Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിറഞ്ഞ സൗഹൃദങ്ങൾക്ക് എപ്പോഴും കാവലാളായി; നിരവധി തവണ സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ; മിനി സ്‌ക്രീനിൽ പ്രധാനിയായപ്പോഴും കാതും കണ്ണും തിരിച്ചു വെച്ചത് സിനിമകളിലേക്കും; 'ഉണ്ണിക്കുട്ടന് ജോലി കിട്ടി' സിനിമയിലെ നായകനുമായി; വാഹനാപകടത്തിൽ പൊലിഞ്ഞത് ദൃശ്യമാധ്യമ രംഗത്ത് കഴിവ് തെളിയിച്ച പ്രതിഭ; ജോസ് തോമസിന് ആദരാഞ്ജലികളുമായി ദൃശ്യമാധ്യമ രംഗം

നിറഞ്ഞ സൗഹൃദങ്ങൾക്ക് എപ്പോഴും കാവലാളായി; നിരവധി തവണ സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ; മിനി സ്‌ക്രീനിൽ പ്രധാനിയായപ്പോഴും കാതും കണ്ണും തിരിച്ചു വെച്ചത് സിനിമകളിലേക്കും; 'ഉണ്ണിക്കുട്ടന് ജോലി കിട്ടി' സിനിമയിലെ നായകനുമായി; വാഹനാപകടത്തിൽ പൊലിഞ്ഞത് ദൃശ്യമാധ്യമ രംഗത്ത് കഴിവ് തെളിയിച്ച പ്രതിഭ; ജോസ് തോമസിന് ആദരാഞ്ജലികളുമായി ദൃശ്യമാധ്യമ രംഗം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം ഇന്ന് പുലർച്ചെ കിളിമാനൂരിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് കഴിവ് തെളിച്ച ശ്രദ്ധേയ പ്രതിഭ. മലയാള ടെലിവിഷൻ രംഗത്ത് ഇന്ന് കാണുന്ന പല പ്രോഗ്രാമുകൾക്കും പിന്നിൽ കോട്ടയം കുടമാളൂർ സ്വദേശിയായ ജോസ് തോമസിന്റെ(58) സൂക്ഷ്മ സ്പർശങ്ങളുണ്ട്. മലയാള ടെലിവിഷൻ പ്രോഗ്രാമുകളുടെ ആദ്യകാല പിന്നണി പ്രവർത്തകനായിരുന്നു ജോസ്. പലതവണ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ ജോസിനെ തേടിയെത്തി. ഇരുപത് വർഷത്തോളം ഏഷ്യാനെറ്റിൽ പ്രൊഡ്യൂസർ ആയി ജോലി ചെയ്തു. മലയാള ദൃശ്യമാധ്യമരംഗത്ത് ഏഷ്യാനെറ്റിന്റെ കടന്നു വരവ് വന്നപ്പോൾ അതിനൊപ്പം ജോസ് കൂടി നിലയുറപ്പിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ്-പ്രോഗ്രാം എന്ന രീതിയിൽ വിഭജനം വന്നപ്പോൾ ന്യൂസിലാണ് ജോസ് ജോലി തിരഞ്ഞെടുത്തത്. ഒപ്പം സമാന്തര സിനിമകൾക്കും ഡോക്യുമെന്ററികൾക്ക് ഒപ്പവും നിന്നു. ഉണ്ണിക്കുട്ടന് ജോലി കിട്ടി എന്ന വി.ആർ.ഗോപിനാഥ് സിനിമയിലെ നായകൻ തന്നെ ജോസ് ആയിരുന്നു. അൻപതിലേറെ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തു. നിരവധി നാടകങ്ങളും ടെലിവിഷൻ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

കേരളത്തിലങ്ങോളമിങ്ങോളം ഒട്ടുവളരെ സൗഹൃദങ്ങൾ സൂക്ഷിച്ചിരുന്ന, നിറഞ്ഞ സൗഹൃദങ്ങൾക്ക് കാവലാളായി നിന്ന ഒരാൾ കൂടിയാണ് മാധ്യമ-ടെലിവിഷൻ-സിനിമാ ലോകത്ത് നിന്നും മറയുന്നതും. സുഹൃത്തിന്റെ അച്ഛന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത് കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങവേയാണ് ജോസ് തോമസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ ലോറിയുടെ പിന്നിലിടിച്ചത്. കാറിന്റെ മുൻവശത്തിരുന്ന ജോസ് തോമസിന്റെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. കഴിഞ്ഞ ജനുവരിയിൽ ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രോഡ്യൂസർ തസ്തികയിൽ നിന്ന് വിരമിച്ച ശേഷവും ചലച്ചിത്ര-ടെലിവിഷൻ മേഖലയിൽ സജീവമായിരുന്നു ജോസ് തോമസ്. അതിന്നിടയിലാണ് മരണവും എത്തുന്നത്. ജോസ് തോമസിന്റെ വിയോഗം കേരളത്തിനകത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഒരുപോലെ അലട്ടുകയാണ്. ഇന്നലെയും ഒട്ടുവളരെ സുഹൃത്തുക്കൾ ഫോണിലൂടെ ജോസിന്റെ ശബ്ദം കേട്ടതാണ്. ക്യാമറാമാൻ വേണുവിന്റെ പിതാവിന്റെ മരണവൃത്താന്തമാണ് പലരും ജോസ് തോമസിന്റെ ശബ്ടത്തിൽക്കൂടി അറിഞ്ഞത്. കോട്ടയത്ത് നിന്നും ചടങ്ങ് കഴിഞ്ഞു വരുമ്പോഴാണ് അപകടവും മരണവും എത്തുന്നത്.

വേണുവിന്റെ അച്ഛന്റെ മരണ കാര്യം പറയാനാണ് ജോസ് ഇന്നലെ രാവിലെ എന്നെ വിളിച്ചത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സി.അനൂപ് മറുനാടൻ മലയാളിയോട് പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയാണ് എന്നു പറയാനാണ് വിളിച്ചത്. എനിക്ക് രാവിലെ അസൗകര്യങ്ങൾ ഉണ്ടായിരുന്നു. അതിനാൽ പിന്നെ പോകാം എന്നാണ് വേണുവിനോട് പറഞ്ഞത്. പിന്നീട് രാത്രി മൂന്നരയ്ക്ക് ഞാൻ കേൾക്കുന്നത് ജോസിന്റെ മരണവാർത്തയാണ്. ഏഷ്യാനെറ്റിന്റെ മുൻ പ്രൊഡ്യൂസറും സംവിധായകനുമായ പ്രദീപ് നായരാണ് ഈ വിവരം പറയുന്നത്. സുഹൃത്തുക്കൾക്കും കുടുംബത്തിനും ജോസേട്ടന്റെ മരണം അത്ര പെട്ടെന്ന് പരിഹരിക്കാനോ മറക്കാനോ കഴിയുന്ന കാര്യമല്ല. എല്ലാ ബന്ധങ്ങളുടെയും മൂല്യം തിരിച്ചറിഞ്ഞ ഒരു മനസ് ജോസേട്ടനു ഒപ്പമുണ്ടായിരുന്നു. ഇതായിരുന്നു ജോസേട്ടന്റെ പ്രത്യേകത-അനൂപ് പറയുന്നു.

അനൂപ് പറയുന്നത് തന്നെയാണ് മറ്റു സുഹൃത്തുക്കൾക്കും പറയാനുള്ളത്. ഒരിക്കൽ പോലും ഒപ്പം ജോലി ചെയ്തവരോട് ജോസ് ഇടഞ്ഞില്ല. എല്ലാവരുമായും ഉറ്റ ബന്ധം നിലനിർത്തുകയും ചെയ്തു. സ്വന്തം അഭിപ്രായത്തിന്നപ്പുറം മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വില മതിക്കുകയും ചെയ്തു. എല്ലാവർക്കും നന്മ വരണമെന്ന് എപ്പോഴും ആഗ്രഹിച്ച, മതേതര മനസിന്റെ ഉടമകൂടിയാണ് വിട പറഞ്ഞു പോയത്. സൗഹൃദങ്ങൾക്ക് ഇത്രമാത്രം പ്രാധാന്യവും സമയവും നീക്കിവെച്ച ഒരാളെ കണ്ടുമുട്ടാനും ഇനി വിഷമമാകും. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കാത്തു സൂക്ഷിച്ച ഒരു നന്മയാണ് സൗഹൃദങ്ങൾക്കിടയിൽ ജോസ് തോമസിനെ വേറിട്ട് നിർത്തിയത്. ഈ സ്വഭാവ സവിശേഷതയാണ് സുഹൃത്തുക്കൾ പങ്കു വയ്ക്കുന്നതും.

സുരക്ഷിതത്വം ചാലിച്ച ഒരു സൗഹൃദമാണ് എല്ലാവർക്കും പകർന്നു നൽകിയത്. സൗഹൃദങ്ങളെ എപ്പോഴും ഊഷ്മളതയിൽ തന്നെ ജോസ് സൂക്ഷിച്ചു. അതുകൊണ്ട് തന്നെ ആ സൗഹൃദത്തിന്റെ തണലിൽ നിൽക്കാൻ കൊതിച്ചവരാണ് സുഹൃത്തുക്കളിൽ ഏറിയ പങ്കും. ഏറ്റവും താഴെയ്ക്കിടയിൽപ്പെട്ടവരിൽ പോലും ജോസിനു സൗഹൃദങ്ങൾ ഉണ്ടായിരുന്നു. യാത്രകളിലും തെരുവോരങ്ങളിലും ഇവരെ കണ്ടു മുട്ടുമ്പോൾ സുഹൃത്ത് എന്ന രീതിയിൽ ഒപ്പമുള്ളവർക്ക് പരിചയപ്പെടുത്താൻ ജോസ് ഒരിക്കലും മടിച്ചിരുന്നില്ല. ഒപ്പമുള്ളവരെക്കുറിച്ചുള്ള ശ്രദ്ധയും അവരുടെ കാര്യങ്ങളിൽ പുലർത്തിയിരുന്ന ജാഗ്രതയും സൗഹൃദങ്ങൾക്കിടയിൽ ജോസിനെ വേറിട്ട് നിർത്തി.

ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുമ്പോഴും കാതും കണ്ണും എപ്പോഴും സിനിമയിലേക്ക് തിരിച്ചുവെച്ചു. സിനിമ എന്നാൽ ജോസിനു ഒരു പാഷൻ തന്നെയായിരുന്നു. ഏറ്റവും മികച്ച സിനിമകൾ എപ്പോഴും തിരഞ്ഞെടുത്ത് കണ്ടു. മറ്റുള്ളവരെ നല്ല സിനിമയിലേക്ക് എന്നും ആകർഷിച്ചും നിർത്തി. വ്യക്തവും സുദൃഡവുമായ രീതിയിൽ സിനിമകളെ വിലയിരുത്തി. അഭിപ്രായങ്ങൾ എപ്പോഴും പങ്കു വയ്ക്കുകയും ചെയ്തു. സമയമുള്ളപ്പോൾ പുസ്തകങ്ങളുടെ ലോകത്ത് മുഴുകുകയും ചെയ്തു. എപ്പോഴും സ്വന്തം കുടുംബത്തെ ഒപ്പം നിർത്തി. സമയമില്ല എന്ന് ഒരിക്കലും പറഞ്ഞില്ല. എപ്പോഴും എല്ലാത്തിനും സമയം കണ്ടെത്തുകയും ചെയ്തു. ഏഷ്യാനെറ്റിൽ നിന്നും വിരമിച്ച ശേഷവും ദൃശ്യമാധ്യമ രംഗത്ത് സജീവ സാന്നിധ്യമായി തുടരവേ തന്നെയാണ് ജോസ് മരണത്തിനു കീഴടങ്ങുന്നതും. അദ്ധ്യാപികയായ സെലിൻ ആണ് ജോസിന്റെ ഭാര്യ. മകൻ ക്രിസ്റ്റഫറും മകൾ ദിയയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP