Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലിക്ക് കയറിയ നാൾ മുതൽ കടുത്ത മാനസിക പീഡനം; ഏഴുമാസമായി നിത്യചെലവിനുള്ള പണം പോലും ശമ്പളമായി കൊടുക്കില്ല; ഒരാഴ്ചയായി ഭക്ഷണമോ താമസ സൗകര്യമോ ഇല്ലാതെ ജീവൻ അപകടത്തിൽ; പാസ്‌പോർട്ട് പിടിച്ചുവച്ചതുകൊണ്ട് പുതിയ ജോലി കണ്ടെത്താനോ നാട്ടിലേക്ക് മടങ്ങാനോ കഴിയുന്നില്ല; ഷാർജയിൽ കരാർ കമ്പനിയിൽ തൊഴിൽ ഉടമയുടെ പീഡനം സഹിക്കവയ്യാതെ എൻആർഐ സെല്ലിനെ ശരണം പ്രാപിച്ച് മലയാളിയുവാക്കൾ

ജോലിക്ക് കയറിയ നാൾ മുതൽ കടുത്ത മാനസിക പീഡനം; ഏഴുമാസമായി നിത്യചെലവിനുള്ള പണം പോലും ശമ്പളമായി കൊടുക്കില്ല; ഒരാഴ്ചയായി ഭക്ഷണമോ താമസ സൗകര്യമോ ഇല്ലാതെ ജീവൻ അപകടത്തിൽ; പാസ്‌പോർട്ട് പിടിച്ചുവച്ചതുകൊണ്ട് പുതിയ ജോലി കണ്ടെത്താനോ നാട്ടിലേക്ക് മടങ്ങാനോ കഴിയുന്നില്ല; ഷാർജയിൽ കരാർ കമ്പനിയിൽ തൊഴിൽ ഉടമയുടെ പീഡനം സഹിക്കവയ്യാതെ എൻആർഐ സെല്ലിനെ ശരണം പ്രാപിച്ച് മലയാളിയുവാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: കെട്ടിയിട്ടും ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചും തിളച്ചെണ്ണയിൽ കൈമുക്കിച്ചും യാതൊരു കരുണയുമില്ലാതെ യുവതിയെ റിയാദിൽ തൊഴിലുടമ പീഡിപ്പിക്കുന്നതിന്റെ വിവരണം കേട്ട് മലയാളികൾ ഞെട്ടിയത് കഴിഞ്ഞ ദിവസമാണ്. പുറംലോകം പോലും കാണാനാവാതെ ഒരു മുറിയിൽ പൂട്ടിയിടപ്പെട്ട യുവതി ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്‌ബുക്ക് ലൈവിലെത്തിയതോടെയാണ് കൊടും പീഡനത്തിന്റെ വിവരങ്ങൾ പുറം ലോകം അറിയുന്നത്. 15 ദിവസമായി ഭക്ഷണം പോലും നൽകാതെയാണ്് യുവതിയെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നത്. ഇനിയും പീഡനം തുടർന്നാൽ താൻ മരിച്ചു പോകുമെന്നും യുവതി പറയുന്നു. യജമാനൻ അറിയാതെ രഹസ്യമായി ലൈവിലെത്തിയാണ് യുവതി തന്റെ ദുരനുഭവം പുറം ലോകത്തെ അറിയിച്ചത്. ഇപ്പോൾ ഷാർജയിൽ നിന്നും മറ്റൊരു തൊഴിൽ പീഡനത്തിന്റെ വിവരം കൂടി പുറംലോകത്ത് വന്നിരിക്കുകയാണ്. നാട്ടിൽ നിന്നും കടം വാങ്ങിയും മറ്റും ഷാർജയിലേക്ക് ജോലി തേടി വിമാനം കയറിയ മലയാളി യുവാക്കളാണ് കടുത്ത തൊഴിൽ പീഡനം അനുഭവിക്കുന്നത്. ആലപ്പുഴ സ്വദേശി സനീഷ് സുന്ദരേശൻ, എറണാകുളം സ്വദേശി ഷാരോൺ ജോസഫ്, തിരുവനന്തപുരം സ്വദേശി അഖിൽ ബാലകൃഷ്ണൻ എന്നിവരടക്കമുള്ള മലയാളി യുവാക്കളാണ് നാട്ടിലേക്ക് വരാൻ പോലുമാകാതെ അവിടെ കുടുങ്ങിക്കിടക്കുന്നത്.

തിരുവനന്തപുരം തുമ്പ പള്ളിത്തുറ പുതുവൽ പുരയിടം വീട്ടിൽ അലൻ ജോബി എന്നയാൾ പണം വാങ്ങി വിസ തന്ന് ജോലിക്കായി AWAL AL WAQT എന്ന കോൺട്രാക്ടിങ്ങ് കമ്പനിയിൽഒരു വർഷം മുൻപ് ജോലിക്കായി ഇവർ എത്തിയത്. ജോലിക്കു കയറിയ നാൾ മുതൽ കഠിനമായ ജോലിയാണ്. ഉറങ്ങാൻ പോലും സമ്മതിക്കില്ല. പോരാത്തതിന് മാനസികായി പീഡനവും. കഴിഞ്ഞ ഏഴു മാസമായി നിത്യ ചെലവിനുള്ള പണം പോലും ശമ്പളമായി കൊടുത്തിട്ടില്ല. കടം വാങ്ങി ഇവിടെ വന്ന തങ്ങൾക്ക് ജീവിക്കാൻ നിർവ്വാഹമില്ലാതെ വന്ന സാഹചര്യത്തിൽ വിസ ക്യാൻസൽ ചെയ്ത് പാസ്‌പോർട്ട് തിരികെ നൽകാൻ അലൻ ജോബിയോട് ആവശ്യപ്പെട്ടെങ്കിലും അയാൾ അറിഞ്ഞ ഭാവം നടിക്കുന്നില്ല. യാവാക്കളുടെ പാസ്‌പോർട്ട് ഇയാൾ അനധികൃതമായി കൈവശം വെച്ചിരിക്കുകയുമാണ് .

ഷാർജ കോടതിയെ സമീപിച്ച് പാസ്‌പോർട്ട് തിരികെ ലഭിക്കാൻ പരാതി നൽകിയതോടെ, കോടതി ജോലി ഉടമ്പടി റദ്ദുചെയ്ത് പാസ്‌പോർട്ട് തിരികെ നൽകി മടക്കി അയക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, സമൻസ് കൈപറ്റാതെ അലൻ ജോബി അതിനും തയ്യാറാവുന്നില്ല.യുവാക്കൾക്ക്  മേൽക്കോടതിയിൽ അപ്പീൽ പോകാൻ കൈയിൽ പണവുമില്ല. കഴിഞ്ഞ ആഴ്ച ഇവർ താമസിച്ചിരുന്ന കമ്പനി ഉടമസ്ഥതയിലുള്ള താമസ സ്ഥലത്തു നിന്ന് പുറത്താക്കി. ഇതിന് പുറമേ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു .

വിസാ റദ്ദുചെയ്യാത്തതിനാലും പാസ്‌പോർട്ട് കൈയിൽ ഇല്ലാത്തതിനാലും മറ്റൊരു ജോലി കണ്ടെത്താനോ സ്വദേശത്തേയ്ക്ക് മടങ്ങാനോ യുവാക്കൾക്ക് ൃകഴിയുന്നില്ല. ഇതിനൊപ്പം ഒരാഴ്ചയായി ഭക്ഷണമോ താമസ സൗകര്യമോ ഇല്ലാതെ വലിയ കഷ്ടതകളാണ് അനുഭവിക്കുന്നത്. മാനസിക ക്ലേശം വേറെയും. രണ്ടാഴ്ചയായി ഭഷണമോ വെള്ളമോ, താമസ സൗകര്യമോ ഇല്ലാത്ത തങ്ങളുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സാഹചര്യവും ഉണ്ടെന്ന് കേരള പൊലീസിന്റെ എൻആർഐ സെൽ ഡയറക്ടർക്ക് അയച്ച കത്തിൽ പരാതിപ്പെടുന്നു. തങ്ങളുടെ പാസ്‌പോർട്ട് തിരികെ വാങ്ങി നൽകി സ്വദേശത്തേയ്ക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കിത്തരണമെന്നാണ് ഇവരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP