Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുപ്രീംകോടതി വിധി എന്തായാലും നടപ്പിലാക്കും എന്ന മുൻ നിലപാടിൽ മാറ്റമില്ല; കോടതിവിധിയിൽ ബാഹ്യസ്വാധീനം ഉണ്ടോയെന്ന് പരിശോധിക്കും എന്നും സീതാറാം യെച്ചൂരി; സ്ത്രീപുരുഷ സമത്വം ആരാധനയുടെ കാര്യത്തിലും വേണമെന്ന് പാർട്ടി നിലപാടെന്ന് എസ്ആർപിയും; മുൻനിലപാടുകളിൽ സിപിഎം നേതാക്കൾ ഉറച്ചു നിൽക്കുമ്പോൾ മലകയറാനെത്തുന്ന സ്ത്രീകളോട് എന്ത് സമീപനം സ്വീകരിക്കും എന്നതിൽ വ്യക്തത വരുത്താതെ കേരളത്തിലെ സിപിഎം നേതാക്കൾ

സുപ്രീംകോടതി വിധി എന്തായാലും നടപ്പിലാക്കും എന്ന മുൻ നിലപാടിൽ മാറ്റമില്ല; കോടതിവിധിയിൽ ബാഹ്യസ്വാധീനം ഉണ്ടോയെന്ന് പരിശോധിക്കും എന്നും സീതാറാം യെച്ചൂരി; സ്ത്രീപുരുഷ സമത്വം ആരാധനയുടെ കാര്യത്തിലും വേണമെന്ന് പാർട്ടി നിലപാടെന്ന് എസ്ആർപിയും; മുൻനിലപാടുകളിൽ സിപിഎം നേതാക്കൾ ഉറച്ചു നിൽക്കുമ്പോൾ മലകയറാനെത്തുന്ന സ്ത്രീകളോട് എന്ത് സമീപനം സ്വീകരിക്കും എന്നതിൽ വ്യക്തത വരുത്താതെ കേരളത്തിലെ സിപിഎം നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോ'ട്: സുപ്രീംകോടതി വിധിയിൽ ബാഹ്യസ്വാധീനം ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുരുഷന്മാരെ പോലെ സ്ത്രീകൾക്കും എല്ലായിടത്തും തുല്യത വേണമെന്നാണ് പാർട്ടി നിലപാടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയും വ്യക്തമാക്കി. ആരാധനാ സ്വാതന്ത്ര്യത്തിനും ഇത് ബാധകമാണ്. ശബരില വിഷയത്തിൽ ഏഴംഗ ബെഞ്ചിന്റെ വിധി എന്താണെന്നറിയാൻ കാത്തിരിക്കാൻ മാത്രമെ കഴിയുവെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. ശബരിമല യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നേതാക്കളുടെ പ്രതികരണം.

അതേസമയം സുപ്രീംകോടതി വിധിയിൽ രാഷ്ട്രീയമുതലെടുപ്പ് വേണ്ടെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ വ്യക്തമാക്കി. യുവതീപ്രവേശം അനുവദിക്കുമോ എന്ന ചോദ്യങ്ങൾ വേണ്ടെന്നും മന്ത്രി കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി രാഷ്ട്രീയ ലാഭത്തിനായി ആരും ഉപയോഗിക്കരുതെന്ന് എൽഡിഎഫ് കൺവീണർ എ.വിജയരാഘവൻ ആശ്യപ്പെട്ടു. കോടതി വിധിയെ തർക്ക വിഷയമാക്കരുത്. കോൺഗ്രസിന്റെ ഓരോ നേതാക്കൾക്കും ഓരോ നിലപാടാണ്. വിശ്വാസികൾക്ക് സമാധാനപരമായി സന്നിധാനത്ത് ദർശനം നടത്താനുള്ള അവസരമൊരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മലചവിട്ടാൻ യുവതികൾ എത്തിയാൽ അത് അപ്പോൾ നോക്കാമെന്നും വിജയരാഘവൻ കണ്ണൂരിൽ പറത്തു.

ശബരിമലയിൽ യുവതി പ്രവേശം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി ഏഴംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്ന് ജഡ്ജിമാർ വിശാല ബെഞ്ചിന് വിടാൻ ഉത്തരവിട്ടപ്പോൾ രണ്ട് പേർ എതിർപ്പു രേഖപ്പെടുത്തി. എതിർത്തത് ജസ്റ്റിസ് ചന്ദ്രചൂഢും ജസ്റ്റിസ് നരിമാനുമാണ്. അതേസമയം, എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിക്ക് സ്റ്റേ നൽകാൻ കോടതി തയ്യാറായില്ല. ചീഫ് ജസ്റ്റിസും രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരാണ് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. വിവിധ മതങ്ങളിൽ സമാന പ്രശ്‌നങ്ങൾ ഉണ്ടെന്ന് കോടതി വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശവും മുസ്ലിം പാഴ്‌സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹർജികളും ഇനി വിശാല ബെഞ്ചിന്റെ പരിഗണനയിലായിരിക്കും.

അതേസമയം രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ വിശാല ബെഞ്ചിന് വിട്ട നടപടി ഭരണഘടന വിരുദ്ധഗ്രന്ഥമെന്ന് വിയോജനക്കുറിപ്പെഴുതി. റിവ്യു ഹർജികൾ തള്ളണമെന്നാണ് ഇരുവരും നിലപാടെടുത്തത്. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തിൽ വിശാലമായ രീതിയിൽ ചർച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പ്രഖ്യാപിച്ചു. ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധി പറഞ്ഞത് 2018 സെപ്റ്റംബർ 28 നായിരുന്നു. ഇതിന് ശേഷം വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 56 പുനപരിശോധന ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിധിയിൽ പുനപരിശോധന ആവശ്യമുണ്ടോ എന്ന കാര്യത്തിലാണ് സുപ്രീംകോടതിയിൽ നിന്ന് തീർപ്പുണ്ടാക്കിയത്. ഇത് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. ഇതോടെ നിലവിലെ വിധി സ്റ്റേ ചെയ്യണോ എന്ന ആവശ്യം കോടതി പരിഗണിക്കും.

ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ് തീരുമാനത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. മുസ് ലിം, പാഴ്സി സ്ത്രീകളുടെ പള്ളി പ്രവേശനം ശബരിമല സ്ത്രീ പ്രവേശനം കൈകാര്യം ചെയ്ത ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ വരുന്നില്ലെന്ന് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി. അതു കൊണ്ട് ശബരിമല സ്ത്രീ പ്രവേശനവുമായി ഇത് കൂട്ടികുഴക്കേണ്ട. സ്ത്രീകളുടെ ജനിതകഘടനവെച്ച് ക്ഷേത്ര പ്രവേശനം നിഷേധിക്കണമോ എന്ന പൊതുതാൽപര്യ ഹരജിയിലെ ചോദ്യത്തിലാണ് വിധി പുറപ്പെടുവിച്ചതെന്നും ജസ്റ്റിസ് നരിമാൻ വിധിയിൽ പറയുന്നു. സുപ്രീംകോടതി വിധിക്കെതിരായ വിമർശനം അനുവദനീയമാണ്. പക്ഷെ അത് അട്ടിമറിക്കാനുള്ള സംഘടിതശ്രമം അനുവദിച്ച് കൂടാ. സുപ്രീംകോടതി വിധി പുറപ്പെടുവിച്ച് കഴിഞ്ഞാൽ അത് അന്തിമവും എല്ലാവർക്കും ബാധകവുമാണ്. വിശുദ്ധ ഗ്രന്ഥം ഇന്ത്യൻ ഭരണഘടനയാണെന്നും ജസ്റ്റിസ് നരിമാൻ വിയോജന വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

ഒരു മതത്തിലെ രണ്ട് വിഭാഗങ്ങളായ സ്ത്രീക്കും പുരുഷനും ആരാധന നടത്താൻ തുല്യ അവകാശമുണ്ടെന്ന് വിധി പ്രസ്താവം നടത്തിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചൂണ്ടിക്കാട്ടി. മതവിശ്വാസത്തിലെ ആചാരങ്ങൾ സദാചാര സങ്കൽപങ്ങൾക്കോ ധാർമികതക്കോ വിരുദ്ധമാകരുത്. മതത്തിന്റെ അഭിവാജ്യ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാമോ എന്നും പരിശോധിക്കണമെന്നും വിധിയിൽ പറയുന്നു. അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് 2018 സെപ്റ്റംബർ 28ന് പുറപ്പെടുവിച്ച വിധിക്ക് അഞ്ചംഗ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ 10 മുതൽ 50 വരെ പ്രായമുള്ള യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കിയ വിധി നിലനിൽക്കും.

ശബരിമല പുനഃപരിശോധന ഹരജികൾക്കൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമ്മം എന്നിവയും ഏഴംഗ വിശാല ബെഞ്ചിന് കൈമാറിയിട്ടുണ്ട്. വിശാല ബെഞ്ചിന് വിടാനുള്ള ഈ തീരുമാനത്തെയും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും ആർ.എഫ് നരിമാനും വിയോജിച്ചു. വാദം കേട്ട് ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഫെബ്രുവരി ആറിന് ഒരു ദിവസം വാദംകേട്ട ശേഷമാണ് 56 പുനഃപരിശോധന ഹരജികൾ വിധി പറയാനായി കോടതി മാറ്റിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP