Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തനംതിട്ടയിലെ ത്രികോണ ചൂടിനെ മറികടക്കാൻ ആന്റോ ആന്റണിയുടെ ഭാര്യ വോട്ടു പിടിച്ചത് ചെയ്യാൻ പാടില്ലാത്ത രീതിയിൽ തന്നെ; ഇന്ത്യയിൽ ക്രിസ്ത്യൻ സമൂഹം അപകടത്തിലാണെന്നും ക്രിസ്ത്യാനിയായ ഒരാൾ പാർലമെന്റിൽ ഉണ്ടാകണമെന്നുമുള്ള ഗ്രേസിന്റെ പ്രസംഗം പത്തനംതിട്ട എംപിക്ക് കടുത്ത വെല്ലുവിളി; ലംഘിക്കപ്പെട്ടത് മതവികാരം വ്രണപ്പെടുത്തുകയോ മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് വോട്ട് പിടിക്കുകയോ പാടില്ലെന്ന ചട്ടം; ആന്റോയ്ക്ക് മൂവാറ്റുപുഴയിലെ പിസി തോമസിന്റെ ഗതിവരുമോ?

പത്തനംതിട്ടയിലെ ത്രികോണ ചൂടിനെ മറികടക്കാൻ ആന്റോ ആന്റണിയുടെ ഭാര്യ വോട്ടു പിടിച്ചത് ചെയ്യാൻ പാടില്ലാത്ത രീതിയിൽ തന്നെ; ഇന്ത്യയിൽ ക്രിസ്ത്യൻ സമൂഹം അപകടത്തിലാണെന്നും ക്രിസ്ത്യാനിയായ ഒരാൾ പാർലമെന്റിൽ ഉണ്ടാകണമെന്നുമുള്ള ഗ്രേസിന്റെ പ്രസംഗം പത്തനംതിട്ട എംപിക്ക് കടുത്ത വെല്ലുവിളി; ലംഘിക്കപ്പെട്ടത് മതവികാരം വ്രണപ്പെടുത്തുകയോ മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് വോട്ട് പിടിക്കുകയോ പാടില്ലെന്ന ചട്ടം; ആന്റോയ്ക്ക് മൂവാറ്റുപുഴയിലെ പിസി തോമസിന്റെ ഗതിവരുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പത്തനംതിട്ട എംപി. ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ നടത്തിയ പ്രസംഗം ഊരാക്കുടുക്കിലേക്ക്. ഇന്ത്യയിൽ ക്രിസ്ത്യൻ സമൂഹം അപകടത്തിലാണെന്നും ക്രിസ്ത്യാനിയായ ഒരാൾ പാർലമെന്റിൽ ഉണ്ടാകണമെന്നുമായിരുന്നു ഗ്രേസ് ആന്റോയുടെ പ്രസംഗം. ഇത് മതത്തോടുള്ള കൂറ് പ്രകടിപ്പിക്കലല്ല, മറിച്ച് മതങ്ങളെ ഭിന്നിപ്പിക്കലാണെന്ന് വിലയിരുത്തിയാണ് ആന്റോ ആന്റണിക്കെതിരേ നൽകിയ തിരഞ്ഞെടുപ്പ് ഹർജി തെളിവെടുപ്പിനായി ഈ മാസം 13-ലേക്ക് മാറ്റി. ഗ്രേസ് ആന്റോയുടെ വിവാദ പ്രസംഗം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറിന്റെ നടപടി.

ഇടതുമുന്നണിയുടെ പത്തനംതിട്ട പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. അനന്തഗോപനാണ് ഹർജി നൽകിയത്. ഇതിനെതിരേ ആന്റോ ആന്റണി ഉന്നയിച്ച പ്രാഥമിക തടസ്സവാദങ്ങൾ ഹൈക്കോടതി തള്ളി. പരിഗണനാ വിഷയങ്ങൾക്ക് രൂപം നൽകിയ ശേഷം കോടതി സാക്ഷികളെ സമൻസ് നൽകി വിളിച്ചുവരുത്തി തെളിവെടുക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം ഗ്രേസ് ആന്റോ പെന്തക്കോസ്ത് യോഗങ്ങളിൽ ക്രിസ്തുമതത്തിന്റെ പേരുപറഞ്ഞ് വോട്ടുതേടിയതാണ് വിനയാകുന്നത്. ശബരിമല യുവതീപ്രവേശത്തെ പിന്തുണയ്ക്കുന്ന ഇടതുമുന്നണി ജയിക്കരുതെന്ന തരത്തിൽ ആന്റോ ആന്റണി പ്രസംഗിച്ചത് വോട്ടർമാരെ സ്വാധീനിക്കലാണെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി ശരിയോ എന്ന ചർച്ച ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടിക്ക് മതിയായ കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഗ്രേസ് പെന്തക്കോസ്തു യോഗങ്ങളിൽ നടത്തിയ പ്രസംഗം പ്രഥമദൃഷ്ട്യാ ജനപ്രാതിനിധ്യ നിയമത്തിലെ 123(3)ന്റെ പരിധിയിൽ വരുന്ന അഴിമതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഇടത് മുന്നണിയുടെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏപ്രിൽ ഏഴിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആന്റോ ആന്റണിയുടെ ഭാര്യ പെന്തകോസ്ത് വേദിയിൽ നടത്തിയ പ്രസംഗമാണ് വിനയാകുന്നത്. തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ ആസ്തി ബാധ്യതകൾ സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചു, ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ഇടത് സ്ഥാനാർത്ഥി പ്രോത്സാഹിപ്പിച്ചെന്ന് വ്യാചപ്രചാരണം നടത്തി തുടങ്ങിയ ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നുവെങ്കിലും ഇതൊന്നും നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ കോടതിയിൽ നിലനിൽക്കുന്ന കേസിനെക്കുറിച്ച് തൽക്കാലം പ്രതികരിക്കാനില്ലെന്നാണ് ആന്റോ ആന്റണിയുടെ നിലപാട്. പക്ഷേ കുരുക്ക് കടുത്തതാണെന്ന് ആന്റോ ആന്റണിക്കും അറിയാം.

മതവികാരം വ്രണപ്പെടുത്തുകയോ മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിച്ച് വോട്ട് പിടിക്കുന്നതോ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അനുസരിച്ച് നിഷിദ്ധമാണ്. ഗ്രേസ് നടത്തിയ പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയടക്കം കോടതിയിൽ ഹാജരാക്കിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ലോക്സഭാ തരെഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ നിന്ന് ജയിച്ച പിസി തോമസിന്റെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി റദ്ദാക്കിയത് സമാനമായ ആരോപണത്തിലാണ്. ത്രികോണ മത്സര ചൂടിനെ അവഗണിച്ചാണ് അന്ന് പിസി തോമസ് മൂവാറ്റുപുഴയിൽ ജയിച്ചത്. സമാനമായി പത്തനംതിട്ടയിലും കടുത്ത മത്സരമാണ് ആന്റോയ്ക്ക് നേരിടേണ്ടി വന്നത്. ശബരിമല വിഷയം ഉയർത്തി കെ സുരേന്ദ്രൻ നടത്തിയ പ്രചരണമായിരുന്നു ഇതിന് കാരണം. കോൺഗ്രസിലും ശത്രുക്കളുണ്ടായിരുന്നു. ഇങ്ങനെ പൊരുതി നേടിയ വിജയമാണ് കോടതിയുടെ പരിഗണനയിൽ എത്തുന്നത്.

മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പി.സി. തോമസിന്റെ 2004 ലെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി അസാധുവാക്കിയത് ഏറെ ചർച്ചയായിരുന്നു. പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി സിപിഎം സ്ഥാനാർത്ഥി പി.എം ഇസ്മായിലിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ പി.സി. തോമസ് സുപ്രീം കോടതിയിൽ നൽകിയ അപ്പീലും തള്ളിക്കളഞ്ഞു. ലോക്സഭയിലേക്കു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 529 വോട്ടിനാണ് പി.സി. തോമസ് 2004 ൽ മൂവാറ്റുപുഴയിൽ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നില്ലായിരുന്നെങ്കിൽ 265 വോട്ടു കൂടി നേടി ഇസ്മായിലിനു വിജയിക്കാൻ സാധ്യമായിരുന്നുവെന്നു ഹൈക്കോടതി അന്നത്തെ വിധിയിൽ വ്യക്തമാക്കിയിരുന്നു.

മതവികാരമുണർത്തി വോട്ടു പിടിച്ചെന്ന് ആരോപിച്ച് എൽഡിഎഫ്. സ്ഥാനാർത്ഥി പി.എം. ഇസ്മായിൽ സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ ഉത്തരവ്. മണ്ഡലത്തിലെ ക്രൈസ്തവരുടെ മതവികാരം ചൂഷണം ചെയ്യുന്ന വിധം നോട്ടീസും കലണ്ടറും അച്ചടിച്ചു വിതരണം ചെയ്തുവെന്നും വോട്ടിങ് ദിനത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ യാത്രാ സൗകര്യം ഏർപ്പെടുത്തിയെന്നും വിലയിരുത്തിയ കോടതി ജനപ്രാതിനിധ്യ നിയമത്തിലെ 123(3), 123(5) വകുപ്പുകളുടെ ലംഘനം സ്ഥിരീകരിച്ചിരുന്നു. പി.സി. തോമസ് നൽകിയ അപ്പീലിനെ തുടർന്ന് സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു. പിന്നീട് വിധി ശരിവയ്ക്കുകയും ചെയ്തു. 2004 മെയ് 10നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ്. ഈ സമയത്തുണ്ടായ ആരോപണത്തിന് സമാനമാണ് പത്തനംതിട്ടയിലും ഉയരുന്നത്.

അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ ഹൈക്കോടതിയുടെ വിധിയും തെരഞ്ഞെടുപ്പിൽ വർഗീയ പരാമർശം നടത്തിയെന്ന ഹർജിയിലായിരുന്നു. എതിർസ്ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാറാണ് ഹർജി നൽകിയത്. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിക്ക് മത്സരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. മതചിഹ്നങ്ങളുപയോഗിച്ചായിരുന്നു ഇവിടേയും വോട്ട് അഭ്യർത്ഥനയെന്നായിരുന്നു വാദം. എന്നാൽ പ്രചരിച്ച ലഘുലേഖയിൽ തനിക്ക് ബന്ധമില്ലെന്ന് ഷാജി വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിലേക്ക് പോയത്.

തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിനൊപ്പം ആറു കൊല്ലത്തേക്ക് അയോഗ്യതയും ഇത്തരം കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടാൽ സ്ഥാനാർത്ഥികൾക്കുണ്ടാകും. പിസി തോമസിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ പിറകോട്ട് അടിച്ചത് ഈ ആറു കൊല്ലത്തെ അയോഗ്യതാ കാലമാണ്. സമാനമായ കേസാണ് ഇപ്പോൾ ആന്റോ ആന്റണിക്കും നേരിടേണ്ടി വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP