Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരങ്ങൊഴിഞ്ഞത് പെൺപുലി പാർവതി നായരേയും രഹ്നാ ഫാത്തിമയും അടവ് പഠിച്ചത് ആശാൻ;അരമണി കിലുക്കി തൃശൂർ നഗരത്തെ വിറപ്പിച്ച ആ ചീറ്റപ്പുലി ഇനിയില്ല! അറുപത്തിയഞ്ച് വർഷമായി പുലിവേഷം കെട്ടിയ തൃശൂർക്കാരുടെ സ്വന്തം ചാത്തുണ്ണിയാശാൻ അരങ്ങൊഴിഞ്ഞു; മരണം വരെയും പുലിച്ഛായത്തെ സ്നേഹിച്ച ചാത്തുണ്ണി പുലിക്കളിയിലെ നിലനിൽക്കുന്ന കാരണവന്മാരിൽ ഒരാൾ; അയ്യന്തോൾ മുതൽ വിയ്യൂർ ദേശം വരെ ആശാന്റെ ശിഷ്യഗണങ്ങൾ; കണ്ണീരോടെ പുലിക്കളി പ്രേമികളും

അരങ്ങൊഴിഞ്ഞത് പെൺപുലി പാർവതി നായരേയും രഹ്നാ ഫാത്തിമയും അടവ് പഠിച്ചത് ആശാൻ;അരമണി കിലുക്കി തൃശൂർ നഗരത്തെ വിറപ്പിച്ച ആ ചീറ്റപ്പുലി ഇനിയില്ല! അറുപത്തിയഞ്ച് വർഷമായി പുലിവേഷം കെട്ടിയ തൃശൂർക്കാരുടെ സ്വന്തം ചാത്തുണ്ണിയാശാൻ അരങ്ങൊഴിഞ്ഞു; മരണം വരെയും പുലിച്ഛായത്തെ സ്നേഹിച്ച ചാത്തുണ്ണി പുലിക്കളിയിലെ നിലനിൽക്കുന്ന കാരണവന്മാരിൽ ഒരാൾ; അയ്യന്തോൾ മുതൽ വിയ്യൂർ ദേശം വരെ ആശാന്റെ ശിഷ്യഗണങ്ങൾ; കണ്ണീരോടെ പുലിക്കളി പ്രേമികളും

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: അരമണി കിലുക്കി തൃശൂർ നഗരത്തെ വിറപ്പിച്ച പുലിയാശാൻ ഇനിയില്ല! തൃശൂർക്കാരുടെ ഓർമകളുടെ കാലം മുതൽ പുലിസംഘത്തിലെ കാരണവരും പുലിവേഷം കെട്ടി തൃശൂർക്കാരുടെ മനം കീഴടക്കിയ ചാത്തുണ്ണിയാശാനാണ് ഓർമ്മയായത്.അറുപത്തിയൊന്ന് വർഷങ്ങളായി പുലിക്കളിയിലെ തൃശ്ശൂർമുഖമായ ചാത്തുണ്ണി ആശാന്റെ പുലിച്ചുവടുകൾ വെള്ളിയാഴ്ച രാത്രിയിലാണ് അസ്തമിച്ചത്. 

200 വർഷങ്ങൾ പഴക്കമുള്ള പുലിക്കളിയുടെ തൃശ്ശൂരിന്റെ തലമുതിർന്ന കാരണവരായ കല്ലൂർ നായരങ്ങാടി പാലത്തുപറമ്പ് തെക്കൂട്ട് ചാത്തുണ്ണി എന്ന ചാത്തുണ്ണി ആശാൻ. എഴുപത്തിയാറാം വയസിലായിരുന്നു അന്ത്യം.

65 വർഷത്തെ പുലിവേഷപ്പകർച്ചയിൽ നിരവിധി ചായങ്ങളിഞ്ഞിഞ്ഞ് ചാത്തുണ്ണിയാശാൻ നിറഞ്ഞു നിന്നു. തൃശൂർക്കാർക്ക് പുലിയെന്നത് കുടവയർ നിറഞ്ഞ വലിയഭീമാകാരന്മാരായ പുരുഷാരവങ്ങളാണെങ്കിൽ ഈ വ്യവസ്ഥാപിത ശൈലിയെ തിരുത്തിക്കുറിച്ചാണ് ചാത്തുണ്ണിയാശാൻ തൃശൂർക്കാരുടെ മനം കവർന്നത്. അരമണി കിലുക്കിയുള്ള മെലിഞ്ഞ ശരീരക്കാരന്റെ ഓരോ ചുവടിലും കാണികളിൽ കൈതുകം തോന്നിയിരുന്നു. അത്രമേൽ ചടുലവും ഹൃദ്യവുമായിരുന്നു ചാത്തുണ്ണിയാശാന്റെ ചുവടുകൾ.

ഒരുകാൽ ഇളക്കി മുന്നോട്ടും.. അരമണി കിലുക്കി... ഗൗരവം കാട്ടിയും പുലിയുടെ വീറും വാശിയും ചാത്തുണ്ണിയാശാൻ പകർന്നുകാട്ടി. അറുപത്തിയഞ്ച് വർഷത്തെ പുലിഛായത്തിൽ ശിഷ്യഗണങ്ങളും ഏറെ. അയ്യന്തോ,വയ്യൂർ ദേശങ്ങളിലെ പുലിസംഘത്തിൽ നിറഞ്ഞു നിൽക്കുന്ന പുലിക്കുട്ടികൾ ഏറെയും ചാത്തുണ്ണിയാശാന്റെ ശിഷ്യഗണങ്ങൾ തന്നെ. എന്തിനേറെ പറയണം ഇത്തവണ ത്യശൂരിൽ പുലിയിറങ്ങിയപ്പോൾ പുലിവേഷം കെട്ടിയാടിയ പെൺപുലി പാർവതി വി നായർ വരെ അദ്ദേഹത്തിന്റെ ശിഷ്യ എന്നു പറഞ്ഞാലും തെറ്റില്ല. കിടപ്പിലാണെങ്കിലും പുലികളി ആശാന് ആവേശമാണ്.

രണ്ടുവർഷം മുമ്പ് തൃശ്ശൂർ വടക്കെ സ്റ്റാൻഡിലൂണ്ടായ വീഴ്ചയെത്തുടർന്ന് കിടപ്പിലായിരുന്നു. വിവിധ ദേശങ്ങൾക്കുവേണ്ടി പുലിവേഷമണിഞ്ഞ ഇദ്ദേഹം അവസാനമായി പുലിവേഷമണിഞ്ഞത് അയ്യന്തോൾ ദേശത്തിനുവേണ്ടിയായിരുന്നു. തന്റെ പതിനാറാമത്തെ വയസ്സിൽ ചുവടുവെച്ചുതുടങ്ങിയ ഇദ്ദേഹം അറുപത്തിയെട്ടുവയസ്സ് വരെ പുലിക്കളിയിലെ അവിഭാജ്യഘടകമായിരുന്നു.പതിനാറാം വയസിളലാണ് ചാത്തുണ്ണി ആദ്യമായി പുലിവേഷം കെട്ടിയത്. കൂടുതൽ തവണ പുലിവേഷമിട്ടും പുലികളുടെ കാരണവരായും ചാത്തുണ്ണി ആശാൻ റെക്കോർഡിട്ടു. ചാത്തുണ്ണിയുടെ സ്ഥിരം പുലി വേഷം വരയൻ പുലിയുടേതായിരുന്നു. വയറുള്ളവർക്കും തടിയുള്ളവർക്കും മാത്രമല്ല, മെലിഞ്ഞവർക്കും പുലിക്കളി ആരാധകരെ നേടാൻ സാധിക്കുമെന്ന് ചാത്തുണ്ണി ആശാൻ തെളിയിച്ചു.

മറ്റു പുലികൾ കുടവയറും കുലുക്കി വരുമ്പോൾ ചാത്തുണ്ണിപ്പുലി മെലിഞ്ഞു, വയറൊട്ടിയ നിലയിലാണ് ചുവടുവയ്ക്കുക. ചാത്തുണ്ണി ആശാൻ പുലിവേഷം കെട്ടുന്നതിനും പ്രത്യേകതയുണ്ട്. 41 ദിവസത്തെ വ്രതമെടുത്ത്, മത്സ്യമാംസാദികൾ പൂർണ്ണമായും ഉപേക്ഷിച്ചാണ് ചാത്തുണ്ണി ആശാൻ പുലിവേഷം കെട്ടാൻ എത്തുക. മറ്റു പുലികളെല്ലാം വയറിൽ പുലിമുഖം വരയ്ക്കുമ്പോൾ ചാത്തുണ്ണി അതു വേണ്ടെന്നുവയ്ക്കും. പൂങ്കുന്നം ദേശത്തിന്റെ പുലിമടയിൽ നിന്നാണ് ചാത്തുണ്ണി ആശാൻ വേഷം കെട്ടാൻ തുടങ്ങിയത്. പിന്നീട് നായ്ക്കനാൽ പുലികളി സമാജത്തിലെ അംഗമായി.

അയ്യന്തോൾ ദേശക്കാരനായിരുന്നുവെങ്കിലും ദേശത്തിന് സ്വന്തമായി പുലിക്കളി സംഘമില്ലാത്തതിൽ വിഷമിച്ചിരുന്നു. 2015-ൽ തന്റെ വിഷമം ദേശക്കാരോട് ഇദ്ദേഹം പങ്കുവെച്ചിരുന്നു. 2016 മുതൽ അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതിയുടെ നേതൃത്വത്തിൽ പുലിക്കളിയിൽ ഭാഗമായി. 2016-ലും 2017-ലും സ്വന്തം ദേശത്തിനുവേണ്ടി ഇദ്ദേഹം പുലിവേഷമണിഞ്ഞു.

2018-ൽ പ്രളയം വന്നപ്പോൾ പുലിക്കളി ആഘോഷിച്ചിരുന്നില്ല. അപ്പോഴേയ്ക്കും ശാരീരികസ്ഥിതി മോശമായിരുന്നു. തുടർന്നാണ് മകൻ രമേഷിന് അരമണി കൈമാറുന്ന ചടങ്ങ് നടത്തിയത്. 12 വർഷങ്ങൾക്ക് മുമ്പാണ് കല്ലൂർ പാലത്തുപറമ്പിൽ വീട് വാങ്ങുന്നത്. എങ്കിലും പുലിക്കളി ഒരുക്കങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി മുൻപന്തിയിൽതന്നെയുണ്ടാവാറുണ്ട് ഇദ്ദേഹം. ഭാര്യ: നാരായണി. മക്കൾ: രാധ, രമേഷ്. മരുമക്കൾ: ബാബു, രശ്മി. ശവസംസ്‌കാരം വടൂക്കര ശ്മശാനത്തിൽ നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP