Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നഴ്സിൽ നിന്നും ബോഡി ബിൽഡറിലേക്കുള്ള ദൂരം ഏറെയില്ല; ബ്രിട്ടനിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ചു നഴ്സിങ് ഹോമിലെത്തിയ മലയാളി നഴ്‌സ് എബിൻ ലാസർ ബ്രിട്ടനിലെ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായി തറപറ്റിച്ചത് യൂറോപ്യൻ സൗന്ദര്യത്തെ; മണിക്കൂറിൽ 3600 രൂപ ശമ്പളം ലഭിക്കുന്ന ജോലിയുടെ രഹസ്യത്തിലേക്ക്

നഴ്സിൽ നിന്നും ബോഡി ബിൽഡറിലേക്കുള്ള ദൂരം ഏറെയില്ല; ബ്രിട്ടനിലെ നഴ്‌സിങ് ജോലി ഉപേക്ഷിച്ചു നഴ്സിങ് ഹോമിലെത്തിയ മലയാളി നഴ്‌സ് എബിൻ ലാസർ ബ്രിട്ടനിലെ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായി തറപറ്റിച്ചത് യൂറോപ്യൻ സൗന്ദര്യത്തെ; മണിക്കൂറിൽ 3600 രൂപ ശമ്പളം ലഭിക്കുന്ന ജോലിയുടെ രഹസ്യത്തിലേക്ക്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഒരു നഴ്സിന് ആരും കൊതിക്കുന്ന ശരീര ഘടനയുള്ള ബോഡി ബിൽഡർ ആകാൻ പറ്റുമോ? അതും ഭാര്യയും കൊച്ചുകുഞ്ഞും ഉള്ള കുടുംബത്തെ പോറ്റുക എന്ന ഭാരവും തോളിൽ വച്ചുകൊണ്ട്? എന്നാൽ ബോഡി ബിൽഡർ ആകുക മാത്രമല്ല അന്താരാഷ്ട്ര മത്സരത്തിൽ രാജ്യത്തിന് വേണ്ടി ഒന്നാം സ്ഥാനത്ത് എത്താൻ കഴിയുമെന്നും തെളിയിക്കുകയാണ് എറണാകുളം വടുതല സ്വദേശിയും ഇപ്പോൾ ലണ്ടനിലെ കിങ്സ് അപ് ഓൺ തെയിംസിൽ താമസക്കാരനുമായ എബിൻ ലാസർ തെളിയിക്കുന്നത്. ചിട്ടയായ ജീവിതം സ്വന്തമാക്കാൻ വേണ്ടി സാധാരണ ചെറുപ്പക്കാർ നടത്തും പോലെ ഒരു രസത്തിനു വേണ്ടിയാണു എബിനും ബോഡി ബിൽഡിങ്ങിൽ ശ്രദ്ധ നൽകിയത്. എന്നാൽ അധികം വൈകാതെ തന്നെ ബോഡി ബിൽഡിങ് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക ആയിരുന്നു ഈ യുവാവ്. ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ദേശീയ ടൈറ്റിലുകൾ സ്വന്തമാക്കുന്ന രണ്ടാമൻ ആയിരിക്കാം എബിൻ ലാസർ.

ഉർവ്വശി ശാപം ഉപകാരം എന്ന പോലെയാണ് ബോഡി ബിൽഡിങ് എബിന് ഗുണകരമായി മാറിയത്. ഹാരോവിലെ എൻഎച്ച്എസ് ആശുപത്രിയിൽ വിശ്രമം ഇല്ലാതെ ജോലി ചെയ്യുമ്പോൾ ഒരു മാറ്റം വേണമെന്ന തോന്നലാണ് ഈ യുവാവിനെ ആയാസകരമായി ജോലി ചെയ്യാൻ സഹായിക്കുന്ന നഴ്സിങ് ഹോമിൽ എത്തിച്ചത്. ആശുപത്രി ജോലിക്കിടെ ഉണ്ടായ ചെറിയൊരു പരുക്കും ഈ തീരുമാനത്തിന് കാരണമായി. എന്നാൽ നേഴ്സിങ് ഹോമിൽ എത്തിയതോടെ ആവശ്യത്തിന് വിശ്രമം ലഭിച്ചു തുടങ്ങിയ എബിൻ തന്റെ ബോഡി ബിൽഡിങ് ചിട്ടകൾ വീണ്ടും കാര്യഗൗരവത്തോടെ ആരംഭിക്കുക ആയിരുന്നു. നഴ്സിങ് ഹോമിലെ ശാന്തതയും തിരക്കില്ലാത്ത ജോലി അന്തരീക്ഷവും തന്റെ ഇഷ്ട ഹോബിക്ക് കൂടുതൽ സമയം ചെലവിടാൻ എബിന് സഹായകമായി, ഒടുവിലിപ്പോൾ ദേശീയ അംഗീകാരം നേടാനും.

മണിക്കൂറിൽ 3600 രൂപ ലഭിക്കുന്ന ജോലിക്ക് ആളില്ലെന്ന് എബിൻ

ഒരു പേഴ്സണൽ ട്രെയിനർ ആകുക എന്നത് മലമറിക്കുന്ന കാര്യം ഒന്നുമല്ല. ബ്രിട്ടനിലെ ജിംനേഷ്യം സാധാരണക്കാർ പോലും ജീവിതത്തിൽ ഏറ്റവും അധികം ആശ്രയിക്കുന്ന ഇടങ്ങളാണ്. ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ ഏറ്റവും സഹായകമായ സ്ഥലം. എന്നാൽ ഇവിടെ ജോലിക്ക് ആവശ്യമായ ട്രൈനർമാർക്കു നല്ല ദൗർലഭ്യവും നിലനിൽക്കുന്നുണ്ട്. മണിക്കൂറിനു 35 - 40 പൗണ്ട് നൽകിയാൽ പോലും ആളെ കിട്ടാൻ ഇല്ലെന്നതാണ് സ്ഥിതി. ജിംനേഷ്യം നടത്തുന്ന ഏജൻസികളിൽ രജിസ്റ്റർ ചെയ്തും സ്വന്തം നിലയ്ക്ക് ജിനേഷ്യം സ്പേസ് വാടകയ്ക്ക് എടുത്തും സ്വയം തൊഴിലായും ഈ ജോലി ചെയ്യാം. യുകെ മലയാളികൾക്കിടയിലെ ചെറുപ്പക്കാരിൽ നല്ല പങ്കും ജിനേഷ്യത്തെ ആശ്രയിക്കുന്നവരാണ്. എന്നാൽ എബിനെ പോലെ ഒരു ട്രെയിനർ ആകുക എന്നത് കാര്യമായി ആരും ഗൗനിക്കാത്ത കാര്യവുമാണ്.

മറ്റു ജോലികൾ ചെയ്യുമ്പോൾ തന്നെ എബിനെ പോലുള്ളവർ ചെയ്യും പോലെ പാർട്ട് ടൈം ആയി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച ജോലികളിൽ ഒന്ന് കൂടിയാണ് പേഴ്സണൽ ട്രെയ്നറുടേത്. ഇതിനായി കാര്യമായ പഠനവും പരീക്ഷകളും ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. ബേസിക് കോഴ്സുകൾ ഓൺ ലൈൻ ആയി ചെയ്താലും യോഗ്യത നേടാം. കാര്യമായ ഫീസും ഇല്ല. അടിസ്ഥാന യോഗ്യതയ്ക്കാവശ്യമായ ഫിറ്റ്‌നസ് നിലനിർത്തുക എന്നതാണ് പ്രധാനം. അതിനായി ടിപ്പിക്കൽ മലയാളി ജീവിതം ഉപേക്ഷിക്കേണ്ടി വരും.

ജീവിത ശൈലിയിലും ആഹാര രീതിയിലും ഒക്കെ മാറ്റം വരുത്തിയാൽ മാത്രമേ പേഴ്സണൽ ട്രെയിനർ ആയും ബോഡി ബിൽഡർ ആയും ഒരേ സമയം തിളങ്ങാൻ പറ്റൂ. ദിവസവും രാവിലെ നാലിന് എഴുന്നേൽക്കുന്ന എബിൻ നാലര മുതൽ ആറര വരെ ജിംനേഷ്യത്തിൽ ബോഡി ബിൽഡിങ് വ്യായാമ മുറകൾ ചെയ്ത ശേഷമാണു നഴ്സിങ് ഹോമിൽ ജോലിക്ക് എത്തുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ തോന്നുന്ന നിസാര കാര്യമല്ല പേഴ്സണൽ ട്രെയ്നറുടെ അടുക്കും ചിട്ടയുമുള്ള ജീവിതമെന്നു ചുരുക്കം.

ആഴ്ചയിൽ ഒരിക്കൽ ചോറും പിന്നെയുള്ള ദിവസങ്ങളിൽ ചിക്കൻ ബ്രെസ്റ്റും മീനും

വയർ നിറയെ ഭക്ഷണം കഴിക്കണമെന്ന ടിപ്പിക്കൽ മലയാളി ആഗ്രഹം മാറ്റിവയ്ക്കാൻ കഴിഞ്ഞാൽ ബോഡി ബിൽഡിങ്ങിൽ നേട്ടം കൈവരിക്കാൻ സാധിക്കും. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് എബിന് അരിയാഹാരം കഴിക്കാൻ സാധിക്കുന്നത്. ബാക്കി ദിവസങ്ങളിൽ ചിക്കൻ ബ്രെസ്റ്റ്, ട്യൂണ, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളും സാലഡ് ഉൾപ്പെടെയുള്ള പച്ചക്കറികളുമാണ് പ്രധാന ആഹാരം. ഇത്രയും ത്യാഗം സഹിച്ചാൽ മാത്രമേ മസിലുകൾക്ക് രൂപവും ഭംഗിയും നിലനിർത്താൻ കഴിയൂ.

എന്നാൽ ആറു ദിവസം ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ഏഴാം ദിവസം എല്ലാ ഭക്ഷണവും കഴിക്കുന്ന രീതിയാണ് എബിൻ പരീക്ഷിക്കുന്നത്. വീണ്ടും എട്ടാം ദിവസം പഴയതുപോലെ ഭക്ഷണ നിയന്ത്രണം. ഇത്തരത്തിൽ ചിട്ടയായ ജീവിത ക്രമീകരണമാണ് എബിനെ ബോഡി ബിൽഡിങ്ങിൽ തുടർച്ചയായ രണ്ടു വർഷവും എലൈറ്റ് ക്ലബ് ജേതാവാക്കി മാറ്റിയിരിക്കുന്നത്. തന്റെ ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് ഭാര്യ അഞ്ജലി ആണെന്നാണ് എബിന്റെ നിരീക്ഷണം.

പുകവലി ശീലം ഉപേക്ഷിക്കാൻ വ്യായാമം തുടങ്ങി, ഒടുവിൽ ജീവിതത്തിനു കൂടി ലക്ഷ്യമായി

നീണ്ടകാലം കൂടെയുണ്ടായിരുന്ന പുകവലി ശീലം ഉപേക്ഷിക്കാൻ വേണ്ടിയാണ് എബിൻ ആദ്യമായി ജിംനേഷ്യത്തിൽ എത്തിയത്. വ്യായാമം നടത്തിയാൽ പുകവലി ഉപേക്ഷിക്കാൻ തോന്നും എന്ന ഉപദേശമായിരുന്നു മനസ്സിൽ കൂടെയുണ്ടായിരുന്നത്. അലസ മനസിലാണ് പുകവലി പോലെയുള്ള ദുശീലങ്ങൾ കൂടു കൂട്ടുന്നത് എന്നത് തിരിച്ചറിഞ്ഞ എബിൻ ആക്റ്റീവ് ആകാൻ തീരുമാനിച്ചപ്പോൾ പുകവലിക്കാൻ സമയം കിട്ടാതായി. മാത്രമല്ല ബോഡി ബിൽഡിങ് ഗൗരവമായി കൂടെ എത്തിയാൽ ജീവിതത്തിൽ അച്ചടക്കവും നിഷ്‌ക്കർഷയും ആത്മനിയന്ത്രണവും ഒക്കെ കൂടെയുണ്ടാകും. ഇപ്പോൾ ആറു വർഷമായി ലണ്ടനിൽ ജീവിക്കുന്ന എബിന് ആദ്യം പുകവലി ഉപേക്ഷിച്ച ശേഷം ഒരിക്കൽ പോലും അതിനോട് താൽപര്യം തോന്നിയിട്ടുമില്ല.

ബോഡി ബിൽഡിങ് മിഥ്യയും സത്യവും തിരിച്ചറിയാം

മസിൽ പെരുപ്പിച്ചു നിൽക്കുന്ന ബോഡി ബിൽഡർ എപ്പോഴും കാഴ്ചയുടെ അത്ഭുതം തന്നെയാണ്. ഇതെങ്ങനെ സാധിക്കുന്നു എന്ന് ഏവരും അത്ഭുതപ്പെടുന്ന കാര്യം. എന്നാൽ ബോഡി ബിൽഡിങ്ങിനെ പറ്റി സാധാരണക്കാരുടെ ഏതറിവും പൊട്ടത്തരം ആണെന്ന് എബിനുമായി സംസാരിക്കുമ്പോൾ വ്യക്തമാകും. ബോഡി ബിൽഡിങ് ചെയ്യുന്ന ആൾ കുറച്ചു കഴിഞ്ഞാൽ വയസ്സനെ പോലെയാകുമെന്നും ആരോഗ്യമൊക്കെ പോയി മസിലുകൾ തൂങ്ങിയാടുന്ന പരുവത്തിൽ ആകും എന്നുമൊക്കെയുള്ള കഥകൾ വെറും തെറ്റിദ്ധാരണ മാത്രമാണ് എന്ന് എബിൻ പറയുന്നു. ഇത്തരം കാര്യങ്ങൾ മത്സര വേദികൾ മാത്രം മുന്നിൽ കണ്ടു സ്റ്റീറോയ്ഡുകളും മറ്റും അടിച്ചു കേറ്റി കൃത്രിമമായി പെരുപ്പിച്ചെടുക്കുന്നവർക്കു ബാധകമായേക്കാം.

എന്നാൽ സ്ഥിരമായ വ്യായാമത്തിലൂടെ ബോഡി ബിൽഡിങ് നടത്തുന്ന ആൾക്ക് ഈ പ്രയാസം ഉണ്ടാകില്ല എന്നാണ് എബിന്റെ അഭിപ്രായം. നല്ല കട്ട ലുക്ക് ഉള്ളതിനാൽ ആരെയും നിഷ്പ്രയാസം ഇടിച്ചിടാം എന്ന ചിന്തയും സാധാരണക്കാർക്ക് തോന്നാവുന്നതാണ്. എന്നാൽ ശരീരത്തിലെ ഊർജം എല്ലാം ജിംനേഷ്യത്തിൽ കത്തിച്ചു കളയുന്ന ബോഡി ബിൽഡർക്കു വഴക്കിടാനോ തർക്കത്തിൽ ഏർപ്പെടാനോ ഗുസ്തി പിടിക്കാനോ കഴിയില്ല. ജീവിതത്തിൽ ഇവർ സാധുക്കളായ പൂച്ചക്കുഞ്ഞുങ്ങൾ മാത്രമാണ്.

ഇന്ത്യയിൽ നിന്നും വത്യസ്തമായി സിമെട്രിക്കൽ ബോഡി ബിൽഡിങ് ആണ് യുകെയിലേത്. ഇന്ത്യയിൽ കൈകൾക്കും ചുമലുകൾക്കും പ്രാധാന്യം നൽകി ശരീരത്തിന്റെ മേൽഭാഗത്തിന്റെ ഭംഗിയാണ് അളവുകോലാക്കി മാറ്റുന്നത്. എന്നാൽ യൂറോപ്യൻ രീതി ശരീരത്തെ നെടുകെ പിളർത്തിയുള്ള വിശകലനമാണ്. ഇടതും വലതും ഉള്ള ശരീര ഭാഗങ്ങൾ ഒരുപോലെ പുഷ്ടിമ ഉള്ളതാണോ. കൈകളും കാലുകളും ശരീരത്തിന്റെ മൊത്തം ഭാരത്തിനു അനുപൂരകമാണോ ശരീരത്തിന്റെ മൊത്തം ഘടനക്കു യോജിച്ച വിധമാണോ കാലുകളുടെ ആകൃതി, കൈകൾ അമിതമായി വണ്ണം വച്ചവയാണോ തുടങ്ങിയ ഘടകങ്ങൾ ഒന്നിച്ചു ചേർത്തുള്ള പരിശോധനയാണ് യൂറോപ്യൻ മത്സര വേദിയിലെ പ്രത്യേകത. ഇത്തരത്തിൽ ബോഡി ഫിസികെ, ഫിറ്റ്‌നസ് എന്നീ രണ്ടു വിഭാഗത്തിലും ചാമ്പ്യൻ കിരീടം തന്റെ തോളിൽ ഏറ്റുകയാണ് എബിൻ ലാസർ. കഴിഞ്ഞ വർഷവും ഈ വിഭാഗത്തിൽ എബിൻ തന്നെയാണ് ജേതാവായി മാറിയത്.

ബാംഗ്ലൂർ മാതൃ നഴ്സിങ് കോളേജിൽ വച്ച് കണ്ടുമുട്ടിയ അഞ്ജലി ജീവിത പങ്കാളി ആയി മാറിയതോടെ ജീവിതത്തിന്റെ തന്നെ ലുക്ക് മാറ്റിയെടുത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. മികച്ച ഡാൻസ് പരിശീലക കൂടിയാണ് അഞ്ജലി. ഒന്നര വയസുകാരി എലനോർ കൂടി ചേർന്നതാണ് എബിന്റെ കൊച്ചു കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP