Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണു കിടക്കുന്ന മരം മുറിക്കാൻ കോടാലി മതി; പക്ഷെ മരത്തിന് മുകളിൽ കയറി കൊമ്പ് വെട്ടാൻ മഴു തന്നെ വേണം; കേരളത്തിന് പുതിയ രൂപം നൽകിയ ഈ മഴു ഉപയോഗിച്ച് മെറ്റൽ ഇൻഡസ്ട്രീസിന്റെ മുഖച്ഛായ മാറ്റാൻ രണ്ടും കൽപ്പിച്ചിറങ്ങി ജേക്കബ് തോമസ്; 'പരശുരാമ ആക്‌സ്' ഓൺലൈനിൽ തരംഗമാകുമെന്ന പ്രതീക്ഷയിൽ മുൻ വിജിലൻസ് ഡയറക്ടർ; പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളത്തിന് 'പണി' കിട്ടിയ ഐപിഎസുകാരൻ പിണറായി സർക്കാരിന് നൽകുന്നത് ഐതീഹ്യത്തിൽ പൊതിഞ്ഞ പരിഹാസം

വീണു കിടക്കുന്ന മരം മുറിക്കാൻ കോടാലി മതി; പക്ഷെ മരത്തിന് മുകളിൽ കയറി കൊമ്പ് വെട്ടാൻ മഴു തന്നെ വേണം; കേരളത്തിന് പുതിയ രൂപം നൽകിയ ഈ മഴു ഉപയോഗിച്ച് മെറ്റൽ ഇൻഡസ്ട്രീസിന്റെ മുഖച്ഛായ മാറ്റാൻ രണ്ടും കൽപ്പിച്ചിറങ്ങി ജേക്കബ് തോമസ്; 'പരശുരാമ ആക്‌സ്' ഓൺലൈനിൽ തരംഗമാകുമെന്ന പ്രതീക്ഷയിൽ മുൻ വിജിലൻസ് ഡയറക്ടർ; പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളത്തിന് 'പണി' കിട്ടിയ ഐപിഎസുകാരൻ പിണറായി സർക്കാരിന് നൽകുന്നത് ഐതീഹ്യത്തിൽ പൊതിഞ്ഞ പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

ഷൊർണൂർ : വീണു കിടക്കുന്ന മരം മുറിക്കാൻ കോടാലി മതി, പക്ഷെ മരത്തിന് മുകളിൽ കയറി കൊമ്പ് വെട്ടാൻ മഴു തന്നെ വേണം-പറയുന്നത് ജേക്കബ് തോമസ് ഐപിഎസാണ്. കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസുകാരൻ. ഏത് പദവി നൽകിയാലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ജേക്കബ് തോമസ് മെറ്റൽ ഇൻഡസ്ട്രീസിന്റെ മുഖച്ഛായ മാറ്റാൻ പുതിയൊരു ഐറ്റം അവതരിപ്പിക്കുകയാണ്. പരശുരാമന്റെ മഴു... കേരള നിർമ്മിതിക്ക് കാരണമായി ഐതീഹ്യങ്ങൾ പറയുന്ന അതേ മഴു.

പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളത്തിൽ ജേക്കബ് തോമസിനെ പോലെ 'പണി' കിട്ടിയ ഐപിഎസുകാർ കുറവാണ്. ഡിജിപി കസേരയിൽ ഇരിക്കേണ്ട ആളെ കത്തിയും മൺവെട്ടിയും ഉണ്ടാക്കുന്ന കമ്പനി, ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിലെ എംഡിയായി ഇരുത്തിയപ്പോൾ തന്നെ ജേക്കബ് തോമസ് പറഞ്ഞതാണ് നല്ല മഴുവും കത്തിയും കോടാലിയുമെല്ലാം ഇനി കേരളത്തിലുണ്ടാവുമെന്ന്. പറഞ്ഞ വാക്ക് പാലിച്ചു തുടങ്ങിയിരിക്കുകയാണ് ജേക്കബ് തോമസ്. ഇതിനൊപ്പം മെറ്റൽ ഇൻഡസ്ട്രീസിലെ പഴയ ഫയലുകളും പൊടി തട്ടിയെടുക്കുകയാണ് ജേക്കബ് തോമസ്. പഴയ അഴിമതികളുടെ കഥകൾ പുറത്തെത്തിക്കാനാണ് ഇത്. ഇത്തരം പ്രവർത്തനങ്ങൾക്കിടയിലാണ് മഴുവിലൂടെ സ്ഥാപനത്തെ രക്ഷിച്ചെടുക്കാനുള്ള ശ്രമം.

കേരളത്തിന്റെ ഐതിഹ്യത്തിൽ പറയുന്നതനുസരിച്ച് ഈ മഴു എറിഞ്ഞാണ് കേരളം പരശുരാമൻ നിർമ്മിച്ചത്. കേരളത്തിന് പുതിയ രൂപം നൽകിയ ഈ മഴു ഉപയോഗിച്ച് മെറ്റൽ ഇൻഡസ്ട്രീസിന്റെ മുഖച്ഛായയിൽ മാറ്റം വരുത്താൽ ഒരുങ്ങി ഇരിക്കുകയാണ് മെറ്റൽ ഇൻഡസ്ട്രീസിന്റെ എം.ഡി ജേക്കബ് തോമസ്. പരമ്പരാഗത രീതികളിൽ നിന്ന് മാറ്റം വരുത്തി കാർഷികോപകരണങ്ങൾ നിർമ്മിക്കുന്നതിനോടൊപ്പം പുതിയ ഉത്പന്നങ്ങളും മെറ്റൽ ഇൻഡസ്ട്രീസ് ഇനി നിർമ്മിക്കും. ഷൊർണൂർ അഗ്രിക്കൾചറൽ ഇംപ്ലിമെന്റ്സ് കൺസോളിയം സംഘടിപ്പിച്ച പ്രചോദന സെമിനാറിലാണ് മഴു അവതരിപ്പിച്ചത്.

പരശുരാമൻ മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്ന ഐതിഹ്യത്തിന്റെ ചുവടുപിടിച്ച് ആദ്യപരീക്ഷണമെന്നനിലയിൽ പരശുരാമന്റെ മഴു നിർമ്മിച്ചു. ടൂറിസം കേന്ദ്രമായതിനാൽ വിനോദസഞ്ചാരികൾക്ക് വാങ്ങിക്കൊണ്ടുപോകാവുന്ന പ്രദർശനോത്പന്നമായാണ് നിർമ്മിച്ചിരിക്കുന്നത്. ആറന്മുള കണ്ണാടിയുടെയും ചുണ്ടൻവള്ളങ്ങളുടെയും മാതൃകപോലെ മഴുവും വിപണിയിലെത്തിക്കാനാണ് ലക്ഷ്യം. മഴുവിന്റെ ഏതാകൃതിയിലും വലിപ്പത്തിലും നിർമ്മിക്കാനാവും. എല്ലാമാസവും ഇത്തരത്തിൽ പുതിയ ഉത്പന്നങ്ങൾ നിർമ്മിച്ച് മെറ്റൽ ഇൻഡസ്ട്രീസിന്റെ മുഖച്ഛായ മാറ്റി ലാഭത്തിലാക്കാനാണ് ജേക്കബ് തോമസിന്റെ ലക്ഷ്യം.

100 വ്യത്യസ്ത തരം മഴു പുറത്തിറക്കും. ഒരു മാസത്തിനകം ഓൺലൈൻ വിപണികളിലുൾപ്പെടെ ലഭ്യമാകും. കന്യാകുമാരിയിൽ നിന്നു ഗോകർണത്തേയ്ക്ക് എറിഞ്ഞു പരശുരാമൻ കേരളം സൃഷ്ടിച്ച അതേ മഴു മെറ്റൽ ഇൻഡസ്ട്രീസിൽ നിർമ്മിക്കാൻ തീരുമാനിച്ചത് ഏറെ ആലോചിച്ചാണെന്നു ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജേക്കബ് തോമസ് പറഞ്ഞു. ഒരു മാസത്തിനകം പരശുരാമ ആക്‌സ് ആവശ്യമുള്ളവർക്ക് ഓൺലൈനിൽ ലഭ്യമാക്കാൻ നടപടി ഉണ്ടാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഷൊർണൂരിൽ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷവും ജേക്കബ് തോമസിന് ഒന്നുമില്ലാത്ത അവസ്ഥയാണ്. അതായത് സസ്പെൻഷൻകാലത്തെ സൗകര്യങ്ങൾ മാത്രമേ ജേക്കബ് തോമസിന് സർക്കാർ നൽകിയിരുന്നുള്ളൂ. ശമ്പളവും ഇരിക്കാൻ ഒരു ഓഫീസും മാത്രമാണ് നിയമ പോരാട്ടത്തിൽ ജയിച്ച ജേക്കബ് തോമസിന് സർക്കാർ നൽകിയത്. ഒരു ഐപിഎസുകാരൻ കേരളത്തിൽ അനുഭവിക്കുന്ന ആനുകൂല്യമൊന്നും ഷൊർണ്ണൂരിലെ ഓഫീസിൽ ജേക്കബ് തോമസിന് ഇല്ല. ഇതിനിടെയിലും കർമ്മ നിരതനായി ജേക്കബ് തോമസ് മഴുവുണ്ടാക്കിയെന്നതാണ് വസ്തുത.

101 വെട്ടു വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തികളും അരിവാളും കോടാലിയുമൊക്കെ കർഷകർക്കും മറ്റ് ആവശ്യക്കാർക്കും ഉണ്ടാക്കിക്കൊടുത്തു കേരളത്തെ വികസിപ്പിക്കലാണു തന്റെ ലക്ഷ്യമെന്നും കത്തിക്കു മൂർച്ച കൂടിയതിന്റെ പേരിൽ മാത്രമേ തന്നെ മാറ്റാൻ സാധ്യതയുള്ളൂ എന്നും ജേക്കബ് തോമസ് ചുമതലയേറ്റ ശേഷം പരിഹസിച്ചിരുന്നു. ഈ പരിഹാസത്തിന്റെ അർത്ഥം വ്യക്തമാക്കുന്ന തരത്തിലാണ് സർക്കാർ ജേക്കബ് തോമസിന് പുതിയ നിയമനം നൽകിയിരിക്കുന്നതെന്നതാണ് വസ്തുതയും. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക സംസ്ഥാന വിജിലൻസ് മേധാവിയുടേതിനു തുല്യമാക്കിയതു സർക്കാരിന്റെ നയപരമായ തീരുമാനമാണ്. ഇതു പ്രധാന തസ്തികയായി മാറിയതോടെ വലിയ ഐപിഎസ് ഉദ്യോഗസ്ഥർ ഇങ്ങോട്ടു വരാൻ തിടുക്കം കാട്ടിയാൽ തനിക്ക് എത്രകാലം ഇവിടെ തുടരാൻ കഴിയുമെന്നു പറയാനാകില്ല.

കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നതു വ്യവസായ വകുപ്പിലാണെന്ന സർക്കാരിന്റെ അഭിപ്രായം കൂടിയാകാം തീരുമാനത്തിനു പിന്നിലെന്നും ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു. ഇത്തരം പ്രതികരണങ്ങൾക്ക് അപ്പുറം പുതിയ പദവിയിൽ ജേക്കബ് തോമസിന് ചെയ്യാൻ ഒന്നുമില്ല. ചെയ്യാൻ അനുവദിക്കുകയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓഫീസിലെ സൗകര്യങ്ങൾ. വെറുതെ വന്നിരുന്നു പോകാം. എങ്ങനെ എത്തുന്നവെന്ന് പോലും സർക്കാർ ആലോചിക്കുന്നില്ല.

വിജിലൻസ് കേസിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഡി.ജി.പി. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർക്കു തുല്യമായ തസ്തികയിൽ തിരിച്ചെടുത്ത് വിവാദം അവസാനിപ്പിക്കുന്ന തട്ടിപ്പ് രീതിയാണ് സർക്കാർ കൈക്കൊണ്ടത്. സസ്‌പെൻഷനെതിരേ ജേക്കബ് തോമസ് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ, അദ്ദേഹത്തെ ഡി.ജി.പി. പദവിക്കു തുല്യമായ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു വിധി. തുടർന്ന്, താരതമ്യേന ചെറിയസ്ഥാപനമായ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. ട്രിബ്യൂണൽ വിധി പാലിക്കുന്നതിനായി ഈ തസ്തിക വിജിലൻസ് ഡയറക്ടറുടേതിനു തുല്യമായ കേഡർ തസ്തികയാക്കി.

മന്ത്രി ഇ.പി. ജയരാജൻ ചുമതല വഹിക്കുന്ന വ്യവസായവകുപ്പിനു കീഴിലാണു ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ്. ജയരാജൻ ബന്ധുനിയമനവിവാദത്തിൽ കുടുങ്ങി രാജിവയ്‌ക്കേണ്ടിവന്ന സംഭവത്തിൽ കേസ് ശക്തമാക്കിയത് അന്നു വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസായിരുന്നു. തുടർന്ന് അദ്ദേഹത്തെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റുകയും ചെയ്തു. അതേ ജേക്കബ് തോമസ് നിയമപോരാട്ടത്തിലൂടെ തിരിച്ചെത്തുന്നതു ജയരാജനു കീഴിലാണെന്നതാണു കൗതുകകരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP