Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നിയമനം പിഎസ്‌സി വഴി.. ചെയ്ത ജോലിക്ക് ശമ്പളമില്ല.. കടക്കെണിയാൽ മരണം മാത്രം മുന്നിൽ..'; ഔദാര്യം പോലെ കിട്ടിയ പകുതി ശമ്പളവും വായ്പാ കുടിശിക ഇനത്തിൽ ബാങ്ക് ഈടാക്കി; 450 രൂപയെങ്കിലും കിട്ടുമല്ലോ എന്നു കരുതി എക്‌സ്ട്രാ ഡ്യൂട്ടിക്കെത്തിയെങ്കിലും ജോലിയില്ല; നിത്യവൃത്തിക്ക് പോലും വകയില്ലാതെ ആത്മഹത്യക്ക് ശ്രമിച്ചത് പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വിനോദ് കുമാർ; കെഎസ്ആർടിസിയിൽ ലാഭമുണ്ടാക്കാൻ കുറുക്കുവഴി തേടുന്ന അധികാരികളും വഴിയിൽ ബ്രേക്ക് ഡൗണായി പോകുന്ന ജീവിതങ്ങളും തുടർക്കഥയാകുന്നു

'നിയമനം പിഎസ്‌സി വഴി.. ചെയ്ത ജോലിക്ക് ശമ്പളമില്ല.. കടക്കെണിയാൽ മരണം മാത്രം മുന്നിൽ..'; ഔദാര്യം പോലെ കിട്ടിയ പകുതി ശമ്പളവും വായ്പാ കുടിശിക ഇനത്തിൽ ബാങ്ക് ഈടാക്കി; 450 രൂപയെങ്കിലും കിട്ടുമല്ലോ എന്നു കരുതി എക്‌സ്ട്രാ ഡ്യൂട്ടിക്കെത്തിയെങ്കിലും ജോലിയില്ല; നിത്യവൃത്തിക്ക് പോലും വകയില്ലാതെ ആത്മഹത്യക്ക് ശ്രമിച്ചത് പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വിനോദ് കുമാർ; കെഎസ്ആർടിസിയിൽ ലാഭമുണ്ടാക്കാൻ കുറുക്കുവഴി തേടുന്ന അധികാരികളും വഴിയിൽ ബ്രേക്ക് ഡൗണായി പോകുന്ന ജീവിതങ്ങളും തുടർക്കഥയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസി കണ്ടക്ടർ ആത്മഹത്യക്ക് ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ നരുവാംമൂട് നടുക്കാട് സ്വദേശി ആർ വിനോദ്കുമാറാണ് പാപ്പനെകോട് ഡിപ്പോയിലെ ബസിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. സമൂഹമാധ്യമങ്ങളിൽ ആത്മഹത്യാ വിവരം കുറിച്ച ശേഷമായിരുന്നു വിനോദ് കുമാർ വിഷം കഴിച്ചത്.

ബാങ്ക് ലോൺ ഉള്ള വ്യക്തിയാണ് വിനോദ് കുമാർ. ശമ്പളം ബാങ്കിലെത്തുന്നതോടെ ബാങ്കുകാർ കുടിശികയുള്ള വായ്പാ തുക പിടിക്കും. പകുതി ശമ്പളം മാത്രമാണ് ഇപ്പോൾ കെഎസ്ആർടിസി നൽകിയത്. അത് മുഴുവൻ ബാങ്കുകാർ ലോൺ കുടിശിക ഇനത്തിൽ പിടിച്ചതോടെ നിത്യവൃത്തിക്ക് പോലും വകയില്ലാതെയായി. പലചരക്കു കടയിലെ പറ്റുകാശ് പോലും തീർക്കാൻ മാർഗമില്ലാതായതോടെ കഴിഞ്ഞ ദിവസത്തെ ഡബിൾ ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് എക്‌സ്ട്രാ ഡ്യൂട്ടി ചെയ്യാനായിരുന്നു വിനോദ് കുമാർ ഡിപ്പോയിലെത്തിയത്. ഇന്ന് ഒരു ഡ്യൂട്ടി കിട്ടിയാൽ 450 രൂപ കയ്യിൽ കിട്ടും. അതുകൊണ്ട് അത്യാവശ്യ സാധനങ്ങൾ വാങ്ങാം എന്ന് ആ പാവം മനുഷ്യൻ കരുതി. എന്നാൽ, കാലാകാലങ്ങളായി വരുത്തുന്ന ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതോടെ ഇന്ന് എക്‌സ്ട്രാ ഡ്യൂട്ടി ചെയ്യാൻ അവസരം ലഭിച്ചില്ല.

നിത്യവൃത്തിക്കുള്ള തുക പോലും കയ്യിലില്ലാതെ വന്നതോടെ വിനോദ് കുമാർ മരണത്തിലൂടെ എല്ലാ കടങ്ങളും ബാധ്യതകളും തീർക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ ഫേസ്‌ബുക്കിലും താൻ അംഗമായുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളിലും വിനോദ് കുമാർ തന്റെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും യാത്രാമൊഴി കുറിച്ചു. താൻ ഈ ലോകത്തോട് വിടപറയുന്നു എന്ന് കുറിച്ച ശേഷം എല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നും വിനോദ് കുമാർ ലെഫ്റ്റായി. സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ബസിനുള്ളിൽ അവശനിലയിലായ വിനോദ് കുമാറിനെ കണ്ടെത്തിയത്. രണ്ട് കവർ എലിവിഷം കഴിച്ച ശേഷം വെള്ളം കുടിക്കുകയായിരുന്നു. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. 48 മണിക്കൂർ കൂടി കഴിഞ്ഞാലേ അപകട നില തരണം ചെയ്തു എന്നുറപ്പിക്കാനാകു എന്നാണ് ഡോക്ടർമാർ പറയുന്നത്.

ഭാര്യയും പന്ത്രണ്ടും പത്തും വയസ്സുള്ള രണ്ട് മക്കളും അടങ്ങുന്നതാണ് വിനോദ് കുമാറിന്റെ കുടുംബം. 12,000 രൂപയോളം ഒരു മാസം ലോൺ അടയ്ക്കാൻ മാത്രം വേണം. പിന്നീട് പുറമേയുള്ള മറ്റ് കടങ്ങളും. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ഈ മാസം പകുതി ശ്മ്പളം മാത്രമാണ് കെഎസ്ആർടിസി നൽകിയത്. ഇത് മുഴുവനും വായ്പാ കുടിശികയായി ബാങ്കുകാർ ഈടാക്കുക കൂടി ചെയ്തതോടെ ഈ മാസം നിത്യവൃത്തിക്ക് പോലും വകയില്ലാത്ത അവസ്ഥയായി. 450 രൂപയെങ്കിലും കിട്ടും എന്ന് കരുതി ഇന്ന് ഡ്യൂട്ടിക്കെത്തിയെങ്കിലും നിരാശനാകേണ്ടി വന്നതോടെയായിരുന്നു ആത്മഹത്യക്ക് മുതിർന്നത്. ' നിയമനം പിഎസ്‌സി വഴി.. ചെയ്ത ജോലിക്ക് ശമ്പളമില്ല.. കടക്കെണിയാൽ.. മരണം മാത്രം മുന്നിൽ..' എന്നാണ് വിഷം കഴിക്കുന്നതിന് തൊട്ട് മുമ്പ് വിനോദ് കുമാർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

ലാഭത്തിന്റെ കണക്കു പസ്തകം തുറന്നതോടെ കാണാതെ പോകുന്ന ജീവിതങ്ങൾ

സാമ്പത്തിക ശാസ്ത്രത്തിലെ ലാഭകണക്കുകൾക്ക് ബാലൻസ്ഷീറ്റ് തയ്യാറാക്കാൻ കഴിയാത്ത ത്യാഗത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും ചരിത്രമാണ് കെഎസ്ആർടിസിക്കുള്ളത്. 1936ൽ ശ്രീമൂലം പ്രജാസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ പയനിയർ മുതലാളിയിൽ നിന്നും പിടിച്ചെടുത്ത 13 ബസുകളിലൂടെയാണ് കെഎസ്ആർടിസിയുടെ ചരിത്രം ആരംഭിക്കുന്നത്. 1938ൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ ആദ്യ സർവ്വീസ് രാജകുടുംബാംഗങ്ങളുമായി കവടിയാർ കൊട്ടാരമുറ്റത്തുനിന്നും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക്. ബ്രിട്ടനിൽ നിന്നുമെത്തിയ ബാൾട്ടർ സായിപ്പായിരുന്നു ആദ്യ എംഡി. അന്ന് തൊട്ട് ഇന്നുവരെയുള്ള ട്രാൻസ്പോർട്ട് ചരിത്രത്തിൽ കേവലം രണ്ടുകൊല്ലം മാത്രമാണ് ലാഭം രേഖപ്പെടുത്തിയിട്ടുള്ളത്.

തൊഴിലാളികൾ അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ കാലമായിരുന്നു അത്. ചെറിയ പിഴവുകൾക്കോ വൈകലുകൾക്കോ പോലും ക്രൂരപീഡനങ്ങൾ തൊഴിലാളികൾ ഏറ്റുവാങ്ങി. അങ്ങനെയാണ് കെഎസ്ആർടിസിയിൽ ആദ്യ യൂണിയൻ ഉദയം കൊള്ളുന്നത്. നോൺ പെൻഷനബിൾ ട്രാൻസ്പോർട്ട് യൂണിയൻ എന്ന പേരിൽ ഒരു സംഘടന രൂപം കൊണ്ടു. മുത്തുകറുപ്പ പിള്ളയായിരുന്നു ആദ്യ പ്രസിഡന്റ്. അത്യുജ്ജ്വലങ്ങളായ പോരാട്ടങ്ങൾക്കാണ് പിന്നീട് നാട് സാക്ഷ്യം വഹിച്ചത്. എൻ സി ശേഖറും പട്ടം താണുപിള്ളയും പിന്നീട് സംഘടനയുടെ സാരഥികളായി. പിന്നീട് തിരുവിതാംകൂർ പ്രധാനമന്ത്രിയായ പട്ടം യൂണിയന്റെ സമരങ്ങളെ അടിച്ചമർത്തുവാൻ ശ്രമിച്ചതും ചരിത്രമാണ്.

1952 ൽ ടി വി തോമസ് യൂണിയന്റെ പ്രസിഡന്റും കെ വി സുരേന്ദ്രനാഥ് ജനറൽ സെക്രട്ടറിയുമാകുന്നതോടെ സംഘടനയുടെ സമരവീര്യം പതിന്മടങ്ങ് വർദ്ധിച്ചു. 1954 ൽ കേരള ചരിത്രത്തിൽ രക്തശോഭയോടെ തെളിഞ്ഞു നിൽക്കുന്ന ട്രാൻസ്പോർട്ട് സമരത്തിന് നാട് സാക്ഷ്യം വഹിച്ചു. പെൻഷൻ, ബോണസ്, ഗ്രാറ്റുവിറ്റി എന്നിവ ആവശ്യപ്പെട്ട് തൊഴിലാളികൾ ആരംഭിച്ച സമരത്തിൽ വെളിയം ഭാർഗ്ഗവൻ, ഇ പത്മനാഭൻ, അനിരുദ്ധൻ, ഫക്കീർഖാൻ തുടങ്ങി അനവധി നേതാക്കൾ അറസ്റ്റിലായി. സമരത്തിൽ പങ്കെടുത്തിന് തൊഴിലാളികളായ സത്യരാജപണിക്കരെയും പി കെ രാമനെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നീട് 1957ൽ ആദ്യ ജനാധിത്യ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് അവരെ തിരിച്ചെടുത്തത്. 1962ൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ കുമാരപിള്ള കമ്മീഷന് മുന്നിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അവതരിപ്പിക്കവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു പി കെ രാമൻ.

അതിനു ശേഷവും നിരന്തര പോരാട്ടങ്ങളിലൂടെയും കാലാകാലങ്ങളിൽ അധികാരത്തിലെത്തുന്ന സർക്കാരുകൾ അനുവദിച്ചു നൽകിയ ആനുകൂല്യത്തിലൂടെയുമാണ് ട്രാൻസ്പോർട്ട് ജീവനക്കാർക്കും സമൂഹത്തിൽ മാന്യമായി ജീവിക്കുവാനുള്ള അവസ്ഥയുണ്ടായത്. ഇന്ന് സംസ്ഥാനത്തിന്റെ നട്ടെല്ലായ പൊതുഗതാഗത സംവിധാനമാണ് കെ എസ് ആർടിസി. സാധാരണക്കാരായ നിരവധി പേർ ആശ്രയിക്കുന്ന കെഎസ്ആർടിസിക്ക് ഇന്ന് 6,238 ബസുകളുണ്ട്. ഇതിൽ ശരാശരി 5395 ബസുകൾ ദിവസവും സർവ്വീസ് നടത്തുന്നുണ്ട്. 32,000 ലധികം സ്ഥിരം ജീവനക്കാരാണ് കോർപ്പറേഷനിലുള്ളത്.

മാറിമാറി വരുന്ന സർക്കാരുകൾ കെഎസ്ആർടിസിയെ രക്ഷപെടുത്താനും തൊഴിലാളികളെ ഗുണപ്പെടുത്താനുമായി അനവധി പദ്ധതികളും ഭരണപരിഷ്‌കാരങ്ങളുമാണ് നടപ്പിലാക്കാറുള്ളത്. എന്നാൽ, അത്ഭുതകരമായ കാര്യം ഏത് മുന്നണി അധികാരത്തിലിരുന്നാലും ഗുണപ്പെടുന്നതും രക്ഷപെടുന്നതും വകുപ്പ് ഭരിക്കുന്ന മന്ത്രിയും പാർട്ടിയുമാണ്. ഒരു ബസുമായി നിരത്തിലിറങ്ങുന്ന സ്വകാര്യ ബസ് മുതലാളിമാർ ലാഭം ഉണ്ടാക്കുകയും ബിസിനസ് വളർത്തുകയും ചെയ്യുന്ന കേരളത്തിലാണ് പല റൂട്ടുകളും കുത്തകയായി വെച്ചിരിക്കുന്ന കെഎസ്ആർടിസിയിൽ നിത്യവൃത്തിക്ക് പോലും വകയില്ലാതെ ജീവനക്കാർ വലയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP