Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ

സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ

എം മനോജ് കുമാർ

കൊല്ലം: ചെന്നൈ ഐ.ഐ.ടി. വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യയ്ക്ക് കാരണമായി ഫാത്തിമ ആത്മഹത്യാ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്ന ചെന്നൈ ഐഐടി അദ്ധ്യാപകൻ സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യാൻ തമിഴ്‌നാട് സർക്കാരിനു മുന്നിൽ കേരളത്തിന്റെ ആവശ്യം. ഈ ആവശ്യം മുൻ നിർത്തിയുള്ള കത്ത് തമിഴ്‌നാട് സർക്കാരിനു കൈമാറിയിട്ടുണ്ട്. കേസ് ഗൗരവമായി എടുക്കണമെന്നും ചെന്നൈ പൊലീസിന്റെ അലംഭാവം അവസാനിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന സൂചന. അതേസമയം സുദർശൻ പത്മനാഭൻ മിസോറാമിലേക്ക് കടന്നതായി സൂചനയുമുണ്ട്. തങ്ങളുടെ സ്വപ്നവും പ്രതീക്ഷയുമായി നിലകൊണ്ട ഫാത്തിമയുടെ ആത്മഹത്യയ്ക്ക് പിന്നിലെ പ്രധാന പ്രതിയായി കുടുംബം ചൂണ്ടിക്കാട്ടുന്ന സുദർശൻ പത്മനാഭനെ അഴിക്കുള്ളിലാക്കാൻ ഏതറ്റം വരെയും പോകാനാണ് കുടുംബത്തിന്റെ തീരുമാനമെന്നു പിതാവ് അബ്ദുൾ ലത്തീഫ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഫാത്തിമയുടെ ആത്മഹത്യയ്ക്ക് ശേഷം ഐഐടിയിലുള്ളവർ എല്ലാവരും ഞങ്ങളിൽ നിന്നും അകലം പാലിക്കുകയാണ്. ഒരു ഫോൺ കോളും ഐഐടിയിൽ നിന്ന് വന്നിട്ടില്ല. അവളുടെ മൃതദേഹത്തിനു അനുയാത്ര ചെയ്യാൻ ഐഐടിയിലെ അദ്ധ്യാപകരോ വിദ്യാർത്ഥികളോ സന്നദ്ധരായതുമില്ല. എല്ലാവരും നിശബ്ദരാണ്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഫാത്തിമ കാണപ്പെടുമ്പോൾ മുട്ടുകാലിൽ നിൽക്കുകയാണ് എന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. ഈ തൂങ്ങിമരണത്തിൽ തന്നെ ദുരൂഹതയുണ്ട്. മാനസിക പീഡനം മാത്രമല്ല ഫാത്തിമയുടെ ആത്മഹത്യയ്ക്ക് പിന്നിൽ. അത് ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. സുദർശൻ പത്മനാഭൻ മാത്രമല്ല മറ്റുള്ളവരുമുണ്ട്. അവൾ ആത്മഹത്യ ചെയ്യുംമുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നു. ആ ആത്മഹത്യാകുറിപ്പ് എന്റെ കയ്യിലുണ്ട്. ആത്മഹത്യാ കുറിപ്പിൽ അവൾ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ചെന്നൈ പൊലീസ് അന്വേഷിക്കട്ടെ. ഇവിടെ നിയമ സംവിധാനങ്ങളും മറ്റു വഴികളുമുണ്ട്. എല്ലാം വഴികളിലും സഞ്ചരിച്ച് ഫാത്തിമയുടെ ആത്മഹത്യാകുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കും. ഒരാളും രക്ഷപ്പെടില്ല. ഒരാളെയും രക്ഷപ്പെടുത്തുകയുമില്ല. പരാതി എത്തിക്കാൻ കഴിയുന്ന എല്ലാ ഇടങ്ങളിലും ഞങ്ങൾ പരാതി എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. എന്റെ മകളെ കൊന്നവന് ശിക്ഷ വാങ്ങിക്കൊടുത്ത ശേഷം മാത്രമേ ജീവിതം അവസാനിപ്പിക്കാൻ ഞങ്ങൾക്ക് ഉദ്ദേശ്യമുള്ളു.

മാനസിക പീഡനം മാത്രമല്ല എന്തൊക്കെ പീഡനങ്ങൾ ഫാത്തിമയ്ക്ക് അനുഭവിക്കേണ്ടി വന്നു എന്ന കാര്യത്തിൽ ഞങ്ങൾക്ക് ചില അനുമാനങ്ങളുണ്ട്. അത് അന്വേഷണത്തിൽ തെളിയേണ്ട കാര്യമാണ്. മാനസിക പീഡനം മാത്രമല്ല അവൾക്ക് നേരിടേണ്ടി വന്നത്. അതിന്റെ സൂചനകൾ അവൾ തന്നെ ആത്മഹത്യാ കുറിപ്പിൽ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു പാട് കാര്യങ്ങൾ ഞങ്ങളുടെ കയ്യിലുണ്ട്. അതെല്ലാം ചെന്നൈ പൊലീസിന് ഞങ്ങൾ കൈമാറും. ആത്മഹത്യയുടെ കാരണങ്ങൾ അന്വേഷണത്തിൽ തെളിയട്ടെ. ഇതിനായുള്ള നിയമപോരാട്ടത്തിനും ഞങ്ങൾ തുടക്കമിടുകയുമാണ്. മിടുക്കിയും ബ്രില്ല്യന്റ്മായിരുന്നു മകൾ. ഐഐടി നടത്തുന്ന ക്വിസ് കോമ്പിറ്റീഷനിൽ അവൾക്ക് മൂന്നാം റാങ്കാണ് ലഭിച്ചത്. വിദേശികൾ ആണ് കോംപയർ ചെയ്യുന്നത്. ചെന്നൈ ഐഐടി നടത്തിയ സെമിനാറുകളിലും അവൾ നേടിയത് ഒന്നാം സ്ഥാനം തന്നെയാണ്.

അവളുടെ പേര് ഫാത്തിമാ ലത്തീഫ് ആയതിൽ ആർക്കെങ്കിലും അമർഷമുണ്ടോ എന്ന കാര്യം വരെ പരിശോധിക്കേണ്ടി വരും. കൊല്ലം കൃസ്തുരാജ് സ്‌കൂളിലാണ് മകൾ പ്ലസ് ടു കഴിഞ്ഞത്. അതിനു ശേഷം ഐഐടി എന്ട്രൻസ് എഴുതുകയായിരുന്നു. ഓൾ ഇന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് ഹ്യുമാനിറ്റീസ് തിരഞ്ഞെടുത്ത് കഴിഞ്ഞ അക്കാദമിക് ഇയറിൽ ചെന്നൈ ഐഐടിയിൽ ജോയിൻ ചെയ്തത്. എട്ടാം ക്ലാസ് മുതൽ ഐഐടി ഫാത്തിമയുടെ സ്വപ്നമായിരുന്നു. അങ്ങിനെയാണ് സ്വപ്നസാഫല്യമായി അഞ്ചു മാസങ്ങൾക്ക് മുൻപ് അവൾ ഐഐടിയിൽ ജോയിൻ ചെയ്തത്. ലോജിക്ക് പരീക്ഷയിൽ ഫാത്തിമയുടെ മാർക്ക് മനഃപൂർവം കുറച്ചിരുന്നു. ലഭിച്ചത് പതിമൂന്നു മാർക്കാണ്. അതിലും ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാമത് വന്ന കുട്ടിക്ക് പതിനൊന്നു മാർക്കാണ് ലഭിച്ചത്. ഇരുപതിൽ ആണ് മാർക്ക്. ഫാത്തിമയ്ക്ക് അഞ്ചു മാർക്ക് കൂടി ലഭിക്കേണ്ടതുണ്ടായിരുന്നു. ഉത്തരങ്ങൾ എഴുതിയത് പ്രകാരം അവൾക്ക് പതിനെട്ടു മാർക്ക് ലഭിക്കേണ്ടതുണ്ടായിരുന്നു. അദ്ധ്യാപകൻ മാർക്ക് മനഃപൂർവം കുറയ്ക്കുകയായിരുന്നു. ഇത് അന്വേഷിക്കേണ്ട വിഷയമാണ്-അബ്ദുൽലത്തീഫ് പറയുന്നു.

എന്റെ മരണത്തിനു പിന്നിൽ സുദർശൻ പത്മനാഭനാണ് എന്നാണ് ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പിൽ ഉള്ളതെന്നാണ് ലഭിക്കുന്ന വിവരം. ദയവായി സാംസംഗ് നോട്ടുകൾ പരിശോധിക്കുക. ഈ വിവരമാണ് ഫാത്തിമയുടെ ആത്മഹത്യ അറിഞ്ഞു ചെന്നൈയിൽ പോയ ബന്ധുക്കൾ അടങ്ങിയ സംഘത്തിൽ നിന്ന് ലഭിക്കുന്നത്. ഇവർ മറുനാടനോട് പങ്ക് വെച്ച വിവരങ്ങൾ ഇങ്ങനെ: മാനസിക പീഡനം മാത്രമല്ല അതിനു ആധാരമായി ശാരീരിക പീഡനശ്രമങ്ങൾ കൂടിയുണ്ട് മരണത്തിനു പിന്നിൽ. എട്ടരയ്ക്ക് ഹോസ്റ്റൽ ക്യാന്റീൻ വിടുന്ന ഫാത്തിമ ആ ദിവസം രാത്രി ഒൻപതരയ്ക്കും ക്യാന്റീൻ വിട്ടില്ല. അവിടിരുന്നു കരഞ്ഞു. പതിനെട്ടു മാർക്ക് ലഭിക്കേണ്ട വിഷയത്തിൽ പരീക്ഷയിൽ പതിമൂന്നു മാർക്ക് മാത്രമാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാർക്ക് കൂടി ലഭിക്കാനുണ്ട് എന്ന് അദ്ധ്യാപകനോട് പറഞ്ഞപ്പോൾ ഇങ്ങ് വന്നാൽ മതി അഞ്ച് മാർക്ക് കൂടി നൽകാം എന്നാണ് അദ്ധ്യാപകൻ പറഞ്ഞത്. അഞ്ച് മാർക്കിന്റെ പ്രശ്‌നം പരിഹരിക്കപ്പെടാം എന്നാണ് പറഞ്ഞത്. അപ്പോൾ അദ്ധ്യാപകന് അറിയാം. അഞ്ചു മാർക്ക് കൂടി ഫാത്തിമയ്ക്ക് ലഭിക്കാനുണ്ട് എന്ന്. ഒരു മെയിൽ ചെയ്തിരുന്നു. ആ മെയിലിനു റിപ്ലെ ആയിട്ടാണ് മാർക്കു നൽകാം എന്ന് അദ്ധ്യാപകൻ പറഞ്ഞത്.

ഈ അദ്ധ്യാപകൻ ഉൾപ്പെടെയുള്ള അദ്ധ്യാപകർ എല്ലാം ക്യാമ്പസിൽ തന്നെ താമസിക്കുന്നു എന്നാണു പറഞ്ഞത്. ഫാത്തിമയ്ക്ക് മാർക്ക് കൂട്ടി ലഭിച്ചുമില്ല. അപ്പോഴേക്കും അവളുടെ മരണവും കഴിഞ്ഞു. ലോജിക്ക് ഉത്തരഷീറ്റ് വാങ്ങിക്കാൻ ഫാത്തിമ പോയില്ല. സുഹൃത്തിനെ അയക്കുകയാണ് ചെയ്തത്. അപ്പോൾ ഫാത്തിമ അദ്ധ്യാപകനെ ഭയക്കുന്നുണ്ട് എന്നാണ് ഇതിൽ നിന്നും തെളിയുന്നത്. ഈ പേപ്പർ വലിയ തെളിവാണ്. എന്തുകൊണ്ട് ഫാത്തിമയ്ക്ക് മാർക്ക് നൽകിയില്ല എന്ന് അദ്ധ്യാപകൻ വെളിപ്പെടുത്തേണ്ടി വരും. ഒൻപതരയ്ക്ക് ഫാത്തിമയെ ക്യാന്ടീനിൽ നിന്നും ആശ്വസിപ്പിച്ച സ്ത്രീയുണ്ട്. അവർക്ക് ഫാത്തിമ എന്തിനുവേണ്ടി കരയുന്നു എന്ന് അറിയാം. പൊലീസ് അവരിൽ നിന്നും വിവരങ്ങൾ തിരക്കട്ടെ. ശങ്കർ മഹാദേവന്റെ സംഗീത പരിപാടിയുണ്ട്. അത് കാണണം എന്ന് ഫാത്തിമ പിതാവിനോടു പറഞ്ഞിട്ടുണ്ട്. പിന്നെ ക്യാന്റീനിൽ നിന്ന് ഫാത്തിമ കരയുന്നു. ആത്മഹത്യ ചെയ്യുന്നു. എല്ലാം പരിഗണിക്കേണ്ടതുണ്ട്. കട്ടിയില്ലാത്ത ഒരു കയറിൽ ആണ് ഫാത്തിമ തൂങ്ങിയത് എന്നാണ് പറഞ്ഞത്. കാലുകൾ തറയിൽ കുത്തി നിന്നിരുന്നു എന്നും പറഞ്ഞു. ചെറിയ റൂമിൽ നിന്നാണ് ആത്മഹത്യ നടന്നത്. കട്ടിലിന്റെ മുകളിൽ കയറി കുരുക്കിട്ട് താഴേക്ക് ചാടി എന്നാണ് ഞങ്ങൾ അവിടെ നിന്നും അറിഞ്ഞത്. മാർക്ക് കുറച്ച അദ്ധ്യാപകന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് കുട്ടി മരിച്ചത് എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്-ഇവർ പറയുന്നു.

ഫാത്തിമ ലതീഫ് പഠിച്ചിരുന്ന വിദ്യാലയത്തിൽ ജോലി ചെയ്തിരുന്ന എം.ഫൈസൽ എഫ് ബിയിൽ എഴുതിയ കുറിപ്പിൽ ചില ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. അദ്ധ്യാപകന്റെ വർഗ്ഗീയ പക കാരണം ഫാത്തിമ അത്മഹത്യ ചെയ്തുവെന്ന സൂചനയാണ് ഈ പോസ്റ്റിലുള്ളത്. ഫാത്തിമയുടെ പോസ്റ്റ്മോർട്ടം നടപടികളുമായി ബന്ധപ്പെട്ട് ചെന്നൈ കോട്ടൂർപുരം പൊലീസ് സ്റ്റേഷനിലെത്തിയ ഇരട്ടസഹോദരി ഐഷ ലത്തീഫും കുടുംബസുഹൃത്തായ ഷൈൻദേവും സുഹൃത്തുക്കളുടെ ഫോൺനമ്പറുകൾക്കായി ഫാത്തിമയുടെ ഫോൺ വേണമെന്ന് ആവശ്യപ്പെടുകയും പൊലീസ് ഫോൺനൽകുകയും ചെയ്തു. ഫോൺ പരിശോധിച്ചപ്പോഴാണ് ഐഷ ഈ സന്ദേശം കണ്ടത്. ഒപ്പം ഫോണിലെ നോട്ടുകൾ പരിശോധിക്കണമെന്നും എഴുതിയിരുന്നു.

തുടർന്ന് അത് സ്‌ക്രീൻഷോട്ട് എടുത്തുസൂക്ഷിച്ചു. മുഖ്യമന്ത്രിക്ക് പരാതിനൽകി. ഇപ്പോൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിക്ക് പുറമേ ഇപ്പോൾ പ്രധാനമന്ത്രിവരെയുള്ളവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. ഫാത്തിമയുടെ കേസ് ഗൗരവമായി കാണണമെന്ന തമിഴ്‌നാട് സര്ക്കാരിനോടുള്ള കേരള സർക്കാരിന്റെ ആവശ്യത്തിലാണ് കുടുംബം ഇപ്പോൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP