Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടൻ മാതൃകയിൽ കുടിയേറ്റക്കാർക്ക് നിയന്ത്രണങ്ങളുമായി ഫ്രാൻസും; വിദേശികൾക്ക് ജോലി ചെയ്യാവുന്ന തൊഴിലുകൾ ലിസ്റ്റ് ചെയ്യും; കുടിയേറ്റ ക്വാട്ട ചർച്ചയാക്കി ഫ്രഞ്ചുകാർ

ബ്രിട്ടൻ മാതൃകയിൽ കുടിയേറ്റക്കാർക്ക് നിയന്ത്രണങ്ങളുമായി ഫ്രാൻസും; വിദേശികൾക്ക് ജോലി ചെയ്യാവുന്ന തൊഴിലുകൾ ലിസ്റ്റ് ചെയ്യും; കുടിയേറ്റ ക്വാട്ട ചർച്ചയാക്കി ഫ്രഞ്ചുകാർ

സ്വന്തം ലേഖകൻ

യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള കുടിയേറ്റക്കാർക്ക് ചെയ്യാവുന്ന തൊഴിലുകൾ ലിസ്റ്റ് ചെയ്ത് ക്വാട്ട സമ്പ്രദായം ആവിഷ്‌കരിക്കുമെന്ന് ഫ്രഞ്ച് തൊഴിൽ മന്ത്രി. വർധിച്ചുവരുന്ന കുടിയേറ്റത്തോടുള്ള ജനങ്ങളുടെ ആശങ്കയും കുടിയേറ്റ നിയന്ത്രണത്തിനായി വലതുപക്ഷ പാർട്ടികൾ ഉയർത്തുന്ന സമ്മർദവും കണക്കിലെടുത്താണ് തീരുമാനം. അടുത്ത വേനലോടെ ഈ സമ്പദായം ആവിഷ്‌കരിക്കാനാണ് തീരുമാനമെന്നും അത്യാവശ്യം വേണ്ട തൊഴിലുകളൊക്കെ പട്ടികയിൽ വന്നിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്നും തൊഴിൽ മന്ത്രി മുറിയേൽ പെനികോഡ് പറഞ്ഞു.

വർധിച്ചുവരുന്ന കുടിയേറ്റത്തോട് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് ക്വാട്ട സമ്പ്രദായം കൊണ്ടുവരുന്നതിനോട് യോജിക്കുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. തീവ്ര വലതുപക്ഷ ആശയങ്ങളോട് യോജിക്കുന്നില്ലെങ്കിലും വോട്ടർമാരുടെ ആശങ്ക കാണാതെ മുന്നോട്ടുപോകാനാവില്ലെന്ന് പ്രസിഡന്റ് എമ്മാനുവൽ മാക്രോണിനും വ്യക്തമായറിയാം. അതിനുള്ള നടപടികൾക്കാണ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്.

ഫ്രഞ്ചുകാരെ തൊഴിൽമേഖലയിലേക്ക് മടക്കിക്കൊണ്ടുവരികയാണ് സർക്കാരിന്റെ പ്രധാനലക്ഷ്യമെന്ന് തൊഴിൽ മന്ത്രി വ്യക്തമാക്കി. ഫ്രാൻസിലേക്ക് കുടിയേറിയ അഭയാർഥികളുമുണ്ട്. അവരെയും തൊഴിൽരംഗത്തേക്ക് കൊണ്ടുവരണം. മറ്റു രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് അവസരം നൽകുന്നത് അതിനുശേഷമായിരിക്കും. ഫ്രഞ്ചുകാർക്കും അഭയാർഥികൾക്കും തൊഴിൽ നൽകിയശേഷവും അവസരങ്ങളുണ്ടെങ്കിൽ, കമ്പനികൾക്ക് പ്രൊഫഷണലുകളെ ആവശ്യമുണ്ടെങ്കിൽ യോഗ്യതയനുസരിച്ചുള്ള ക്വാട്ട സമ്പ്രദായത്തിലൂടെ അവരെ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞവർഷം 33,000 വിസകളാണ് യൂറോപ്യൻ യൂണിയനുപുറത്തുനിന്നുള്ള രാജ്യക്കാർക്കായി ഫ്രാൻസ് അനുവദിച്ചത്. നിർമ്മാണ മേഖലയിലും ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും റീട്ടെയിൽ സ്‌റ്റോറുകളിലും വേണ്ടത്ര ആളുകളെ കിട്ടുന്നില്ലെന്ന പരാതി നിൽക്കെയാണ് വിദേശത്തുനിന്ന് വലിയ ജോലികൾക്കായി കൂടുതൽ പേരെത്തുന്നത്. ഐ.ടി, എൻജിനീയറിങ് മേഖലകളിൽ ഫ്രഞ്ചുകാരായ പ്രൊഫഷണലുകൾ കുറവായതുകൊണ്ടാണ് ഈ മേഖലകളിൽ കമ്പനികൾ വിദേശികളെ ആശ്രയിക്കേണ്ടിവരുന്നത്.

വിദേശികൾക്ക് ക്വാട്ട സമ്പ്രദായം കൊണ്ടുവരികയെന്ന ആശയം പ്രധാനമന്ത്രി എഡ്വാർഡ് ഫിലിപ്പിയാണ് കഴിഞ്ഞമാസം കൊണ്ടുവന്നത്. എന്നാൽ, ഓരോ രാജ്യക്കാർക്കും എത്ര വിസ വീതം നൽകാനാണ് തീരുമാനമെന്ന കാര്യം തൊഴിൽ മന്ത്രി വ്യക്തമാക്കിയില്ല. ഫ്രാൻസിലെ തൊഴിലില്ലായ്മ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 8.5 ശതമാനമാണ്. സ്ഥിതി ഇത്രയും രൂക്ഷമായിരിക്കെ, വിദേശത്തുനിന്നുള്ള കുടിയേറ്റം നിർബാധം അനുവദിക്കുന്ന മാക്രോൺ സർക്കാരിനെതിരെ വലതുപക്ഷ സംഘടനകളുടെ പ്രതിഷേധം രൂക്ഷമാണ്. അതിനെ തണുപ്പിക്കുകയെന്ന ലക്ഷ്യം കൂടി ക്വാട്ട സമ്പ്രദായത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP