Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അബുദാബിയിൽ ജോലിയുള്ള യുവ എൻജിനീയർ ദുബായിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചതുകൊലപാതകമോ? മരിച്ചയാളുടെ ഭാര്യയ്ക്ക് സുഹൃത്തിന്റെ സന്ദേശം 'ഐ ആം സോറി' എന്ന്; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

അബുദാബിയിൽ ജോലിയുള്ള യുവ എൻജിനീയർ ദുബായിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചതുകൊലപാതകമോ? മരിച്ചയാളുടെ ഭാര്യയ്ക്ക് സുഹൃത്തിന്റെ സന്ദേശം 'ഐ ആം സോറി' എന്ന്; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

പത്തനംതിട്ട: അബുദാബിയിൽ ജോലിയുള്ള യുവ ഐ.ടി എൻജിനീയർ ദുബായിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണുമരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ മുങ്ങി. ദിവസങ്ങൾക്കുശേഷം മരിച്ച യുവാവിന്റെ ഭാര്യയ്ക്ക് സുഹൃത്തുക്കളിലൊരാൾ സന്ദേശം അയച്ചു: ഐ ആം സോറി. ഇനിയും ചുരുളഴിയാത്ത ഈ മരണത്തിന്റെ (അതോ കൊലപാതകമോ?) വാദികളും പ്രതികളൈന്ന് സംശയിക്കുന്നവർ പത്തനംതിട്ട ജില്ലക്കാരാണ്.

അബുദാബിയിൽ യൂണിവേഴ്‌സൽ വോൾട്ടാസ് എൽ.എൽ.സി യിൽ ഐ.ടി. എൻജിനീയർ ആയിരുന്ന റാന്നി കൊല്ലമുള ഓലിക്കപ്ലാവിൽ അബ്ദുൾ സത്താറിന്റെയും ഐഷാമ്മയുടെയും മകൻ ഹാരിസ് സത്താറാണ് (29) ദുബായിൽ മരിച്ചത്. കഴിഞ്ഞ 20 ന് ദുബായ് കരാമയിലുള്ള കെട്ടിടത്തിന് മുകളിൽനിന്നു വീണ് ഹാരിസ് മരിച്ചുവെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. മൃതദേഹം ഇതുവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. നാട്ടിലേക്കു വരുന്ന സുഹൃത്ത് ഇലന്തൂർ സ്വദേശി മാത്യുവിന്റെ പക്കൽ സ്വന്തംവീട്ടിലേക്ക് വാങ്ങിയ ചില സാധനങ്ങൾ കൊടുത്തുവിടുന്നതിനാണ് ഹാരിസ് ദുബായിലേക്ക് പോയത്. മാർച്ച് 19 ന് ദുബായിൽ എത്തിയ ഹാരിസ് ഇന്ത്യൻ സമയം രാത്രി 11.30 ന് വീട്ടിലേക്ക് വിളിച്ച് താൻ അവിടെയെത്തിയെന്നും മാത്യുവിനൊപ്പം അന്നു കൂടുകയാണെന്നും പറഞ്ഞിരുന്നു. അതിൽ അസ്വാഭാവികതയൊന്നും ബന്ധുക്കൾ കണ്ടില്ല. കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി ഹാരിസിന്റെ ആത്മാർഥസുഹൃത്തായിരുന്നു മാത്യു.

പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഹാരിസിന് അപകടം പറ്റി ഐ.സി.യുവിലാണെന്ന് പിതാവ് അബ്ദുൾ സത്താറിന് വിവരം ലഭിച്ചതോടെയാണ് ദുരൂഹതയുടെ കരിമ്പടം വീഴുന്നത്. മാത്യുവിന്റെ ഫോണിലേക്ക് പിതാവ് വിളിച്ചു. അയാളുടെ ഫോൺ ഓഫ്. തുടർന്ന് ദുബായിലുള്ള ബന്ധുക്കളെ സത്താർ ബന്ധപ്പെട്ടു. ഹാരിസ് ആശുപത്രിയിലാണെന്ന കാര്യം അവരും ശരിവച്ചു. മാർച്ച് 20 ന് ഇന്ത്യൻ സമയം വൈകിട്ട് നാലിന് ഹാരിസ് മരിച്ചുവെന്ന വിവരം നാട്ടിലെത്തി.

മുക്കൂട്ടുതറ സ്വദേശിയായ അബുവിനെ വിളിച്ച് സത്താർ ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ ഹാരിസ് കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു മരിച്ചുവെന്നാണ് അറിഞ്ഞത്. നാലടി ഉയരത്തിൽ ഫെൻസിങ് ഉള്ള കെട്ടിടത്തിൽനിന്ന് അഞ്ചരയടി ഉയരമുള്ള ഹാരിസ് ഒരിക്കലും വീഴാൻ സാധ്യതയില്ലെന്ന് പിതാവ് പറയുന്നു. 19 ന് രാത്രിയിൽ ഹാരിസിനൊപ്പം മാത്യു ഉൾപ്പെടെ നാലു സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നും പിന്നീട് വ്യക്തമായി. ഹാരിസ് കെട്ടിടത്തിനു മുകളിൽനിന്നു വീണ കാര്യം ഇവർ അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. ഹാരിസിനെ ആശുപത്രിയിൽ എത്തിക്കാനോ വിവരം പൊലീസിൽ അറിയിക്കാനോ ഇവർ മുതിരാതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നു.

പിറ്റേന്നു രാവിലെ വഴിയാത്രക്കാരാണ് ഹാരിസ് വീണു കിടക്കുന്നതു കണ്ട് പൊലീസിൽ അറിയിച്ചതും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതും. പൊലീസ്, കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനെ ചോദ്യം ചെയ്തപ്പോൾ രാത്രിയിൽ ഹാരിസിനെ മാത്യുവിനൊപ്പം കണ്ടിരുന്നതായി മൊഴി നൽകി. പൊലീസ് മാത്യുവിനെയും സുഹൃത്തുക്കളെയും ആദ്യം ചോദ്യം ചെയ്തപ്പോൾ ഇക്കാര്യം അവർ നിഷേധിക്കുകയാണ് ഉണ്ടായത്. പൊലീസ് നിരന്തരം ചോദ്യം ചെയ്തപ്പോൾ ഹാരിസിനെ അറിയാം എന്ന് അവർ സമ്മതിച്ചു.

നാലു വർഷമായി ഹാരിസിന്റെ ഉറ്റ സുഹൃത്തായിരുന്ന മാത്യു, ഈ സംഭവത്തിനു ശേഷം തങ്ങളുമായി ബന്ധപ്പെടുകയോ തങ്ങൾ വിളിക്കുമ്പോൾ പ്രതികരിക്കുകയോ ചെയ്തിട്ടില്ലെന്ന് സത്താർ പറഞ്ഞു. അന്ന് ഹാരിസിനൊപ്പം മാത്യുവിന്റെ മുറിയിൽ ഉണ്ടായിരുന്ന സുജിത്ത് എന്ന സുഹൃത്ത് ഹാരിസിന്റെ ഭാര്യ നാസിയയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. 19 ന് രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ താൻ ഹാരിസുമായി വാക്കുതർക്കമുണ്ടായതായി സുജിത്ത് സമ്മതിച്ചു. തുടർന്ന് ഐ ആം സോറി എന്നൊരു മെസേജ് നാസിയയുടെ ഫോണിലേക്ക് അയയ്ക്കുകയും ചെയ്തു.

എന്തിനാണ് ഇങ്ങനെ അയച്ചത് എന്ന് ചോദിച്ചപ്പോൾ സുജിത്ത് ഒഴിഞ്ഞുമാറി. ഹാരിസിന്റെ മുഖം തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ഇയാൾ നാസിയയോട് പറഞ്ഞിരുന്നു. ഹാരിസിന്റെ മരണവിവരം നാട്ടിലെത്തുന്നതിന് മുൻപ് തന്നെ മാത്യു തന്റെ മകനെക്കുറിച്ച് അപവാദപ്രചരണം നടത്തിയെന്നും ഇതൊരു സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നും സത്താർ പറയുന്നു.

നേരത്തേ ഇവർ ജോലി ചെയ്തിരുന്ന നെറ്റ്‌സോൾ എന്ന കമ്പനി ഹാരിസിനു മേൽ ഭീമമായ സാമ്പത്തികനഷ്ടം ഉന്നയിക്കുകയും ഇക്കാരണത്താൽ വിസ മാറ്റിക്കൊടുക്കാതിരിക്കുകയും ചെയ്തു. തുടർന്ന് ആറു ലക്ഷം നഷ്ടപരിഹാരം കൊടുത്താണ് ഹാരിസ് അബുദാബിയിലുള്ള കമ്പനിയിലേക്ക് മാറിയത്. ഹാരിസ് മരിക്കുമ്പോൾ പഴ്‌സിൽ ശമ്പളം കിട്ടിയ പണം ഉണ്ടായിരുന്നു. ഇതെവിടെയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിദേശകാര്യ വകുപ്പിനേയും എംബസിയേയും സമീപിക്കാൻ തീരുമാനിച്ചതായി സത്താർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP