Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാത്മ ഗാന്ധിയും രാജേന്ദ്ര പ്രസാദും മുതൽ ഇന്ദിരയും രാജീവും വരെ അധ്യക്ഷനായ പദവിയിലേക്ക് നിയമിതനായത് കേന്ദ്രമന്ത്രി വി മുരളീധരൻ; ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ ചാൻലസർ പദവി ഏറ്റെടുക്കുന്ന ആദ്യ മലയാളിയായി കേരളത്തിലെ ബിജെപി നേതാവ്; ഗ്രൂപ്പു നേതാവിൽ നിന്നും ദേശീയ നേതാവായി മുരളീധരൻ ഞെടിയിടയിൽ മാറുമ്പോൾ അന്തംവിട്ടു കേരളത്തിലെ ബിജെപിയുടെ ഗ്രൂപ്പു മാനേജർമാർ

മഹാത്മ ഗാന്ധിയും രാജേന്ദ്ര പ്രസാദും മുതൽ ഇന്ദിരയും രാജീവും വരെ അധ്യക്ഷനായ പദവിയിലേക്ക് നിയമിതനായത് കേന്ദ്രമന്ത്രി വി മുരളീധരൻ; ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ ചാൻലസർ പദവി ഏറ്റെടുക്കുന്ന ആദ്യ മലയാളിയായി കേരളത്തിലെ ബിജെപി നേതാവ്; ഗ്രൂപ്പു നേതാവിൽ നിന്നും ദേശീയ നേതാവായി മുരളീധരൻ ഞെടിയിടയിൽ മാറുമ്പോൾ അന്തംവിട്ടു കേരളത്തിലെ ബിജെപിയുടെ ഗ്രൂപ്പു മാനേജർമാർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മഹാത്മ ഗാന്ധിയും രാജേന്ദ്ര പ്രസാദും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും അടക്കമുള്ളവർ ഇരുന്ന ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ അധ്യക്ഷനായി മലയാളിയായ വി മുരളീധരൻ നിയമിതനായി. മഹാത്മാഗാന്ധി സ്ഥാപിച്ച സഭയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണു കേന്ദ്രമന്ത്രി വി മുരളീധരൻ. സഭയുടെ 14-ാമത് അധ്യക്ഷനായ മുരളീധരൻ ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ സർവകലാശാല ചാൻസലറായി ചുമതലയേൽക്കും. ഒരു സംസ്ഥാനത്തും ഹിന്ദി അടിച്ചേൽപ്പിക്കുക കേന്ദ്ര സർക്കാർ നയമല്ലെന്ന് മുരളീധരൻ പറഞ്ഞു.

വൈസ് പ്രസിഡന്റുമാരായി എച്ച്. ഹനുമന്തപ്പ, എ.സി.വി.ചൊക്കലിംഗം, ട്രഷററായി കെ.മുരളി എന്നിവരെ തിരഞ്ഞെടുത്തു. 20 അംഗ നിർവാഹക സമിതിയിൽ കേരളത്തിൽ നിന്നു എം.എസ്.മുരളീധരൻ, ഗോപി ചെറുവണ്ണൂർ, കെ.ഷാജി, ഫെലിക്‌സ് സെബാസ്റ്റ്യൻ പ്രസന്റേഷൻ എന്നിവരുണ്ട്. ദക്ഷിണേന്ത്യയിൽ ഹിന്ദി പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1918-ൽ ചെന്നൈ ആസ്ഥാനമായി സഭ സ്ഥാപിച്ച മഹാത്മാഗാന്ധി 1948-ൽ മരണംവരെ പ്രസിഡന്റായി തുടർന്നു. മുൻ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ്, മുൻ പ്രധാനമന്ത്രിമാരായ ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു എന്നിവരും സഭയുടെ അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്.

അടുത്തിടെയുണ്ടായ ഹിന്ദി വിവാദം തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്ന് ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വി. മുരളീധരൻ പറഞ്ഞു. ഒരു ഭാഷയും ആരിലും അടിച്ചേൽപ്പിക്കുക എന്നതല്ല കേന്ദ്ര സർക്കാരിന്റെ നയം. മാതൃഭാഷയ്ക്ക് ഏറ്റവും പ്രാധാന്യം നൽകണമെന്നാണ് അന്നു വിവാദമായ പ്രസംഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.

മാതൃഭാഷയ്‌ക്കൊപ്പം ഒരു ഭാഷകൂടി പഠിക്കുക എന്ന ആശയം വന്നപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ എന്നനിലയിൽ ഹിന്ദി പഠിക്കുക എന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചു. അത് അദ്ദേഹത്തിന്റെ ആശയമല്ല, മഹാത്മാഗാന്ധിയുടെ ആശയമാണ്. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെയും രാജ്യത്തെ ഓരോ പൗരന്മാരുടെയും ചുമതലയാണെന്നും മുരളീധരൻ പറഞ്ഞു.

കേരളത്തിൽ മലയാളത്തിന് ഏറ്റവും പ്രാധാന്യം നൽകണം. ദൗർഭാഗ്യവശാൽ മലയാളത്തിന് പ്രാധാന്യം കുറഞ്ഞുവരികയാണ്. മലയാളം മീഡിയം സ്‌കൂളുകൾ ഇല്ലാതാകുകയും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ വർധിക്കുകണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ദിവസിനോടനുബന്ധിച്ച്, ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്നായിരുന്നു അമിത് ഷാ അഭിപ്രായപ്പെട്ടത്. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

കേന്ദ്രമന്ത്രിസഭയിലെ മലയാളി മുഖമായ വി മുരളീധരന്റെ വിശ്വാസ്യതയ്ക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഹിന്ദി പ്രചാരസഭയുടെ അധ്യക്ഷ പദവി. ബിജെപിയുടെ ദേശീയ നേതാക്കൾ കേരളത്തിൽ എത്തുമ്പോൾ പ്രസംഗങ്ങൾ ട്രാൻസലേറ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്നത്. അമിത് ഷായുടെയും മോദിയുടെയും പ്രിയങ്കനായ അനുയായി എന്ന നിലയിലാണ് മുരളീധരന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചത്. കേന്ദ്രവിദേശകാര്യ മന്ത്രിസ്ഥാനം നൽകിയതും അദ്ദേഹത്തിന്റെ അർഹതക്കുള്ള അംഗീകാരമായി. ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള മുരളീധരൻ കേരളത്തിലെ ബിജെപി അധ്യക്ഷ പദവിയിൽ നിന്നുമാണ് എംപിയും കേന്ദ്രമന്ത്രിയുമായി മാറിയത്.

ലോക്‌സഭാ തെറഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നില്ലെങ്കിലും വോട്ടുവിഹിതത്തിൽ വലിയ വർദ്ധനയാണ് ഉണ്ടായത്. ഇതിന് പി്ന്നാലെയാണ് കേരളത്തിൽ നിന്ന് ബിജെപി നേതത്വവുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന നേതാവായ മുരളീധരനെ കേന്ദ്രമന്ത്രിയാക്കിയത്. ചെറുപ്പം മുതൽ തന്നെ ബിജെപിയുടെ സജീവ പ്രവർത്തകനായിട്ടാണ് മുരളീധരൻ കടന്നു വരുന്നത്. 25ാം വയസ്സിൽ സർക്കാർ ജോലി ഉപേക്ഷിച്ചാണ് വി മുരളീധരൻ മുഴുവൻ സമയ പ്രചാരകനായി മാറുന്നത്. വി മുരളീധരൻ എന്ന രാഷ്ട്രീയ നേതാവ് പൊതുമേഖലയിലേക്ക് കടന്ന് വരുന്നത് ഒട്ടും അനുകൂല സാഹചര്യങ്ങളിൽ നിന്നായിരുന്നില്ല. സിപിഎമ്മിന്റെ ഈറ്റില്ലമായ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ആണ് മുരളീധരൻ ജനിച്ചത്.

വണ്ണത്താൻ വീട്ടിൽ ഗോപാലന്റെയും വെള്ളാം വെള്ളി ദേവകിയുടേയും മകനായി 1958 ഡിസംബർ 12 ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് എരഞ്ഞോളി എന്ന ഗ്രാമത്തിൽ ജനിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടി. സ്‌ക്കൂൾ കാലഘട്ടത്തിൽ തന്നെ എബിവിപി യുടെ സജീവ പ്രവർത്തകനായിരുന്നു. 1978 ൽ എബിവിപിയുടെ തലശ്ശേരി താലൂക്ക് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1980ൽ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.

അച്ഛന്റെ മരണത്തിനെ തുടർന്ന് കുടുംബഭാരം ഏറ്റെടുത്ത മുരളീധരൻ ജില്ലാ വ്യവസായ കേന്ദ്രത്തിൽ എൽഡി ക്ലർക്കായി സേവനമനുഷ്ഠിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിലായിരുന്നു വി മുരളീധരന്റെ വീട്. ആർഎസ്എസ്സിനോടും എബിവിപിയോടും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണി നേരിട്ടിരുന്നു. വർഷങ്ങളോളം അദ്ദേഹത്തിന് സി.പിഎം കോട്ടയിലുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.

കോഴിക്കോട് ആർഎസ്എസ് കാര്യാലയത്തിലേക്ക് താമസം മാറുകയും മുഴുവൻ സമയ പ്രവർത്തകനാവുകയും ചെയ്തു. 1983ൽ തന്റെ 25ാം വയസിൽ സർക്കാർ ജോലി രാജിവെച്ച് വി മുരളീധരൻ എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. 1987 മുതൽ 1990 വരെ സംസ്ഥാന സംഘടനാ സെക്രട്ടറി ചുമതലയോടൊപ്പം എബിവിപി അഖിലേന്ത്യാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.1983 മുതൽ 1994 വരെ 11 വർഷക്കാലത്തെ സംസ്ഥാന സംഘടനാ സെക്രട്ടറി എന്ന നിലയിലുള്ള പ്രവർത്തനത്തിൽ എബിവിപിയുടെ ദക്ഷിണ മേഖലയെ വൻവിജയമാക്കിയ സംഘടനാ സെക്രട്ടറിമാരായ ഗോവിന്ദാചാര്യ, ദത്താത്രയ ഹൊസബല്ല എന്നിവരുമായി അടുത്ത ബന്ധം പുലർത്താനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി.

1998ൽ വി മുരളീധരൻ ഡോ. കെഎസ് ജയശ്രീയെ വിവാഹം ചെയ്തു. അവർ ചേളന്നൂർ എസ്എൻ കോളേജിലെ സംസ്‌കൃതം അദ്ധ്യാപികയാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് മുരളീധരൻ താമസമാക്കിയത്. 1998ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെയാണ് മുരളീധരൻ ഔദ്യോഗികമായി ബിജെപി നേതൃത്വനിരയിലേക്ക് വരുന്നത്. ന്യൂഡൽഹിയിലുള്ള ബിജെപി കേന്ദ്ര ഇലക്ഷൻകൺട്രോൾറൂമിൽ വെങ്കയ്യനായിഡുവിനെ സഹായിക്കാൻ അദ്ദേഹം നിയോഗിക്കപ്പെട്ടു. 1999ൽ എബി വാജ്പേയ് സർക്കാർ അധികാരത്തിലേറിയ ശേഷം വി മുരളീധരൻ ഇന്ത്യൻ സർക്കാരിന്റെ യുവജനകാര്യ കായിക വിഭാഗത്തിന് കീഴിൽ വരുന്ന നെഹ്റു യുവ കേന്ദ്രയുടെ ചെയർമാനായി നിയോഗിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP