Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ നേരേ ചൊവ്വെ ആഹാരം പോലും കഴിക്കാതെ പങ്കെടുത്ത എട്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് നൽകിയത് പൂജ്യം മാർക്ക്; സീറോ മാർക്ക് കുട്ടികളെ മാനസികമായി തകർക്കില്ലേ എന്ന് ചോദിച്ചപ്പോൾ ഉരുണ്ട് കളിച്ച് വിധികർത്താക്കൾ; 'മനസ്സിൽ ദൈവങ്ങൾക്കൊപ്പം സ്ഥാനം നൽകിയിട്ടുള്ള പ്രിയ അദ്ധ്യാപകർ ക്ഷമിക്കുക...ചില പുഴുക്കുത്തുകൾക്ക് എതിരെയാണ് ഈ സമരം': ശിശുദിനത്തിൽ വ്രണിതഹൃദയനായ രക്ഷിതാവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്

ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ നേരേ ചൊവ്വെ ആഹാരം പോലും കഴിക്കാതെ പങ്കെടുത്ത എട്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് നൽകിയത് പൂജ്യം മാർക്ക്; സീറോ മാർക്ക് കുട്ടികളെ മാനസികമായി തകർക്കില്ലേ എന്ന് ചോദിച്ചപ്പോൾ ഉരുണ്ട് കളിച്ച് വിധികർത്താക്കൾ; 'മനസ്സിൽ ദൈവങ്ങൾക്കൊപ്പം സ്ഥാനം നൽകിയിട്ടുള്ള പ്രിയ അദ്ധ്യാപകർ ക്ഷമിക്കുക...ചില പുഴുക്കുത്തുകൾക്ക് എതിരെയാണ് ഈ സമരം': ശിശുദിനത്തിൽ വ്രണിതഹൃദയനായ രക്ഷിതാവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്

എം മനോജ് കുമാർ

തിരുവനന്തപുരം: വ്രണിതഹൃദയനായ ഒരു രക്ഷിതാവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ശിശുദിനത്തിൽ ശ്രദ്ധേയമാകുന്നു. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ കാർത്തിക് ശ്രീഹരിക്ക് സബ് ജില്ലാ കലോത്സവത്തിൽ അനുഭവിക്കേണ്ടി വന്ന ഹൃദയം പിളർത്തിയ അനുഭവത്തെക്കുറിച്ചാണ് പിതാവ് രാഹുൽ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയത്. ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ സബ് ജില്ലയിൽ ഏറെ പ്രതീക്ഷകളോടെ മത്സരിച്ച കാർത്തിക്കിന് പൂജ്യം മാർക്ക് നൽകിയ വിധികർത്താക്കളുടെ മനസ് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. രണ്ടാം ക്ലാസ് വിദ്യാർത്ഥി, ഏഴ് വയസ്സുകാരനായ എന്റെ മകൻ ഉൾപ്പെടെ എട്ടു പിഞ്ചു കുട്ടികൾക്കാണ് പങ്കെടുത്ത ഒറ്റ മത്സര ഇനത്തിൽ 'വട്ടപൂജ്യം' നൽകിയത്. അഞ്ച് വയസ്സു മുതൽ ഒൻപത് വയസ്സുവരെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്കാണ്, കഷ്ടപ്പാടിനാണ്, അവരുടെ അധ്വാനത്തിനാണ് വിധികർത്താക്കൾ പൂജ്യം മാർക്ക് നൽകിയത്. ഉച്ചയ്ക്ക് അഹാരം പോലും നേരെ കഴിക്കാതെ യുവജനോത്സവത്തിന്റെ ഭാഗമാകാൻ കുട്ടികൾ സഹിച്ച ത്യാഗത്തിനാണ് പൂജ്യം പോയിന്റ് നൽകി വിലയിട്ടത്.

കുട്ടികളുടെ നല്ല മനസ്സിനെ തകർത്ത് സ്വപ്നം കാണാനുള്ള കഴിവിനെ വരെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഒരിക്കലും, ഒരിടത്തും, ഒരു കുഞ്ഞിനോടും ആരും മത്സരങ്ങളിൽ ഇങ്ങനെ ചെയ്യരുത്. അദ്ധ്യാപകർ ക്ഷമിക്കുക.. നിങ്ങൾക്ക് എതിരെ അല്ല നിങ്ങൾക്ക് ഇടയിലെ ചില പുഴുക്കുത്തുകൾക്ക് എതിരെയാണ് ഈ എഴുത്ത്.ഭാവിവാഗ്ദാനങ്ങൾ ആയി മാറേണ്ടുന്ന കുട്ടികളെ വിധികർത്താക്കൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടുകയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ രാഹുൽ ചെയ്യുന്നത്. എന്റെ മകന് സമ്മാനം ലഭിക്കാത്തതിലല്ല എന്റെ പ്രതിഷേധം. അവൻ ഉൾപ്പെടെ എട്ടു കുഞ്ഞുങ്ങൾക്ക് പൂജ്യം മാർക്ക് നൽകിയ വിധികർത്താകളുടെ തീരുമാനത്തിലാണ് പ്രതിഷേധം. പദ്യം ഇടയ്ക്ക് വച്ച് നിർത്തി പോയ കുട്ടിക്ക് എ ഗ്രേഡ് ഉം അഞ്ച് മാർക്കും കൊടുത്തത് എങ്ങനെ എന്ന് ചോദിക്കുന്നില്ല പക്ഷേ എട്ടു കുഞ്ഞുങ്ങൾ അവർക്ക് കഴിയും വിധം കവിത ചൊല്ലി. എന്തടിസ്ഥാനത്തിലാണ് അവർക്ക് പൂജ്യം മാർക്ക് നൽകിയത്? രാഹുൽ ചോദിക്കുന്നു.

കലോത്സവ വേദിയിലെ കുഞ്ഞു പ്രയത്‌നങ്ങൾക്ക് 'വട്ടപൂജ്യം ' മാർക്ക് നൽകി വിധി കർത്താക്കൾ കുട്ടികളുടെ പ്രതിഭ നശിപ്പിക്കുകയാണ്. പിഞ്ചു കുട്ടികൾ ആണ് മത്സരിക്കാൻ എത്തുന്നത് എന്നും ഇവരുടെ സന്ദേഹങ്ങളും സന്തോഷങ്ങളും മനസിലാക്കാൻ ശ്രമം നടക്കുന്നില്ല എന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. പൂജ്യം മാർക്ക് നല്കിയതിലൂടെ അവരുടെ പ്രയത്‌നത്തെയും, അധ്വാനത്തെയും ' വില കെട്ട ഒന്നായി കാണുകയാണ്. ഏഴു വയസ്സുകാരനായ എന്റെ മകൻ ഉൾപ്പെടെ എട്ടു കുഞ്ഞുങ്ങൾക്ക് പങ്കെടുത്ത മത്സര ഇനത്തിൽ മാത്രം വട്ടപൂജ്യം നല്കിയതായി വിദ്യാഭ്യാസ വകുപ്പ് സമൂഹമാധ്യത്തിലൂടെയാണ് പ്രഖ്യാപിച്ചത്. ഇത്തരത്തിൽ 25 ൽ അധികം മത്സര ഇനത്തിൽ നിന്നായി ഇവർ നൂറ് കണക്കിന് കൊച്ചു കുഞ്ഞുങ്ങൾക്ക് അവരുടെ പരിശ്രമത്തെ വട്ടപൂജ്യം നല്കി അപമാനിച്ചിട്ടുണ്ട്. കുട്ടികൾക്ക് അവരുടേതായ വ്യക്തിത്വമുണ്ട്. അവരുടെ പ്രയത്‌നങളെ സമൂഹ മാധ്യമത്തിൽ 'വിലകെട്ട ' ഒന്നായി വിലയിരുത്തുന്ന വിധികർത്താക്കൾ ആ വ്യക്തിത്വ വികസനത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പൂജ്യം മാർക്ക് നൽകി മാനസികമായി തളർത്തുന്ന വികല ചിന്താഗതിക്കാരെ യുവജനോത്സവ വേദികളിലെ വിധികർത്താക്കൾ ആകുന്നതിൽ നിന്ന് വിലക്കണം. മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു മിനിമം മാർക്ക് (ഗ്രേഡ്) നൽകി അവരുടെ പ്രയത്‌നത്തെ പ്രോത്സാഹിപ്പിക്കണം-രാഹുൽ ആവശ്യപ്പെടുന്നു.

ഇത്തവണ സബ് ജില്ലാ കലോത്സവം വന്നപ്പോൾ രാഹുലും ഭാര്യയും മകന്റെ താത്പര്യം മുൻ നിർത്തിയാണ് സബ് ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യപാരായണത്തിനു മത്സരിപ്പിക്കുന്നത്. ഏഴു വയസുകാരനാണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ കാർത്തിക് ശ്രീഹരി. ഏറെ പാടുപെട്ടിട്ടിട്ടാണ് കവിതയ്ക്ക് ഈണം നല്കി കാർത്തിക് മകനെ പദ്യം കാണാതെ പഠിപ്പിച്ചത്. ഒന്നാം സ്ഥാനം ലഭിക്കാൻ വേണ്ടിയായിരുന്നില്ല മത്സര ഇനത്തിൽ പങ്കെടുത്ത് അവനു ആത്മവിശ്വാസം നൽകുക മാത്രമായിരുന്നു മാതാപിതാക്കളുടെ ലക്ഷ്യം. കാർത്തിക് ആണെങ്കിൽ ഇംഗ്ലീഷ് പദ്യം കാണാതെ പഠിക്കുകയും മത്സര ഇനമായി അവതരിപ്പിക്കാൻ തയ്യാറെടുക്കുകയും ചെയ്തു. കഴിഞ്ഞ മാസം കാർത്തിക് പഠിക്കുന്ന പൂവത്തൂർ ഗവ.എൽപിസ്‌കൂളിലെ കലോത്സത്തിൽ ഈ പദ്യം ചൊല്ലിയിരുന്നു.

അവിടെ ഒന്നാം സമ്മാനം നേടുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കരകുളം സ്‌കൂളിൽ വച്ച് നടന്ന നെടുമങ്ങാട് സബ് ജില്ലാ യുവജനോത്സവത്തിൽ ഇംഗ്ലീഷ് പദ്യപാരായണ മത്സരത്തിൽ പങ്കെടുക്കാൻ രാഹുൽ അർഹത നേടിയത്. ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ വിഷൻ എന്ന കവിതയാണ് ചൊല്ലിയത്. പന്ത്രണ്ടു വരികൾ ഉള്ള കവിതയാണിത്. രാജ്യം ആദരിക്കുന്ന, ലോകം ആദരിക്കുന്ന കലാമിന്റെ കവിതയാണ് എന്നു കൂടി പരിഗണിക്കാതെയാണ് കവിതയെ വിധികർത്താക്കൾ കൈകാര്യം ചെയ്തത്. മത്സരിക്കാൻ സന്നദ്ധമായി എത്തിയ വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക് നൽകിയ പ്രശ്‌നം വികലമായ അദ്ധ്യാപക മനസിനെയാണ് രാഹുൽ വിമർശിക്കുന്നത്.

പൂജ്യം മാർക്ക് പ്രശ്‌നത്തെക്കുറിച്ച് രാഹുലിന്റെ പ്രതികരണം:

ശിശു ദിനമാണ് ഇന്ന്. അത് കണക്കാക്കിയാണ് രണ്ടു ദിവസം മുൻപ് കുട്ടികൾക്ക് സബ് ജില്ലാ കലോത്സവത്തിൽ പൂജ്യം മാർക്ക് നൽകിയ പ്രശ്‌നം എന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിൽ വിഷയമാക്കിയത്. എൽപി സ്‌കൂൾ കുട്ടികളാണ് മത്സരിക്കാൻ എത്തുന്നത് എന്ന് വിധികർത്താക്കൾ ആയവർ കണക്കാക്കിയതേയില്ല. അഞ്ച് വയസ് മുതൽ ഒൻപത് വയസ് വരെയുള്ള കുട്ടികൾ ആണ് മത്സരിക്കാൻ എത്തുന്നത്. ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഇരുപത്തിയെട്ട് കുട്ടികൾ പങ്കെടുത്തിരുന്നു. ആകെ ഇരുപത്തിയെട്ട് കുട്ടികൾ പങ്കെടുത്തതിൽ ഏഴു പേർക്ക് എഗ്രേഡും അഞ്ചു പോയിന്റും, നാല് പേർക്ക് ബി ഗ്രേഡും മൂന്നു പോയിന്റും,ഒൻപത് പേർക്ക് സി ഗ്രേഡും ഒരു പോയിന്റും നൽകിയതായി കാണുന്നു. എട്ടു കുട്ടികൾക്ക് യാതൊരു ഗ്രേഡുകളും നൽകിയിട്ടില്ല ,നൽകിയത് പൂജ്യം പോയിന്റും. എന്റെ മകനും ആ എട്ടു പേരിൽ പെടുന്നു. ആ എട്ടു പേരെ കുറിച്ചാണ് ഞാൻ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. അവർക്ക് വേണ്ടിയാണ് ഞാൻ എഴുതിയത്.

പൂജ്യം മാർക്ക് പരിഷ്‌കൃത സമൂഹത്തിനു യോജിച്ച പരിപാടിയല്ല. പരിഷ്‌കൃത മനസിന്റെ പ്രതിഫലനവുമല്ല. ഈ കാര്യം അന്വേഷിച്ചപ്പോൾ വിധികർത്താക്കൾ ഉരുണ്ടുകളിക്കുകയാണ് ചെയ്തത്. സീറോ മാർക്ക് കുട്ടികളെ തകർക്കില്ലേ എന്ന് ചോദിച്ചപ്പോൾ അവർക്ക് മറുപടിയില്ല. ഒരു പരീക്ഷയ്ക്കും ഇങ്ങിനെ ചെയ്യാറില്ല. പതിനൊന്നാം തീയതിയാണ് പ്രോഗ്രാം നടന്നത്. പന്ത്രണ്ടാം തീയതിയാണ് വെബ്സൈറ്റിൽ നിന്നും റിസൽട്ട് ലഭിച്ചത്. റിസൽട്ട് പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം അപ്പീൽ നൽകണം. ഒരു ദിവസത്തിനു ശേഷം അപ്പീൽ നൽകാൻ പോലും അവസരമില്ല. കുഞ്ഞുങ്ങൾക്കും അവരുടേതായ വ്യക്തിത്വമുണ്ട്. അവരുടെ പ്രയത്‌നങളെ സമൂഹ മധ്യത്തിൽ വിലകെട്ട ഒന്നായി വിലയിരുത്തുന്ന വിധികർത്താക്കൾ ആ വ്യക്തിത്വ വികസനത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുകയാണ് ചെയ്യുന്നത്, പ്രയത്‌നിക്കാനും, സ്വപ്നം കാണാനും ഉള്ള ആ കുഞ്ഞു മനസ്സിന്റെ പോസിറ്റീവ് ചിന്താഗതിയെ ആണ് ഇല്ലാതാക്കുന്നത്. എന്റെ മകന് സമ്മാനം ലഭിക്കാത്തതിൽ അല്ല എന്റെ പ്രതിഷേധം. അവൻ ഉൾപ്പെടെഎട്ടു കുഞ്ഞുങ്ങൾക്ക് പൂജ്യം മാർക്ക് നൽകിയ വിധികർത്താകളുടെ തീരുമാനത്തിൽ ആണ് പ്രതിഷേധവും, അമർഷവും-രാഹുൽ പറയുന്നു.

രാഹുലിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്:

സുദീർഘമായ ഒരെഴുത്താണ് എങ്കിലും എന്റെ പ്രിയ സുഹൃത്തുക്കൾ ഇത് വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു...വളരെയധികം സന്തോഷത്തോടെയും, അതിലധികം ദുഃഖത്തോടെയും, അതിലുപരി കടുത്ത അമർഷത്തോടും കൂടിയും ആണ് ഈ പോസ്റ്റ് ഇടുന്നത്...ആദ്യം സന്തോഷത്തിന്റെ കാര്യം പറയാം... അത് ഈ വീഡിയോ ആണ്.. മകൻ കാർത്തിക് ശ്രീഹരി പൂവത്തൂർ ഗവ. LPS ൽ
2 ആം ക്ലാസ്സിൽ പഠിക്കുന്നു. കരകുളം സ്‌കൂളിൽ വച്ച് നടന്നു കൊണ്ടിരിക്കുന്ന നെടുമങ്ങാട് സബ് ജില്ലാ യുവജനോത്സവത്തിൽ ഇംഗ്ലീഷ് പദ്യപാരായണ മത്സരത്തിൽ അവൻ പങ്കെടുക്കുന്ന വീഡിയോ ആണിത്.

ഡോ. APJ അബ്ദുൾ കലാമിന്റെ 'vision ' എന്ന കുഞ്ഞു കവിതയാണ് അവൻ ചൊല്ലിയത്.ഈ കവിത തന്നെയാണ് കഴിഞ്ഞ മാസം അവന്റെ സ്‌കൂളിലെ കലോത്സത്തിൽ അവൻ പാടിയതും ഒന്നാം സമ്മാനം ലഭിച്ചതും. അതിന്റെ അടിസ്ഥാനത്തിൽ ആണ് അവൻ ഇന്നലെ ( 11-11-19 ന് കരകുളം സ്‌കൂളിൽ വച്ച് വേദി നം. 7ൽ ) സബ് ജില്ലയിൽ മത്സരിക്കാൻ എത്തിയത്. എന്റെ സ്‌കൂൾ കാലഘട്ടത്തിൽ ഞാൻ സബ് ജില്ലാ യുവജനോത്സവങ്ങൾ എന്ന് കേട്ടിട്ടുണ്ട് എന്ന് അല്ലാതെ ഒരിക്കൽ പോലും നേരിട്ട് കാണുകയോ, പങ്കെടുക്കുകയോ ചെയ്തിട്ടില്ല.അതുകൊണ്ട് തന്നെ 12 വരികൾ മാത്രം ഉള്ള ആ കുഞ്ഞ് കവിത പഠിച്ച് എടുക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ആ എഴുവയസ്സുകാരൻ നടത്തിയ 'വല്ല്യ' ശ്രമങ്ങളും, സബ് ജില്ലയിൽ പങ്കെടുക്കാൻ പോകുന്നതിന് അവന്റെ കുഞ്ഞു ഹൃദയം പ്രകടിപ്പിച്ച ആവേശവും, പിന്നീട് കൊച്ചു കൊച്ചു തെറ്റുകൾ ഒക്കെ വന്നെങ്കിലും ഒരു വിധം ഭംഗിയായി തന്നെ സബ് ജില്ലാ വേദിയിൽ അവൻ അവതരിപ്പിക്കുന്നതും ഒക്കെ കണ്ടപ്പോൾ സത്യത്തിൽ അതിയായ സന്തോഷം തോന്നി.

ഇനി ദുഃഖം തോന്നിയ കാര്യം പറയാം. ഇവിടെ പോസ്റ്റു ചെയ്ത ആ ചിത്രം ശ്രദ്ധിക്കുക. സബ് ജില്ലാ യുവജനോത്സവം LP വിഭാഗം ഇംഗ്ലിഷ് പദ്യപാരായണത്തിന്റെ റിസൾട്ടിന്റെ ചിത്രം ആണത്. ഇതിൻ പ്രകാരം A, B, C എന്നീ മൂന്ന് ഗ്രേഡുകളും അവയ്ക്ക് യഥാക്രമം 5,3, 1 എന്നിങ്ങനെ പോയിന്റുകളും ആണ് വിധികർത്താക്കൾ പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് നൽകിയതായി കാണുന്നത്. ആകെ 28 കുട്ടികൾ പങ്കെടുത്തതിൽ 7 പേർക്ക് A ഗ്രേഡും 5 പോയിന്റും, 4 പേർക്ക് B ഗ്രേഡും 3 പോയിന്റും, 9 പേർക്ക് C ഗ്രേഡും 1 പോയിന്റും നൽകിയതായി കാണുന്നു. 8 കുട്ടികൾക്ക് യാതൊരു ഗ്രേഡുകളും നൽകിയിട്ടില്ല ,നൽകിയത് പൂജ്യം പോയിന്റും.എന്റെ മകനും ആ 8 പേരിൽ പെടുന്നു.ആ 8 പേരെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് ,അവർക്ക് വേണ്ടിയാണ് ഞാൻ ഇതെഴുതുന്നത്.

ആ 8 കുഞ്ഞുങ്ങൾക്ക് പൂജ്യം പോയിന്റ് നൽകിയ വിധികർത്താക്കളായി ഇരുന്ന 3 ''അദ്ധ്യാപകർ (അവരെ അദ്ധ്യാപകർ എന്ന് വിളിക്കാമോ എന്ന് എനിക്കറിയില്ല) അറിയാൻ.....ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ പഠിക്കുന്ന; 5 വയസ്സു മുതൽ 9 വയസ്സുവരെ മാത്രം പ്രായമുള്ള കുട്ടികൾക്ക് അല്ല കുഞ്ഞുങ്ങൾക്കാണ് ; അവരുടെ കഷ്ടപ്പാടിനാണ് ; അവരുടെ അധ്വാനത്തിനാണ് ; വീടിന് വളരെ അകലെയുള്ള സബ് ജില്ല യുവജനോത്സവ വേദിയിൽ കൃത്യസമയത്തിന് എത്തിയ ആ ആത്മാർത്ഥക്കാണ് ; ഉച്ചയ്ക്ക് അഹാരം പോലും നേരെ കഴിക്കാതെ ആ യുവജനോത്സവത്തിന്റെ ഭാഗമാകാൻ ആ കുഞ്ഞുങ്ങൾ സഹിച്ച ത്യാഗത്തിനാണ് നിങ്ങൾ പൂജ്യം പോയിന്റ് നൽകി വിലയിട്ടത്.

നിസ്സംശയം പറയാം ആ 8 കുഞ്ഞുങ്ങളുടെ പരിശ്രമങ്ങൾക്കും, സ്വപ്നങ്ങൾക്കും നേരേ പൂജ്യം മാർക്ക് നൽകാൻ നിങ്ങൾ കാണിച്ച ആ മനസ്സുണ്ടല്ലോ.. ആ മനസ്സിന്റെ വിഷവും, വൈകല്യവും അദ്ധ്യാപകർക്ക് എന്നല്ല ഒരു മനുഷ്യർക്കും ഉണ്ടാകരുതേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു..ഓർക്കുക കുഞ്ഞുങ്ങൾക്കും അവരുടേതായ വ്യക്തിത്വമുണ്ട് ഇപ്രകാരത്തിൽ അവരുടെ പ്രയത്‌നങളെ സമൂഹ മധ്യത്തിൽ 'വിലകെട്ട ' ഒന്നായി വിലയിരുത്തുന്ന വിധികർത്താക്കൾ ആ വ്യക്തിത്വ വികസനത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ് ചെയ്യുന്നത്, പ്രയത്‌നിക്കാനും, സ്വപ്നം കാണാനും ഉള്ള ആ കുഞ്ഞു മനസ്സിന്റെ പോസിറ്റീവ് ചിന്താഗതിയെ ആണ് ഇല്ലാതാക്കുന്നത്.

എന്റെ മകന് സമ്മാനം ലഭിക്കാത്തതിൽ അല്ല എന്റെ പ്രതിഷേധം... അവൻ ഉൾപ്പെടെ 8 കുഞ്ഞുങ്ങൾക്ക് പൂജ്യം മാർക്ക് നൽകിയ വിധികർത്താകളുടെ തീരുമാനത്തിൽ ആണ് പ്രതിഷേധവും, അമർഷവും...പദ്യം ഇടയ്ക്ക് വച്ച് നിർത്തി പോയ കുട്ടിക്ക് A grade ഉം 5 മാർക്കും കൊടുത്തത് എങ്ങനെ എന്ന് ചോദിക്കുന്നില്ല പക്ഷേ 8 കുഞ്ഞുങ്ങൾ അവർക്ക് കഴിയും വിധം അവിടെ കവിത ചൊല്ലിയിട്ടുണ്ട്.. എന്തടിസ്ഥാനത്തിലാണ് അവർക്ക് പൂജ്യം മാർക്ക് നൽകിയത്?

ഇതിന് മാറ്റം വരണം. ഇത്തരം വേദികളിൽ, മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്.. അവരുടെ പ്രയത്‌നത്തിന് പൂജ്യം മാർക്ക് നൽകി അവരെ മാനസ്സികമായി തളർത്തുന്ന ഇത്തരം വികല ചിന്താഗതിക്കാരെ യുവജനോത്സവ വേദികളിലെ വിധികർത്താക്കൾ ആകുന്നതിൽ നിന്ന് വിലക്കണമെന്നും, മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു മിനിമം മാർക്ക് (ഗ്രേഡ്) നൽകി കൊണ്ട് അവരുടെ പ്രയത്‌നത്തെ പ്രോത്സാഹിപ്പിക്കണമെന്നും, അങ്ങനെ കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കണമെന്നും .. അതിനാവശ്യമായ നടപടികൾ കൈകൊള്ളണം എന്നും ആവശ്യപ്പെട്ട് കൊണ്ടും AEO മുതൽ ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിവരെയുള്ളവർക്ക് പരാതി നൽകാനും, എന്റെ മകന് ഉണ്ടായ ഈ ദുരനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ കൈകൊള്ളണ്ണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ബഹു.ബാലാവകാശ കമ്മീഷൻ ,മറ്റ് നീതിന്യായ സംവിധാനങ്ങൾ എന്നിവയെ സമീപിക്കാനും തീരുമാനിച്ചു.. എല്ലാവരുടെ പിന്തുണയും അഭ്യർത്ഥിക്കുന്നു... മനസ്സിൽ ദൈവങ്ങൾക്കൊപ്പം സ്ഥാനം നൽകിയിട്ടുള്ള പ്രിയ അദ്ധ്യാപകർ ക്ഷമിക്കുക.. നിങ്ങൾക്ക് എതിരെ അല്ല നിങ്ങൾക്ക് ഇടയിലെ ചില പുഴുകുത്തുകൾക്ക് എതിരെയാണ് ഈ സമരം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP