്രദർശിപ്പിക്കാൻ അനുമതിയില്ല

എം മനോജ് കുമാർ

തിരുവനന്തപുരം: ഉള്ള് നീറുന്ന രോഹിഗ്യൻ-ടിബറ്റ് അഭയാർഥി പ്രശ്‌നം കൈകാര്യം ചെയ്യുന്ന 'കാറ്റ് കടൽ അതിരുകൾ' സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വിവാദമാകുന്നു. കിച്ചാമണി എംബിഎ ക്കു ശേഷം സമദ് മങ്കട സംവിധാനം ചെയ്യുന്ന ചിത്രമായ 'കാറ്റ് കടൽ അതിരുകൾ'ക്കാണ് അന്താരാഷ്ട്ര പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്. ഒരു കട്ട് പോലും ചൂണ്ടിക്കാട്ടാതെ, അന്താരാഷ്ട്ര വിഷയം കൈകാര്യം ചെയ്യുന്നു, വിദേശ ബന്ധങ്ങളെ ബാധിക്കുമോ എന്ന കാര്യം പരിഗണിക്കേണ്ടതുണ്ട് എന്നൊക്കെ കാരണം നിരത്തിയാണ് അനുമതി നിഷേധം വന്നത്. കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ചൂണ്ടിക്കാട്ടാതെ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച തീരുമാനത്തിന്നെതിരെ സിനിമാ വൃത്തങ്ങളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിഷേധ പ്രശ്‌നമായാണ് സെൻസർ ബോർഡ് നടപടി വീക്ഷിക്കപ്പെടുന്നത്. സിനിമ റിവൈസ്ഡ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഈ കമ്മറ്റി കണ്ട ശേഷം മാത്രമേ ഇനി പ്രദർശനാനുമതി ലഭിക്കുകയുള്ളൂ.

റിവൈസിങ് കമ്മറ്റിയുടെ നിലപാട് എതിരായായാൽ സിനിമയുടെ ഭാവി ഇരുളടയുകയും ചെയ്യും. ബൈലക്കുപ്പയിലെ ടിബറ്റൻ അഭയാർഥി സെറ്റിൽമെമെന്റ്, ധർമ്മശാല, സിക്കിം, നാഥുലപാസ്, ഹിമാചൽപ്രദേശ്, ഡൽഹിയിലെ രോഹിഗ്യൻ അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിലായാണ് സിനിമയുടെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഇങ്ങിനെ യാതനകളും കഷ്ടതകളും മറികടന്നു അണിയറ പ്രവർത്തകർ സാക്ഷാത്ക്കരിച്ച സിനിമയാണ് ഇപ്പോൾ പെട്ടിയിലുറങ്ങുന്നത്. റിവൈസിങ് കമ്മറ്റിക്ക് വിട്ടതോടെ സിനിമയുടെ പ്രദർശനം അനിശ്ചിതമായി നീണ്ടുപോകും. ചലച്ചിത്രമേളകളിലേക്കും കൂടി ഉദ്ദേശിച്ചുള്ള സിനിമയായതിനാൽ മേളയ്ക്ക് സിനിമ എത്തിക്കാൻ കഴിയാത്ത പ്രശ്‌നം വരും. ഇതു കാരണമാണ് സെൻസർ ബോർഡ് നൽകിയ ഇരുട്ടടിയായി ഈ നടപടിയെ സിനിമയുടെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്.

ഒക്ടോബർ പതിനെട്ടിന് സെൻസർ കഴിഞ്ഞ സിനിമയ്ക്കാണ് ഇപ്പോൾ വളരെ വൈകി പ്രദർശനാനുമതി നിഷേധിച്ച് തീരുമാനം വന്നിരിക്കുന്നത്. വർഗം, ദേശം, ഭാഷ എന്നിവയുടെ അതിർവരമ്പുകൾ മറികടന്നു മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണിത്. ഈ മാസം റിലീസിങ് പ്രഖ്യാപിച്ച സിനിമയാണ് സെൻസർ അനുമതി പ്രശ്‌നത്തിൽ പെട്ടിയിൽ കിടക്കുന്നത്. രണ്ടു കോടിയിലേറെ മുടക്കി നിർമ്മിച്ച സിനിമയുടെ ഭാവി ഇതോടെ പ്രതിസന്ധിയിലായി. ഇതാണ് അണിയറ പ്രവർത്തകരെ ആശങ്കപ്പെടുത്തുന്നത്. രണ്ടു കോടിയിലേറെ മുതൽ മുടക്കിൽ പൂർത്തിയാക്കിയ സിനിമ പെട്ടിയിലാവുമ്പോൾ സംഭവിക്കുന്ന നഷ്ടവും ഇവരെ അലട്ടുന്നുണ്ട്. അനു മോഹനും, ദവോ ലാ മോ എന്ന ടിബറ്റൻ അഭയാർഥി പെൺകുട്ടിയുമാണ് സിനിമയിലെ നായക വേഷത്തിൽ എത്തുന്നത്. ലിയോണാ ലിഷോയ്, കൈലാഷ്, ഡോ വേണുഗോപാൽ എന്നീ പുതുമുഖ താരങ്ങളും ചിത്രത്തിൽ മുഖ്യ വേഷത്തിലുണ്ട്. ഒരു രാജ്യത്തേയും മോശമായി ബാധിക്കാത്ത, പ്രതിസ്ഥാനത്ത് നിർത്താത്ത പ്രമേയം എന്നാണ് സിനിമയെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. രാജ്യം ഇല്ലാതായതോടെ അഭയാർഥികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ആണ് സിനിമ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമ എങ്ങിനെ രാജ്യങ്ങൾക്ക് എതിരാകും എന്നാണ് ഇവർ ഉയർത്തുന്ന ചോദ്യം.

ഏത് രാജ്യത്തും പ്രദർശിപ്പിക്കാൻ സജ്ജമായ നിലയിൽ പൂർത്തീകരിച്ച ചിത്രം കൂടിയാണ് സെൻസർബോർഡിന്റെ കടുത്ത നിലപാട് കാരണം പെട്ടിയിലായത്. രോഹിഗ്യൻ-ടിബറ്റ്ൻ അഭയാർഥികളുടെ കഥയാണ് സിനിമ പറയുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് രോഹിഗ്യൻ-ടിബറ്റൻ അഭയാർഥി പ്രശ്‌നങ്ങളെ കാണുന്ന സിനിമ കൂടിയാണിത്. ടിബറ്റൻ അഭയാർഥികൾ ഇന്ത്യയിൽ എത്തിയതിന്റെ അറുപതാം വാർഷികം കൂടിയാണ് ഇപ്പോൾ ആചരിക്കപ്പെടുന്നത്. 1959ലാണ് ടിബറ്റൻ അഭയാർഥികൾ ഇന്ത്യയിൽ എത്തുന്നത്. അതുകൊണ്ട് തന്നെ അറുപതാം വാർഷിക വേളയിൽ ടിബറ്റൻ പ്രശ്‌നം ഒരു തവണ കൂടി ഓർമ്മിക്കപ്പെടുകയാണ് സിനിമയിലൂടെ ചെയ്യുന്നത്. എല്ലാം ഉൾക്കൊള്ളുന്ന ഇന്ത്യയുടെ സംസ്‌കാരം കൂടിയാണ് സിനിമയിലൂടെ തുറന്നു കാട്ടപ്പെടുകയും ചെയ്യുന്നത്. ഉള്ള് നീറുന്ന സാമൂഹിക പ്രശ്‌നങ്ങൾ ആണ് സിനിമയിൽ കൈകാര്യം ചെയ്യുന്നതും. തിരുവനന്തപുരത്തെ റീജണൽ കമ്മറ്റിക്ക് തന്നെ സെൻസർ സർട്ടിഫിക്കറ്റ് നല്കാമെന്നിരിക്കെയാണ് അന്താരാഷ്ട്ര ബന്ധങ്ങൾ ചൂണ്ടിക്കാട്ടി സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.

സെൻസർ ബോർഡ് തീരുമാനം ഇരുട്ടടിയാണ്-സംവിധായകൻ സമദ് മങ്കട മറുനാടൻ മലയാളിയോട് പറഞ്ഞു. അന്താരാഷ്ട്ര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ സൗഹൃദ ബന്ധങ്ങളെ ബാധിക്കുമോ എന്ന ആശങ്കയാണ് സെൻസർ ബോർഡ് അംഗങ്ങൾ പങ്കു വയ്ക്കുന്നത്. അതിനാൽ റിവൈസിങ് കമ്മറ്റിക്ക് വിടുകയാണ്. സെൻസർ ബോർഡ് അംഗങ്ങൾ അറിയിച്ചു. സിനിമ തത്ക്കാലം പെട്ടിയിലാണ്. ഇനി റിവൈസിങ് കമ്മറ്റി കണ്ട ശേഷം മാത്രമേ അവരുടെ അഭിപ്രായങ്ങൾക്ക് വിധേയമായി മാത്രമേ സിനിമയ്ക്ക് പ്രദർശനാനുമതി ലഭിക്കുകയുള്ളൂ. വലിയ കഷ്ടപ്പാടുകൾ മറികടന്നു ഞങ്ങൾ പൂർത്തീകരിച്ച് സിനിമ കൂടിയാണിത്. കിച്ചാമണി എംബിഎയ്ക്ക് ശേഷം ഏറെ കാത്തിരുന്നാണ് ഇത്തരമൊരു നല്ല കഥ ഒത്തുവന്നത്. വെല്ലുവിളികൾ അതിജീവിച്ച് സിനിമ പൂർത്തീകരിച്ച് സെൻസർ സർട്ടിഫിക്കറ്റിന് എത്തിച്ചപ്പോൾ നിരാശയാണ് ഫലം-സമദ് മങ്കട പറയുന്നു.

ഐഎഫ്എഫ്‌കെയിൽ ഇക്കുറി സിനിമ പരിഗണനയ്ക്ക് നൽകിയിരുന്നു. എന്നാൽ ഐഎഫ്എഫ്‌കെയും സിനിമയ്ക്ക് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഐഎഫ്എഫ്‌കെ സിനിമാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നിരവധി പരാതികൾ ഉയർന്നിരിക്കെ തന്നെയാണ് അഭയാർഥി പ്രശ്‌നം കൈകാര്യം ചെയ്ത സിനിമ ഐഎഫ്എഫ്‌കെയും തിരസ്‌ക്കരിച്ചത്. സിനിമയെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ താനിത് കണ്ടിട്ടില്ലെന്നാണ് ജൂറി അംഗം പ്രതികരിച്ചത് എന്ന് സിനിമാ പ്രവർത്തകർ ഇറക്കിയ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. അഭയാർഥി പ്രശ്‌നം കൈകാര്യം ചെയ്യുന്ന സിനിമയ്ക്ക് ഐഎഫ്എഫ്‌കെ അനുമതി നിഷേധിച്ചപ്പോൾ നീറുന്ന അന്താരാഷ്ട്ര പ്രശ്‌നം കൈകാര്യം ചെയ്യുന്ന സിനിമയ്ക്ക് സെൻസർ ബോർഡും അനുമതി നിഷേധിച്ചിരിക്കുന്നു.

ഇതിനു മുൻപും സെൻസർ ബോർഡ് നടപടികൾ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. സനൽകുമാർ ശശിധരന്റെ എസ് ദുർഗയ്ക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ എസ് എന്ന അക്ഷരത്തിന് ശേഷം ഗുണനചിഹ്നം പാടില്ലെന്നുള്ള ഉപാധിയോടെ കേന്ദ്ര സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റി പിന്നീട് ചിത്രത്തിന് പ്രദർശനാനുമതി നൽകുകയായിരുന്നു. നിരവധി വിവാദ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ സെൻസർ ബോർഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പഹ്ലജ് നിഹ്ലാനിയെ കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പുറത്താക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP