Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളക്കരയുടെ പഞ്ചരത്‌നങ്ങളിൽ നാലുപേർ മംഗല്യത്തിന് ഒരുങ്ങുന്നു; ഒരേ ദിവസം നടക്കുന്ന പെങ്ങന്മാരുടെ വിവാഹത്തിന് കാരണവരുടെ റോളിൽ ഏക ആൺതരി ഉത്രജൻ; വിവാഹം ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്; മക്കളുടെ ഒമ്പതാം വയസ്സിൽ ഭർത്താവിന്റെ വേർപാടിനു ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി ജീവിക്കുന്ന രമാദേവിക്കും ജീവിത സാഫല്യം; കണ്ണീരു തുടയ്ക്കാൻ കൂടെ നിന്നവരെ സ്നേഹത്തോടെ ഓർത്ത് പഞ്ചരത്നങ്ങളുടെ മാതാവ്

മലയാളക്കരയുടെ പഞ്ചരത്‌നങ്ങളിൽ നാലുപേർ മംഗല്യത്തിന് ഒരുങ്ങുന്നു; ഒരേ ദിവസം നടക്കുന്ന പെങ്ങന്മാരുടെ വിവാഹത്തിന് കാരണവരുടെ റോളിൽ ഏക ആൺതരി ഉത്രജൻ; വിവാഹം ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്; മക്കളുടെ ഒമ്പതാം വയസ്സിൽ ഭർത്താവിന്റെ വേർപാടിനു ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി ജീവിക്കുന്ന രമാദേവിക്കും ജീവിത സാഫല്യം; കണ്ണീരു തുടയ്ക്കാൻ കൂടെ നിന്നവരെ സ്നേഹത്തോടെ ഓർത്ത് പഞ്ചരത്നങ്ങളുടെ മാതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരമ്മയുടെ വയറ്റിൽ നിന്നും ഒറ്റപ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾ. കേരളക്കര ഏറെ ആശ്ചര്യത്തോടെയും ആകാംക്ഷയോടെയും ശ്രവിച്ച വാർത്തയായിരുന്നു ആ പഞ്ചരത്‌നങ്ങളുടെ ജനനം. അന്ന് മാധ്യമങ്ങളിൽ എല്ലാം മുൻപേജിൽ ഈ വാർത്ത വന്നു. പിന്നീട് ആ അഞ്ചു കുഞ്ഞുങ്ങളെ കുറിച്ചുള്ള വാർത്തകൾ പലപ്പോഴായി കേരളം കൂടുതൽ അറിഞ്ഞു. ഇവരുടെ ചോറൂണൂം പേരിടലും എല്ലാം കേരളീയർ അറിഞ്ഞു. അഞ്ച് കുഞ്ഞുങ്ങളും ഒരുമിച്ച് സ്‌കൂളിൽ ചേർന്നതുമെല്ലാം വാർത്തകളിൽ നിറഞ്ഞു. കേരളക്കരയുടെ സ്വന്തം പഞ്ചരത്‌നങ്ങളിൽ നാലുപേർ വിവാഹത്തിന് ഒരുങ്ങുകയാണ്. പോത്തൻകോട് നന്നാട്ടുകാവിൽ 'പഞ്ചരത്‌ന'ത്തിൽ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവർ ഒരേദിനത്തിൽ പുതുജീവിതത്തിലേക്കു കടക്കുന്നത്. കൂട്ടത്തിലെ ഏക ആൺതരിയായ ഉത്രജൻ പെങ്ങന്മാരുടെ താലികെട്ടിന് കാരണവരുടെ റോളിൽ ഉണ്ടാകും.

ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് വിവാഹം നടക്കുക. അഞ്ചു മക്കളെ ദൈവം തന്നെങ്കിലും മക്കളുടെ ഒമ്പതാം വയസിൽ പ്രേമകുമാർ ജീവിതത്തിൽ നിന്നും വിടവാങ്ങിയിരുന്നു. ഈ അപ്രതീക്ഷിത വേർപാടിനുശേഷം പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്കു തണലായി രമാദേവി ജീവിച്ചു. മക്കൾക്ക് വേണ്ടി ഒഴിഞ്ഞു വെച്ച ജീവിതമായിരുന്നു രമാദേവി എന്ന മാതാവിന്. ഇന്നിപ്പോൾ ആ അമ്മപക്ഷിയുടെ ചിറകിൽ നിന്നും സ്വതന്ത്രമായി ജീവിക്കാനുള്ള കെൽപ്പുമ്ട് ഈ മക്കൾക്ക്. അമ്മയുടെ സ്‌നേഹത്തണലിൽനിന്ന് പുത്തൻജീവിതത്തിനൊരുങ്ങുകയാണ് നാലു മക്കളും.

ഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരൻ. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യൻ പത്തനംതിട്ട സ്വദേശി ആകാശ്. ഓൺലൈനിൽ മാധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയ്ക്ക് മസ്‌കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലിചാർത്തും.

മക്കൾക്ക് 24 വയസ്സാകുന്നു. ഇതിനിടെ തിരിച്ചടികളെ ജീവിച്ചു തോൽപ്പിക്കാൻ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല. അപ്പോഴൊക്കെ മലയാളികൾ ഇവരോടു ചേർന്നുനിന്നു. സന്തോഷങ്ങൾക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു പ്രേമകുമാറിന്റെ മരണം. പക്ഷേ, മക്കളെ ചേർത്തുപിടിച്ച് തളരാതെനിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളർത്താൻ തുടങ്ങിയിരുന്നു. പ്രതിസന്ധികളെ തൂത്തെറിയാൻ പല ദിക്കുകളിൽനിന്നും കരങ്ങൾ നീണ്ടു. കടങ്ങൾ വീട്ടി. ജില്ലാസഹകരണ ബാങ്കിൽ രമയ്ക്ക് സർക്കാർ ജോലിനൽകി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. സഹകരണബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ജോലിയുള്ള രമാദേവിയെ ഇപ്പോഴും ഹൃദയം ഓർമിപ്പിക്കാറുണ്ട്, ഒന്നു സൂക്ഷിക്കണമെന്ന്.

എസ്.എ.ടി. ആശുപത്രിയിൽ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു 1995 നവംബറിൽ അഞ്ചുപേരുടെയും ജനനം. പിറന്നത് ഉത്രം നാളിലായതിനാൽ നാളുചേർത്ത് മക്കൾക്ക് പേരിട്ടു. അഞ്ചുമക്കളുടെ പിറവി തൊട്ടിങ്ങോട്ടുള്ള ജീവിതമറിയാൻ കേരളമെന്നും കാത്തിരുന്നിട്ടുണ്ട്. ഒരു പ്രസവത്തിലുള്ള ജനനം കൊണ്ടുതന്നെ വാർത്തയായ പഞ്ചരത്നങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടവും മലയാളികൾ കൗതുകത്തോടെയാണ് കണ്ടത്.  വോട്ടുചെയ്യൻ ഒരുമിച്ച് എത്തിയതുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു.

ചെറുപ്പംമുതലേ കൂട്ടായ അഭിപ്രായത്തിനുശേഷമാണ് ഇവർ കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. 1995 നവംബർ 18ലെ ഉത്രം നാളിൽ ജനിച്ചവരാണ് പഞ്ചരത്‌നങ്ങൾ.  എന്നിട്ടും ഈ പതിവിന് യാതൊരുമാറ്റവും സംഭവിച്ചിട്ടില്ല. എൽ.കെ.ജി. മുതൽ പ്ലസ് ടു വരെ ഒരേ സ്‌കൂളിൽ ഒരേ ക്ലാസിലായിരുന്നു അഞ്ചുപേരുടെയും പഠനം. പിന്നീട് ഉപരിപഠനമായപ്പോൾ പലവഴികളിലായിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP