Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

5 വർഷത്തിൽ കുറയാതെ അംശാദായം അടച്ചവർക്ക് 60 വയസ്സ് തികയുമ്പോൾ അംശാദായത്തിന്റെയും വർഷത്തിന്റെയും അടിസ്ഥാനത്തിൽ പെൻഷൻ; 4.9 ഏക്കർ വ്യവസ്ഥ മാറ്റി; പ്രതിമാസം 10,000 രൂപ വരെ പെൻഷൻ ലഭിച്ചേക്കാം; 15 ഏക്കറിൽ താഴെയെങ്കിൽ എല്ലാ കർഷകർക്കും ഇനി കർഷക പെൻഷൻ; കൃഷിക്ക് ഊന്നൽ നൽകാൻ നിയമ നിർമ്മാണവുമായി പിണറായി സർക്കാർ

5 വർഷത്തിൽ കുറയാതെ അംശാദായം അടച്ചവർക്ക് 60 വയസ്സ് തികയുമ്പോൾ അംശാദായത്തിന്റെയും വർഷത്തിന്റെയും അടിസ്ഥാനത്തിൽ പെൻഷൻ; 4.9 ഏക്കർ വ്യവസ്ഥ മാറ്റി; പ്രതിമാസം 10,000 രൂപ വരെ പെൻഷൻ ലഭിച്ചേക്കാം; 15 ഏക്കറിൽ താഴെയെങ്കിൽ എല്ലാ കർഷകർക്കും ഇനി കർഷക പെൻഷൻ; കൃഷിക്ക് ഊന്നൽ നൽകാൻ നിയമ നിർമ്മാണവുമായി പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തുടർഭരണം ലക്ഷ്യമിട്ട് കർഷകരെ കൈയിലെടുക്കാൻ പെൻഷൻ പദ്ധതിയുമായി പിണറായി സർക്കാർ. ഉപതെരഞ്ഞെടുപ്പിലെ നേട്ടങ്ങൾ സർക്കാരിന് കൂടുതൽ അനുകൂലമാക്കി മാറ്റാനാണ് നീക്കം. കർഷർക്കെല്ലാം പെൻഷൻ ഉറപ്പാക്കുകായണ് ലക്ഷ്യം. 5 സെന്റിലേറെയും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കൃഷിക്കാർക്കെല്ലാം പെൻഷൻ ഉറപ്പാക്കിയാകും കേരള കർഷക ക്ഷേമനിധി നിയമം നടപ്പിലാക്കുക.

4.9 ഏക്കർ ഭൂപരിധി വ്യവസ്ഥ, നിയമസഭാ സിലക്ട് കമ്മിറ്റി ശുപാർശ പ്രകാരം മാറ്റി. റബർ, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാരെയും ഉൾപ്പെടുത്തി; ഭൂപരിധി ഏഴര ഏക്കർ ആയിരിക്കും. ബിൽ മന്ത്രി വി എസ്. സുനിൽകുമാർ ഇന്നലെ നിയമസഭയിൽ വച്ചു. 21ന് സഭയിൽ ചർച്ചയ്ക്കു ശേഷം ബിൽ പാസാക്കും. ഇതിന് ശേഷം അതിവേഗം ചട്ടങ്ങളും. ഇതോടെ പെൻഷൻ യാഥാർത്ഥ്യമാകും. ഇടതുമുന്നണിയിലെ പ്രകടന പത്രികയിലെ വാഗ്ദാനം എന്ന രീതിയിലാകും നടപ്പാക്കുക.

പദ്ധതിയിൽ എല്ലാ കൃഷിക്കാർക്കും അംഗങ്ങളാകാം. അടയ്‌ക്കേണ്ട കുറഞ്ഞ അംശദായം മാസം 100 രൂപ. സർക്കാർ വിഹിതമായി 250 രൂപ വരെ അടയ്ക്കും. 5 വർഷത്തിൽ കുറയാതെ അംശദായം അടച്ചവർക്ക് 60 വയസ്സ് തികയുമ്പോൾ അംശദായത്തിന്റെയും വർഷത്തിന്റെയും അടിസ്ഥാനത്തിൽ പെൻഷൻ നിശ്ചയിക്കും. പ്രതിമാസം 10,000 രൂപ വരെ ലഭിക്കും. ചട്ടം തയാറാക്കുമ്പോഴേ വ്യക്തത വരൂ. ബോർഡ് രൂപീകരിച്ച ശേഷം റജിസ്‌ട്രേഷൻ തുടങ്ങും.

ഉദ്യാനം, ഔഷധക്കൃഷി, നഴ്‌സറി, വിളകളും ഇടവിളകളും, ഫലവൃക്ഷങ്ങൾ, പച്ചക്കറി, പുല്ല്, തീറ്റപ്പുല്ല് തുടങ്ങി എല്ലാ തരം കർഷകരും പെൻഷന് യോഗ്യരാകും. മത്സ്യം, അലങ്കാര മത്സ്യം, ചിപ്പി, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, കാട, ആട്, മുയൽ, കന്നുകാലി, പന്നി വളർത്തൽ തുടങ്ങിയവ നടത്തുന്നവരും ഉൾപ്പെടും. ഏഴര ഏക്കറിൽ താഴെയുള്ള റബർ, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാരും അർഹരാണ്.. വാർഷിക വരുമാനം 5 ലക്ഷത്തിൽ കൂടരുത്. 3 വർഷത്തിൽ കുറയാതെ കൃഷിരംഗത്തുണ്ടായിരിക്കണം. 18 വയസ്സ് പൂർത്തിയായവർ. മറ്റു ക്ഷേമനിധികളിൽ അംഗമാവരുത്. കിസാൻ അഭിമാൻ പദ്ധതി അംഗങ്ങൾക്കും ഇതിലേക്കു മാറാം.

25 വർഷ അംശദായം അടച്ചവർക്ക് ഒറ്റത്തവണ നിശ്ചിത തുകയും ലഭിക്കും. സ്ഥിരമായി അവശതയനുഭവിക്കുന്നവർക്ക് സഹായവും കിട്ടും. അംഗങ്ങളുടെയോ മക്കളുടെയോ വിവാഹത്തിനും വിദ്യാഭ്യാസത്തിനും സഹായവും ബോർഡിലൂടെ ലഭിക്കും. കൃഷിയിൽ ഏർപ്പെട്ടിരിക്കെ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ അപകടം, മരണം, വന്യജീവി ആക്രമണം, വിഷബാധ എന്നിവയുണ്ടായാൽ നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കും.

2015 മാർച്ച് 28-ന് നിലവിൽവന്ന സംസ്ഥാന കാർഷികനയത്തിലെ ഏറ്റവും സുപ്രധാന നിർദ്ദേശമാണ് കർഷകക്ഷേമനിധി ബോർഡ്. കൃഷിയെയും കർഷകനെയും നിലനിർത്താനും വീണ്ടെടുക്കാനുമുള്ള മാതൃകാ പദ്ധതിയാണ് ഇത്. സർക്കാരിന് ശുപാർശനൽകിയിട്ട് വർഷം നാലായെങ്കിലും കർഷകക്ഷേമബോർഡിന്റെ കാര്യത്തിൽ കഴിഞ്ഞവർഷമാണ് നടപടികൾ തുടങ്ങിയത്. 2018 ജൂൺ ഒന്നിന് കർഷകക്ഷേമനിധി ബിൽ-2018 എന്ന പേരിലുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി നിയമവകുപ്പിന്റെ അനുമതിയോടെ ചട്ടങ്ങളുണ്ടാക്കി പ്രാബല്യത്തിൽവരണം.

2012-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ കൃഷിവകുപ്പ് മന്ത്രിയായിരുന്ന കെ.പി. മോഹനന്റെ നിർദ്ദേശപ്രകാരം പുതിയ കാർഷികനയത്തിന് രൂപംനൽകാൻ തീരുമാനിച്ചു. പ്രമുഖ കർഷകനും ഇപ്പോഴത്തെ ജലവിഭവവകുപ്പ് മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി ചെയർമാനായി ഏഴംഗ സമിതിയെ ഇതിന് നിയോഗിച്ചു. കൃഷി, മൃഗസംരക്ഷണ വകുപ്പ് മേധാവികൾ, കാർഷിക സർവകലാശാലയിലെ വിദഗ്ദ്ധർ, കൃഷിവകുപ്പ് മുൻ ഡയറക്ടർ ആർ. ഹേലി തുടങ്ങിയവരായിരുന്നു സമിതിയിലെ അംഗങ്ങൾ. മൂന്നുവർഷത്തെ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം 2015-ൽ പുതിയ കാർഷിക വികസനനയം തയ്യാറാക്കി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലത്ത് കാർഷികനയത്തിന് അംഗീകാരവും നൽകി.

കൃഷിയെ സംരക്ഷിക്കുന്നതിനും കർഷകന് മാന്യമായ ജീവിതം ഉറപ്പുവരുത്തുന്നതിനുമുള്ള ഒട്ടേറെ നിർദ്ദേശങ്ങളാണ് പുതിയ നയത്തിലുള്ളത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, വിപണി പ്രോത്സാഹനം, കയറ്റുമതി, മൂല്യവർധിത ഉത്പന്നങ്ങൾ, സമ്പൂർണ ജൈവകൃഷി തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും മാറ്റങ്ങൾ കൊണ്ടുവരുന്നതിന് 323 നയങ്ങൾ ഇതിൽ അവതരിപ്പിക്കുന്നു. ഇതിലെ സുപ്രധാന നിർദ്ദേശമാണ് കാർഷിക ക്ഷേമ നിധി നിയമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP