Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നെ വെള്ളക്കാരൻ ചികിത്സിച്ചാൽ മതി; ഏഷ്യൻ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നേരെ ആക്രമണം; ബ്രിട്ടനിലെ ബ്ലാക്ക്പൂളിലെ ഡോക്ടർ രാധാകൃഷ്ൺറെ കണ്ണീരിൽ കുതിർന്ന വാക്കുകൾ ഏറ്റെടുത്ത് സർക്കാർ

എന്നെ വെള്ളക്കാരൻ ചികിത്സിച്ചാൽ മതി; ഏഷ്യൻ ഡോക്ടർമാർക്കും നഴ്‌സുമാർക്കും നേരെ ആക്രമണം; ബ്രിട്ടനിലെ ബ്ലാക്ക്പൂളിലെ ഡോക്ടർ രാധാകൃഷ്ൺറെ കണ്ണീരിൽ കുതിർന്ന വാക്കുകൾ ഏറ്റെടുത്ത് സർക്കാർ

സ്വന്തം ലേഖകൻ

രോഗാതുരനായി ആശുപത്രിക്കിടക്കയിൽ കഴിയുമ്പോഴും വംശവും വർണവും നോക്കുന്നവരുണ്ടാകുമോ? ഉണ്ടെന്നാണ് ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് സാക്ഷ്യപ്പെടുത്തുന്നത്. ആരോഗ്യപ്രവർത്തകർക്കുനേരെയുള്ള വംശീയാധിക്ഷേപങ്ങൾ 145 ശതമാനത്തോളം വർധിച്ചതായി മന്ത്രി വെളിപ്പെടുത്തി. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടുന്ന എൻഎച്ച്എസ് പ്രവർത്തകർക്കുനേരെ നടക്കുന്ന വംശീയാധിക്ഷേപം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളക്കാരായ ഡോക്ടർമാരും നഴ്‌സുമാരും ചികിത്സിച്ചാൽ മതിയെന്ന് രോഗികൾ ആവശ്യപ്പെടുന്ന അവസ്ഥയുണ്ടെന്ന് ഐടിവിയിൽ അടുത്തിടെ വന്ന റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. എൻഎച്ച്എസ് പ്രവർത്തകർക്കുനേരെയുള്ള വംശീയാധിക്ഷേപം 2013-ൽ 589 ആയിരുന്നുവെങ്കിൽ കഴിഞ്ഞവർഷം 1448 ആയി ഉയർന്നു. 145 ശതമാനത്തോളമാണ് അധിക്ഷേപം വർധിച്ചത്. 70 ശതമാനത്തോളം എൻഎച്ച്എസ് ട്രസ്റ്റുകളും ഇത്തരത്തിൽ അധിക്ഷേപം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഏഷ്യൻ വംശജരും ആഫ്രിക്കൻ വംശജരുമായ ഡോക്ടർമാരും നഴ്‌സുമാരും മിഡ്‌വൈഫുമാരുമാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ വിവേചനം നേരിടുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ബ്ലാക്ക്പൂൾ ടീച്ചിങ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഇന്ത്യൻ വംശജനായ ഡോക്ടർ രാധാകൃഷ്ണ ഷാൻബാഗ് താൻ നേരിട്ട അധിക്ഷേപങ്ങൾ ഈ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വെള്ളക്കാരനായ ഡോക്ടർ ചികിത്സിച്ചാൽ മതിയെന്ന് രോഗികൾ നേരിട്ട് ആവശ്യപ്പെടുമ്പോൾ താനെത്ര വില കുറഞ്ഞവനാണെന്ന തോന്നൽ ഉണ്ടാകാറുണ്ടന്ന് അദ്ദേഹം വികാരഭരിതനായി പറഞ്ഞു. ചികിത്സയിലുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെടുത്തുന്നതിന് ഈ അധിക്ഷേപം വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരം ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കരുതെന്നും ആശുപത്രികളിൽ ആരോഗ്യപ്രവർത്തകരുടെ വാക്കുകൾക്കാണ് പ്രസക്തിയെന്നും ഹാൻകോക്ക് പറഞ്ഞു. ഇത്തരം വംശീയാധിക്ഷേപങ്ങളെ ശക്തമായി നേരിടണമെന്നാണ് ആരോഗ്യവകുപ്പിന്റെയും എൻഎച്ച്എസ് നേതൃത്വത്തിന്റെയും തീരുമാനം. വംശീയാധിക്ഷേപങ്ങളെ ഒരുതരത്തിലും അംഗീകരിക്കേണ്ട കാര്യമില്ല. അതിനെ സുശക്തമായി നേരിടുന്നത് ആരോഗ്യപ്രവർത്തകർക്ക് ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയത്തിന്റെ സർവ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അത്തരമൊരു അധിക്ഷേപമുണ്ടായാൽ അതിനെ നേരിടുക തന്നെ ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. വെള്ളക്കാരനായ ഡോക്ടർ ചികിത്സിച്ചാൽ മതിയെന്ന് ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ ഇല്ല എന്ന് ഉത്തരം പറയുക തന്നെ ചെയ്യണം. ആശുപത്രി മാനേജ്‌മെന്റും മന്ത്രാലയവും നിങ്ങൾക്ക് പിന്തുണ നൽകുക തന്നെ ചെയ്യുമെന്നും ഹാൻകോക്ക് വ്യക്തമാക്കി. ബ്രിട്ടനിലെ ആരരോഗ്യരംഗം എല്ലാവർക്കും തുല്യമായ ചികിത്സയും സൗകര്യവുമാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ ഒരു വ്യത്യാസവും വരുത്താൻ ആരെയും അനുവദിക്കില്ല.

ചികിത്സ നൽകുന്നവർ ആരാണെന്ന് പരിശോധിക്കാനോ ഡോക്ടറെ തൊലിയുടെ നിറം നോക്കി ചികിത്സ തിരഞ്ഞെടുക്കാനോ ആർക്കും അധികാരമില്ല. രോഗ്യപ്രവർത്തകർക്കുനേരെയുള്ള വംശീയാധിക്ഷേപത്തോട് സീറോ ടോളറൻസ് പുലർത്താൻ എല്ലാ എൻഎ്ച്ച്എസ് ട്രസ്റ്റുകൾക്കും നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ വെള്ളക്കാരായ ഡോക്ടർമാരെ ആവശ്യപ്പെടുന്ന രോഗികൾക്ക് ചികിത്സ പോലും നിഷേധിക്കുന്ന റെഡ് കാർഡ് ടു റേസിസം പദ്ധതി നോർത്ത് ബ്രിസ്റ്റൾ എൻഎച്ച്എസ് ട്രസ്റ്റ് അടുത്തിടെ നടപ്പാക്കിയിരുന്നു. ഇത് വ്യാപിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP