Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹർജികളിലെ വിധി വ്യാഴാഴ്‌ച്ചയോ അതോ വെള്ളിയാഴ്‌ച്ചയോ ഉണ്ടായേക്കും; അയോധ്യ കേസിലെ വിധി പ്രസ്താവം പോലെ അവധി ദിവസമായ ശനിയാഴ്‌ച്ച വിധി പ്രസ്താവിക്കാൻ തെരഞ്ഞെടുത്താലും അത്ഭുതമില്ല; അവസാന മണിക്കൂറുകളിൽ അപ്രതീക്ഷിത തീരുമാനം എടുക്കുന്ന പതിവുള്ള്ള ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മനസിൽ എന്തെന്ന കാര്യത്തിൽ ആകാംക്ഷയോടെ കേരളം

ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹർജികളിലെ വിധി വ്യാഴാഴ്‌ച്ചയോ അതോ വെള്ളിയാഴ്‌ച്ചയോ ഉണ്ടായേക്കും; അയോധ്യ കേസിലെ വിധി പ്രസ്താവം പോലെ അവധി ദിവസമായ ശനിയാഴ്‌ച്ച വിധി പ്രസ്താവിക്കാൻ തെരഞ്ഞെടുത്താലും അത്ഭുതമില്ല; അവസാന മണിക്കൂറുകളിൽ അപ്രതീക്ഷിത തീരുമാനം എടുക്കുന്ന പതിവുള്ള്ള ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ മനസിൽ എന്തെന്ന കാര്യത്തിൽ ആകാംക്ഷയോടെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യ കേസിലെ സുപ്രധാന വിധിപ്രഖ്യാപനത്തിന് ശേഷം കേരളം കാത്തിരിക്കുന്ന കോടതി വിധിയാണ് ശബരിമല വിഷയത്തിൽ വരാനിരിക്കുന്നത്. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച വിധി തിരുത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് സമർപ്പിക്കപ്പെട്ട പുനപ്പരിശോധനാ ഹർജികളിൽ സുപ്രിംകോടതി ഈ ആഴ്‌ച്ച വിധി പറഞ്ഞേക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കും മുന്ന് വിധി ഉണ്ടാകുമെന്നാണ് നിയമ വൃത്തങ്ങൾ നൽകുന്ന സൂചന. ഗുരു നാനാക്ക് ജയന്തിയുടെ അവധിക്ക് ശേഷം ഇനി കോടതി തുറക്കുന്നത് ബുധനാഴ്‌ച്ചയാണ്. ഇതോടെ വ്യാഴാഴ്‌ച്ചയോ വെള്ളിയാഴ്‌ച്ചയോ വിധി ഉണ്ടായേക്കുമെന്നാണ് സൂചനകൾ. അതേസമയം എന്ന് കേസ് പരിഗണിക്കുന്നത് എന്നാണെന്ന ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.

അവധിക്ക് ശേഷം കോടതി തുറക്കുമ്പോൾ മൂന്ന് വ്യത്യസ്ത ബെഞ്ചുകളാണ് ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്നത്. ആദ്യത്തേത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും, നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയും ഉൾപ്പെടുന്ന ബെഞ്ച്. ജസ്റ്റിസ് അഖിൽ ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഉയർത്താനുള്ള കൊളീജിയം തീരുമാനത്തിൽ കേന്ദ്ര സർക്കാർ തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജി ഉൾപ്പടെ മൂന്ന് സുപ്രധാന ഹർജികളാണ് ഈ ബെഞ്ച് പരിഗണിക്കുന്നത്. ഡൽഹിയിലെ ജനങ്ങൾ വായു മലിനീകരണത്തെ തുടർന്ന് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ചുള്ള ഹർജിയാണ് പരിഗണനയിൽ ഉള്ള മറ്റൊരു കാര്യം.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങുന്നതാണ് ബുധനാഴ്ച ചീഫ് ജസ്റ്റിസ് കോടതിയിലെ രണ്ടാമത്തെ ബെഞ്ച്. കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന ലൈംഗിക ആക്രമങ്ങൾ തടയുന്നതിനുള്ള മാർഗ്ഗ രേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ഹർജികളാണ് ഈ ബെഞ്ച് പരിഗണിക്കുന്നത്. ഉന്നാവ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നേക്കും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും ജസ്റ്റിസ് സൂര്യ കാന്തും അടങ്ങുന്നതാണ് മൂന്നാമത്തെ ബെഞ്ച്. ആദ്യ രണ്ട് ബെഞ്ചുകളും സുപ്രധാനമായ ഹർജികൾ പരിഗണിക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സുപ്രധാന വിധികൾ പ്രസ്താവിക്കേണ്ട ബെഞ്ചുകൾ രൂപീകരിക്കാൻ ഇടയില്ലെന്നാണ് കോടതി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ചീഫ് ജസ്റ്റിസ് എന്ന നിലയിൽ രഞ്ജൻ ഗോഗോയ് പങ്കെടുക്കുന്ന ജഡ്ജസ് ലോഞ്ചിലെ അവസാനത്തെ ഉച്ചവിരുന്ന് ബുധനാഴ്‌ച്ചയാണ് ഒരുക്കുന്നത്.

വ്യാഴാഴ്ച ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവർ അടങ്ങുന്ന ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നേതൃത്വം നൽകുന്നത്. അന്ന് മൂന്ന് അംഗ ബെഞ്ച് ഇരിക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നേതൃത്വം നൽകുന്ന പ്രത്യേക ബെഞ്ചുകളിൽ നിന്ന് സുപ്രധാനമായ ചില വിധികളുടെ പ്രസ്താവം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിൽ ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികളിലെ വിധിയും ഉണ്ടാകുമോയെന്ന് ബുധനാഴ്ച വൈകീട്ട് മാത്രമേ ഔദ്യോഗികമായി അറിയാൻ കഴിയുകയുള്ളു.

ശബരിമല വിധി വ്യാഴാഴ്ച ഉണ്ടായില്ലെങ്കിൽ പിന്നെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് അവശേഷിക്കുന്ന ഏക പ്രവർത്തി ദിവസം വെള്ളിയാഴ്ചയാണ്. ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിക്കുന്നത്. അയോധ്യ കേസിലെ വിധി പ്രസ്താവം പോലെ അവധി ദിവസമായ ശനിയാഴ്‌ച്ച ശബരിമല വിധി പ്രസ്താവിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തെരെഞ്ഞെടുത്താലും അത്ഭുതമില്ല. എന്തായാലും ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് കാതോർത്തിരിക്കയാണ് കേരളം.

അയോധ്യ കേസിൽ ഭരണഘടന ബെഞ്ച് സ്വീകരിച്ച ഈ നിലപാട് തന്നെ ആകുമോ ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികൾ പരിഗണിച്ച ഭരണഘടന ബെഞ്ചിനും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിച്ച രണ്ട് ജഡ്ജിമാർ അയോധ്യ കേസിലെ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലും അംഗം ആണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉം. ശബരിമല യുവതി പ്രവേശന ഉത്തരവ് അനുവദിച്ച് കൊണ്ടുള്ള ഭൂരിപക്ഷ വിധിക്ക് എതിരെ ഭിന്ന അഭിപ്രായം രേഖപെടുത്തിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിലപാടിനോട് സാമ്യം ഉള്ള നിലപാട് ആണ് വിശ്വാസം, ആചാരം എന്നിവ സംബന്ധിച്ച് അയോധ്യ കേസിൽ ഭരണഘടന ബെഞ്ച് ഏകകണ്ഠമായി സ്വീകരിച്ചത്. അയോധ്യ കേസിൽ വിശ്വാസം, ആചാരം എന്നിവയ്ക്ക് നൽകിയ പ്രാധാന്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹർജികളിൽ സ്വീകരിക്കുമോ എന്ന് കണ്ടു തന്നെ അറിയിണം. അതേസമയം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധിയിൽ മാറ്റമുണ്ടാകില്ലെന്ന സൂചനയാണ് നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP