Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭിണിയായെന്ന് അറിയിക്കാതിരുന്ന സമയത്ത് എന്താണ് വയർ ഇങ്ങനെ വീർത്തുവരുന്നതെന്ന് വീട്ടുകാർക്ക് സംശയം; ചെറിയ നുണകൾക്കൊപ്പം വയർ അറിയാത്ത വസ്ത്രങ്ങൾ ധരിച്ച് രക്ഷ നേടി; യുവാവുമായി പരിചയത്തിലാകുന്നത് കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ കെഎഫ്‌സിയിൽ ജോലി ചെയ്യവേ; പള്ളിമുറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത് ബെംഗളൂരുവിൽ നിന്ന് ബുള്ളറ്റിൽ വന്ന്; യുവതി അറസ്റ്റിലായെങ്കിലും ഗൾഫിലേക്ക് മുങ്ങിയ യുവാവിനെ തേടി പൊലീസ്

ഗർഭിണിയായെന്ന് അറിയിക്കാതിരുന്ന സമയത്ത് എന്താണ് വയർ ഇങ്ങനെ വീർത്തുവരുന്നതെന്ന് വീട്ടുകാർക്ക് സംശയം; ചെറിയ നുണകൾക്കൊപ്പം വയർ അറിയാത്ത വസ്ത്രങ്ങൾ ധരിച്ച് രക്ഷ നേടി; യുവാവുമായി പരിചയത്തിലാകുന്നത് കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ കെഎഫ്‌സിയിൽ ജോലി ചെയ്യവേ; പള്ളിമുറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത് ബെംഗളൂരുവിൽ നിന്ന് ബുള്ളറ്റിൽ വന്ന്; യുവതി അറസ്റ്റിലായെങ്കിലും ഗൾഫിലേക്ക് മുങ്ങിയ യുവാവിനെ തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജനിച്ച് നാല് മാസം പ്രായമായ കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തൃശ്ശൂർ സ്വദേശിനിയായ 21 വയസ്സുകാരിയെ ആണ് പന്നിയങ്കര പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രസവം നടത്തിയ ശേഷം കോഴിക്കോടെത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ 21 വയസ്സുള്ള മലപ്പുറം സ്വദേശിയായ സുഹൃത്താണ് നവജാത ശിശുവിന്റെ അച്ഛൻ.

കരിപ്പൂർ വിമാനത്താവളത്തിനടുത്ത കെ.എഫ്.സിയിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതിയും യുവാവും പരിചയത്തിലാവുന്നത്. പ്രസവം അടുത്ത സമയങ്ങളിൽ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. കോഴിക്കോട് എത്തിയ ഇവർ യുവാവിന്റെ ബുള്ളറ്റ് ബൈക്കിൽ വന്നാണ് തിരുവണ്ണൂർ മാനാരിയിലെ പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം യുവാവ് ഗൾഫിലേക്ക് കടക്കുകയും ചെയ്തു. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണെന്നും പന്നിയങ്കര സിഐ രമേശൻപറഞ്ഞു. ഗർഭിണിയായ സമയത്ത് പലതവണ യുവതിയുടെ വീട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും വസ്ത്ര ധാരണത്തിലൂടെയും മറ്റും വീട്ടുകാരെ അറിയിക്കാതെ യുവതി പെരുമാറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവർക്കെതിരെ ഐ.പി.സി 317, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയായിരുന്നു തിരുവണ്ണൂർ മാനാരിയിലെ പള്ളിക്കുമുന്നിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയുടെ പടിക്കെട്ടിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പള്ളിയുടെ പടികളിൽ ചെരിപ്പുകൾ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. ഉപേക്ഷിച്ച തീയതി കൃത്യമായി കുഞ്ഞിനൊപ്പമുള്ള കുറിപ്പിൽ ഉണ്ടായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ പൊതിഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പാണ് ഉണ്ടായിരുന്നത്. 'ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങൾ ഇതിനെ നോക്കണം. ഞങ്ങൾക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം'.

പള്ളിയുടെ പടികളിൽ ചെരിപ്പുകൾ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45ന് മദ്രസ കഴിഞ്ഞ് കുട്ടികൾ പിരിയുമ്പോൾ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30ന് പള്ളി പരസത്തുള്ള ഇസ്ലാഹിയ സ്‌കൂളിലേക്ക് പ്രൈമറി വിദ്യാർത്ഥികളുമായി ഓട്ടോ വന്നു. ഈ കുട്ടികളാണ് കുഞ്ഞിനെ ചൂണ്ടിക്കാണിച്ചത്.

വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവർത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടർന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ചു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊക്കിൾകൊടിയിൽ ടാഗ് കെട്ടിയതിനാൽ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്നും അധികൃതർ പറഞ്ഞു. എസ്‌ഐ സദാനന്ദൻ, സിഐ വി.രമേശൻ, എസ്‌ഐ സുഭാഷ് ചന്ദ്രൻ , എഎസ്ഐ മാരായ മനോജ്, സുനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടിനും ഒൻപതിനുമിടയിലാണ് പന്നിയങ്കരയ്ക്കടുത്ത മാനാരി തിരുവച്ചിറയ്ക്ക് സമീപത്തെ ഇസ്ലാഹിയ പള്ളിക്കു മുന്നിൽ പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഈ സമയങ്ങളിൽ ഇതുവഴി കടന്നുപോയ വാഹനങ്ങളെയും കാൽനട യാത്രക്കാരെയും പൊലീസ് പരിശോധിച്ചു. കടകളിലും വീടിന്റെ ഗേറ്റുകളിലും മറ്റും സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങൾ വഴിയാണ് പൊലിസ് അന്വേഷണം നടത്തിയത്. കൂടാതെ നഗരത്തിലെയും മറ്റും ആശുപത്രികളിൽ പ്രസവിച്ചവരുടെ വിവരങ്ങളും ശേഖരിച്ചെങ്കിലും ഫലമുണ്ടായില്ല.കുട്ടിയെ ഉപേക്ഷിച്ചവർ ആരാണെന്ന് കണ്ടെത്തിയതോടെ ഇനി ഡി.എൻ.എ പരിശോധന നടത്തും. തുടർന്ന് നിയമനടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP