Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വളർത്തച്ഛന്റെ കൊട്ടാരത്തിനോട് ചേർന്നുള്ള വലിയ കോയിക്കൽ ക്ഷേത്രത്തിൽ പ്രാർത്ഥനാനിരതരായി ഇരുന്നത് ആയിരക്കണക്കിന് ഭക്തർ; വിധി വന്നപ്പോൾ അയ്യപ്പന്റെ അനുഗ്രഹമായിക്കണ്ട് ഉയർന്നത് ശരണം വിളികൾ; മന്നംസമാധിയിലെത്തി പുഷ്പാർച്ചന നടത്തി ആഹ്ലാദം പങ്കുവച്ച് സുകുമാരൻ നായരും; ശബരിമല വിധിയെ പ്രതീക്ഷയോടെ കണ്ട് എൻ എസ് എസും പന്തളം കൊട്ടാരവും; അന്തിമ തീരുമാനവും അനുകൂലമാകുമെന്ന പ്രതീക്ഷയിൽ നാമജപ പ്രതിഷേധ നേതൃത്വം

വളർത്തച്ഛന്റെ കൊട്ടാരത്തിനോട് ചേർന്നുള്ള വലിയ കോയിക്കൽ ക്ഷേത്രത്തിൽ പ്രാർത്ഥനാനിരതരായി ഇരുന്നത് ആയിരക്കണക്കിന് ഭക്തർ; വിധി വന്നപ്പോൾ അയ്യപ്പന്റെ അനുഗ്രഹമായിക്കണ്ട് ഉയർന്നത് ശരണം വിളികൾ; മന്നംസമാധിയിലെത്തി പുഷ്പാർച്ചന നടത്തി ആഹ്ലാദം പങ്കുവച്ച് സുകുമാരൻ നായരും; ശബരിമല വിധിയെ പ്രതീക്ഷയോടെ കണ്ട് എൻ എസ് എസും പന്തളം കൊട്ടാരവും; അന്തിമ തീരുമാനവും അനുകൂലമാകുമെന്ന പ്രതീക്ഷയിൽ നാമജപ പ്രതിഷേധ നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാലബെഞ്ചിന് വിട്ടുകൊണ്ട് സുപ്രിംകോടതിവിധി വന്നതോടെ പെരുന്നയിലുള്ള എൻ.എസ്.എസ്. ആസ്ഥാനത്ത് ആഹ്ലാദം. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും ആസ്ഥാനത്തെത്തിയിരുന്ന നായകസഭാംഗങ്ങളും ജീവനക്കാരുംചേർന്ന് മന്നംസമാധിയിലെത്തി പുഷ്പാർച്ചന നടത്തി.

പന്തളം കൊട്ടാരത്തോട് ചേർന്നുള്ള വലിയകോയിക്കൽ ക്ഷേത്രത്തിനുമുമ്പിൽ വ്യാഴാഴ്ച രാവിലെ മുതൽ പ്രാർത്ഥനാനിരതരായി ഭക്തർ ഇരുന്നു. പത്തരയ്ക്ക് വിധി വന്നപ്പോൾ അയ്യപ്പന്റെ അനുഗ്രഹമായിക്കണ്ട് ശരണം വിളികൾ മുഴങ്ങി. ശരണംവിളിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ചു. എൻ എസ് എസ് ആസ്ഥാനമായ പെരുന്നയും ആഘോഷത്തിലായിരുന്നു. എൻ എസ് എസും പന്തളം കൊട്ടാരവും എടുത്ത നിലപാട് തന്നെയാണ് വിശ്വാസികളുടെ എതിർപ്പിലേക്ക് കാര്യങ്ങളെത്തിയത്. ഇതിന്റെ പ്രതിഫലനമാണ് സുപ്രീംകോടതി വിധിയിലേക്ക് കാര്യങ്ങളുമെത്തിയത്. ഈ സന്തോഷമാണ് പെരുന്നയിലും പന്തളത്തും നിറഞ്ഞതും. ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാലബെഞ്ചിന് വിട്ടുകൊണ്ട് സുപ്രിംകോടതിവിധി വന്നതോടെ പെരുന്നയിലുള്ള എൻ.എസ്.എസ്. ആസ്ഥാനത്ത് ആഹ്ലാദം പ്രകടമായിരുന്നു. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും ആസ്ഥാനത്തെത്തിയിരുന്ന നായകസഭാംഗങ്ങളും ജീവനക്കാരുംചേർന്ന് മന്നംസമാധിയിലെത്തി പുഷ്പാർച്ചന നടത്തി.

വിധിയെ സന്തോഷത്തോടെ സ്വാഗതംചെയ്യുന്നതായി പന്തളം പാലസ് വെൽഫെയർ സൊസൈറ്റി അറിയിച്ചു. അയ്യപ്പഭക്തർക്ക് ആശ്വാസം തരുന്ന വിധിയാണിതെന്ന് ജനറൽ സെക്രട്ടറി ആർ.കെ.ജയകുമാരവർമ പറഞ്ഞു. ആചാരങ്ങൾക്ക് അനുകൂലമായ വിധി അയ്യപ്പന്റെ പ്രസാദമാണെന്ന്, ക്ഷത്രിയക്ഷേമസഭ പന്തളം യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് പി.രാഘവവർമരാജ, സെക്രട്ടറി ജ്യോതി ശക്തികുമാർ വർമ എന്നിവർ പറഞ്ഞു. വിധി പുനഃപരിശോധിക്കാനുള്ള തീരുമാനമാണ് ഏഴംഗബെഞ്ചിലേക്ക് വിട്ടുകൊണ്ടുള്ള ഉത്തരവെന്ന് ക്ഷേത്രാചാരസംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല, വൈസ് പ്രസിഡന്റ് എം.ബി.ബിനുകുമാർ, സെക്രട്ടറി പൃഥ്വിപാൽ എന്നിവർ പറഞ്ഞു.

ഭക്തരുടെ മനസ്സുരുകിയുള്ള പ്രാർത്ഥനയുടെ ഫലമാണ് വിധിയെന്ന് യോഗക്ഷേമസഭ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹരികുമാർ നമ്പൂതിരി, സെക്രട്ടറി ഇ.നാരായണൻ പോറ്റി എന്നിവർ പറഞ്ഞു. വിശ്വാസികൾക്ക് അനുകൂലമായുണ്ടായ വിധിയെ സ്വാഗതംചെയ്യുന്നതായി അയ്യപ്പസേവാസംഘം അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ.രവി, ഭക്തജനസംഘം പ്രസിഡന്റ് എം.ബി.ബിജുകുമാർ, തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ കൺവീനർ പ്രസാദ് കുഴിക്കാല, വലിയകോയിക്കൽ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി പ്രസിഡന്റ് പൃഥ്വിപാൽ, ശരത് കുരമ്പാല എന്നിവർ അറിയിച്ചു.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളുടെ പരിശോധന സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടതോടെ 29 വർഷം തുടർന്ന നിയമവ്യവഹാരം വീണ്ടും നീളും. മതപരമായ വിശ്വാസത്തിൽ കോടതിയുടെ ഇടപെടലിന്റെ പരിധിയടക്കം സുപ്രധാന ചോദ്യങ്ങളിൽ ഇനി രൂപീകരിക്കുന്ന ഏഴംഗ ഭരണഘടനാ ബെഞ്ച് തീർപ്പുണ്ടാക്കും. ഇതിനുശേഷമാകും പുനഃപരിശോധനാ ഹർജികളിൽ അന്തിമവിധി വരിക. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയോ അടുത്തതായി ചുമതലയേൽക്കുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡയോ വിശാല ബെഞ്ച് രൂപീകരിക്കും. ഇതു പ്രതീക്ഷയായി കാണുകയാണ് പന്തളം കൊട്ടാരവും എൻ എസ് എശും.

ഹിന്ദു, മുസ്ലിം, പാഴ്സി തുടങ്ങി വിവിധ മതവിഭാഗങ്ങളുടെ വിശ്വാസങ്ങളും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ചോദ്യത്തിൽ ഈ വിശാല ബെഞ്ച് ഉത്തരം കണ്ടെത്തും. വിവിധ മതവിഭാഗത്തിൽപ്പെട്ട കക്ഷികളുടെ വാദംകേട്ടശേഷമാകും തീരുമാനം. ഇത് ദീർഘമായ നിയമപോരാട്ടത്തിനാകും നാന്ദി കുറിക്കുക. ശബരിമല യുവതീപ്രവേശനക്കേസ് 2006ലാണ് റിട്ട് ഹർജിയായി സുപ്രീംകോടതിയിൽ എത്തിയത്. 12 വർഷം വ്യവഹാരം നടന്നു. 2018 സെപ്റ്റംബർ 28നു യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധിയെത്തി.

1990ൽ സംസ്ഥാന ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് ലഭിച്ച കത്ത് പൊതുതാൽപ്പര്യ ഹർജിയായി പരിഗണിച്ചതോടെയാണ് നിയമപേരാട്ടങ്ങളുടെ തുടക്കം. യുവതികൾ പ്രവേശിക്കുന്നത് ചോദ്യം ചെയ്ത് എസ് മഹേന്ദ്രനാണ് കത്തയച്ചത്. ആചാരത്തിനു വിരുദ്ധമായി യുവതികൾ കയറുന്നത് നിരോധിക്കണമെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ആവശ്യം. ദേവസ്വം മുൻ കമീഷണർ ജെ ചന്ദ്രികയും മകളും മറ്റു സ്ത്രീകളും പങ്കെടുത്ത പേരക്കുട്ടിയുടെ ചോറൂണ് നടത്തിയതിന്റെ ചിത്രത്തോടുകൂടിയ പത്രവാർത്തയും ഇതിനൊപ്പം നൽകി.യുവതീപ്രവേശനത്തിനുള്ള നിയന്ത്രണം എല്ലാ തീർത്ഥാടനവേളയിലും നടപ്പാക്കണമെന്ന് 1991 ഏപ്രിൽ അഞ്ചിന് ഹൈക്കോടതി ഉത്തരവിട്ടു. മുമ്പ് നടപ്പിലുണ്ടായിരുന്ന യുവതീപ്രവേശനം ഇതോടെ വിലക്കപ്പെട്ടു.

ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനും മറ്റു ചിലരുമാണ് നിരോധനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനെ കേസിൽ എതിർകക്ഷിയാക്കി. ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ, ഇന്ദിര ജെയ്‌സിങ് നേതൃത്വം നൽകുന്ന സംഘടന, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, സംസ്ഥാന സർക്കാർ എന്നിവർ യുവതീപ്രവേശത്തെ അനുകൂലിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ്, നായർ സർവീസ് സൊസൈറ്റി, പന്തളം രാജകുടുംബം, തന്ത്രികുടുംബം, അയ്യപ്പഭക്തരുടെ സംഘടന തുടങ്ങിയവർ പ്രവേശത്തെ എതിർത്തും വാദങ്ങൾ ഉന്നയിച്ചു.

10നും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിനെ എതിർത്ത് പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും വന്നു. പന്തളം കൊട്ടാരം, തന്ത്രി കണ്ഠര് രാജീവര്, മുഖ്യതന്ത്രി, ശബരിമല ആചാരസംരക്ഷണ ഫോറം, എൻഎസ്എസ്, അയ്യപ്പസേവാസമാജം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ് ഹർജി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP