Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭക്തർക്ക് ആത്മവിശ്വാസം നൽകുന്ന വിധിയെന്ന് തന്ത്രി ; ആചാരങ്ങൾ നിലനിൽക്കണമെന്ന് മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി; കോടതി വിധിയിൽ നിറഞ്ഞ സന്തോഷമെന്ന് പന്തളം രാജകുടുംബം;ഭക്തരുടെ വിജയമെന്ന് പ്രതികരിച്ച് എൻ.എസ്.എസും പ്രയാറും; വിധിയെ മാനിക്കുന്നെന്നും യുവതികളെത്തിയാൽ തടയുമെന്നും രാഹുൽ ഈശ്വർ; വിധി വരുംവരെ സർക്കാർ കാത്തിരിക്കണമെന്ന് കുമ്മനം രാജശേഖരൻ; കോടതി വിധി പഠിച്ച ശേഷം പ്രതികരണമെന്ന് എ പത്മകുമാർ; സ്വാഗതം ചെയ്ത് ചെന്നിത്തലയും

ഭക്തർക്ക് ആത്മവിശ്വാസം നൽകുന്ന വിധിയെന്ന് തന്ത്രി ; ആചാരങ്ങൾ നിലനിൽക്കണമെന്ന് മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി; കോടതി വിധിയിൽ നിറഞ്ഞ സന്തോഷമെന്ന് പന്തളം രാജകുടുംബം;ഭക്തരുടെ വിജയമെന്ന് പ്രതികരിച്ച് എൻ.എസ്.എസും പ്രയാറും; വിധിയെ മാനിക്കുന്നെന്നും യുവതികളെത്തിയാൽ തടയുമെന്നും രാഹുൽ ഈശ്വർ; വിധി വരുംവരെ സർക്കാർ കാത്തിരിക്കണമെന്ന് കുമ്മനം രാജശേഖരൻ; കോടതി വിധി പഠിച്ച ശേഷം പ്രതികരണമെന്ന് എ പത്മകുമാർ; സ്വാഗതം ചെയ്ത് ചെന്നിത്തലയും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട : ശബരിമല യുവതീപ്രവേശനത്തിനെതിരായ പുനർപരിശോധന ഹർജികൾ വിശാല ബഞ്ചിന് കൈമാറാൻ സുപ്രിംകോടതി നിർദ്ദേശിക്കവെ വിധിയെ സ്വാഗതം ചെയ്ത് തന്ത്രി. സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു. അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി ശുഭോദർക്കമാണ്. വിശാല ബെഞ്ചിലേക്ക് വിട്ടത് ഞങ്ങൾക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ട്.എന്തായാലും സുപ്രിംകോടതി വിധി വിശ്വാസികൾക്ക് കരുത്ത് പകരുമെന്ന് വിശ്വസിക്കുന്നെന്നും തന്ത്രിപ്രതികരിച്ചു.

ഭക്തർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് കോടതി ഉത്തരവ്. ഭക്തരെ പ്രത്യേക വിഭാഗമായി കാണണമെന്ന് വിധിയിൽ പറയുന്നത് നല്ല കാര്യമാണ്. മതവും നിയമവും കൂട്ടിക്കുഴയ്ക്കാതിരുന്നാൽ മതി.വിശ്വാസികളെ വിശ്വാസികളുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്നാണ് തനിക്ക് തോന്നുന്നതെന്നും കണ്ഠര് രാജീവര് പ്രതികരിച്ചു.

വിധി വന്നതിന് പിന്നാലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നും നിലനിൽക്കണമെന്നുമാണ് ശബരിമല മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി പ്രതികരിച്ചത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂലവിധി പ്രതീക്ഷിക്കുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് പിന്നിട്ടത്. തീർത്ഥാടകരുടെ എണ്ണം കുറയാൻ കാരണം ശബരിമലയിലെ പ്രശ്‌നങ്ങളാണെന്നും സർക്കാർ നിലപാട് എന്തെന്നല്ല പ്രശ്‌നമെന്നും വി.എൻ.വാസുദേവൻ നമ്പൂതിരി പറഞ്ഞു.എന്നാൽ അയ്യപ്പന്റെ യുക്തിപ്രകാരം വിധിവരുമെന്നായിരുന്നു ശബരിമല നിയുക്ത മേൽശാന്തി സുധീർ നമ്പൂതിരിയുടെ പ്രതികരണം. എല്ലാം അയ്യപ്പനിൽ സമർപ്പിക്കുന്നു. പൂജമാത്രമാണ് തന്റെ നിയോഗം. ഭക്തിനിർഭരമായ തീർത്ഥാടനകാലമാണ് പ്രതീക്ഷിക്കുന്നതെന്നും സുധീർ നമ്പൂതിരി പ്രതികരിച്ചു.

വിധി സ്വീകാര്യമെന്ന് എൻ.എസ്.എസും പ്രയാറും

കോടതിവിധിയിൽ ആത്മവിശ്വാസമുണ്ടെന്നും ശുഭപ്രതീക്ഷ പകരുന്നതാണ് വിധിയെന്നുമാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ഹർജിക്കാരനുമായ പ്രയാർ ഗോപാലകൃഷ്ണൻ പ്രതികരിച്ചത്. വിശ്വാസത്തിന്റേയും വിശ്വാസ സമൂഹത്തിന്റേയും വിജയമെന്നാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും വ്യക്തമാക്കി.യുവതീപ്രവേശന വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്താണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. യുവതീപ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെന്ന കാരണത്താൽ യുവതികളെ പൊലീസ് അക്‌ബടിയോടെ സന്നിധാനത്ത് പ്രവേശിപ്പിക്കാൻ സർക്കാർ ശ്രമിക്കരുതെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

വിധി തങ്ങൾക്ക് ലഭിച്ച വിജയം- രാഹുൽ ഈശ്വർ

വിധി തങ്ങൾക്ക് ലഭിച്ച വിജയമാണെന്ന് അയ്യപ്പ ധർമസേന പ്രസിഡന്റായ രാഹുൽ ഈശ്വർ പ്രതികരിച്ചു. സുപ്രീം കോടതിയിൽ തങ്ങൾ അഭിമാനിക്കുന്നു.സംസ്ഥാന സർക്കാർ ഈ വിധി മാനിക്കണമെന്നും യുവതികൾ പ്രവേശനത്തിന് എത്തിയാൽ അനുവദിക്കരിക്കരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ശബരിമല കേസിലെ 2018 ലെ വിധി പുനപരിശോധിക്കേണ്ട എന്നാണ് സുപ്രീം കോടതി വിധിയെങ്കിൽ ജല്ലിക്കെട്ട് മാതൃകയിൽ പള്ളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് വിധിക്ക് മുൻപ് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.

വിധി കാത്തിക്കാൻ സർക്കാർ തയ്യാറാകണം: കുമ്മനം

ശബരിമല യുവതീ പ്രവേശന വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികൾ വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് മിസോറം മുൻ ഗവർണ്ണറും ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരൻ. വിശാലബഞ്ചിന്റെ തീരുമാനത്തിനായി കാത്തിരിക്കാനുള്ള സൗമനസ്യം സംസ്ഥാന സർക്കാർ കാണിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

'ഈ പ്രശ്നത്തെ വക്രീകരിക്കാൻ ശ്രമിക്കരുത്. രമ്യമായി രീതിയിൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നു. പുനപരിശോധന ഹർജിയിലെ വിശാലബഞ്ചിന്റെ തീരുമാനത്തിനായി കാത്തിരിക്കാൻ സർക്കാർ തയ്യാറാകണം. ശബരിമലയിൽ കയറണമെന്ന് പറഞ്ഞ് വന്നു കഴിഞ്ഞാൽ അവരെ തടയണം. അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം സർക്കാരെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു.

ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ 56 പുനഃപരിശോധന ഹർജികളും വിപുലമായ ഏഴ് അംഗ ഭരണഘടന ബെഞ്ചിനു വിട്ടുകൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടങ്ങിയ ബെഞ്ചാണ് ഭൂരിപക്ഷ വിധി പറഞ്ഞത്. ശബരിമലയിൽ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബർ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നൽകിയ അമ്ബത്തഞ്ചിലേറെ ഹർജികൾ പരിഗണിച്ചാണ് വിധി.

ശബരിമല പുനഃപരിശോധന ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടാനാണ് സുപ്രിംകോടതി ഉത്തരവിട്ടത്. മുൻ വിധിക്കെതിരെ സമർപ്പിച്ച 56 റിവ്യൂ ഹർജികൾ പരിഗണിച്ചാണ് കോടതി ഉത്തരവ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്നുപേർ വിശാല ബെഞ്ചിലേക്ക് വിടാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോൾ, രണ്ടു ജഡ്ജിമാർ പ്രത്യേക വിധിയിലൂടെ വിയോജിച്ചു.

ആചാരങ്ങൾ സംരക്ഷിക്കണമെന്നും, സുപ്രീംകോടതിയിൽ നിന്ന് അനുകൂലവിധി പ്രതീക്ഷിക്കുന്നുവെന്നും ശബരിമല മേൽശാന്തി വി.എൻ.വാസുദേവൻ നമ്ബൂതിരി . തീർത്ഥാടകരുടെ എണ്ണം കുറയാൻ കാരണം ശബരിമലയിലെ പ്രശ്‌നങ്ങളാണെന്നും സർക്കാർ നിലപാട് അല്ല പ്രശ്‌നമെന്നും വി.എൻ.വാസുദേവൻനമ്ബൂതിരി സന്നിധാനത്ത് പറഞ്ഞു.

വിധിയെ സ്വാഗതം ചെയ്ത് ശശി തരൂർ

ശബരിമല യുവതീപ്രവേശം പുനഃപരിശോധിക്കാനുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. ശബരിമല കേസുകളിൽ ഉൾപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ എല്ലാ വിശ്വാസങ്ങളുടെ ആചാരത്തെയും ബാധിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP