Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടംകുളം ആണവനിലയത്തിൽ നിന്നും കേരളത്തിന് ലഭ്യമാവേണ്ട 266 മെഗാവാട്ട് വിഹിതം കൊണ്ടുവരുന്നതിനായി പണിത വൈദ്യുതി ലൈൻ; ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ സ്ഥലമെടുപ്പിനെതിരെ എതിർപ്പുയർന്നപ്പോൾ നിശ്ചലമായ പദ്ധതി; സ്വന്തം ഭൂമിയിൽ ടവറുകൾ ഉയരാതിക്കാൻ ജുവല്ലറി മുതലാളി സണ്ണി ഡയമണ്ട്‌സ് ഹൈക്കോടതിയെ സമീപിച്ചു തുരങ്കം വെച്ചു; പിണറായി അധികാരത്തിലെത്തിയപ്പോൾ എതിർപ്പുകളെ മറികടന്ന് നിർമ്മാണം; 15 വർഷമെടുത്ത് ഇടമൺ-കൊച്ചി പവർ ഹൈവേ പൂർത്തിയാക്കുമ്പോൾ പിതൃത്വത്തെ ചൊല്ലി സൈബർ ലോകത്തും പോര്

കൂടംകുളം ആണവനിലയത്തിൽ നിന്നും കേരളത്തിന് ലഭ്യമാവേണ്ട 266 മെഗാവാട്ട് വിഹിതം കൊണ്ടുവരുന്നതിനായി പണിത വൈദ്യുതി ലൈൻ; ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ സ്ഥലമെടുപ്പിനെതിരെ എതിർപ്പുയർന്നപ്പോൾ നിശ്ചലമായ പദ്ധതി; സ്വന്തം ഭൂമിയിൽ ടവറുകൾ ഉയരാതിക്കാൻ ജുവല്ലറി മുതലാളി സണ്ണി ഡയമണ്ട്‌സ് ഹൈക്കോടതിയെ സമീപിച്ചു തുരങ്കം വെച്ചു; പിണറായി അധികാരത്തിലെത്തിയപ്പോൾ എതിർപ്പുകളെ മറികടന്ന് നിർമ്മാണം; 15 വർഷമെടുത്ത് ഇടമൺ-കൊച്ചി പവർ ഹൈവേ പൂർത്തിയാക്കുമ്പോൾ പിതൃത്വത്തെ ചൊല്ലി സൈബർ ലോകത്തും പോര്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇതും സാദ്ധ്യമാക്കി.. ഇടമൺ- കൊച്ചി പവർ ഹൈവേ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. കേരളാ പബ്ലിക് റിലേഷൻ വകുപ്പിന്റതായി ഇന്നത്തെ മലയാളം പത്രങ്ങളിൽ കേരളാ പബ്ലിക് റിലേഷൻ വകുപ്പ് നൽകിയ പരസ്യത്തിലെ വാചകങ്ങളാണ് ഇത്. കേന്ദ്ര-കേരള സർക്കാർ സംയുക്ത സംരംഭമായിട്ടും പവർഗ്രിഡിന് നിർണായക റോളുമുള്ള പവർ ഹൈവേ ഇടു സർക്കാറിന്റെ പൂർണ നേട്ടമെന്ന് അവകാശപ്പെട്ടു കൊണ്ടാണ് പരസ്യം. മുഖ്യമന്ത്രി അടൂരിൽ വെച്ച് ലൈൻ ഉദ്ഘാടനം ചെയ്യുമ്പോൾ ഒപ്പമുള്ളതാകട്ടെ മന്ത്രി എംഎം മണി അടക്കം ഏഴ് മന്ത്രിമാരും. പദ്ധതിയിൽ പണം മുടക്കുന്നവരിൽ നിർണായക റോൾ ഉള്ളത് പവർഗ്രിഡിനാണെങ്കിലും അവർക്കൊന്നും ക്രെഡിറ്റ് കൊടുക്കാതെ മുഖ്യമന്ത്രി സ്വന്തമായി നേട്ടം അവകാശപ്പെട്ടു രംഗത്തെത്തി.

400 കെവി ലൈനിലൂടെ 800 മെഗാവാട്ട് അധിക വൈദ്യുതി സംസ്ഥാനത്ത് എത്തിക്കാനാകുന്ന പദ്ധതിയാണിത്. ലൈനിലൂടെ വൈദ്യുതി എത്തിത്തുടങ്ങിയതോടെ നിലവിൽ പ്രസരണ ശൃംഖലയിൽ രണ്ടു കിലോവാട്ട് വർധനയുണ്ടായി. ഉദുമൽപെട്ട്--പാലക്കാട്, മൈസൂരു--അരീക്കോട് എന്നീ അന്തർസംസ്ഥാന ലൈനുകളിൽ ആനുപാതികമായി കുറവ് വരുത്താനായി. ഇതോടെ പ്രസരണ നഷ്ടം ഗണ്യമായി കുറക്കാൻ സാധിച്ചതായും സർക്കർ അവകാശപ്പെടുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിലച്ച പദ്ധതിയാണ് ഇതെന്നുമാണ് ഇടതു അനുഭാവികൾ ചൂണ്ടിക്കാട്ടുന്നത്. 148.3 കിലോമീറ്റർ ലൈനിൽ 138.8 കിലോമീറ്ററും പൂർത്തിയാക്കിയത് എൽഡിഎഫ് സർക്കാരാണ്. ആകെയുള്ള 447 ടവറിൽ 351 എണ്ണം പൂർത്തിയാക്കിയതും മൂന്നു വർഷത്തിനിടെയാണ്. 1300 കോടി രൂപയുടേതാണ് പദ്ധതിയെന്നും ചൂണ്ടിക്കാട്ടുന്നു.

ഈ പണം മുടക്കുന്നതിൽ അടക്കം ഭൂരിപക്ഷവും കേന്ദ്രഫണ്ടാണെങ്കിലും അതൊന്നും പ്രസ്‌ക്തമല്ലെന്ന വിധത്തിൽ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് പിണറായി എന്നാണ് എല്ലാം കൊച്ചി - ഇടമൻ പവർ ലൈനിന്റെ പിതൃത്വം ഏറ്റെടുക്കുന്നതിനെതിരെ ഉയരുന്ന വിമർശനം. കേന്ദ്രത്തിന്റെ പദ്ധതിയെ പിണറായി പൂർണമായും സ്വന്തമാക്കിയെന്നും സംസ്ഥാന സർക്കാറിന് പദ്ദതിയിൽ അധികം പണം മുടക്ക് പോലുമില്ലെന്നാണ് പിണറായി വിരുദ്ധരുടെ വാദം. ഇങ്ങനെ സൈബർ ലോകത്ത് അവകാശവാദങ്ങളും വാദപ്രതിവാദവങ്ങളും നടക്കുമ്പോഴും സംസ്ഥാനത്തെ പദ്ധതി നിർവ്വഹണത്തിലെ മെല്ലെപ്പോക്ക് വ്യക്തമാക്കുന്നതാണ് ഈ പവർലൈൻ. കാരണം മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി നിരന്തര സമരങ്ങൾ കാരണം പൂർത്തിയാക്കാൻ എടുത്തത് 15 വർഷമാണ്. വോൾട്ടേജ് ക്ഷാമവും പവർക്കട്ടും ഒഴിവാക്കാനും ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതിനൂടെ സാധിക്കം.

കൂടംകുളം ആണവ നിലയത്തിൽ നിന്നുള്ള വൈദ്യുതി കേരളത്തിൽ എത്തിക്കാനുള്ള പ്രധാന ലൈൻ

കൂടംകുളം ആണവ നിലയത്തിൽ നിന്നും വൈദ്യുതി പുറത്തേക്ക് എത്തിക്കുന്നതിന് വിഭാവനം ചെയ്ത് ഏറ്റെടുത്ത പദ്ധതിയുടെ ഭാഗമാണ് തിരുനെൽവേലി മുതൽ തൃശൂർ മാടക്കത്തറ വരെയുള്ള 400 കെ.വി. ലൈൻ. ആണവ നിലയത്തിൽ നിന്നും കേരളത്തിന് ലഭ്യമാവേണ്ട 266 മെഗാവാട്ട് വിഹിതം കൊണ്ടുവരുകയാണ് ഈ ലൈനിന്റെ ഉദ്ദേശം. 2005ൽ ആരംഭിച്ച പദ്ധതി തുടങ്ങിയപ്പോൾ മുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. മറ്റ് പദ്ധതികൾ എല്ലാം അഭിമുഖീകരിക്കുന്ന സമാന പ്രശ്‌നമായിരുന്നു ഈ വൈദ്യുതി ലൈനിലും. നഷ്ടപരിരാഹ പാക്കേജ് അടക്കം ഒരു വിഷയമായി നിലകൊണ്ടും. പിന്നീടു വന്ന ഇടതു സർക്കാർ നഷ്ടപരിഹാര പാക്കേജ് രൂപപ്പെടുത്തി. തുടർന്ന് തിരുനെൽവേലി മുതൽ ഇടമൺ വരെയും കൊച്ചി മുതൽ മാടക്കത്തറ വരേയും ലൈൻ നിർമ്മാണം പൂർത്തിയാവുകയും ചെയ്തു. കൊച്ചിയിൽ ഒരു 400 കെ.വി സബ് സ്റ്റേഷനും സ്ഥാപിച്ചു. എന്നാൽ ഇടമൺ- കൊച്ചി ഭാഗത്ത്, കുറച്ചു ടവറുകൾ സ്ഥാപിച്ചെങ്കിലും, വേണ്ടത്ര മുന്നോട്ടു പോകാനായില്ല.

കൂടംകുളം ആണവ നിലയത്തിൽ നിന്നുള്ള വൈദ്യുതി തിരുനൽവേലി ഉദുമൽപ്പെട്ട് മാടയ്ക്കത്തറ വഴിയായിരുന്നു കൊച്ചിയിൽ എത്തിച്ചിരുന്നത്. അത് ദേശീയ ഗ്രിഡിലൂടെ തിരുനൽവേലിയിലെത്തിച്ച് നേരെ ആര്യങ്കാവ് ചുരം കടത്തി പുനലൂരിനടുത്തുള്ള ഇടമൺ സബ് സ്റ്റേഷനിലേക്കു കയറ്റി ഇവിടെ നിന്നു കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളുടെ കിഴക്കന്മലയോരത്തുകൂടെ കൊച്ചി സബ് സ്റ്റേഷനിലെത്തിക്കുന്നതാണ് പുതിയ 400 കെവി ലൈൻ. ഇതു ലൈനിന്റെ ദൈർഘ്യം 250 കിലോമീറ്ററോളം കുറയ്ക്കും. അതുവഴി പ്രസരണ നഷ്ടവും കുറയും.

റോഡു മാർഗം പുനലൂരിൽ നിന്ന് കൊച്ചി പള്ളിക്കരയിലെത്താൻ ഏകദേശം 200 കിമീ ദൂരമുണ്ടെങ്കിൽ ഈ ദൂരം പിന്നിടാൻ പുതിയ വൈദ്യുതി ലൈൻ എടുക്കുന്നത് 148.3 കിമീ മാത്രം. തുടർന്ന് ഉദുമൽപ്പേട്ടയിലേക്ക് എത്താൻ 288.7 കിലോമീറ്റർ കൂടി. അങ്ങനെ തിരുനെൽവേലി-ഇടമൺ കൊച്ചി-ഉദുമൽപെട്ട് 400 കെവി പവർ ഹൈവേ (437 കിമീ)യാണ് യാഥാർഥ്യമായിരിക്കുന്നത്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് പദ്ധതി നടപ്പിലാക്കുന്നതിൽ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലൂടെ ലൈൻ വരുന്ന ഘട്ടത്തിൽ എതിർപ്പിനെ മറികടക്കാൻ ഉമ്മൻ ചാണ്ടിക്ക് സാധിച്ചതുമില്ല. ഇതോടെ ഇടമൺ- കൊച്ചി പണി നിലയ്ക്കുകയും ചെയ്തു. 2015-ൽ നഷ്ടപരിഹാര പാക്കേജ് പുതുക്കുന്നതടക്കം ചില ഇടപെടലുകൾ യു.ഡി.എഫ്. സർക്കാരിൽ നിന്ന് ഉണ്ടായിെങ്കിലും പണി ആരംഭിക്കാൻ സാധിച്ചില്ല.

എതിർപ്പുകളെ മറികടന്നത് പിണറായി വിജയന്റെ ഇച്ഛാശക്തിയിൽ

കേരളത്തിലെ വൈദ്യുതി പ്രശ്‌നത്തിൽ നിർണായക പരിഹാരമായ പദ്ധതിയിൽ കാര്യമായ റോൾ ഈ ഇടതു സർക്കാറിന് ഉണ്ടെന്നതാണ് വസ്തുത. ഭൂമി ഏറ്റെടുക്കൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ജനപ്രതിനിധികളുടേയും കർഷകരേയുമൊക്കെ വിളിച്ചു ചേർത്ത് പദ്ധതി പുനരാരംഭിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ചു. നഷ്ടപരിഹാര പാക്കേജ് പുതുക്കി. ഇതോടെ പാതിവഴിയിൽ മുടങ്ങിയ പദ്ധതിക്ക് ശരിക്കും ജീവൻവെച്ചു. നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുമ്പോൾ അധിക ബാധ്യത വഹിക്കാൻ സാധിക്കില്ലെന്ന് പവർഗ്രിഡ് കോർപ്പറേഷൻ അറിയിച്ചിരുന്നു. തുടർന്ന് അവിടെയും പദ്ധതിയുടെ രൂപമാറ്റം വരുത്തേണ്ടി വന്നു.

ടവർ നിൽക്കുന്ന ഭൂമിയുടെ വിലയുടെ 15% സംസ്ഥാനം വഹിക്കും എന്ന് തീരുമാനിച്ചു. ലൈൻ കടന്നു പോകുന്നതിന്റെ ഭാഗമായി നൽകേണ്ടി വരുന്ന നഷ്ട പരിഹാരം 25 :15 അനുപാതത്തിൽ കേരളവും പവർ ഗ്രിഡും വഹിക്കുമെന്നും തീരുമാനം കൈക്കൊണ്ടു. റൂട്ടിൽ വീടുകൾ വന്നാൽ അതിനുള്ള നഷ്ടപരിഹാരം കെ.എസ്.ഇ.ബി നൽകണം എന്നും തീരുമാനിച്ചു. പദ്ധതി സമയബന്ധിതമായി നടക്കുന്നതിന് കെ.എസ്.ഇ.ബി യിൽ നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിൽ ഒരു 'സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ' സഹായം ലഭ്യമാക്കി. ജില്ലാ കളക്ടർമാരും ജനപ്രതിനിധികളും ഇടപെട്ട് തടസ്സങ്ങൾ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കി. ഇതോടെ പദ്ധതിയിലെ പ്രധാന തടസ്സങ്ങളെല്ലാം നീങ്ങി.

പദ്ധതിക്ക് തടസം നിന്നവരിൽ ജുവല്ലറി മുതലാളി സണ്ണി ഡയമണ്ടും

ഇടമൺ-കൊച്ചി ലൈനിന്റെ നിർമ്മാണത്തിലെ 99.5 ശതമാനവും പൂർത്തിയായ ഘട്ടത്തിൽ പദ്ധതി സ്തംഭിക്കാൻ ഇടയാക്കിയത് സണ്ണി ഡയമണ്ട് ഉടമയുടെ പേര് പൗലോസ് സണ്ണിയായിരുന്നു. തമിഴ്‌നാട്ടിലെ തിരുനൽവേലി- കൊല്ലം ജില്ലയിലെ ഇടമൺ-കൊച്ചി-മാടക്കത്തറ-അരീക്കോട്-മൈസൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് പവർഗ്രിഡ് കോർപ്പറേഷൻ 400 കെവി ലൈൻ നിർമ്മിക്കുന്നത്. സ്ഥലം ഉടമകളുടെ എതിർപ്പുമൂലം 13 വർഷമായി മുടങ്ങിക്കിടന്ന 148 കിലോമീറ്റർ ദൈർഘ്യവും 447 ടവറുകളുമുള്ള ഈ പദ്ധതി 2019 മാർച്ച് 30നു 99.5 ശതമാനവും പൂർത്തീകരിച്ചു. എന്നാൽ എറണാകുളം ജില്ലയിലെ കാണിനാട്ടിൽ ടവറിന്റെ അടിസ്ഥാന ജോലികൾ പൂർത്തിയാക്കി ടവർ നിർമ്മിക്കാൻ ആരംഭിച്ചപ്പോൾ സ്ഥലമുടമ എതിർപ്പുമായി രംഗത്തെത്തി. തന്റെ പുരയടിത്തിൽ കൂടി ലൈൻ വലിക്കാൻ അനുവദിക്കില്ലെന്നാണ് സംസ്ഥാനത്തെ പ്രമുഖ രത്ന വ്യാപാരിയായ ഇദ്ദേഹം വ്യക്തമാക്കിയത്. പവർ ഗ്രിഡ് കോർപ്പറേഷൻ ഇദ്ദേഹവുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കോടതിയെ സമീപിച്ചതോടെ കൊച്ചി-ഇടമൺ ലൈൻ പൂർണമായും സ്തംഭിച്ചു.

യോഹന്നാൻ എന്ന ആളിൽ നിന്ന് വാങ്ങിയതാണ് ഈ വിവാദ ഭൂമിയിലൂടെ ലൈൻവലിക്കുന്ന തടസമാണ് പരിഹരിച്ചത്. ഈ ലൈനിന്റെ അലൈന്മെന്റ് ആദ്യം തീരുമാനിച്ചത് യോഹന്നാന്റെ വീട്ടിന് മുമ്പിലൂടെയായിരുന്നു. ഇത് മനസ്സിലാക്കി യോഹന്നാൻ എഡിഎമ്മിന് മുമ്പിൽ പരാതിയുമായി പോയി. ഈ പരാതിയിൽ തീരുമാനം യോഹന്നാണ് അനുകൂലമായി. ഇതിനിടെയാണ് പൗലോസ് സണ്ണിക്ക് യോഹന്നാൻ വസ്തു കൈമാറിയത്. വൈദ്യുത ലൈനിന്റെ അറിഞ്ഞതോടെ എഡിഎമ്മിന് പൗലോസ് സണ്ണിയും പരാതി നൽകി. ആദ്യം അത് അനുവദിച്ചു. എന്നാൽ പിന്നീടെത്തിയ എഡിഎം ഇതിൽ വികസന അജണ്ട മുൻനിർത്തി തീരുമാനമെടുത്തു. ഇതോടെ ലൈനിന് കാര്യങ്ങൾ അനുകൂലമായി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണ് സണ്ണി ഡയമണ്ട് ഉടമ ചെയ്തത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് ലൈനിന് അനുകൂലമായിരുന്നു. തുടർന്ന് ഡിവിഷൻ ബഞ്ചിലെത്തി. ഡിവിഷൻ ബഞ്ച് സണ്ണി ഡയമണ്ടിന് അനുകൂലമായി തീരുമാനം എടുത്തു. ഇതോടെയാണ് പണി മുടങ്ങിയത്. ഒടുവിൽ ഈ പ്രശ്‌നവും പരിഹരിച്ച ശേഷമാണ് കേരളത്തിന്റെ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമാകുന്നത്.

ആകെ 447 ടവറുകൾ, പ്രസരണ നഷ്ടം കുറയും

പ്രസരണ നഷ്ടം കുറച്ച് ശരാശരി 300 മെഗാവാട്ട് ലാഭിക്കാനായാൽ പുതിയ ജലവൈദ്യുത പദ്ധതി ആരംഭിക്കാതെ തന്നെ സംസ്ഥാനത്തെ അധികവൈദ്യുത പ്രഭയിലേക്കു കൈപിടിക്കാം. ശബരിഗിരി ജലവൈദ്യുതി നിലയത്തിന്റെ സ്ഥാപിത ശേഷി 360 മെഗാവാട്ടിനോടടുത്താണ്. കൂടംകുളത്തു നിന്നു ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതി ഉദുമൽപെട്ട് വഴി കേരളത്തിലേക്ക് എത്തിച്ചിരുന്നതിനാലാണ് ഗണ്യമായ പ്രസരണ നഷ്ടം ഉണ്ടായിരുന്നത്. ഈ നഷ്ടമാണ് ഇനി ലാഭമായി ഒഴുകിയെത്തുക. ഇതുവരെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 2920 മെഗാവാട്ട് മാത്രമായിരുന്നു. തിരുനെൽവേലി-കൊച്ചി ലൈൻ പൂർത്തിയായതോടെ ലൈനുകളുടെ ശേഷി വർധിച്ചു. പല സമയങ്ങളിലും സംസ്ഥാനത്തിന് 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിരുന്നു. കൂടാതെ പുറമെ നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകൾ പരമാവധി ശേഷിക്ക് അടുത്തുമെത്തിയിരുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരമാണ് പുതിയ ലൈൻ.

പദ്ധതി പൂർത്തീകരണത്തിനായി കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലായി 126.087 കോടി രൂപ നഷ്ടപരിഹാരമായി നൽകി. നഷ്ടപരിഹാരം ഇനിയും ലഭിക്കാനുള്ളവർക്ക് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് അത് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ലൈൻ കടന്നുപോകുന്ന 16 മീറ്റർ വീതിയിലുള്ള സ്ഥലത്തെ നഷ്ടപരിഹാരം നൽകുന്നതിനുള്ള സർവേ നടപടികളും നഷ്ടപരിഹാര നിർണയ നടപടികളും പുരോഗമിക്കുന്നു. പവർഗ്രിഡ് കോർപ്പറേഷനും സംസ്ഥാന സർക്കാരും കെഎസ്ഇബി ലിമിറ്റഡും ചേർന്നാണ് നഷ്ടപരിഹാരം നൽകുന്നത്. ഈ പദ്ധതിയുടെ നിർമ്മാണ ജോലികൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചത് കെഇസി ഇന്റർനാഷണൽ ലിമിറ്റഡ് എന്ന സ്ഥാപനമാണ്.

പവർ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അടൂർ ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും. ഈ പദ്ധതിയുടെ ആകെ ചെലവ് 1300 കോടിയോളം രൂപയാണ്. ഇതിൽ 550 കോടിയോളം നഷ്ടപരിഹാരമാണ്. ഇതിൽ 130 കോടിയോളം കെ.എസ്.ഇ.ബി. യും അത്ര തന്നെ സംസ്ഥാന സർക്കാരുമാണ് മുടക്കുന്നത്. പവർഗ്രിഡ് മറ്റെവിടെയെങ്കിലും ചെയ്യുന്നതു പോലെയുള്ള പദ്ധതിയല്ല ഇടമൺ കൊച്ചി പവർ ഹൈവേ. അത് സംസ്ഥാനത്തിനും കെ.എസ്.ഇ.ബി ക്കും നേരിട്ട് മുതൽ മുടക്കും കൂടിയുള്ള പദ്ധതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP