Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

48 കോടിയുടെ 53 ഫിക്‌സഡ് ഡിപ്പോസിറ്റുകൾ ഉണ്ടായത് ബിജെപിക്കുവേണ്ടി കാലുവാരിയ അഞ്ചുദിവസത്തിനിടെ; 130 കോടി രൂപയുടെ ക്യാഷ് ഡിപ്പോസിറ്റുള്ള നേതാവ് സുഹൃത്തുക്കൾക്ക് പലിശരഹിത വായ്പ നൽകിയിരിക്കുന്നത് 270 കോടി രൂപ; ഒന്നരവർഷം കൊണ്ട് ഉയർന്നത് 185 കോടി; കള്ളപ്പണത്തിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ബിജെപി കർണാടകയിൽ സർക്കാർ ഉണ്ടാക്കാൻ ഒരു എംഎ‍ൽഎ.യ്ക്ക് കൊടുത്ത കാശിന്റെ വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ മൂക്കത്ത് വിരൽവെച്ച് പാവം നാട്ടുകാർ

48 കോടിയുടെ 53 ഫിക്‌സഡ് ഡിപ്പോസിറ്റുകൾ ഉണ്ടായത് ബിജെപിക്കുവേണ്ടി കാലുവാരിയ അഞ്ചുദിവസത്തിനിടെ; 130 കോടി രൂപയുടെ ക്യാഷ് ഡിപ്പോസിറ്റുള്ള നേതാവ് സുഹൃത്തുക്കൾക്ക് പലിശരഹിത വായ്പ നൽകിയിരിക്കുന്നത് 270 കോടി രൂപ; ഒന്നരവർഷം കൊണ്ട് ഉയർന്നത് 185 കോടി; കള്ളപ്പണത്തിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ബിജെപി കർണാടകയിൽ സർക്കാർ ഉണ്ടാക്കാൻ ഒരു എംഎ‍ൽഎ.യ്ക്ക് കൊടുത്ത കാശിന്റെ വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ മൂക്കത്ത് വിരൽവെച്ച് പാവം നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരൂ: ജനതാദൾ (എസ്)-കോൺഗ്രസ് സഖ്യത്തിൽ കർണാടകത്തിൽ അധികാരത്തിൽവന്ന എച്ച.ഡി. കുമാരസ്വാമി സർക്കാർ നിലംപതിക്കാനിടയായത് ഇരുപാർട്ടികളിലുംപെട്ട 17 എംഎൽഎമാർ ബിജെപിക്ക് അനുകൂലമായി നിലകൊണ്ടതോടെയാണ്. 17 പേരെയും അന്നത്തെ സ്പീക്കർ അയോഗ്യരാക്കിയെങ്കിലും കഴിഞ്ഞദിവസം സുപ്രീംകോടതി വിധി അനുകൂലമായതോടെ, വീണ്ടും ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ് അവർ. 17 വിമതരിൽ 13 പേർ ബിജെപി ടിക്കറ്റിലാണ് ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്.

എംഎൽഎമാരെ ചാക്കിട്ടുപിടിച്ചും കുതിരക്കച്ചവടം നടത്തിയും അധികാരം പിടിക്കുന്നത് കർണാടകത്തിൽ അപരിചിതമല്ലെങ്കിലും, കള്ളപ്പണത്തിനെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ബിജെപി എംഎൽഎമാരെ പാട്ടിലാക്കാൻ ചെലവാക്കിയ പണത്തിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കർണാടകത്തിലെ ധനാഢ്യനായ എംഎൽഎ എംടിബി നാഗരാജിന്റെ സമ്പാദ്യത്തിൽ ഒന്നരവർഷത്തിനിടെയുണ്ടായ വർധന 185.7 കോടി രൂപയുടേതാണ്. ഹോസ്‌കോട്ടിൽനിന്ന് ഉപതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന നാഗരാജ് നൽകിയ സത്യവാങ്മൂലം രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിന്റെ നേർസാക്ഷ്യമാണ്.

കർണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായ കാലയളവിൽ, പ്രത്യേകിച്ച് ഓഗസ്റ്റ് രണ്ടിനും ഏഴിനുമിടെ നാഗരാജിന്റെ പേരിലുണ്ടായത് 48 കോടി രൂപയുടെ 53 ഫിക്‌സഡ് ഡിപ്പോസിറ്റുകളാണ്. ഇതടക്കമാണ് ഒന്നരവർഷത്തിനിടെ നാഗരാജയുടെ ആസ്തി 25.84 ശതമാനം വർധിച്ചത്. സത്യവാങ്മൂലമനുസരിച്ച് 1201.50 കോടി രൂപയുടെ സ്വത്താണ് നാഗരാജയുടെയും ഭാര്യ ശാന്തരുമാരിയുടെയും പേരിലുള്ളത്. 2018 മേയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞതിനെക്കാൾ 15.5 ശതമാനം വർധന ഇക്കുറിയുണ്ടായിട്ടുണ്ട്.

രണ്ട് സത്യവാങ്മൂലങ്ങളും പരിശോധിക്കുമ്പോൾ ഇരുവരുടെയും പേരിലുള്ള ജംഗമ സ്വത്തുക്കളുടെ മൂല്യം വലിയതോതിൽ വർധിച്ചതായും മനസ്സിലാക്കാം. നാഗരാജയുടെ ജംഗമ സ്വത്തുക്കളിൽ 104.53 കോടിയുടെയും ശാന്തകുമാരിയുടെ പേരിലുള്ള ജംഗമ വസ്തുക്കളിൽ 44.95 കോടി രൂപയുടെയും വർധനയുണ്ടായി. 90 ലക്ഷം രൂപ വീതമുള്ള ഫിക്‌സഡ് ഡിപ്പോസിറ്റുകളാണ് ഓഗസ്റ്റ് രണ്ടിനും ഏഴിനും ഇടയ്ക്ക് നാഗരാജയുടെ പേരിൽ തുടങ്ങിയിട്ടുള്ളത്. കോൺഗ്രസ് എംഎ‍ൽഎ.യായിരുന്ന നാഗരാജ രാജിവെച്ച് ബിജെപി പക്ഷത്തേക്ക് വന്നതിന് 50 കോടി രൂപയ്ക്കടുത്ത് പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

2018-ലെ തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ 6,67,532 രൂപയേ നാഗരാജയുടെ കൈവശമുണ്ടായിരുന്നുള്ളൂ. ഇപ്പോഴത് 43,44,927 രൂപയായി വർധിച്ചു. എന്നാൽ, 4,89,999 രൂപ കൈവശമുണ്ടായിരുന്ന ശാന്തകുമാരിക്ക് ഇപ്പോൾ കൈയിൽ നാലര ലക്ഷം രൂപയേയുള്ളൂ.2018-ൽ 5.39 കോടി രൂപയായിരുന്നു നാഗരാജയുടെ സേവിങ്‌സ് അക്കൗണ്ടിലെ നിക്ഷേപം. ഇപ്പോഴത് 4.53 കോടിയായി കുറഞ്ഞു. ശാന്തകുമാരിയുടെ സേവിങ്‌സ് അക്കൗണ്ടിലും കുറവുണ്ടായി. 62 ലക്ഷത്തിൽനിന്ന് 27 ലക്ഷത്തിലേക്ക്.

ഫിക്‌സഡ് ഡിപ്പോസിറ്റായി 121.85 കോടി രൂപയായിരുന്നു നാഗരാജയുടെ പേരിലുണ്ടായിരുന്നത്. അതിപ്പോൾ 134.56 കോടി രൂപയായി വർധിച്ചു. 20 കോടി രൂപ ഫിക്‌സഡ് ഡിപ്പോസിറ്റുണ്ടായിരുന്ന ശാന്തകുമാരിക്ക് 18 മാസത്തിനിടെ 32 കോടി രൂപയുടെ ഫിക്‌സഡ് ഡിപ്പോസിറ്റായി. പണവും സ്വർണവും ഭൂമിയും കെട്ടിടങ്ങളുമൊക്കെയായി നാഗരാജയുടെ ആകെ ആസ്തി 2018-ൽ 709.39 കോടി രൂപയായിരുന്നു. ഇപ്പോഴത് 844.73 കോടി രൂപയായി വർധിച്ചു. ശാന്തകുമാരിയുടെ ആകെ ആസ്തി 306 കോടി രൂപയിൽനിന്ന് 356 കോടി കോടി രൂപയായും വർധിച്ചു.

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട 16 കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാർബിജെപിയിൽ ചേർന്നിരുന്നു. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലാണ് അയോഗ്യരാക്കപ്പെട്ടവർ പാർട്ടിയിൽ ചേർന്നത്. അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്ക് അവരുടെ സീറ്റുകൾ തന്നെ ഉപതെരഞ്ഞെടുപ്പിൽ നൽകി. കോൺഗ്രസ് എംഎൽഎമാരായിരുന്ന മഹേഷ് കുമാത്തല്ലി (അതാനി), ശ്രീമന്ത ഗൗഡ പാട്ടീൽ (കാഗ് വാഡ്), രമേഷ് ജാർക്കിഹോളി (ഗോകക്), ശിവരാം ഹെബർ (യെല്ലാപൂർ), ബിസി പാട്ടീൽ (ഹിരേകെരുർ), ആനന്ദ് സിങ് (വിജയനഗര), കെ സുധാകർ(ചിക്കബല്ലാപുര), ബൈരാതി ബാസവരാജ്(കെആർ പുരം), എസ്ടി സോമശേഖർ(യശ്വന്ത്പുർ), എംടിബി നാഗരാജ്(ഹോസ്‌കോട്ട്) ജെഡിഎസ് എംഎൽഎമാരായിരുന്ന കെ ഗോപാലയ്യ(മഹാലക്ഷ്മി ലേ-ഔട്ട്), എഎച്ച് വിശ്വനാഥ്(ഹുൻസുർ), കെസി നാരായണ ഗൗഡ(കൃഷ്ണരാജ്പേട്ട്) എന്നിവർക്കാണ് ബിജെപി സ്ഥാനാർത്ഥിത്വം നൽകിയത്.

പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷം കിട്ടാൻ ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ ആറെണ്ണമെങ്കിലും വിജയിക്കണം. 12 സീറ്റുകൾ കോൺഗ്രസിന്റെയും മൂന്നെണ്ണം ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളാണ്. അതേസമയം, കോൺഗ്രസുമായി സഖ്യം പിരിഞ്ഞ ജെഡിഎസ് പത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 17 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെയായിരുന്നു അന്നത്തെ സ്പീക്കറായ കെആർ രമേശ്കുമാർ അയോഗ്യരാക്കിയത്. കോൺഗ്രസ് എംഎൽഎ റോഷൻ ബെയ്ഗിനെ ബിജെപിയിലെടുത്തിട്ടില്ല. സ്പീക്കറുടെ നടപടി ശരിവച്ച സുപ്രിം കോടതി ഇവർക്ക് മത്സരിക്കാൻ അനുമതി നൽകി. 2023 വരെ മത്സരിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ ഉത്തരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP