Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയോധ്യ കേസ്: ചരിത്രവിധി അല്ല വിചിത്ര വിധി; മുഴങ്ങിയത് മതേതര സംവിധാനത്തിന്റെ മരണമണി; പ്രതിഷേധം വ്യാപകമാക്കുമെന്നും എസ്.ഡി.പി.ഐ; വിധി അന്യായവും അസ്വീകാര്യവും; യഥാർത്ഥ ഉടമകളുടെ അവകാശങ്ങൾ പൂർണ്ണമായി നിരാകരിച്ച് ഭൂമി കയ്യേറ്റക്കാർക്കും നിയമ ലംഘകർക്കും നൽകിയെന്ന് പോപ്പുലർഫ്രണ്ടും

അയോധ്യ കേസ്: ചരിത്രവിധി അല്ല വിചിത്ര വിധി; മുഴങ്ങിയത് മതേതര സംവിധാനത്തിന്റെ മരണമണി; പ്രതിഷേധം വ്യാപകമാക്കുമെന്നും എസ്.ഡി.പി.ഐ; വിധി അന്യായവും അസ്വീകാര്യവും; യഥാർത്ഥ ഉടമകളുടെ അവകാശങ്ങൾ പൂർണ്ണമായി നിരാകരിച്ച് ഭൂമി കയ്യേറ്റക്കാർക്കും നിയമ ലംഘകർക്കും നൽകിയെന്ന് പോപ്പുലർഫ്രണ്ടും

ജംഷാദ് മലപ്പുറം

കോഴിക്കോട്: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ എസ്.ഡി.പി.ഐയും പോപ്പുലർഫ്രണ്ടും രംഗത്ത്. കേസ് 'ചരിത്രവിധിയല്ലെന്നും വിചിത്ര വിധിയാണെന്നും പ്രതിഷേധം വ്യാപകമാക്കുമെന്നും എസ്.ഡി.പി.ഐ നേതാക്കൾ പറയുമ്പോൾ വിധി അന്യായവും അതിനാൽ അസ്വീകാര്യവുമാണെന്നും പോപ്പുലർഫ്രണ്ടും നയം വ്യക്തമാക്കി. ബാബരി ഭൂമിയുടെ കാര്യത്തിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് എസ്.ഡി.പി.ഐ നേതാക്കൾ കോഴിക്കോട് പത്രസമ്മേളനത്തിൽ പറഞ്ഞു. വസ്തുതകളെ പൂർണ്ണമായി അവഗണിച്ച വിചിത്ര വിധിയാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. 1528 മുതൽ ആരാധന നടക്കുന്ന പള്ളി കയ്യേറി വിഗ്രഹം സ്ഥാപിച്ചതും, നിയമത്തെ കാറ്റിൽ പറത്തി തകർത്ത് കളഞ്ഞതും തെറ്റാണെന്ന് പ്രഖ്യാപിക്കുന്ന കോടതി പതിനാറാം നൂറ്റാണ്ടിന് മുമ്പുള്ള ഐതിഹ്യങ്ങളെയും ഏതാനും ചില നിഗമനങ്ങളെയും മുൻനിർത്തി തർക്കഭൂമി ഒരു പക്ഷത്തിന് മാത്രം വിധിച്ചത് മതേതരത്വത്തിനും, നീതിന്യായ വ്യവസ്ഥതയിലുള്ള വിശ്വാസത്തിനും മുറിവേൽപ്പിച്ചിരിക്കുകയാണ്.

മതേതര സംവിധാനത്തിന്റെ മരണമണിയാണ് ഇവിടെ മുഴങ്ങിയിരിക്കുന്നത്. ഇതോടെ ഏകസിവിൽകോഡിന് വേണ്ടിയുള്ള നീക്കം സംഘ്പരിവാർ ശക്തിപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. ക്ഷേത്ര നിർമ്മാണത്തിന് ട്രസ്റ്റ് രൂപീകരിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സർക്കാരിനോട് കോടതി നിർദ്ദേശിക്കുന്നതിലെ ഭരണഘടനാ സാധുത പോലും ചില നിയമജ്ഞർ ചോദ്യം ചെയ്തു കഴിഞ്ഞു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ സംവിധാനങ്ങൾ പക്ഷം ചേരാതിരിക്കുകയാണ് മതേതരത്വം.
സുപ്രീം കോടതിയുടെ നിർദ്ദേശം ലംഘിച്ച് കൊണ്ട് മസ്ജിദ് തകർത്തത് തെറ്റാണെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാകുന്നു. ഈ നിയമ ലംഘനത്തിന് നേതൃത്വം നൽകിയവരും തർക്ക സ്ഥലത്ത് തന്നെ ക്ഷേത്രം പണിയുമെന്ന് ഒരു കോടതി വിധിക്കും കാത്ത് നിൽക്കാതെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ചവരും കേന്ദ്രത്തിലും, ഉത്തർപ്രദേശിലും ഭരണകർത്താക്കളായ സാഹചര്യത്തിലുണ്ടായ വിധി കൂടുതൽ ദുരൂഹമാകുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ചവർ വിഢ്ഢികളാക്കപ്പെടുകയും നിയമത്തെ വെല്ലുവിളിച്ച് കൊണ്ടിരുന്നവർ തെളിവിന്റെ പിൻബലമില്ലാതെ അനുകൂല വിധി സമ്പാദിക്കുകയും ചെയ്യുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്.

ഇതിനെതിരെ ജനകീയ പ്രതിഷേധത്തിന് എസ്.ഡി.പി.ഐ നേതൃത്വം നൽകും. അതിന്റെ ഭാഗമായി നവംബർ 21,22,23 തിയ്യതികളിൽ രാഷ്ട്രപതിക്ക് പ്രതിഷേധ കത്തുകളയക്കും. 'ചരിത്ര വിധിയല്ല, വിചിത്ര വിധി''എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന തെരുവ് സംവാദങ്ങൾക്ക് ഡിസംബർ മൂന്നിന് എറണാകുളത്ത് തുടക്കം കുറിക്കും. തുടർപരിപാടികൾക്ക് രൂപം നൽകുന്നതിന് ന്യൂനപക്ഷ, പിന്നാക്ക സംഘടനകളുമായും നേതാക്കളുമായും ആശയവിനിമയം നടത്തുമെന്നും നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പി.അബ്ദുൽ മജീദ് ഫൈസി (സംസ്ഥാന പ്രസിഡന്റ്), . പി അബ്ദുൽ ഹമീദ് (സംസ്ഥാന ജനറൽ സെക്രട്ടറി), മുസ്തഫ കാമ്മേരി(സംസ്ഥാന സെക്രട്ടറി) പങ്കെടുത്തു.

സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അന്യായവും അതിനാൽ അസ്വീകാര്യവുമാണെന്ന് പോപ്പുലർഫ്രണ്ട് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതാനുഷ്ടാനത്തിന് ന്യൂനപക്ഷങ്ങൾക്ക് നൽകപ്പെട്ട സ്വാതന്ത്ര്യത്തിന് എതിരാണ് ഈ വിധി. എല്ലാവിധ ജനാധിപത്യ തത്വങ്ങൾക്കും അവകാശങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും വിരുദ്ധവുമാണിത്.

ഫലത്തിൽ യഥാർത്ഥ ഉടമകളുടെ ഉടമസ്ഥാവകാശങ്ങൾ പൂർണ്ണായി നിരാകരിച്ച് ബാബരി ഭൂമി കയ്യേറ്റക്കാർക്കും നിയമ ലംഘകർക്കും രാമക്ഷേത്രം നിർമ്മിക്കാൻ നിയമാംഗീകാരം നൽകുകയുമാണ് കോടതി ചെയ്തിരിക്കുന്നത്്. ബാബരി മസ്ജിദിനെതിരെ നടന്നുകൊണ്ടിരുന്ന സംഘടിതമായ അക്രമങ്ങൾക്കും അവസനമായി അതിന്റെ ധ്വംസനത്തിനും ലോകം സാക്ഷിയാണ്. ബാബരി മസ്ജിദ് തത്സാനത്ത് തന്നെ പുനർ നിർമ്മിക്കുമെന്ന അന്നത്തെ പ്രധാന മന്ത്രിയുടെ വാഗ്ദാനം ഇന്നും നിറവേറ്റപ്പെട്ടിട്ടില്ല. ഇത് വെറും മസ്ജിദ് - മന്ദിർ തർക്കമല്ല. രേഖകളെ അടിസ്ഥാനമാക്കുന്നതിന് പകരം ഭൂരിപക്ഷ വിശ്വാസത്തിനും മതപരമായ അവകാശവാദങ്ങൾക്കുമാണ് കോടതി പ്രാമുഖ്യം നൽകിയിരിക്കുന്നത്.

കേസിലെ യഥാർത്ഥ കക്ഷികളുടെ ആവശ്യങ്ങൾക്കുമപ്പുറമാണ് കോടതി വിധിയിലൂടെ നിറവേറ്റിയിരിക്കുന്നത്. ജുഡിഷ്യറിയുൾപ്പെടെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും തെറ്റ് പറ്റുമ്പേൾ തിരുത്തപ്പെടേണ്ടതുണ്ട്. ഈ അവസരത്തിൽ നിശബ്ദത ഭേദിച്ച് നീതിക്ക് വേണ്ടി ശബ്ദമുയർത്താൻ എല്ലാവിഭാഗം ജനങ്ങളോടും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്യുകയാണെന്നും നേതാക്കൾ പത്രസമ്മേനത്തിൽ പറഞ്ഞു. പോപുലർ ഫ്രണ്ട് വൈസ് ചെയർമാൻ ഒ.എം.എ സലാം, ദേശീയ ജനറൽ സെക്രട്ടറി എം.മുഹമ്മദലി ജിന്ന, ദേശീയ സെക്രട്ടറി അബ്ദുൽ വാഹിദ് സേട്ട്, ദേശീയ സമിതിയംഗം ഇ.എം അബ്ദു റഹിമാൻ, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP