Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻലാലിന്റെ പ്രിയപ്പെട്ട അബ്ദുല്ലാക്ക.. മമ്മുട്ടിയുടെ സ്വന്തം ഔളക്കയും; പുതുതലമുറയിൽ സൗബിൻ ഷഹീറിന്റെ വരെ പ്രിയങ്കരൻ; ചെറിയ വേഷങ്ങളിലൂടെ വന്ന് 'സുഡാനി'യിലെ രണ്ടാനച്ഛൻ വേഷത്തിലൂടെ ഞെട്ടിച്ചു; സൂരാജ് വെഞ്ഞാറമൂട് അന്ന് ചോദിച്ച പോലെ 'എവിടെയായിരുന്നു ഇക്ക നിങ്ങളിത്ര കാലം': കെ ടി സി അബ്ദുല്ലയെ അനുസ്മരിക്കുന്നു മാധ്യമ പ്രവർത്തകനായ എ.വി.ഫർദിസ്

മോഹൻലാലിന്റെ പ്രിയപ്പെട്ട അബ്ദുല്ലാക്ക.. മമ്മുട്ടിയുടെ സ്വന്തം ഔളക്കയും; പുതുതലമുറയിൽ സൗബിൻ ഷഹീറിന്റെ വരെ പ്രിയങ്കരൻ; ചെറിയ വേഷങ്ങളിലൂടെ വന്ന് 'സുഡാനി'യിലെ രണ്ടാനച്ഛൻ വേഷത്തിലൂടെ ഞെട്ടിച്ചു; സൂരാജ് വെഞ്ഞാറമൂട് അന്ന് ചോദിച്ച പോലെ 'എവിടെയായിരുന്നു ഇക്ക നിങ്ങളിത്ര കാലം': കെ ടി സി അബ്ദുല്ലയെ അനുസ്മരിക്കുന്നു മാധ്യമ പ്രവർത്തകനായ എ.വി.ഫർദിസ്

എ വി ഫർദിസ്

കെ ടി സി അബ്ദുല്ല എന്ന അതുല്യ നടൻ കാലയവനികക്കുള്ളിലേക്ക് നടന്നടുത്തിട്ട് ഈ പതിനേഴിന് ഒരു വർഷം പൂർത്തിയാകുകയാണ് ഈ സന്ദർഭത്തിൽ ആ നടനെയും കഥാപാത്രങ്ങളെയും ഓർമിച്ചെടുക്കുകയാണ് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഫിലിം സൊസൈറ്റി കൺവീനർ കൂടിയായ ലേഖകൻ

എവിടെയായിരുന്നു ഇക്ക നിങ്ങളിത്ര കാലം

കോഴിക്കോട്ടെ മുക്കത്ത് ഒരു ചൊല്ലുണ്ട്. 'മക്കത്ത് കണ്ട ഔലിയാനെ മുക്കത്ത് കണ്ടെ'ന്ന് കെ ടി സി അബ്ദുല്ലയെന്ന നാടക, സിനിമാനടൻ കോഴിക്കോട്ടുകാർക്ക് എന്നും വിസ്മയമായി മാറിയിരുന്നത് ഇതുപോലെയായിരുന്നു എങ്ങനെയെന്നാൽ സംഗം തീയേറ്ററിൽ കണ്ടിരുന്ന അബ്ദുല്ലക്കയെ കുറച്ചു കഴിയുമ്പോൾ പട്ടാള പള്ളിയിലെ നിസ്‌ക്കാരത്തിനായുള്ള സ്വഫിന്റെ മുൻനിരയിൽ കാണും. ഇതായിരുന്നു നാലു പതിറ്റാണ്ടോളം നാടക- സിനിമാ മേഖലയിൽ നിറഞ്ഞു നില്ക്കുമ്പോഴും അബ്ദുല്ലക്കയുടെ സ്വഭാവ വൈശിഷ്ട്യം. വാങ്കു കൊടുത്താൽ , സൗകര്യപ്പെടുമെങ്കിൽ ഷൂട്ടിങ് സെറ്റിലാകുമ്പോഴും മൂപ്പർക്ക് പ്രാർത്ഥിക്കണം. പല സമയത്തും മമ്മുട്ടിയെ പോലുള്ളവരും ഇദ്ദേഹത്തോടൊപ്പമുണ്ടാകാറുണ്ടെന്ന് മകൻ ഗഫൂർ പറയാറുണ്ട്.

എന്താണ് ഇത്ര വിശ്വാസിയാകുവാൻ കാരണമെന്തെന്ന് ചോദിച്ചവരോട് അദ്ദേഹം മറുപടിയായി പറഞ്ഞ ഒരു കഥയുണ്ട്. ചെറുപ്പകാലത്ത് നാടകാഭിനയവുമായി നടക്കുന്ന സമയത്ത്, ഇതറിഞ്ഞ ഉമ്മ ഏറെ ബേജാറായി. മകനെ വിളിച്ച് സങ്കടത്തോടു കൂടി തന്റെ ആശങ്കയറിയിച്ചു. അന്ന് ഉമ്മക്ക് കൊടുത്ത വാക്കായിരുന്നു. മതപരമായ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിൽ നിന്നും ഒരിക്കലും മാറി നടക്കില്ലെന്നത്.
കോഴിക്കോടൻ നാടക പാരമ്പര്യം വെള്ളിത്തിരയ്ക്ക് സംഭാവന നല്കിയവരുടെ കണ്ണിയിലെ ഏറ്റവും അവസാനികളിൽ ഒരാളായി എണ്ണാവുന്ന വ്യക്തിയായിരുന്നു കെ ടി സി അബ്ദുല്ല. കോഴിക്കോടിന്റെ എല്ലാ നന്മയും മനസ്സിൽ ആവാഹിച്ച് മുഖത്തെ പുഞ്ചിരിയിലൂടെയും തന്റെ ഹൃദയം തുറന്നുള്ള പെരുമാറ്റത്തിലൂടെയും മുന്നിലെത്തുന്നവരിലേക്ക് സന്നിവേശിപ്പിക്കുവാൻ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തെ എല്ലാ വർക്കും ഏറെ പ്രിയങ്കരനാക്കിയത്.

സിനിമയിൽ ഇദ്ദേഹത്തെ വേറിട്ടയാളപ്പെടുത്തിയ കഥാപാത്രങ്ങളിലൊന്നായ അറബിക്കഥയിലെ അബ്ദുല്ലാക്ക് മുൻപ് തന്നെ ഇദ്ദേഹം മോഹൻലാലിന്റെ പ്രിയപ്പെട്ട അബ്ദുല്ലാക്കയായതും മമ്മുട്ടിയുടെ സ്വന്തം ഔളക്കയായതുമിങ്ങനെയാണ്. ഇത് 'പുതുതലമുറയിലെ സൗ ബിൻ ഷഹീറിൽ വരെ എത്തി നില്ക്കുകയാണ്. അതേ പോലെ സംവിധായകരാണെങ്കിൽ രാമു കാര്യാട്ടിൽ നിന്ന് തുടങ്ങി സക്കരിയയിലും ഷാനു സമദിൽ വരെ വന്നെത്തുകയാണ് ആ കണ്ണികൾ. എന്താണ് ഈ എല്ലാവരെയും അടുപ്പിക്കുന്ന സ്വഭാവത്തിന്റെ രഹസ്യമെന്ന് ഈ ലേഖകൻ ചോദിച്ചപ്പോൾ ' മോനെ, മുഹമ്മദ് നബി പറഞ്ഞതെന്താ, മുതിർന്നവരെ ബഹുമാനിക്കുക, ചെറിയവരോട് കരുണ കാണിക്കണംന്ന്...ല്ലേ. അത്രേയുള്ളൂ വിഷയം.

അതേ തന്റെയടുത്തെത്തുന്ന പ്രായം കുറഞ്ഞവരെല്ലാം അബ്ദുല്ലക്കക്ക് മോനായിരുന്നു. വെറുമൊരു വിളിയായിരുന്നില്ലത് മറിച്ച് സ്‌നേഹം നിറഞ്ഞു തുളുമ്പുന്ന കേൾക്കുന്നവരെ അടുപ്പിക്കുന്ന ഒരാകർഷണമായിരുന്നത്. അതോടൊപ്പം 1976 ൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് രൂപീകരിച്ചതുമുതൽ അതിന്റെ മുഖ്യ ചുമതലക്കാരനായതു കൊണ്ട് കൂടിയുള്ള ബന്ധമുണ്ടായിരുന്നു. കഥ പറച്ചിൽ മുതൽ പ്രതിഫലം ഉറപ്പിക്കുന്നിടത്തു വരെ ഒരു കസേരയിൽ അബ്ദുല്ലക്കയുമുണ്ടായിരുന്നു. ഗൃഹലക്ഷ്മിയുടെ ഉടമസ്ഥനായ പി.വി ഗംഗാധരനുമായുള്ള സഹോദരതുല്യ ബന്ധമായിരുന്നിതിന് കാരണം. 1959-ൽ കെ ടി സി യിൽ ജോലിക്കാരനായി പടി കയറുമ്പോൾ , അവിടെ മൊതലാളി പി വി സാമിയുടെ മകനായ ഗംഗാധരനെയല്ല അബ്ദുല്ലക്ക ആദ്യം തന്നെ കണ്ടത് മറിച്ച് തന്റെ പ്രായക്കാരനായ ഒരു കൂട്ടുകാരനെയായിരുന്നു.

മരണം വരെ ഈ ബന്ധം സുദൃഢമായിത്തന്നെ നിന്നു. അര നൂറ്റാണ്ടുകാലത്തെ കെ ടി സി ജോലിയിലെ റിട്ടർയമെന്ററിനു ശേഷവും മരണംവരെ സീനിയർ മാനേജർ എന്ന കസേരയിൽ അദ്ദേഹമിരുന്നതുമിതു കൊണ്ടാണ്.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ സിനിമകളിലെ ചെറിയ ചെറിയ വേഷങ്ങളിലൂടെ നാലു പതിറ്റാണ്ടായി സജീവമായ ഇദ്ദേഹത്തിലെ അഭിനേതാവിനെ ഒരു പക്ഷേ ആദ്യമായി മലയാള പ്രേക്ഷകർക്ക് മുന്നിൽ വ്യക്തമാക്കി കൊടുക്കുന്നത്, യെസ് യുവർ ഓർണറിലെ അമ്പുട്ടി മുതലാളിയായിരുന്നുവെന്ന് പറയാം. തന്റെ സമ്പാദ്യമെല്ലാം കേസ് നടത്തി, തുലഞ്ഞ ഒരു മുതലാളിയുടെ ദൈന്യതയ്യാർന്ന 'പ്രകടനത്തെ അദ്ദേഹം മനോഹരമാക്കിയതാണ്, അറബിക്കഥയിലെ അബ്ദുല്ലയെന്ന പ്രായം ചെന്ന ദുബൈക്കാര ലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്.ഇതോടു കൂടിയാണ് സിനിമാലോകം ഒരർത്ഥത്തിൽ കെ ടി സി അബ്ദുല്ലയെ തിരിച്ചറിയുന്നത്.

അങ്ങനെയാണ് സുഡാനി ഫ്രം നൈജീരിയയിലെ രണ്ടാനച്ഛന്റെ വേഷം, ഒരു നാടകീയതയുമില്ലാതെ ഇദ്ദേഹത്തിന് പ്രേക്ഷകന് മുന്നിൽ സമർപ്പിക്കാനാകുന്നത്. ഇതോടു കൂടി സിനിമാ- പൊതു പ്രേക്ഷകലോകം ഒന്നാകെ ആ അഭിനയ മികവിന് മുന്നിൽ കൂപ്പുകൈ സമർപ്പിക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ മുന്നിൽ കണ്ടാണ് ഷാനുസമദ് ' മൊഹബ്ബത്തിൻ കുഞ്ഞബ്ദുല്ലയിലെ കുഞ്ഞബ്ദുല്ല എന്ന മുഴുനീളെ കഥാപാത്രത്തെ ഒരുക്കിയത്. പക്ഷേ ഈ സിനിമയുടെ ചിത്രീകരണത്തിനിടക്കാണ് അത് പൂർത്തിയാക്കുവാൻ കഴിയാതെ കാലയവനികക്കുള്ളിലേക്ക് അദ്ദേഹം മറഞ്ഞു പോകുന്നത്. ഇപ്പോൾ ആ സിനിമ ഇന്ദ്രൻസിന്റെ മുഖ്യ കഥാപാത്രത്തിലൂടെ റിലീസിംഗായ ഒരു സന്ദർഭത്തിൽ അത് കണ്ട പ്രേക്ഷകരെല്ലാം അബ്ദുല്ലക്കയായിരുന്നു ആ വേഷം ചെയ്തിരുന്നെങ്കിൽ....

ഒരു പക്ഷേ പണ്ട് സൂരാജ് വെഞ്ഞാറമൂട് സുഡാനിയിലെ അഭിനയം കണ്ട് എഫ് ബി യിൽ എവിടെയായിരുന്നു..ക്ക

നിങ്ങളിത്ര കാലം ...... എന്ന് കുറിച്ചതു പോലെ ചോദിക്കുമായിരുന്നു, തീർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP