Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുല്യ സ്വാതന്ത്ര്യം ലംഘിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന സംസ്ഥാന സർക്കാർ വാദം വിലപോയില്ല; യുവതീ പ്രവേശനം പുനപരിശോധിക്കേണ്ടതില്ലെന്ന ദേവസ്വം നിലപാടും തള്ളിക്കളഞ്ഞു; നിർണ്ണായകമായത് ആചാരങ്ങളിൽ കോടതികൾ സാധാരണ ഇടപെടാറില്ലെന്ന യഹോവാ സാക്ഷികളുടെ കേസുയർത്തി പരാശരൻ നടത്തിയ കത്തികയറൽ; 1990ൽ തുടങ്ങിയ നിയമ പോരാട്ടം ഇനിയും തുടരുമ്പോൾ പ്രതീക്ഷ ഭക്തർക്ക് മാത്രം; സുപ്രീംകോടതി അവസരമുണ്ടാക്കുന്നത് വിശാലമായ രീതിയിൽ ചർച്ചയ്ക്കും പരിശോധനയ്ക്കും

തുല്യ സ്വാതന്ത്ര്യം ലംഘിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന സംസ്ഥാന സർക്കാർ വാദം വിലപോയില്ല; യുവതീ പ്രവേശനം പുനപരിശോധിക്കേണ്ടതില്ലെന്ന ദേവസ്വം നിലപാടും തള്ളിക്കളഞ്ഞു; നിർണ്ണായകമായത് ആചാരങ്ങളിൽ കോടതികൾ സാധാരണ ഇടപെടാറില്ലെന്ന യഹോവാ സാക്ഷികളുടെ കേസുയർത്തി പരാശരൻ നടത്തിയ കത്തികയറൽ; 1990ൽ തുടങ്ങിയ നിയമ പോരാട്ടം ഇനിയും തുടരുമ്പോൾ പ്രതീക്ഷ ഭക്തർക്ക് മാത്രം; സുപ്രീംകോടതി അവസരമുണ്ടാക്കുന്നത് വിശാലമായ രീതിയിൽ ചർച്ചയ്ക്കും പരിശോധനയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശന വിധിയിൽ 1990 മുതൽ തുടങ്ങിയ നിയമ പോരാട്ടം ഇനിയും തുടരും. യുവതി പ്രവേശനത്തിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് പുറപ്പെടുവിച്ച വിധി അസാധുവാകുമ്പോൾ ഇതാണ് തുടരുക. ഇനി ഏഴംഗ ഭരണ ഘടനാ ബഞ്ചാകും കേസ് പരിഗണിക്കുക. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത് നാല് റിട്ട് ഹർജികളുൾപ്പെടേ അറുപത് ഹർജികളിൽ തുറന്നകോടതിയിൽ വാദം കേട്ട ശേഷമാണ്. ഈ പുനപരിശോധനാ ഹർജി തള്ളുകയോ കൊള്ളുകയോ ചെയ്യാതെ പുതിയ ബഞ്ചിന് വിടുകയാണ് ചീഫ് ജസ്റ്റീസ് നടത്തിയിരിക്കുന്നത്.

ശബരിമല യുവതീപ്രവേശനമടക്കം മറ്റ് മതത്തിലേതുൾപ്പെടെയുള്ള ഹർജികൾ വിശാല ബെഞ്ച് പരിഗണിക്കും. മുസ്ലിം സ്ത്രീകളുടെയുംപാഴ്‌സി സ്ത്രീകളുടെയും ആരാധനാലായങ്ങളിലേക്കുള്ള പ്രവേശനവും ബെഞ്ച് പരിഗണിക്കും. ശബരിമല പുനപരിശോധന ഹർജികളിൽ ഏകകണ്ഠമായ തീരുമാനം അല്ല സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായത്. അഞ്ചംഗ ബെഞ്ചിൽ മൂന്ന് പേർ വിശാല ബെഞ്ച് എന്ന ആവശ്യത്തിൽ ഉറച്ച് നിന്നു. ഭൂരിപക്ഷ വിധിയുടെ ഭാഗമായാണ് ഏഴംഗ വിശാല ബെഞ്ചിലേക്ക് വിടാൻ തീരുമാനിച്ചത്. അഞ്ചിൽ മൂന്ന് ജഡ്ജിമാർ വിശാല ബെഞ്ച് വേണമെന്ന നിലപാടെടുത്തപ്പോൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , റോഹിന്റൻ നരിമാൻ എന്നിവർ വിയോജന വിധിയാണ് എഴുതിയത്. ശബരിമലയിലെ യുവതീപ്രവേശനം പുനഃപരിശോധിക്കാൻ സുപ്രീംകോടതി. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തിൽ വിശാലമായ രീതിയിൽ ചർച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പ്രഖ്യാപിച്ചു. നിലവിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഈ കേസാണ് ഇനി ഏഴംഗ ബെഞ്ചിന് വിടുന്നത്. മതത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.

അതുകൊണ്ട് തന്നെ ശബരിമല പുനപരിശോധനാ ഹർജിയിൽ ഇനി കൂടുതൽ വാദം തുടരും. എന്നാൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബർ 28ന് സുപ്രിംകോടതി വിധിയെത്തിയപ്പോൾ ശബരിമലയും കേരളത്തിലെ തെരുവുകളും പ്രതിഷേധത്താൽ നിറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ വിധി കേരളാ സർക്കാരിനും കേന്ദ്ര സർക്കാരിനും താൽകാലിക ആശ്വാസമാണ്. ഈ മണ്ഡല കാലത്ത് പ്രതിസന്ധികൾ ഇല്ലാത്ത തീർത്ഥാടനം സാധ്യമാക്കുന്നതാണ് സുപ്രീംകോടതിയുടെ ഇന്നത്തെ വിധി. ഏഴംഗ ബഞ്ച് രൂപീകരിക്കുക പുതിയ ചീഫ് ജസ്റ്റീസാകും. ഈ നടപടികൾ ക്രമങ്ങൾക്ക് ഇനിയും ദിവസങ്ങൾ എടുക്കും. അതുകൊണ്ട് തന്നെ തൽകാലം ഇരുതലമൂർച്ചയുള്ള വാളിന്റെ ഭീതിയിൽ നിന്നും പിണറായി അകലുകയാണ്.

സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത വിധി പുനഃപരിശോധിക്കാൻ കാരണമൊന്നുമില്ലെന്നും ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങൾ എന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു എന്നുമായിരുന്നു പ്രധാന വാദം. ശബരിമലയിലെ വിലക്കിൽ രണ്ടു മൗലികാവകാശങ്ങളാണ് ലംഘിക്കപ്പെടുന്നതെന്നും അവിടെ വിവേചനവും ഒരുവിഭാഗത്തെ ഒഴിവാക്കലും നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതായിരുന്നു സർക്കാരിന്റെ വാദം. ഇത് തന്നെയാണ് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദിയും പറഞ്ഞു വച്ചത്. ആരാധനയ്ക്കുള്ള തുല്യസ്വാതന്ത്ര്യം ലംഘിക്കുന്നത് ഭരണഘടനയുടെ 25-ാം വകുപ്പിനെതിരാണെന്നും യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കാൻ കാരണമൊന്നുമില്ലെന്നും ബോർഡ് ഉന്നയിച്ചു.

ഇതും സുപ്രീംകോടതി തള്ളി കളഞ്ഞുവെന്ന് വേണം പുനപരിശോധന അനുവദിച്ചതിലൂടെ വിലയിരുത്തേണ്ടത്. എൻഎസ്എസിനു വേണ്ടി ഹാജരായ കെ പരാശരൻ ഭരണഘടനയുടെ 15ാം വകുപ്പിൽ പറയുന്ന പൊതുസ്ഥാപനങ്ങളിൽ ക്ഷേത്രങ്ങൾ ഉൾപ്പെടില്ലെന്നും മതേതരസ്ഥാപനങ്ങൾക്കു മാത്രം ബാധകമാകുന്നതാണ് ആ വകുപ്പെന്നും വാദിച്ചു. ആചാരങ്ങളിൽ കോടതികൾ സാധാരണ ഇടപെടാറില്ലെന്ന് യഹോവാ സാക്ഷികളുടെ കേസിൽ നിരീക്ഷിച്ചതാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രയാർ ഗോപലകൃഷ്ണന്റെ അഭിഭാഷകനാണ് അഭിഷേക് മനു സിങ്വി. ശബരിമലയിൽ യുവതികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത് പ്രതിഷ്ഠയുടെ സ്വഭാവവുമായി ബന്ധമുള്ളതുകൊണ്ടാണെന്നാണ് പ്രയാറിന്റെ അഭിഭാഷകന്റെ വാദം. പ്രതിഷ്ഠ നൈഷ്ഠികബ്രഹ്മചാരിയാണെന്ന വിഷയം സെപ്റ്റംബർ 28-ലെ വിധിയിൽ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2006-ലാണ് 'ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ' എന്ന സംഘടന, സെക്രട്ടറി ഭക്തി പസ്രീജ സേത്തി മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. ആർത്തവകാലത്ത് യുവതികൾക്ക് ക്ഷേത്രപ്രവേശനം വിലക്കാൻ നിയമപിൻബലം നൽകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിലെ മൂന്നാം (ബി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം. 2007-ൽ വി എസ്. അച്യുതാനന്ദൻ സർക്കാർ യുവതീപ്രവേശനത്തിന് അനുകൂലനിലപാടുമായി സത്യവാങ്മൂലം നൽകിയതാണ് ശബരിമല കേസിലെ ആദ്യ വഴിത്തിരിവ്. ഒരേമതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. ഈ വിഷയം പഠിക്കാൻ കമ്മിഷനെ വെക്കണമെന്നും യുവതികൾക്ക് മാത്രമായി പ്രത്യേക സീസൺ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അതിൽ വ്യക്തമാക്കി. 2016-ൽ കേസ് സുപ്രീംകോടതിയിലെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനുമുന്നിലെത്തി.

2016-ൽ സുപ്രീംകോടതിയിൽ ഉമ്മൻ ചാണ്ടി സർക്കാർ വി എസ്. സർക്കാരിന്റെ നിലപാടിൽനിന്ന് പിൻവാങ്ങി. ശബരിമലയിൽ യുവതീപ്രവേശം ആവശ്യമില്ലെന്നും തത്സ്ഥിതി തുടരണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ്. സർക്കാർ സത്യവാങ്മൂലം നൽകി. സംസ്ഥാനസർക്കാരിന്റെ നിലപാട് മാറ്റത്തെ കോടതി വാക്കാൽ ചോദ്യംചെയ്തു. ഭക്തി പസ്രീജയ്ക്ക് പുറമേ, കേസിലെ പരാതിക്കാരായ ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേമകുമാരി, അൽക്ക ശർമ, സുധ പാൽ എന്നിവർ വൈകാരിക വിഷയമാണ് ശബരിമലയെങ്കിൽ പിന്മാറാൻ തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ, ഹർജിക്കാർ പിന്മാറിയാലും കേസ് മുന്നോട്ടുകൊണ്ടുപോകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അമിക്കസ് ക്യൂറി രാമമൂർത്തി, ദേവസ്വംബോർഡ്, എൻ.എസ്.എസ്. തുടങ്ങിയവർ യുവതീപ്രവേശത്തെ എതിർത്തും മറ്റൊരു അമിക്കസ് ക്യൂറിയായ രാജു രാമചന്ദ്രൻ, ഹാപ്പി ടു ബ്ലീഡ് സംഘടന, ഹർജിക്കാർ എന്നിവർ അനുകൂലിച്ചും വാദമുയർത്തി. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വംബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. കേസ് അഞ്ചംഗ ബെഞ്ചിലെത്തി.

കേസ് ഭരണഘടനാ ബെഞ്ചിലെത്തിയപ്പോൾ കേരളത്തിൽ പിണറായി വിജയന്റെ ഇടതുസർക്കാർ അധികാരത്തിലെത്തിയിരുന്നു. ഇതോടെ, സംസ്ഥാനസർക്കാർ വീണ്ടും നിലപാട് മാറ്റി. യുവതീപ്രവേശത്തെ അനുകൂലിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, ദേവസ്വംബോർഡ് പഴയ നിലപാടിൽ തുടർന്നു.സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന തുല്യത, അന്തസ്സ്, മതസ്വാതന്ത്ര്യം തുടങ്ങി ക്ഷേത്രപ്രവേശവിലക്ക് അയിത്തത്തിന് കീഴിൽ വരുമെന്നുവരെ ഹർജിയെ അനുകൂലിക്കുന്നവർ വാദിച്ചു. അതേസമയം, നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ അവകാശങ്ങൾ, ആചാരങ്ങളുടെ അനിവാര്യത എന്നിവ ചൂണ്ടിക്കാട്ടി ശക്തമായ എതിർവാദവുമുണ്ടായി.

കക്ഷിചേരാനെത്തിയവരെയെല്ലാം കേട്ടശേഷം ബെഞ്ച് യുവതീപ്രവേശത്തെ അനുകൂലിച്ച് 2018 സെപ്റ്റംബർ 28-ന് വിധിയെഴുതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖൻവിൽകർ, ഡി.വൈ.ചന്ദ്രചൂഢ്, ആർ.എഫ്. നരിമാൻ എന്നിവർ അനുകൂലിച്ചും ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർത്തും വിധിയെഴുതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP