Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുമ്പ് ഉപദ്രവം തുടങ്ങി; മൂക്കിന്നിടിച്ച് ചോര വരുത്തിയതും പതിവ്; മറ്റൊരു യുവതിയുമായി അവിഹിതവും തുടങ്ങി; സ്വത്തുക്കൾ ഉമ്മയുടെ പേരിലാക്കിയ ശേഷം വീട്ടിൽ കയറി വന്നത് പുതുവധുവിനെയും കൂട്ടി; മൂത്ത മകന്റെ മുന്നിൽ വെച്ച് ഒറ്റശ്വാസത്തിൽ തലാഖ്-തലാഖ്-തലാഖ് എന്ന് ചൊല്ലി ഭാര്യയല്ലാതാക്കി; ചോദ്യം ചെയ്ത മകനെ കത്തിയെടുത്ത് കുത്തി; മുത്തലാഖ് ചൊല്ലിയ ഭർത്താവ് പരീതിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന അവശ്യവുമായി അടിമാലി കോടതിയിൽ മുസ്ലിം വനിതയുടെ ഹർജി

വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുമ്പ് ഉപദ്രവം തുടങ്ങി; മൂക്കിന്നിടിച്ച് ചോര വരുത്തിയതും പതിവ്; മറ്റൊരു യുവതിയുമായി അവിഹിതവും തുടങ്ങി; സ്വത്തുക്കൾ  ഉമ്മയുടെ പേരിലാക്കിയ ശേഷം വീട്ടിൽ കയറി വന്നത് പുതുവധുവിനെയും കൂട്ടി; മൂത്ത മകന്റെ മുന്നിൽ വെച്ച് ഒറ്റശ്വാസത്തിൽ തലാഖ്-തലാഖ്-തലാഖ് എന്ന് ചൊല്ലി ഭാര്യയല്ലാതാക്കി; ചോദ്യം ചെയ്ത മകനെ കത്തിയെടുത്ത് കുത്തി; മുത്തലാഖ് ചൊല്ലിയ ഭർത്താവ് പരീതിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന അവശ്യവുമായി അടിമാലി കോടതിയിൽ മുസ്ലിം വനിതയുടെ ഹർജി

എം മനോജ് കുമാർ

തിരുവനന്തപുരം: ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയ ഭർത്താവിനെതിരെ അടിമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ മുസ്ലിം വീട്ടമ്മയുടെ പരാതി. ഇടുക്കി കൊന്നത്തടി വില്ലേജിലെ കുഞ്ഞുമോൻ എന്ന പരീതിനെതിരെയാണ് ഭാര്യയായ ഖദീജ പരാതി നൽകിയത്. മറ്റൊരു സ്ത്രീയെ ഭാര്യയാക്കണമെന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് തന്നെ തലാഖ് ചെയ്ത കുഞ്ഞുമോനെതിരെ ക്രിമിനൽ നടപടികൾ സ്വീകരണം എന്നാവശ്യപ്പെട്ടാണ് ഖദീജയുടെ പരാതി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാക്കിയുള്ള സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് വന്ന ബിൽ നിയമം ആയതോടെ ബില്ലിന്റെ അനുരണനങ്ങൾ മുസ്ലിം സ്ത്രീകൾക്കിടയിൽ ശക്തമാകുകയാണ്. മുത്തലാഖ് ക്രിമിനൽ കുറ്റമായതോടെ മുസ്ലിം സ്ത്രീകൾ നീതി തേടി കോടതിയിലെത്തുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. ഈ റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് ഖദീജയുടെ പരാതിയും.

കണ്ണീരിന്റെ നനവുള്ള പരാതിയാണ് ഖദീജ അടിമാലി കോടതിയിൽ നൽകിയിരിക്കുന്നത്. മൂന്നു പതിറ്റാണ്ട് നീണ്ട തങ്ങളുടെ വിവാഹ ജീവിതം മൂന്നു തലാഖ് ചൊല്ലി സ്വന്തം വീട്ടിൽ നിന്ന് ഭർത്താവ് നിമിഷങ്ങൾക്കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. മറ്റൊരു സ്ത്രീയെ ഭാര്യയാക്കാൻ വേണ്ടിയാണ് ഭർത്താവ് തന്നെ ഭാര്യയല്ലാതാക്കിയത്. തലാഖ് ചൊല്ലിയപ്പോൾ തന്നെ മറ്റൊരു സ്ത്രീയെ ഭർത്താവ് ഭാര്യയാക്കുകയുംചെയ്തു. തങ്ങളുടെ വിവാഹ ജീവിതത്തിൽ രണ്ടു കുട്ടികളുണ്ട്. 27 വയസ് പ്രായമുള്ള ഒരാൺകുട്ടിയും 25 വയസുള്ള പെൺകുട്ടിയും. ഇവരുടെ മുന്നിൽ നിന്നാണ് ഭർത്താവ് തന്നെ ഒഴിവാക്കി മറ്റൊരു യുവതിയെ ഭാര്യയാക്കി വീട്ടിലേക്ക് കൊണ്ട് വന്നിട്ടുള്ളത്. തന്റെ സ്വന്തം വീട്ടിൽ നിന്നാണ് ഭർത്താവ് തന്നെ ഇറക്കിവിട്ടത്. സ്വന്തം വീട്ടിൽ നിന്നും ഇറക്കി വിടാൻ ഭർത്താവ് തന്നോടു നടത്തിയ വലിയ ചതിയും ഖദീജ പരാതിയിൽ വിവരിക്കുന്നു. സ്വന്തം പേരിലുള്ള സ്ഥലം ഭർത്താവ് സ്വന്തം ഉമ്മയുടെ പേരിൽ എഴുതിമാറ്റി. അതിനു ശേഷം എന്നെ ദേഹോപദ്രവമേൽപ്പിക്കാനും തുടങ്ങി.

തന്റെ പേരിലുള്ള വസ്തു വിറ്റുകിട്ടിയ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. പിന്നീട് ഭർത്താവ് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടു. അതോടെ എന്നെ ഒഴിവാക്കാൻ അവസരം നോക്കി നടക്കുകയുമായിരുന്നു. അതിനാൽ കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് എനിക്ക് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് ഈ കാര്യം ചൂണ്ടിക്കാട്ടി വെള്ളത്തൂവൽ പൊലീസിൽ ഞാൻ പരാതി നൽകിയിരുന്നു. അപ്പോൾ ഭർത്താവിനു പൊലീസ് കൗൺസിലിങ് നൽകി. എന്നാൽ ഭർത്താവ് ആ സമയത്ത് എന്റെ സ്ഥലം വിറ്റ് വാങ്ങിയ വീടും സ്ഥലവും വീടും ഉമ്മയുടെ പേരിൽ എഴുതി നൽകി. അതിനെ തുടർന്ന് എന്നെ എന്റെ വീട്ടിൽ നിന്നും ഇറക്കി വിടരുതെന്നും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടു ഞാൻ കേസ് ഫയൽ ചെയ്തിരുന്നു.

കുപിതനായ ഭർത്താവ് ഉമ്മയെയും ഭാവിവധു റെയ്ഹാനെയും കൂട്ടി വീട്ടിൽ വന്നു എന്റെ മൂത്ത മകന്റെ മുന്നിൽ വെച്ച് തലാഖ്-തലാഖ്-തലാഖ് ഒറ്റശ്വാസത്തിൽ മൂന്നു പ്രാവശ്യം ചൊല്ലി മുത്തലാഖ് ചെയ്ത് എന്നെ ഭാര്യയല്ലാതാക്കി. ഇത് ചോദ്യം ചെയ്തപ്പോൾ കത്തി എടുത്ത് മകനെ കുത്തി. എന്നെ കഠിനമായി ദേഹോപദ്രവം ചെയ്തു. ഇതിനു പൊലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നെ മുത്തലാഖ് ചൊല്ലിയതിനു ശേഷം ഭർത്താവ് റെയ്ഹാനെ വിവാഹം ചെയ്തു. മുസ്ലിം വിവാഹനിയമപ്രകാരം ഇത് കുറ്റകരമാണ്. അതിനാൽ പ്രതിക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണം-ഖദീജ അടിമാലി കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

ഖദീജയുടെ പരാതിയെക്കുറിച്ച് മകൻ ഖമറുദ്ദീന്റെ പ്രതികരണം: ഉമ്മയുടെ വീട് ചെല്ലിയാംപാറയാണ്. ബാപ്പച്ചിയുടെ വീട് കൊന്നത്തടിയും. രണ്ടു സ്ഥലവും ഇടുക്കിയിൽ തന്നെ. വീട്ടിൽ ഇപ്പോഴും ഉമ്മായ്ക്ക് നേരെ ഉപദ്രവമാണ്. അത് പത്തിരുപത് വർഷമായി തുടരുന്ന ഉപദ്രവവുമാണ്. കഴിഞ്ഞ ഏപ്രിൽ നാലിന് സംഭവങ്ങൾ വഷളായപ്പോൾ ഞാൻ വീട്ടിൽ നിന്നും ഉമ്മയെ വിളിച്ചു കൊണ്ട് പോരുകയായിരുന്നു. ഉമ്മച്ചി പറഞ്ഞത് പ്രകാരം വിവാഹം കഴിഞ്ഞു മൂന്നു നാലു മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഉപദ്രവം തുടങ്ങി എന്നാണ്. ആദ്യം സംശയമുണ്ടായിരുന്നു. നിസ്സാര കാര്യങ്ങളുടെ പേരിൽ ഉപദ്രവമായിരുന്നു. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താൻ വരെ ശ്രമം നടന്നു.

മർദ്ദിക്കുക, മൂക്കിന്നിടിച്ച് ചോര വരുത്തുക. ഇങ്ങിനെ ഉപദ്രവങ്ങൾ വന്നുകൊണ്ടിരുന്നു. പെങ്ങളുടെ കല്യാണം വരെ ഉമ്മച്ചി പിടിച്ചു നിന്നു. അത് കഴിഞ്ഞു പ്രശ്‌നം വന്നപ്പോൾ ഞാനും ഇടപെട്ടു. പിന്നെ എന്നോടു ദേഷ്യമായി. എന്ന വീട്ടിൽ നിന്നും ഇറക്കിവിട്ടു. പിന്നെ ഞാൻ മാമയുടെ വീട്ടിലായി താമസം. ഏപ്രിൽ നാലിന് ക്രൂരമായ ഉപദ്രവമാണ് ഉമ്മയ്ക്ക് നേരിട്ടത്. അത് കഴിഞ്ഞ് ഞാൻ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ ഞാൻ പരാതി നൽകി. അങ്ങിനെയാണ് ബാപ്പച്ചിയെ കൗൺസിലിംഗിന് വിടുന്നത്. അതോടെയാണ് സ്ഥലം വല്യുമ്മയുടെ പേരിൽ എഴുതി വെയ്ക്കുന്നത്.ഉമ്മയുടെ പേരിലുള്ള സ്ഥലം വിറ്റിട്ടാണ് ഈ വീടും സ്ഥലവും വാങ്ങിക്കുന്നത്. എന്നാൽ ഈ സ്ഥലം വാങ്ങിച്ചത് ബാപ്പച്ചിയുടെ പേരിലാണ്. അത് ഉമ്മ അറിഞ്ഞില്ല.

വെള്ളത്തൂവൽ സിഐ ചോദിക്കുമ്പോഴാണ് ഞങ്ങൾ കാര്യം അറിയുന്നത്. ഇതറിഞ്ഞതോടെ സ്ഥലം വല്യുമ്മയുടെ പേരിൽ ബാപ്പച്ചി എഴുതിവെച്ചു. അതിനു ശേഷം ബാപ്പച്ചി വേറെ വിവാഹം കഴിച്ചു. പാലക്കാട് വച്ചായിരുന്നു വിവാഹം. ഈ എട്ടാം മാസമാണ് വിവാഹം കഴിയുന്നത്. അപ്പോഴേക്കും അടിമാലി കോടതിയിൽ ഞങ്ങൾ കേസ് നൽകിയിരുന്നു. ഈ വീട്ടിൽ താമസിക്കാൻ അനുവാദം തേടി. കോടതി അനുവദിക്കുകയും ചെയ്തു. പിന്നീട് ബാപ്പച്ചി വീട്ടിൽ വന്നു. ഉമ്മയും വധുവും അടക്കമാണ് വന്നത്. ഞാൻ കൂടി വന്നതോടെ പ്രശ്‌നമായി. ഇതാര് എന്ന് ചോദിച്ചപ്പോൾ ബാപ്പച്ചി പറഞ്ഞത് എന്റെ പുതിയ ഭാര്യയാണെന്ന്. നിനക്ക് ഈ വീട്ടിൽ എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ പ്രശ്‌നം വഷളായി. മുൻപത്തെ ബന്ധം ഒഴിഞ്ഞു എന്നാണ് വധു റെയ്ഹാൻ പറഞ്ഞത്. ഇതോടെ തർക്കം രൂക്ഷമായി. ബാപ്പച്ചി ഉമ്മയെ മുത്തലാഖ് ചൊല്ലി. ഇത് ചോദ്യം ചെയ്തതോടെ ബാപ്പച്ചി കത്തിയെടുത്ത് ഉമ്മച്ചിയുടെ നേരെ വന്നു. ഞാൻ വന്നു തടഞ്ഞു. എന്റെ കൈക്കും കാലിനും ബാപ്പച്ചി വെട്ടി.

ഞാൻ പൊലീസിൽ വിളിച്ച പ്രകാരം അപ്പോഴേക്കും പൊലീസ് വന്നു. ഞങ്ങളെ ഓട്ടോയിൽ കയറ്റി അടിമാലി ആശുപത്രിയിൽ എത്തിച്ചു. കാലിനും കൈക്കുമൊക്കെ സ്റ്റിച്ച് ഇടേണ്ടി വന്നു. കൈക്ക് നാല് സ്റ്റിച്ചും കാലിനു അഞ്ച് സ്റ്റിച്ചും ഇട്ടു. പക്ഷെ പൊലീസ് മൊഴി രേഖപ്പെടുത്തിയപ്പോൾ ഞാൻ നൽകിയ മൊഴിയല്ല, കോടതിയിൽ നൽകിയത്. ഇതിൽ കൃത്രിമം വന്നിട്ടുണ്ട്. രണ്ടാം ഭാര്യ വന്നപ്പോൾ ഉള്ള പ്രശ്‌നം എന്നത് മാറ്റി ഞങ്ങൾ വീട്ടിൽ കയറി വന്നപ്പോഴുള്ള പ്രശ്‌നം എന്നാക്കി. അവർ കാര്യങ്ങൾ ബാപ്പച്ചിക്ക് അനുകൂലമായി മൊഴി മാറ്റി. വെട്ടിയതിന് പകരം പിടിവലിക്കിടയിൽ പരുക്കേറ്റു എന്നാക്കി. എന്റ്‌റെ ഒപ്പിനു പകരം വേറെ ഒപ്പാണ് ഇട്ടത്. ഞാൻ പേര് എഴുതി ഒപ്പിടുകയാണ് ചെയ്യാറ്. ഇവിടെ പകരം ഏതോ ഒരു ഒപ്പ് മാത്രം. പരാതിപ്പെട്ടപ്പോൾ വീണ്ടും മൊഴി എടുത്തു. പക്ഷെ കോടതിയിൽ ഫയൽ ചെയ്തത് ആദ്യ മൊഴി തന്നെ. ഇപ്പോൾ ബാപ്പച്ചി ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ബാപ്പച്ചി വീട്ടിൽ തന്നെയുണ്ട്. എന്തായാലും ഞങ്ങൾക്ക് നീതി വേണം. അതിനാണ് മുത്തലാക്ക് ചെയ്തതുമായി ബന്ധപ്പെട്ടു ഉമ്മച്ചി ബാപ്പച്ചിക്കെതിരെ കോടതിയിൽ പരാതി നല്കിയിരിക്കുന്നത്. ബാപ്പച്ചി അറസ്റ്റിൽ ആകണം. എന്നാലേ നീതി ലഭിക്കൂ-കമറുദ്ദീൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP