Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപസ്മാരത്തിന് ചികിൽസിക്കുമ്പോഴും കണ്ടെത്തിയത് രക്തത്തിൽ വിഷം; കുടിച്ച അരിഷ്ടം കൊണ്ടു വരാൻ ഡോക്ടർ പറഞ്ഞപ്പോൾ കൊണ്ടു കൊടുത്തത് മറ്റൊരു പുതിയ കുപ്പി; സിലിയെ കൊല്ലാൻ ശ്രമം നടന്നുവെന്നതിന് പ്രത്യക്ഷ തെളിവ് പൊലീസിന് കിട്ടി; സ്വകാര്യ ആശുപത്രിയിലെ കേസ് ഷീറ്റ് ജോളിയമ്മയ്ക്ക് വിനയാകും; കല്യാണത്തിന് പോകാതെ വീട്ടിൽ നിന്ന് മാത്യുവിനെ കൊലപ്പെടുത്തിയതിന്റെ കഥയും ഞെട്ടിക്കുന്നത്; കൂടത്തായിയിൽ പഴുതടയ്ക്കാൻ കരുതലോടെ പൊലീസ്

അപസ്മാരത്തിന് ചികിൽസിക്കുമ്പോഴും കണ്ടെത്തിയത് രക്തത്തിൽ വിഷം; കുടിച്ച അരിഷ്ടം കൊണ്ടു വരാൻ ഡോക്ടർ പറഞ്ഞപ്പോൾ കൊണ്ടു കൊടുത്തത് മറ്റൊരു പുതിയ കുപ്പി; സിലിയെ കൊല്ലാൻ ശ്രമം നടന്നുവെന്നതിന് പ്രത്യക്ഷ തെളിവ് പൊലീസിന് കിട്ടി; സ്വകാര്യ ആശുപത്രിയിലെ കേസ് ഷീറ്റ് ജോളിയമ്മയ്ക്ക് വിനയാകും; കല്യാണത്തിന് പോകാതെ വീട്ടിൽ നിന്ന് മാത്യുവിനെ കൊലപ്പെടുത്തിയതിന്റെ കഥയും ഞെട്ടിക്കുന്നത്; കൂടത്തായിയിൽ പഴുതടയ്ക്കാൻ കരുതലോടെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കേസിൽ റോയി തോമസിന്റെ മരണം മാത്രമാണ് കൊലപാതകമെന്ന് സ്ഥിരീകരിക്കാൻ പൊലീസിനായിട്ടുള്ളത്. ബാക്കിയെല്ലാം ഇപ്പോഴും രേഖകളിൽ സ്വാഭാവിക മരണമാണ്. ജോളി ജോസഫിന്റെ മൊഴിയിലാണ് എല്ലാവരേയും കൊലപ്പെടുത്തിയത് എന്നുള്ളത്. ഇത് വിചാരണക്കാലത്ത് തള്ളി പറയും. അതുകൊണ്ട് തന്നെ പഴുതകൾ അടച്ചുള്ള തെളിവ് ശേഖരണമാണ് നടക്കുന്നത്. അതിനിടെ ജോളി ജോസഫ് ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നേരെ മുൻപു വധശ്രമം നടത്തിയതിന്റെ സുപ്രധാന തെളിവ് പൊലീസ് കണ്ടെടുത്തു. സിലി വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണു സിലിയെ ചികിത്സിച്ചതിന്റെ രേഖകൾ കണ്ടെത്തിയത്. സിലിയുടെ രക്തത്തിൽ വിഷാംശം ഉണ്ടായിരുന്നതിന്റെ സൂചനകൾ പൊലീസ് കണ്ടെടുത്ത ചികിത്സാ രേഖകളിലുണ്ട്. ഇത് കേസിൽ നിർണ്ണായകമാകും.

2014 ഒക്ടോബറിലാണു സിലിയെ അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിലി അപസ്മാര രോഗിയാണെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇതിനുള്ള ചികിത്സയാണു നൽകിയത്. എന്നാൽ രക്തത്തിൽ വിഷത്തിന്റെ അംശമുണ്ടെന്നു ഡോക്ടർ കേസ് ഷീറ്റിൽ കുറിച്ചിരുന്നു. ഈ കേസ് ഷീറ്റാണ് പൊലീസ് ഇന്നലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. അരിഷ്ടത്തിൽ സയനൈഡ് കലർത്തി നൽകിയാണ് 2014 ഒക്ടോബറിൽ സിലിയെ വധിക്കാൻ ശ്രമിച്ചതെന്നാണു ജോളി പൊലീസിനു നൽകിയ മൊഴി. രക്തത്തിൽ വിഷാംശമുണ്ടെന്ന സംശയത്തെത്തുടർന്നു സിലി ഒടുവിൽ കഴിച്ച ഭക്ഷണത്തെക്കുറിച്ചു ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. അരിഷ്ടം കഴിച്ച കാര്യം ബന്ധുക്കൾ സൂചിപ്പിച്ചപ്പോൾ ആ അരിഷ്ടം ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.

വിഷം കലർത്തിയ അരിഷ്ടത്തിനു പകരം മറ്റൊരു കുപ്പി അരിഷ്ടമാണു ആശുപത്രിയിലെത്തിച്ചത്. ഇക്കാര്യത്തിൽ ഷാജുവിന്റെ ബന്ധുക്കളുടെ സഹായം ജോളിക്കു ലഭിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 2016 ജനുവരിയിലാണു സിലി കൊല്ലപ്പെട്ടത്. ഇതിനു മുൻപു രണ്ടു തവണ സിലിയെ വധിക്കാൻ ശ്രമിച്ചെന്നു ജോളി മൊഴി നൽകിയിരുന്നെങ്കിലും ഇതു സാധൂകരിക്കുന്ന തെളിവുകൾ ലഭിക്കാത്തത് അന്വേഷണസംഘത്തിനു വെല്ലുവിളിയായിരുന്നു. അതിനിടെ ഷാജു സഖറിയാസിന്റെ രഹസ്യമൊഴി കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി (ഒന്ന്) രേഖപ്പെടുത്തി. റോയ് തോമസ് വധക്കേസ് അന്വേഷിക്കുന്ന സംഘം നൽകിയ അപേക്ഷയനുസരിച്ചാണു ഷാജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. കേസിന്റെ വിചാരണ സമയത്തു മൊഴി മാറ്റാതിരിക്കാനാണു ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം അന്വേഷണഘട്ടത്തിൽ തന്നെ മജിസ്‌ട്രേട്ടിനു മുന്നിൽ മൊഴി രേഖപ്പെടുത്തുന്നത്.

രണ്ടാം പ്രതിയായ എം.എസ്.മാത്യുവിനെ ആൽഫൈൻ വധക്കേസിലും അറസ്റ്റ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവമ്പാടി ഇൻസ്‌പെക്ടർ ഷാജു ജോസഫ് സ്‌പെഷൽ സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പൊന്നാമറ്റം വീട്ടിലുണ്ടായ മൂന്നു കൊലപാതകങ്ങളും പുറത്തറിയാതിരിക്കാനാണ് മാത്യു മഞ്ചാടിയിലിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയതെന്ന് കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി സമ്മതിച്ചു. കൊയിലാണ്ടി പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് തനിക്ക് തടസമായി തീർന്നേക്കാവുന്ന ഭർത്താവിന്റെ മാതൃസഹോദരനെ വേഗത്തിൽ കൊലപ്പെടുത്തിയതെന്ന് ജോളി സമ്മതിച്ചു. ആദ്യശ്രമത്തിൽ തന്നെ മാത്യു മഞ്ചാടിയിലിനെ മദ്യത്തിൽ സയനൈഡ് കലർത്തി നൽകി വകവരുത്തിയതെന്നും ജോളി മൊഴി നൽകി.

റോയ് തോമസ് മരിച്ചതിന് പിന്നാലെ പോസ്റ്റുമോർട്ടമെന്ന ആവശ്യത്തിൽ മാത്യു ഉറച്ചുനിന്നു. റോയിയുടെ സഹോദരൻ റോജോയെക്കൂടി സമ്മതിപ്പിച്ച് എല്ലാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങിയത് മാത്യുവാണ്. സയനൈഡ് ഉള്ളിൽച്ചെന്നാണ് റോയി മരിച്ചതെന്ന് ഉറപ്പായതോടെ മാത്യുവിന്റെ സംശയമുന തനിക്ക് നേരെ തിരിഞ്ഞതായി ജോളി പറഞ്ഞു. അങ്ങനെയാണ് മാത്യുവിനെ വകവരുത്താൻ തീരുമാനിച്ചത്. പലതവണ ഇതിനുള്ള വഴികൾ ആലോചിച്ചു. മാത്യുവുമായി കൂടുതൽ സൗഹൃദത്തിലാകാൻ ബോധപൂർവം ശ്രമിച്ചു. മദ്യത്തിൽ സയനൈഡ് കലർത്തി നൽകി ആദ്യ ശ്രമത്തിൽത്തന്നെ മാത്യുവിന്റെ മരണം ഉറപ്പാക്കാനായെന്നും ജോളി മൊഴി നൽകി.

മാത്യുവിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ബന്ധുക്കൾക്കൊപ്പം കട്ടപ്പനയിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. വിമുക്തഭടനെന്ന നിലയിൽ കിട്ടിയിരുന്ന മദ്യം തനിക്കും പലതവണ മാത്യു കൈമാറിയിരുന്നു. റോയിയെ കൊലപ്പെടുത്തുന്നതിനായി എം.എസ്.മാത്യു നൽകിയ സയനൈഡിന്റെ ബാക്കിയാണ് മാത്യുവിനെ ഇല്ലാതാക്കാനും ഉപയോഗിച്ചത്. ഈ കൊലപാതകത്തിന് ശേഷം സയനൈഡ് ഉപേക്ഷിക്കാൻ ആലോചിച്ചെങ്കിലും കൈയിൽ സൂക്ഷിക്കുകയായിരുന്നു

കൊലപാതകത്തെക്കുറിച്ച് എം.എസ്.മാത്യുവിനോട് പോലും പറഞ്ഞിരുന്നില്ലെന്നും ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഒറ്റയ്ക്കാണെന്നും ജോളി അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. മാത്യുവിന്റെ മരണത്തോടെ താൻ പൂർണമായും സ്വതന്ത്രയായെന്ന് കരുതിയെങ്കിലും പിന്നീട് രണ്ടുപേരെക്കൂടി തനിക്ക് കൊലപ്പെടുത്തേണ്ടി വന്നെന്നും ജോളി മൊഴി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP