Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കാൻ പൊലീസ് പിടിച്ചെടുത്തത് ഒ.അബ്ദുറഹിമാൻ എഴുതിയ പുസ്തകവും രാഹുൽ പണ്ഡിതയുടെ 'ഹലോ ബസ്തർ' എന്ന പുസ്തകവും; തന്റെ പുസ്തകം മാവോയിസ്റ്റ് വിരുദ്ധമാണെന്ന് ഒ അബ്ദുറഹിമാൻ; 'ഹലോ ബസ്തർ' മലയാളത്തിലേക്ക് വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചത് കറന്റ് ബുക്സ്; ജേർണലിസം വിദ്യാർത്ഥിയായ താഹ രണ്ട് മാധ്യമപ്രവർത്തകരുടെ പുസ്തകം കൈയിൽ വെച്ചതിൽ തെറ്റെന്തെന്ന് ചോദ്യം; പിണറായി പൊലീസിനെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയയും

മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കാൻ പൊലീസ് പിടിച്ചെടുത്തത് ഒ.അബ്ദുറഹിമാൻ എഴുതിയ പുസ്തകവും രാഹുൽ പണ്ഡിതയുടെ 'ഹലോ ബസ്തർ' എന്ന പുസ്തകവും; തന്റെ പുസ്തകം മാവോയിസ്റ്റ് വിരുദ്ധമാണെന്ന് ഒ അബ്ദുറഹിമാൻ; 'ഹലോ ബസ്തർ' മലയാളത്തിലേക്ക് വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചത് കറന്റ് ബുക്സ്; ജേർണലിസം വിദ്യാർത്ഥിയായ താഹ രണ്ട് മാധ്യമപ്രവർത്തകരുടെ പുസ്തകം കൈയിൽ വെച്ചതിൽ തെറ്റെന്തെന്ന് ചോദ്യം; പിണറായി പൊലീസിനെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത താഹ ഫൈസലിന്റെ വീട്ടിൽ നിന്നും പൊലീസ് ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ ഇന്ന് പുറത്തു വന്നിരുന്നു. വീട്ടിൽ വെച്ച് താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. അതേസമയം പൊലീസ് പ്രതികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കാൻ വേണ്ടി പുറത്തുവിട്ട വീഡിയോയിൽ ചൂണ്ടിക്കാട്ടിയ പുസ്തകങ്ങൾ പൊലീസിന് എതിരായ വിമർശനം കൂടുതൽ കടുപ്പിക്കുന്നതായി. കാരണം പൊലീസ് ചൂണ്ടിക്കാട്ടിയ വീഡിയോയിൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ നിരോധിക്കപ്പെട്ടവ ആയിരുന്നില്ല.

മാവോയിസ്റ്റ് വിമർശന പുസ്തകമായിരുന്നു പൊലീസ് തെളിവായി എടുത്തത്. മാർക്സിസം, സാമ്രാജ്യത്വം, തീവ്രവാദം-സംശയങ്ങൾക്ക് മറുപടി എന്ന പേരുള്ള പുസ്തകമാണ് പൊലീസ് തെളിവായെടുത്തത്. എന്നാൽ ഈ പുസ്തകത്തിലെ പല ലേഖനങ്ങളും മാവോസിസ്റ്റ് വിമർശനമുൾകൊള്ളുന്നവയും തീവ്രവാദത്തിന് വിരുദ്ധമായി എഴുതിയവയുമാണെന്ന് മാധ്യമപ്രവർത്തകൻ ഒ.അബ്ദുറഹ്മാൻ വ്യക്തമാക്കി. ആ പുസ്തകത്തിൽ ഒരു ലേഖനം തന്റേതാണെന്നും ഈയൊരു പുസ്തകം പൊലീസ് തെളിവായെടുത്തത് പരിഹാസ്യമാണെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

റെയ്ഡിൽ കണ്ടെത്തുന്ന പുസ്തകങ്ങൾ വായിച്ചുനോക്കാതെ തലക്കെട്ടും പുറംചട്ടയും നോക്കിയാണ് പൊലീസ് തെളിവായെടുക്കുന്നതെന്നും ഒ.അബ്ദുറഹിമാൻ പ്രതികരിക്കുന്നു. നേരത്തേ യു.എ.പി.എയിൽ അനീതിപരമായ നിയമങ്ങൾ ഉണ്ടെന്നും അത് ഭേദഗതി ചെയ്യുകയെങ്കിലും വേണമെന്ന് ആവശ്യമുയർത്തിയവരിൽ ഒരാളായിരുന്നു താനെന്നും ഒ.അബ്ദു റഹിമാൻ കൂട്ടിച്ചേർചേർത്തു. ഈ പുസ്തകം മാത്രമായിരുന്നില്ല വിവാദമായിരുന്നത്. ഓപൺ മാഗസിനിലെ മാധ്യമപ്രവർത്തകൻ രാഹുൽ പണ്ഡിത രചിച്ച ഹലോ ബസ്തർ എന്ന പുസ്തകവും പൊലീസ് കണ്ടെടുത്തിരുന്നു.

താഹ ഒരു ജേണലിസം വിദ്യാർത്ഥി ആണെന്നിരിക്കവേ മാവോയിസ്റ്റ് ബന്ധത്തിന് പുസത്കം എങ്ങനെ തെളിവായെടുക്കും എന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പത്രപ്രവർത്തകനും എഴുത്തുകാരനും, മാതൃഭൂമിയുടെ ബാല പ്രസിദ്ധീകരണമായ ബാലഭൂമിയുടെ അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന കെ എസ് രാമനാണ്. മലയാളത്തിലെ പ്രശസ്ത പ്രസാധകരായ കറന്റ് ബുക്‌സാണ് ഹലോ ബസ്തർ പ്രസിദ്ധീകരിച്ചതും. കേരളത്തിൽ വ്യാപകമായി വിറ്റുപോയ ഈ പുസ്തകം കൈവശം വെക്കുന്നത് എങ്ങനെ തെറ്റാകും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ജേർണ്ണലിസം വിദ്യാർത്ഥിയായ താഹ, ഇന്ത്യയിലെ പ്രശസ്തനായ മാധ്യമ പ്രവർത്തകരായ രണ്ട് പേർ എഴുതിയ പുസ്തകങ്ങൾ കൈവശം വെക്കുന്നിതൽ എന്താണ് തെറ്റെന്നും ചോദ്യം ഉയരുന്നു. പൊലീസിന്റെ മണ്ടത്തരം എന്ന നിലയിലാണ് സോഷ്യൽ മീഡിയ ഈ പുസ്തകങ്ങളുടെ കാര്യത്തിൽ പ്രതികരിക്കുന്നത്. ഇതോക്കുറിച്ച് പൊലീസിനെ വിമർശിച്ച് മാധ്യമപ്രവർത്തകൻ ഹർഷൻ പൂപ്പാറക്കാരൻ കുറിച്ചത് ഇങ്ങനെയാണ്:

'കണ്ടോ .. ഇപ്പ എന്തായി ..?!
എന്ത്മാതിരി പുസ്തകങ്ങളൊക്കെയാ മോൻ വായിക്കുന്നതെന്ന് കണ്ടോ..?!'

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ജേർണലിസം വിദ്യാർത്ഥി താഹയുടെ അച്ഛനമ്മമാരോട് നിങ്ങളുടെ മക്കൾ വഴിപിഴച്ചവരാണെന്ന് സ്ഥാപിക്കാൻ പൊലീസ് ആവർത്തിച്ച് പറഞ്ഞ വാക്കുകളാണിത്.അറസ്റ്റിനെ ന്യായീകരിക്കാൻ പൊലീസ് തന്നെ പുറത്തുവിട്ട ദൃശ്യങ്ങളിലാണ് ഇത് കേട്ടത്. മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ എഡിറ്റ് ചെയ്ത 'മാർക്‌സിസം,സാമ്രാജ്യത്വം,തീവ്രവാദം -സംശയങ്ങൾക്കുള്ള മറുപടി'എന്ന പുസ്തകവും ഓപ്പൺ മാഗസിനിലെ മാധ്യമപ്രവർത്തകനായ രാഹുൽ പണ്ഡിതിന്റെ 'ഹലോ ബസ്തറുമാണ്' പൊലീസ് കണ്ടെത്തിയ 'ഭീകര പുസ്തകങ്ങൾ'.

പൊലീസ് മണ്ടൻപൊലീസാകുന്നത് ഇങ്ങനെയൊക്കെയാണ്.പൊലീസ് ഭീകരത എന്ന് പ്രയോഗിക്കേണ്ടിവരുന്നതും ഇത് കാണുമ്പോഴാണ്. ഒരു ജേർണലിസം വിദ്യാർത്ഥിയാണ് താഹ. തൽക്കാലം വേറൊന്നും പറയാനില്ല.

നേരത്തെ പൊലീസ് പിടിച്ചെടുത്ത 'നിരോധിത പുസ്തകങ്ങളുടെ' കൂട്ടത്തിൽ സിപിഎം ഭരണഘടനയും ഉൾപ്പെട്ടിരുന്നു. മാവോ ബന്ധം ആരോപിച്ച് നടത്തിയ റെയ്ഡിനിടെ പൊലീസ് പിടിച്ചെടുത്തത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഭരണഘടന. യു.എ.പി.എ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിന് ശേഷം പൊലീസ് പിടിച്ചെടുത്തതെന്ന് പറഞ്ഞ് നിരത്തിയ നിരോധിത പുസ്തകങ്ങൾക്കിടയിലാണ് സിപിഎം ഭരണഘടനയും സ്ഥാനം പിടിച്ചത്. നിരോധിത പുസ്തകങ്ങളുടെ കൂട്ടത്തിൽ സിപിഎം ഭരണഘടന കണ്ട് ഞെട്ടിയ പ്രാദേശിക നേതാക്കൾ വിവരം പൊലീസിനെ അറിയിച്ചു. തൊട്ടുപിന്നാലെ ഭരണഘടന കൂട്ടത്തിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. റെയ്ഡ് എന്ന പേരിൽ പിടിച്ചെടുത്തത് വിദ്യാർത്ഥികളുടെ പുസ്തകങ്ങളായിരുന്നുവെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പുസ്തകങ്ങൾ, നോട്ടീസുകൾ, ലഘുലേഖകൾ, ചുവന്ന പതാക എന്നിവയെല്ലാം കൈവശം വെച്ചതിനാണ് പൊലീസ് രണ്ട് സിപിഎം പ്രവർത്തകരായ വിദ്യാർത്ഥികളെ അറസ്റ്റു ചെയ്തത്. ജിയോഗ്രഫിയിൽ ബിരുദമെടുത്തശേഷം ഇപ്പോൾ ജേണലിസം പഠിക്കുകയാണ് താഹ ഫൈസൽ. പിതാവ് മാനസീക രോഗത്തിന് ചികിത്സയിലാണ്. അമ്മ കൂലിപ്പണിയെടുക്കുന്നു. ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന സഹോദരൻ. താഹ ജോലി ചെയതാണ് ഈ കുടുംബത്തെ പോറ്റുന്നത്. താഹയും സഹോദരൻ ഇജാസും ഉമ്മ ജമീലയും പിതാവും തികഞ്ഞ സിപിഐ.എം പ്രവർത്തകർ. അടിമുടി തൊഴിലാളി കുടുംബമാണ് ഇവരുടേത്.

20 വയസ്സുകാരൻ അച്ഛൻ ശുഹൈബ് പാർട്ടി പ്രവർത്തകനാണ്. സർക്കാർ ജീവനക്കാരിയായ അമ്മ സബിത. പ്രാദേശികമായി പാർട്ടി കെട്ടിപ്പെടുത്ത സഖാവ് സാവിത്രിയുടെ കൊച്ചുമകൻ. അലൻ പതിലഞ്ചാംവയസിൽ നേടിയതാണ് പാർട്ടി അംഗത്വം. നിയമ വിദ്യാർത്ഥിയാണ് അലൻ ഇപ്പോൾ. അഞ്ച് വർഷമായി മാവേയിസ്റ്റ് ബന്ധം ഇവരിൽ സംശയിക്കുന്നുണ്ട് എന്ന പൊലീസ് വാദത്തെ ഇരുവരുടെയും മാതാപിതാക്കൾ അമ്പേ തള്ളിക്കളയുകയാണ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP