Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി തന്നെ പിന്നോട്ട് വലിഞ്ഞതോടെ സമരവും പ്രതിരോധവും അതിശക്തമാക്കാൻ രണ്ടും കൽപ്പിച്ച് സംഘപരിവാർ; കർമ്മ സമിതിയെ മുമ്പിൽ നിർത്തി നാമജപ ഘോഷയാത്രകളും യുവതികളെ തടയലും സജീവമാക്കും; ശബരിമല വനനിരകളിൽ ആർഎസ്എസ് നിരീക്ഷണം ശക്തമാക്കും; ഇക്കുറി ഒരു യുവതിയെ പോലും മല ചവിട്ടാൻ അനുവദിക്കില്ലെന്നത് വാശിയോയെ എടുത്ത് കാവിപ്പട; നേതൃത്വം നൽകാൻ രണ്ടും കൽപ്പിച്ച് സുരേന്ദ്രനും മലകയറും

യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി തന്നെ പിന്നോട്ട് വലിഞ്ഞതോടെ സമരവും പ്രതിരോധവും അതിശക്തമാക്കാൻ രണ്ടും കൽപ്പിച്ച് സംഘപരിവാർ; കർമ്മ സമിതിയെ മുമ്പിൽ നിർത്തി നാമജപ ഘോഷയാത്രകളും യുവതികളെ തടയലും സജീവമാക്കും; ശബരിമല വനനിരകളിൽ ആർഎസ്എസ് നിരീക്ഷണം ശക്തമാക്കും; ഇക്കുറി ഒരു യുവതിയെ പോലും മല ചവിട്ടാൻ അനുവദിക്കില്ലെന്നത് വാശിയോയെ എടുത്ത് കാവിപ്പട; നേതൃത്വം നൽകാൻ രണ്ടും കൽപ്പിച്ച് സുരേന്ദ്രനും മലകയറും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല നടതുറക്കാൻ ഒരു ദിവസം മാത്രം നിൽക്കേ യുവതീപ്രവേശ ശ്രമമുണ്ടായാൽ ചെറുക്കാൻ സംഘപരിവാർ സംഘടനകൾ പദ്ധതി തയ്യാറാക്കി. യുവതികളെ തടയാനുള്ള പ്രതിരോധത്തിന് ബിജെപി നേതാവ് കെ സുരേന്ദ്രൻ തന്നെ നേതൃത്വം നൽകി. കഴിഞ്ഞ മണ്ഡലകാലത്ത് പ്രതിഷേധത്തിന്റെ പേരിൽ 22 ദിവസമാണ് സുരേന്ദ്രൻ അഴിക്കുള്ളിൽ കിടന്നത്. ഇത് ഭക്തജനങ്ങളുടെ വിശ്വാസം നേടാൻ സുരേന്ദ്രന് വഴിയൊരുക്കി. പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോന്നി ഉപതെരഞ്ഞെടുപ്പിലും സുരേന്ദ്രൻ തോറ്റെങ്കിൽ വോട്ട് വിഹിതം കൂട്ടിയത് വലിയ തോതിലാണ്. അങ്ങനെ സമരനായകൻ എന്ന നിലയിൽ വിശ്വാസികൾക്ക് വിശ്വാസമുള്ള സുരേന്ദ്രനെ തന്നെ ഈ സീസണിലെ യുവതി പ്രവേശന വിരുദ്ധ പ്രതിഷേധത്തിന്റെ നേതാവായി അവതരിപ്പിക്കുകയാണ് സംഘപരിവാർ.

സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന സമീപനത്തെ കാത്തിരിക്കുകയാണ് യുവതീപ്രവേശത്തെ എതിർക്കുന്ന സംഘടനകൾ. സർക്കാർ യുവതികളെ കയറ്റാൻ താൽപ്പര്യം കാട്ടുന്നുവെന്ന സൂചന കിട്ടിയാൽ പ്രതിരോധം ശക്തമാക്കും. ഏതായാലും സന്നിധാനത്തും പമ്പയിലും ആർ എശ് എസ് പ്രവർത്തകർ സജീവമാകും. നിലയ്ക്കലിലും നിരീക്ഷണ സംഘമുണ്ടാകും. എല്ലാ ദിവസവും കുറഞ്ഞത് ആയിരം പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാനാണ് ആർഎസ്എസ് തീരുമാനം. സന്നിധാനത്ത് നാമജപ പ്രതിരോധം എല്ലാ ദിവസവും സംഘടിപ്പിക്കുന്നതും പരിഗണനയിലാണ്. സാഹചര്യവും സാധ്യതകളും തിരിച്ചറിഞ്ഞാകും നാമജപ പ്രതിരോധത്തിൽ തീരുമാനം ഉണ്ടാകുക.

വിഷയത്തിൽ തികഞ്ഞ ജാഗ്രതയിലാണെന്ന് സംഘപരിവാർ സംഘടനാ നേതാക്കൾ പറഞ്ഞു. മനീതി സംഘവും തൃപ്തി ദേശായിയും അടക്കമുള്ളവർ വീണ്ടും ശബരിമലയിൽ എത്തുമെന്ന് പറഞ്ഞ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ അവർ എല്ലാ തയ്യാറെടുപ്പും നടത്തുന്നുണ്ട്. ഭാവി നടപടികൾ ആലോചിക്കാൻ ശബരിമല കർമസമിതി യോഗം ചേരും. കെ സുരേന്ദ്രൻ ബിജെപിയുടെ ഇടപെടലെന്ന തരത്തിലാകും ശബരിമലയിൽ സജീവമാകുക. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചുള്ള വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ സർക്കാർ ആശയക്കുഴപ്പത്തിലാണ്. പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളാത്ത സാഹചര്യത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്നാണ് സർക്കാർ ആലോചിക്കുന്നത്.

സന്നിധാനത്ത് സ്ത്രീയെ തടഞ്ഞതുമായി ബന്ധപ്പെട്ട അക്രമത്തിന്റെ കേസിലാണ് സുരേന്ദ്രനെ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇനി ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നായിരുന്നു ജാമ്യം നൽകിയുള്ള കോടതി ഉത്തരവ്. എങ്കിലും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിരോധം തീർക്കേണ്ട സാഹചര്യമുണ്ടെന്ന് കെ സുരേന്ദ്രനും വിലയിരുത്തുന്നു. അതുകൊണ്ടാണ് എന്ത് വില കൊടുത്തും പ്രതിഷേധത്തിന്റെ ഭാഗമാകാനുള്ള സുരേന്ദ്രന്റെ തീരുമാനം. അതിശക്തമായ പ്രതിരോധം സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉയർത്താനാണ് ബിജെപിയും ആഗ്രഹിക്കുന്നത്.

സുപ്രീം കോടതി വിധിയിൽ സർക്കാരിനു ആശയക്കുഴപ്പമുണ്ട്. അതിനാൽ തന്നെ വിധിയിൽ വ്യക്തത വേണമെന്നാണ് സർക്കാർ ആവശ്യം. വിധിയെപ്പറ്റി സുപ്രീം കോടതി അഭിഭാഷകനോടു തന്നെ സർക്കാർ നിയമോപദേശം തേടും. സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയോട് തന്നെ സർക്കാർ നിയമോപദേശം തേടാനാണ് സാധ്യത. അന്തിമമവിധി വരുന്നത് വരെ യുവതി പ്രവേശം തടഞ്ഞ് എങ്ങനെ ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാമെന്നും സർക്കാർ ആലോചിക്കുന്നു. തൽക്കാലത്തേക്ക് യുവതീ പ്രവേശനം തടഞ്ഞ് പ്രശ്നങ്ങൾ ഒതുക്കി തീർക്കാനാണ് സർക്കാർ തത്വത്തിൽ ധാരണയായിരിക്കുന്നത്. നിയമമന്ത്രി എ.കെ.ബാലനും അത്തരത്തിലുള്ള പ്രതികരണമാണ് വിധിക്ക് ശേഷം നടത്തിയത്. എന്നാൽ സർക്കാരിന്റെ ഈ നീക്കങ്ങളെ പൂർണ്ണമായും പരിവാറുകാർ വിശ്വാസത്തിലെടുക്കുന്നില്ല. ദർശനത്തിന് സ്ത്രീകളെത്തുമെന്നാണ് അവരുടെ പ്രതീക്ഷ.

അതേസമയം, ശബരിമല ദർശനത്തിന് യുവതികളെത്തിയാൽ തടയുമെന്നാണ് ശബരിമല കർമസമിതിയുടെ നിലപാട്. പരസ്യമായി ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കിലും കർമസമിതിയും ആചാര സംരക്ഷണ സമിതിയും രഹസ്യ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ആചാരലംഘനം നടത്താൻ ശ്രമിച്ചാൽ ശക്തമായി അതിനെ എതിർക്കാനാണ് കർമസമിതിയുടെയും ആചാരസംരക്ഷണ സമിതിയുടെയും നീക്കം. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ വിശാല ബഞ്ചിലേക്ക് വിടണമെന്നാണ് പരമോന്നത കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ എന്നിവരാണ് കേസ് വിശാല ബഞ്ചിനു വിടാൻ തീരുമാനിച്ചത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബർ 28 ന് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്തതുമില്ല.

അതുകൊണ്ട് തന്നെ ശബരിമലയിൽ ഇത്തവണ എന്തും സംഭവിക്കാം. കേരള പൊലീസ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ശബരിമല യുവതീ പ്രവേശ വിധിയെത്തുടർന്നുള്ള സംഭവവികാസങ്ങൾ. കഴിഞ്ഞ വർഷം തുലാമാസ പൂജയ്ക്ക് നടതുറന്നതോടെ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞയിലാണ് തുടക്കം. മലചവിട്ടാൻ എത്തിയ ആന്ധ്ര സ്വദേശിനി മാധവിയെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പൊലീസ് നീക്കം ഭക്തർ തടഞ്ഞു. ഇതോടെയാണ് സംഘടിതമായി തടയുന്നതിന് പമ്പ മുതൽ സന്നിധാനം വരെ ശബരിമല കർമസമിതി ഭക്തരെ സംഘടിപ്പിക്കുന്നെന്ന വിവരം പൊലീസിനു ലഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ എസ്‌പിമാരുടെ മേൽനോട്ടത്തിൽ പൊലീസിനെ വിന്യസിച്ചു. സന്നിധാനം വരെ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങളുമായി കരുതി നിന്നു. പലപ്പോഴായി 25,000 പൊലീസുകാരെയാണ് ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചത്. യുവതികളെത്തിയാൽ ഇത്തവണ വീണ്ടും പരിവാറുകാർ തടയും. അതുകൊണ്ട് തന്നെ കഴിഞ്ഞ തീർത്ഥാടനകാലത്തേതിന് സമാനമായ സാഹചര്യം ഇത്തവണയും ഉണ്ടായേക്കും.

അതിനിടെ മണ്ഡല-- മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല പൂർണസജ്ജമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നിലയ്ക്കൽ ബേയ്സ് ക്യാമ്പ്, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. നിലയ്ക്കൽ ബേയ്സ് ക്യാമ്പിൽ 9000 പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി. എട്ട് കൗണ്ടറിലായി ഔഷധ ചുക്കുവെള്ളം വിതരണംചെയ്യും. തണുത്തതും ചൂടുള്ളതുമായ കുടിവെള്ളവിതരണത്തിന് 1200 വാട്ടർടാപ്പ് സ്ഥാപിച്ചു. അന്നദാനമണ്ഡപവും സജ്ജമാക്കി. 1090 ശൗചാലയം, 60 കുളിമുറി, പുതിയതായി 120 ടോയ്ലറ്റ് എന്നിവയുമുണ്ട്. 16 പാർക്കിങ് ഗ്രൗണ്ടിലായി ചെറുതും വലുതുമായ 9000 വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിനൊപ്പം പുതിയതായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള പാർക്കിങ് ഗ്രൗണ്ട് നിർമ്മാണം പൂർത്തിയായിവരുന്നു. മാലിന്യസംസ്‌കരണത്തിന് രണ്ട് ഇൻസിനറേറ്ററും രണ്ട് എംഎൽഡിയുടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും സജ്ജീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP