Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടത് മുന്നണി അധികാരത്തിലേറിയ അന്ന് മടക്കിവെച്ച സമരക്കൊടി വീണ്ടും കയ്യിലെടുത്ത് സിഐടിയു; കെഎസ്ആർടിസിയും തൊഴിലാളികളും ദുരിതം അനുഭവിക്കുമ്പോഴും മൗനവ്രതത്തിലായിരുന്ന സംഘടന ഒടുവിൽ സമരത്തിനിറങ്ങിയത് തൊഴിലാളികൾ ഒപ്പമുണ്ടാകില്ലെന്ന തിരിച്ചറിവിൽ; പഴിയെല്ലാം മന്ത്രിയുടെ തലയിൽ വെച്ച് ആരംഭിച്ച അനിശ്ചിതകാല ട്രാൻസ്‌പോർട്ട് ഭവൻ ഉപരോധ സമരവും ആദ്യ ദിനം തന്നെ ഉപേക്ഷിച്ചു

ഇടത് മുന്നണി അധികാരത്തിലേറിയ അന്ന് മടക്കിവെച്ച സമരക്കൊടി വീണ്ടും കയ്യിലെടുത്ത് സിഐടിയു; കെഎസ്ആർടിസിയും തൊഴിലാളികളും ദുരിതം അനുഭവിക്കുമ്പോഴും മൗനവ്രതത്തിലായിരുന്ന സംഘടന ഒടുവിൽ സമരത്തിനിറങ്ങിയത് തൊഴിലാളികൾ ഒപ്പമുണ്ടാകില്ലെന്ന തിരിച്ചറിവിൽ; പഴിയെല്ലാം മന്ത്രിയുടെ തലയിൽ വെച്ച് ആരംഭിച്ച അനിശ്ചിതകാല ട്രാൻസ്‌പോർട്ട് ഭവൻ ഉപരോധ സമരവും ആദ്യ ദിനം തന്നെ ഉപേക്ഷിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന കെഎസ്ആർടിസിയിൽ ഗന്ത്യന്തരമില്ലാതെ സമരത്തിനിറങ്ങി സിഐടിയു. സംസ്ഥാനത്ത് ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായാണ് കെഎസ്ആർടിസിയിലെ സിപിഎം സംഘടന തൊഴിലാളികൾക്ക് വേണ്ടി ശബ്ദിക്കുന്നത് എന്നതുകൊണ്ട് തന്നെ ശ്രദ്ധേയമാകുകയാണ് സിഐടിയു നടത്തുന്ന സമരം. തൊഴിലാളികളുടെ ശമ്പളം ഉടൻ നൽകണം എന്നാവശ്യപ്പെട്ടാണ് സിഐടിയു ട്രാൻസ്‌പോർട്ട് ഭവൻ ഉപരോധിച്ചത്. അനിശ്ചിത കാല സമരം എന്ന പ്രഖ്യാപനവുമായി തുടങ്ങിയ സമരം പക്ഷേ ആദ്യ സംഘത്തെ അറസ്റ്റ് ചെയ്തതോടെ അവസാനിക്കുകയായിരുന്നു.

ഇടത് സർക്കാർ വന്നതിന് ശേഷം വിവിധങ്ങളായ പ്രതിസന്ധികളാണ് കെഎസ്ആർടിസി നേരിട്ടത്. ശമ്പള വിതരണവും പെൻഷൻ വിതരണവും പലതവണ മുടങ്ങി. എം പാനൽ ജോലിക്കാരെ പിരിച്ചു വിട്ടു. കെഎസ്ആർടിസിയുടെ വോൾവോ ബസുകൾ കട്ടപ്പുറത്തിരിക്കുമ്പോൾ സർവ്വീസുകൾക്ക് മഹാരാഷ്ട്രയിലെ എൻസിപി നേതാവിന്റെ ബസുകൾ വാടകയ്‌ക്കെടുത്തു. ഇത്തരത്തിൽ നിരവധിയായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസിയിലെ മറ്റ് തൊഴിലാളി സംഘടനകൾ സമരം ചെയ്യുമ്പോൾ മാനേജ്‌മെന്റിന്റെ അടുപ്പക്കാരായി നിലകൊള്ളുകയായിരുന്നു സിഐടിയു. എന്നാൽ വ്യവസായം തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പുകുത്തുകയും തൊഴിലാളികൾ സംഘടനയുമായി അകലുകയും ചെയ്തതോടെയാണ് യൂണിയൻ സമരക്കൊടി കയ്യിലെടുത്തത്.

കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കാൻ ഗതാഗത മന്ത്രി വേണ്ടത്ര ഇടപെടുന്നില്ലെന്ന ആരോപണവുമായാണ് സിഐടിയു സമരത്തിറങ്ങിയത്. ഈ മാസം പകുതി പിന്നിട്ടിട്ടും പതിനഞ്ച് ദിവസത്തെ ശമ്പളം മാത്രമാണ് കെഎസ്ആർടിസിയിൽ വിതരണം ചെയ്തിട്ടുള്ളത്. ഭൂരിഭാഗം ജീവനക്കാരും നിത്യചെലവുകൾക്ക് പോലും നിവർത്തി ഇല്ലാതെ വലയുകയാണ്. തുടർച്ചയായി രണ്ടാം മാസമാണ് കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങുന്നത്. ഇതോടെയാണ് ശക്തമായ പ്രതിഷേധവുമായി സിഐടിയു രംഗത്ത് എത്തിയത്. ട്രാൻസ്പോർട്ട് ഭവന്റെ എല്ലാ ഗേറ്റുകളും സമരക്കാർ ഉപരോധിച്ചു. ജീവനക്കാരെ കയറ്റിവിട്ടില്ല. മാനേജ്മെന്റിനാണ് പ്രതിസന്ധിയുടെ ഉത്തരവാദിത്വം എന്ന് പറയുമ്പോഴും ഗതാഗത മന്ത്രിക്കെതിരെയും ഭരണപക്ഷ സംഘടന വിമർശനം ഉയർത്തുന്നുണ്ട്.

ശമ്പളം കിട്ടാത്ത മനോവിഷമത്തിൽ പാപ്പനംകോട് ഒരു ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സർക്കാർ നൽകിയ 15 കോടി രൂപയും ദിവസവരുമാനവും കൊണ്ടാണ് 15 ദിവസത്തെ ശമ്പളം നൽകിയത്. ബാക്കി ശമ്പളം നൽകാൻ 40 കോടി രൂപയെങ്കിലും വേണം. സർക്കാർ സഹായമില്ലെങ്കിൽ ശമ്പളം വിതരണം നടക്കില്ലെന്ന് ഗതാഗത മന്ത്രി ശശീന്ദ്രൻ തന്നെ പറയുന്നു. എന്നാൽ ഈ ആവശ്യത്തോട് ധനവകുപ്പ് പ്രതികരിച്ചിട്ടില്ല. മുഖ്യമന്തിയുടെ നേതൃത്വത്തിൽ ചർച്ച തീരുമാനിച്ചെങ്കിലും മാറ്റിവച്ചു. 28-ാം തീയതിയോടെ ബാക്കി ശമ്പളം നൽകുമെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് അനൗദ്യോഗികമായി പറയുന്നത്.

അതേസമയം, കെഎസ്ആർടിസിയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ കോർപ്പറേഷന്റെ മാനേജ്‌മെന്റ് കമ്മിറ്റിയിൽ പ്രാതിനിധ്യമുള്ള സിഐടിയുവിന് ബദൽ നിർദ്ദേശങ്ങൾ ഒന്നുമില്ല എന്നതും ശ്രദ്ധേയമാണ്. കെഎസ്ആർടിസിയിലെ സിഐടിയു യൂണിയന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ രാജൻ ഉൾപ്പെടെ മൂന്ന് പ്രതിനിധികളാണ് മാനേജ്‌മെന്റ് കമ്മിറ്റിയിൽ സിഐടിയുവിനുള്ളത്. എൻസിപിയുടെ രണ്ട് പ്രതിനിധികളും എഐടിയുസിയുടെ ഒരു പ്രതിനിധിയും മാനേജ്‌മെന്റ് കമ്മിറ്റിയിലുണ്ട്. എന്നാൽ, ഇടത് മുന്നണി ഭരിക്കുമ്പോൾ കോർപ്പറേഷന്റെ നിയന്ത്രണം പൂർണമായി സിപിഎമ്മിനായിട്ടും പതിറ്റാണ്ടുകളായി വ്യവസായം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനോ മെച്ചപ്പെടുത്താനോ നടപടികൾ കൈക്കൊള്ളുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP