Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി വിജയന് ബിഗ് സല്യൂട്ടുമായി 'ജന്മഭൂമി'; എഡിറ്റോറിയൽ പേജിൽ മുഖ്യമന്ത്രിയെ അകമഴിഞ്ഞ് അഭിനന്ദിച്ച് കെ കുഞ്ഞിക്കണ്ണന്റെ ലേഖനം; ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട്;മുൻ ജനറൽ സെക്രട്ടറിയും പിബി മെമ്പർമാരും യുഎപിഎ ചുമത്തിയതിനെതിരെ അരിവാൾ വീശുമ്പോൾ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാൻ വിജയനേ പറ്റൂവെന്നും പുകഴ്‌ത്തൽ

പിണറായി വിജയന് ബിഗ് സല്യൂട്ടുമായി 'ജന്മഭൂമി'; എഡിറ്റോറിയൽ പേജിൽ മുഖ്യമന്ത്രിയെ അകമഴിഞ്ഞ് അഭിനന്ദിച്ച് കെ കുഞ്ഞിക്കണ്ണന്റെ ലേഖനം; ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട്;മുൻ ജനറൽ സെക്രട്ടറിയും പിബി മെമ്പർമാരും യുഎപിഎ ചുമത്തിയതിനെതിരെ അരിവാൾ വീശുമ്പോൾ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാൻ വിജയനേ പറ്റൂവെന്നും പുകഴ്‌ത്തൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാവോയിസ്റ്റുകളുമായുള്ള നിലപാടുകളെ ചൊല്ലി പിണറായി വിജയന് ബിഗ് സല്യൂട്ട് നൽകി ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ ലേഖനം.എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച മുഖ്യലേഖനത്തിലാണ് പിണറായിയെ ജന്മഭൂമി അകമഴിഞ്ഞ് അഭിനന്ദിക്കുന്നത്. പിണറായി വിജയന്റെ ആദ്യാകാല ഓർമ്മകളും ലേഖനത്തിൽ പങ്കുവയ്ക്കുന്നുണ്ട്. ക കുഞ്ഞിക്കണ്ണന്റെ 'മറുപുറം' എന്ന പംക്തിയിലാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' എന്ന തലക്കെട്ടിലുള്ള ലേഖനം. ബിജെപി സംസ്ഥാന സമിതി അംഗവും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ കുഞ്ഞിക്കണ്ണൻ ബിജെപി മീഡിയാ സെൽ സംസ്ഥാന കൺവീനർ കൂടിയാണ്.

മഞ്ചിക്കണ്ടിയിലെ ഉൾവനത്തിൽ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയും പന്തീരങ്കാവിൽ രണ്ട് സി.പിഎം പ്രവർത്തകരെ മാവോയിസ്റ്റ് എന്നാരോപിച്ച് യു.എപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ സ്വീകരിച്ച സർക്കാർ നിലപാടുമാണ് ലേഖനത്തിൽ പരാമർശവിധേയമാകുന്നത്. പോളിറ്റ് ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് അടക്കം വിമർശിച്ചിട്ടുപോലും യു.എ.പി. എ ചുമത്തിയ നടപടിയുമായി മുന്നോട്ടുപോവാനുള്ള പിണറായി സർക്കാറിന്റെ തീരുമാനത്തെയാണ് ലേഖനം അഭിനന്ദിക്കുന്നത്. കേന്ദ്രത്തിൽ നരേന്ദ്രേ മോദി സർക്കാർ ഇരിക്കുന്നതാവാം ഈ മാറ്റത്തിനു കാരണമെന്നും ലേഖനം പറയുന്നു.

മാവോയിസ്റ്റ് വേട്ടയിൽ പിണറായി വിജയനാണ് ശരിയെന്ന് തോന്നുന്നതായി ലേഖനത്തിൽ പറയുന്നു. അഖിലേന്ത്യാ തലത്തിൽ 'സ്രാവ് സഖാക്കൾക്ക്' വിരുദ്ധ നിലപാട് സ്വീകരിക്കാൻ പിണറായി തയ്യാറായതായി പ്രകാശ് കാരാട്ടിന്റെ നിലപാടിനെ പരാമർശിച്ച് ലേഖനം പറയുന്നു.പാർട്ടിക്കകത്ത് കോലാഹലം ഉയർന്നുകൊണ്ടിരിക്കുമ്പോഴും നിയമസഭയിൽ ഒരുവിഭാഗക്കാർ പിതൃശൂന്യ നിലപാടെടുക്കുന്ന സമയത്തും മാവോയിസ്റ്റുകൾ ആട്ടിൻകുട്ടികളല്ലെന്ന് ഒരു മാർക്സിസ്റ്റുകാരന് പറയാൻ തോന്നിയത് നിസ്സാരകാര്യമല്ല.

'മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ടിങ് ഏജന്റുമാരാണ് മാർക്സിസ്റ്റ് പാർട്ടി എന്നത് തർക്കമില്ലാത്ത കാര്യമാണ്. അറസ്റ്റ് ചെയ്ത് യു.എ പിഎ ചുമത്തിയ പൊലീസിനെ തള്ളിപ്പറയാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി തള്ളിക്കളയാൻ പറ്റില്ല. മുൻ ജനറൽ സെക്രട്ടറിയും പി ബി മെമ്പർമാരും യു എ പി എ ചുമത്തിയതിനെതിരെ അരിവാൾ വീശുമ്പോൾ അവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാൻ വിജയനേ പറ്റൂ. അതാണ് പിണറായിക്ക് ബിഗ് സല്യൂട്ട് ഓഫർ ചെയ്യാൻ തോന്നിയത്' -ലേഖനത്തിൽ പറയുന്നു.

'ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട് എന്ന വാചകത്തിലാണ് ലേഖനം അവസാനിപ്പിക്കുന്നത്.

എഡിറ്റോറിയലിന്റെ പൂർണരൂപം

അര നൂറ്റാണ്ടായി കേൾക്കുന്ന പേരാണ് പിണറായി വിജയൻ. രണ്ടാം ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് ഭരണകാലത്ത് വിജയൻ കെഎസ്വൈഎഫ് നേതാവായിരുന്നു. അക്കാലത്താണല്ലോ ആർഎസ്എസ് പ്രവർത്തകനും തയ്യൽതൊഴിലാളിയുമായ തലശേരി വാടിക്കൽ രാമകൃഷ്ണനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊന്നത്. അന്നും പിണറായി വിജയന്റെ പേര് ചർച്ചചെയ്യപ്പെട്ടു.

അതിനുശേഷം ജില്ലാ സംസ്ഥാന നേതാവായി മാറിയ വിജയൻ വിവാദനായകനായി മുന്നോട്ട് പോയി. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന്റെ പൊലീസിനെ കണ്ണൂർ ജില്ലയിൽ നയിച്ചത് കോൺഗ്രസ് നേതാവായിരുന്ന എൻ. രാമകൃഷ്ണനായിരുന്നു. വിജയനെ ഒതുക്കേണ്ടത് രാമകൃഷ്ണന് അനിവാര്യമായിരുന്നു. പൊലീസിനെ അതിനായി നിയോഗിച്ചു. കസ്റ്റഡിയിൽ പൊലീസിന്റെ ലാത്തിക്ക് പരിചയമില്ലാത്ത ഒരുഭാഗവും വിജയന്റെ ശരീരത്തിലുണ്ടായിരുന്നില്ല. അതിനുശേഷം വിജയൻ നിയമസഭയിൽ മുഖ്യമന്ത്രി അച്യുതമേനോനെയും കെ. കരുണാകരനെയും നോക്കി നടത്തിയ പ്രസംഗം ചരിത്രരേഖയാണ്. അത് പൂർണമായും ദേശാഭിമാനിപോലും പ്രസിദ്ധീകരിച്ചിരുന്നില്ല. പക്ഷേ 'ജന്മഭൂമി' ഒരു ദിവസം എഡിറ്റോറിയൽ പേജ് പൂർണമായും വിജയന്റെ പ്രസംഗത്തിന് നീക്കിവച്ചിരുന്നു. സഖാക്കൾ പോലും ജന്മഭൂമിയിലൂടെയായിരുന്നു വിജയന്റെ സഭയിലെ ദീനരോദനം മനസ്സിലാക്കിയത് - ഇതൊക്കെ പഴയ കഥ.

പിണറായി വിജയന്റെ തത്ത്വങ്ങളെയും നയസമീപനങ്ങളെയും പെരുമാറ്റ രീതികളെയും നിരന്തരം വിമർശിക്കുന്നയാളാണ് ഈ ലേഖകൻ. സഖാവെന്ന നിലയിലും മന്ത്രി, മുഖ്യമന്ത്രി, പാർട്ടി നേതാവ് എന്ന നിലയിലുമുള്ള വിജയന്റെ പ്രവർത്തന രീതിയോട് ഒട്ടും മയമില്ലാതെ പ്രതികരിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു സത്യം പറയട്ടെ. മാവോയിസ്റ്റ് വേട്ടയിൽ പിണറായി വിജയനാണ് ശരി എന്ന് തോന്നിപ്പോവുകയാണ്. അഖിലേന്ത്യാതലത്തിലെ സ്രാവ് സഖാക്കൾക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാൻ

പിണറായി വിജയൻ തയ്യാറായിരിക്കുന്നു. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരായതാകാം കാരണം. പാർട്ടിക്കകത്ത് കോലാഹലം ഉയർന്നുകൊണ്ടിരിക്കുമ്പോഴും നിയമസഭയിൽ ഒരുവിഭാഗക്കാർ പിതൃശൂന്യ നിലപാടെടുക്കുന്ന സമയത്തും മാവോയിസ്റ്റുകൾ ആട്ടിൻകുട്ടികളല്ലെന്ന് ഒരു മാർക്സിസ്റ്റുകാരന് പറയാൻ തോന്നിയത് നിസ്സാരകാര്യമല്ല. മാവോയിസ്റ്റ് ആശയങ്ങളിലേക്കുള്ള റിക്രൂട്ടിങ് ഏജന്റുമാരാണ് മാർക്സിസ്റ്റ് പാർട്ടി എന്നത് തർക്കമില്ലാത്ത സത്യമാണല്ലൊ. പന്തീരാങ്കാവിൽ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകൾ പാർട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യം അതല്ലെ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പൊലീസിനെ തള്ളിപ്പറയാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി കാണാൻ പറ്റില്ലല്ലോ. മുൻ ജനറൽ സെക്രട്ടറിയും പിബി മെമ്പർമാരും യുഎ

പിഎ ചുമത്തിയതിനെതിരെ അരിവാൾ വീശുമ്പോൾ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാൻ വിജയനേ പറ്റൂ. അതുകൊണ്ടാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' ഓഫർ ചെയ്യാൻ തോന്നിയത്.

മാവോവേട്ടകളിലെ കപടവേഷം അണിഞ്ഞാടുന്നവരാണ് സിപിഐയും കോൺഗ്രസും. അട്ടപ്പാടിയിലെ വേട്ടയിൽ 4 പേർ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നാണ് സിപിഐ പറയുന്നത്. കോൺഗ്രസ് അത് ഏറ്റുപാടുന്നു. കോൺഗ്രസ് ദേശീയ നേതൃത്വം മാവോയിസ്റ്റുകൾ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന നിലപാടുകാരാണ്. കോൺഗ്രസുകാരും പൊലീസുകാരുമടക്കം പതിനാലായിരത്തിൽപരം ആളുകളെ മാവോയിസ്റ്റുകൾ ചുട്ടുകൊന്നിട്ടുണ്ട്. കോൺഗ്രസ് സർക്കാരുകൾ ഏറ്റുമുട്ടലുകളിലൂടെ മാവോയിസ്റ്റുകളെ കൊന്നൊടുക്കിയിട്ടുമുണ്ട്. വയനാട്ടിൽ ഏതാനും വർഷം മുമ്പേ മാവോവേട്ട നടത്തിയത് രമേശ് ചെന്നിത്തല ആഭ്യന്തരം ഭരിച്ചപ്പോഴാണെന്ന സത്യം പോലും കോൺഗ്രസുകാർ വിസ്മരിക്കുന്നു. ആരോഗ്യം ക്ഷയിച്ച് കീഴടങ്ങാൻ വന്നവരെയാണ് പിണറായി സർക്കാർ വെടിവച്ചിട്ടതെന്നും സിപിഐയും കോൺഗ്രസും പറയുന്നു. കീഴടങ്ങാൻ വന്ന ആരോഗ്യശേഷി നഷ്ടപ്പെട്ടവർ നടന്നത് എകെ47 ഊന്നുവടിയും കൊണ്ടാണെന്ന വസ്തുത വിസ്മരിക്കുന്നു.

മാവോയിസ്റ്റുകളെ (നക്സലൈറ്റ്) കൊന്ന് കണ്ണ് ചൂഴ്ന്നെടുത്ത കോൺഗ്രസ്-സിപിഐ ഭരണകാലം മറക്കാൻ കഴിയുമോ? വയനാട്ടിൽ വർഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലായിരുന്നോ? കുന്നിക്കൽ നാരായണനേയും അജിതയേയും പീഡിപ്പിച്ച കാലഘട്ടം മറയ്ക്കാൻ പറ്റുമോ! പി. രാജൻ എന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ ജഡം പോലും കാണാനുള്ള ഭാഗ്യം പിതാവ് പ്രൊഫ. ഈച്ചരവാര്യർക്ക് ഉണ്ടായോ? ഇതൊക്കെ മറന്ന് കോൺഗ്രസ്-സിപിഐ നേതാക്കൾ നടത്തുന്നത് കറകളഞ്ഞ കാപട്യമല്ലേ?

മാവോയിസ്റ്റുമായി ബന്ധപ്പെട്ട അറസ്റ്റിനെ അപലപിച്ച സിപിഎം നേതാക്കൾ പോലും ഇപ്പോൾ പിൻവലിയുകയാണ്. അതാണ് സിപിഎം യോഗത്തിൽ പിണറായി വിജയൻ നടത്തിയ വിശദീകരണം വ്യക്തമാക്കുന്നത്.

മാവോയിസ്റ്റ് ബന്ധത്തിൽ രണ്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ അറസ്റ്റിലായ സംഭവത്തിൽ യുഎപിഎ ചുമത്തിയതിൽ ഇടപെടില്ലെന്ന് സിപിഎം വ്യക്തമാക്കിയിരിക്കുന്നു. യുഎപിഎ ചുമത്തിയത് പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉൾപ്പെടെ അറിയിച്ചത്. എന്നാൽ, യുഎപിഎ പിൻവലിക്കാൻ സർക്കാർ നീക്കം ശക്തമായതോടെ അറസ്റ്റിലായ അലൻ ഷുഹൈബ്, ത്വാഹ ഫസൽ എന്നിവർ വെറും മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവം പുലർത്തുന്നവരല്ല, മറിച്ച കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ദേശവിരുദ്ധ സമീപനം സ്വീകരിച്ചവരാണെന്നതിന്റെ തെളിവുകൾ പൊലീസ് ആഭ്യന്തര വകുപ്പിന് കൈമാറിയതോടെയാണ് സംഭവങ്ങൾ മാറിമറിഞ്ഞത്.

യുഎപിഎ പിൻവലിച്ചാൽ ഉടൻ കേസ് എൻഐഎക്ക് ഏറ്റെടുക്കാനാകുമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെ പിണറായി വിജയൻ ഉൾപ്പെടെ കുരുക്കിലായി. സി

പിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ യുഎപിഎക്കെതിരേ വികാരം ഉണർന്നപ്പോൾ തന്നെ സർക്കാരിന്റെ നിസ്സഹായാവസ്ഥ

പിണറായി വ്യക്തമാക്കുകയായിരുന്നു. എൻഐഎ കേസന്വേഷിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ സിപിഎം സർക്കാരും ദേശവിരുദ്ധരാണെന്ന വികാരം പൊതുസമൂഹത്തിൽ ഉണ്ടാവുമെന്നും

പിണറായി അറിയിച്ചതായാണ് വിവരം. പിടിയിലായവർക്കെതിരേ ശക്തമായ തെളിവുകളാണ് ഉള്ളതെന്നും യുഎപിഎ പിൻവലിച്ചാൽ പൊലീസ് അതു മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും

പിന്നീട് അത് വൻ തിരിച്ചടി ആകുമെന്നും പിണറായി വിശദീകരിച്ചതായാണ് വിവരം. ഏതായാലും ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ പിണറായിക്കായി കരുതിവയ്ക്കാം ഒരു ബിഗ് സല്യൂട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP