Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും രാത്രിയിൽ തീർത്ഥാടകർ വനത്തിൽ വഴിതെറ്റിപ്പോകാനുള്ള സാധ്യതയും; ശബരിമല തീർത്ഥാടനം: പരമ്പരാഗത കാനന പാത ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി; വൈകിട്ട് മൂന്നു മുതൽ പാതയിലൂടെ തീർത്ഥാടകരെ കടത്തി വിടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ; പി.ബി.നൂഹിന്റെ പ്രഖ്യാപനം 16 കിലോമീറ്റർ കാനനപാത കാൽനടയായി സഞ്ചരിച്ച ശേഷം

വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും രാത്രിയിൽ തീർത്ഥാടകർ വനത്തിൽ വഴിതെറ്റിപ്പോകാനുള്ള സാധ്യതയും; ശബരിമല തീർത്ഥാടനം: പരമ്പരാഗത കാനന പാത ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി; വൈകിട്ട് മൂന്നു മുതൽ പാതയിലൂടെ തീർത്ഥാടകരെ കടത്തി വിടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ; പി.ബി.നൂഹിന്റെ പ്രഖ്യാപനം 16 കിലോമീറ്റർ കാനനപാത കാൽനടയായി സഞ്ചരിച്ച ശേഷം

ശ്രീലാൽ വാസുദേവൻ

പമ്പ: പരമ്പരാഗത കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകുന്നവർക്ക് പത്തനംതിട്ട ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് മൂന്നു മുതൽ ഈ പാത ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടർ പിബി നൂഹ് ഉത്തരവിട്ടു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ദുർഘടമായ പരമ്പരാഗത കാനന പാതയിലെ സ്ഥിതിയും സൗകര്യങ്ങളും നേരിട്ടു വിലയിരുത്താൻ ജില്ലാ കലക്ടർ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ശബരിമല വനാന്തരത്തിലൂടെ സഞ്ചരിച്ചു. വന്യമൃഗങ്ങൾ നിറഞ്ഞ ഉൾവനത്തിലൂടെ കടന്നു പോകുന്ന പരമ്പരാഗത തീർത്ഥാടന പാതയായ പമ്പ ചെറിയാനവട്ടം മുക്കുഴി വരെയുള്ള പതിനാറ് കിലോമീറ്റർ ഭാഗം കാൽനടയായി ആയിരുന്നു ജില്ലാ കലക്ടറുടെയും സംഘത്തിന്റെയും സന്ദർശനം.

ശബരിമല തീർത്ഥാടകരെ ഏറെ ആകർഷിക്കുന്ന പരമ്പരാഗത കാനന പാതകളിൽ ഒന്നാണ് പമ്പചെറിയാനവട്ടം മുക്കുഴിഅഴുത പാത. ശബരിമല നടതുറക്കുന്നതോടെ എരുമേലിയിൽ നിന്ന് പേട്ടതുള്ളിയെത്തുന്ന തീർത്ഥാടകർ അഴുത, കല്ലിടാംകുന്ന് മുക്കുഴി, വെള്ളാറഞ്ചെറ്റ, മഞ്ഞപ്പടിത്തട്ട്, വള്ളിത്തോട്, പുതുശേരി, കരിമല വഴി പത്തൊൻപത് കിലോമീറ്റർ നടന്നാണ് പമ്പയിൽ എത്തുന്നത്. വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയും രാത്രിയിൽ തീർത്ഥാടകർ വനത്തിൽ വഴിതെറ്റിപ്പോകാനുള്ള സാധ്യതയും കണക്കിലെടുത്ത് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ പരമ്പരാഗത കാനനപാതയിലൂടെ തീർത്ഥാടകരെ കടത്തിവിടില്ലെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

വൈകിട്ട് മൂന്നിനു ശേഷം അഴുതയിൽ നിന്ന് യാത്ര തിരിക്കുന്ന തീർത്ഥാടകർ പമ്പയിൽ എത്തുമ്പോഴേക്കും രാത്രി 12 മണി കഴിയും. കഴിഞ്ഞ വർഷം, രാത്രി ആറിനു ശേഷം തീർത്ഥാടകർക്കു നേരേ ആനയുടെയും ഇഴ ജന്തുക്കളുടെയും ആക്രമണം പല തവണ സംഭവിച്ചിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്, തീർത്ഥാടകരുടെ സുരക്ഷിത്വത്തിന് ഭീഷണി ഉള്ളതിനാൽ, വൈകുന്നേരം മൂന്നിനു ശേഷം കാനനപാതയിലൂടെ കടത്തി വിടുന്നത് അപകടകരമാണെന്ന് വിലയിരുത്തിയാണ് തീരുമാനം.

പരമ്പരാഗത തീർത്ഥാടന പാതയായ ചെറിയാനവട്ടം മുതൽ മുക്കുഴി വരെയുള്ള പതിനാറ് കിലോമീറ്റർ ഭാഗം കാൽനടയായി സന്ദർശനം നടത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനനപാതയിലെ രാത്രിയാത്ര അപകടം നിറഞ്ഞതും, സുരക്ഷിതമല്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആനയുടെ ആക്രമണം, ഇഴജന്തുക്കളുടെ ശല്യം എന്നിവ ഉണ്ടാകുന്ന സാഹചര്യങ്ങൾ, അവ ഒഴിവാക്കാനുള്ള മാർഗങ്ങൾ, തീർത്ഥാടകർക്കായി സ്ഥാപിച്ച എമർജൻസി മെഡിക്കൽ സെന്ററിന്റെ പ്രവർത്തനം, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ ജില്ലാ കളക്ടറും സംഘവും പരിശോധിച്ചു.

കാനനപാതയിലൂടെ കടന്നു വരുന്ന തീർത്ഥാടകരുടെ എണ്ണം രേഖപ്പെടുത്തും. തീർത്ഥാടകർക്ക് വേണ്ട മറ്റു സൗകര്യങ്ങൾ ഒരുക്കും. വഴിയിൽ മരണപ്പെടുന്ന തീർത്ഥാടകരുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകുന്നതിനുള്ള ഫ്രീസർ ഉള്ള ആംബുലൻസ് സൗകര്യം, ആശുപത്രിയിലേക്ക് കൂടെ പോകുന്നവർക്ക് വഴിച്ചെലവിനുള്ള സാമ്പത്തിക സഹായത്തിന് അനുമതി എന്നിവയ്ക്കായി സർക്കാറിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

നിലവിൽ കാനനപാതയിൽ നാല് എമർജൻസി മെഡിക്കൽ സെന്ററുകളാണുള്ളത്. മൂന്നെണ്ണം വനം വകുപ്പിന്റെ നേതൃത്വത്തിലും ഒരെണ്ണം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുമാണ് പ്രവർത്തിക്കുന്നത്. ഹൃദയാഘാതം, പാമ്പ് കൊത്തൽ, ആനയുടെ ആക്രമണം, വന്യമൃഗങ്ങളുടെ ആക്രമണം, മറ്റ് അപകടങ്ങൾ ഉൾപ്പെടെ ഇരയാകുന്നവർക്ക് അടിയന്തിര വൈദ്യസഹായം നൽകുന്നതിനാണ് എമർജൻസി മെഡിക്കൽ സെന്ററുകൾ പ്രവർത്തിക്കുന്നത്. കരിമല, മഞ്ഞപ്പടിത്തട്ട്, പുതുശേരി, കല്ലിടാംകുന്ന് എന്നിവിടങ്ങളിലാണ് ഈ പാതയിലെ എമർജൻസി മെഡിക്കൽ സെന്ററുകൾ പ്രവർത്തിക്കുന്നത്.

എമർജൻസി മെഡിക്കൽ സെന്ററുകളുടെ എണ്ണം വർധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ല. മണ്ഡലകാലം തുടങ്ങിയതിനു ശേഷം അവശ്യമെങ്കിൽ എണ്ണം വർധിപ്പിക്കുമെന്നും കളക്ടർ പറഞ്ഞു. ശബരിമല എഡിഎം എൻഎസ്‌കെ ഉമേഷ്, തിരുവല്ല സബ് കലക്ടർ ഡോ.വിനയ് ഗോയൽ, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ കെ.ആർ അനൂപ്, പെരിയാർ ടൈഗർ റിസർവ് (വെസ്റ്റ് ) ഡെപ്യൂട്ടി ഡയറക്ടർ സി.കെ ഹാബി, റെയ്ഞ്ച് ഓഫീസർ എൻകെ അജയ് ഘോഷ്, ഡെപ്യൂട്ടി റെയ്ഞ്ചർ അനിൽ ചക്രവർത്തി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP