Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ

കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം  അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സൈനിക ജനറലിലെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി പിരാന മൽസ്യങ്ങൾക്ക് ഇട്ടുകൊടുത്തത്, സ്വന്തം പാർട്ടിയിലെ എതിരാളികളെ ഒന്നടങ്കം മയക്കുമരുന്നു കുത്തിവെച്ച് കൊന്നശേഷം മഞ്ഞുമലയിൽ സംസ്‌ക്കരിച്ചത്, കൂറ്റൻ വേട്ട നായ്ക്കളെ ദിവസങ്ങളോടം പട്ടിണിക്കിട്ടശേഷം ഒറ്റുകാരുടെ ശരീരത്തിൽ മുറിവുണ്ടാക്കി കൂട്ടിലേക്ക് എറിഞ്ഞുകൊടുത്തത്, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ എന്നും അപസർപ്പക കഥകളെ വെല്ലുന്ന സംഭവങ്ങളിലെ നായകൻ ആയിരുന്നു. ഈ പ്രചരിപ്പിച്ച കഥകളിൽ പലതും വ്യാജമായിരുന്നെങ്കിലും, ഒരുകാര്യം ലോകത്തിനുമുന്നിൽ അസന്നിഗ്ധമായി വെളിപ്പെട്ടതാണ്. ഒരു ലക്ഷണ മൊത്ത ഭീകര രാഷ്ട്രം തന്നെയാണ് കമ്യൂണിസ്റ്റ് ഉത്തര കൊറിയ. ഹൈഡ്രജൻ ബോബും അതിവേഗ മിസൈലുകളുമായി ഇന്ന് അമേരിക്കപോലും പേടിക്കുന്ന സൈനിക ശക്തിയാണ് ഈ രാഷ്ട്രം.

രാജ്യത്ത് കടുത്ത ദാരിദ്ര്യം നിലനിൽക്കുമ്പോൾ തന്നെ കിമ്മിന്റെ മുഖ്യപരിഗണന ആയുധങ്ങൾ വാരിക്കൂട്ടുന്നതിലാണ്. പരിസ്ഥിതി നശിച്ചാലും സ്വന്തം ജനങ്ങൾ മരിച്ചാലും ഒന്നും കിം ജോങ് ഉന്നിന് പ്രശ്നമല്ല. അയാൾ ആണവ പദ്ധതികളിൽനിന്ന് പിന്മാറുകയില്ല. രണ്ടുവർഷം മുമ്പ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഉത്തവര കൊറിയ അണുബോബ് പരീക്ഷിച്ചത്. എന്നാൽ ഇതുണ്ടാക്കിയ പാരിസ്ഥിതിക ആഘാതങ്ങളും ദുരന്തങ്ങളും പുറത്തുകൊണ്ടുവന്നത് ഇന്ത്യൻ ബഹിരാകാശ എജൻസിയായ ഐഎസ്ആർഒയിലെ ഗവേഷകരാണ്. ഉത്തരകൊറിയയെ മഷിയിട്ട് നിരീക്ഷിക്കുന്ന അമേരിക്കക്കുപോലും കഴിയാത്ത നേട്ടമാണ് ഇവർ കൈവരിച്ചത്.

ഇന്ത്യൻ സംഘത്തിന്റെത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ അയിരുന്നു. ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ബോംബാണ ഉത്തര കൊറിയ പരീക്ഷിച്ചത്. ഹ്രൈഡ്രജൻ ബോംബ് പരീക്ഷണത്തിനു ശേഷമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മേഖലയുടെ ഭൂപ്രകൃതിയെ അസ്ഥിരപ്പെടുത്തി. ആണവ പരീക്ഷണം ഉത്തര കൊറിയയിലും വൻനാശം വിതച്ചത്. ആണവ പരീക്ഷണം നടന്ന കേന്ദ്രത്തിന്റെ സമീപത്തായി നിർമ്മാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞ് 200ലധികം ആളുകൾ കൊല്ലപ്പെട്ടു. പരീക്ഷണത്തെ തുടർന്നുള്ള ഭൂചലനം ചൈനയിൽ വരെ അനുഭവപ്പെട്ടു. ഇപ്പോഴിതാ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തെ തുടർന്നുണ്ടായ മാറ്റങ്ങൾ മൂലം ഒരു അഗ്നി പർവതവും പൊട്ടിത്തെറിക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുപോലെ തന്നെ ഐസ്ആർഒ തൊട്ട് കൂടകുളം ആണവിനിലയത്തിന്റെ അടക്കം നിരന്തരമായി സൈബർ ആക്രമണം നടത്തിയത് ഉത്തരേന്ത്യയിലെ ഹാക്കർമാരാണ്. അതുകൊണ്ടുതന്നെ ഫലത്തിൽ ഇത് ഇന്ത്യയുടെ പ്രതികാരം കൂടിയാവുകയാണ്.

ഇന്ത്യൻ സംഘത്തിന് ലോകത്തിന്റെ കൈയടി

രണ്ടുവർഷം മുമ്പ് ഉത്തരകൊറിയ ആണവ സ്ഫോടനം നടത്തിയതിന്റെ അവ്യക്തമായ വിവരങ്ങൾ മാത്രമായിരുന്നു ലോകത്തിന് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ പ്രകൃതിയെ തന്നെ തകർക്കുന്ന അതീവ അപകടമായ പദ്ധതിയായിരുന്നു അതെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത് ഐസ്ആർഒയാണ്. ഇസ്രോ സ്പെയ്സ് ആപ്ലിക്കേഷൻസ് സെന്ററിലെ ഡോ. കെ.എം ശ്രീജിത്ത്, റിതേഷ് അഗർവാൾ. എ.എസ് രജവത് എന്നിവർ ചേർന്നാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.

2003ലാണ് ഉത്തര കൊറിയ അണ്വായുധ നിർവ്യാപന കരാറിൽ നിന്ന് പിന്മാറിയത്്. തുടർന്ന് രൂപം കൊടുത്ത അഞ്ച് ഭൂഗർഭ അണുപരീക്ഷണ കേന്ദ്രങ്ങളിലാണ് ആയുധങ്ങൾ തയാറാക്കുന്നതും പരീക്ഷിച്ചത്.പ്രധാന ആണവ പരീക്ഷണ കേന്ദ്രമായ പുൻഗ്യെരിയിൽ നടത്തിയ സ്ഫോടനം രാജ്യത്തിന്റെ ആറാമത്തെ ആണവ പരീക്ഷണമായിരുന്നു. സാറ്റലൈറ്റുകൾക്കു പോലും പിടി തരാത്ത വിധം ഉത്തര കൊറിയ തയാറാക്കിയതാണ് പുൻഗ്യെരിയിലെ പരീക്ഷണ കേന്ദ്രം. എങ്കിലും ആകാശത്തെ ചാരക്കണ്ണുകൾ പലപ്പോഴായി അവിടെ നിന്നുള്ള കാഴ്ചകൾ പകർത്തിയിട്ടുണ്ട്.മാൻഡാപ് എന്ന പർവതത്തോടു ചേർന്നായിരുന്നു പരീക്ഷണ കേന്ദ്രത്തിന്റെ ഭാഗമായുള്ള പ്രധാന തുരങ്കങ്ങൾ. എന്നാൽ പൊട്ടിത്തെറിയെത്തുടർന്ന് ഈ പർവതം ഏതാനും മീറ്റർ നിരങ്ങി നീങ്ങിയെന്നാണ് ജിയോഫിസിക്കൽ ജേണൽ ഇന്റർനാഷനലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. പർവതത്തിന്റെ ശിഖരം അര മീറ്ററോളം ഉയർന്നെന്നും ഐഎസ്ആർഒ സ്പെയ്സ് ആപ്ലിക്കേഷൻസ് സെന്ററിലെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സാധാരണ ഗതിയിൽ ഭൂകമ്പ തീവ്രത മനസ്സിലാക്കിയാണ് ബോംബുകളുടെ സ്ഫോടനശേഷി തിരിച്ചറിയുന്നത്. എന്നാൽ മാൻഡാപ് പർവതത്തിനു സമീപമുള്ള സീസ്മീക് സ്റ്റേഷനുകളിൽ നിന്നുള്ള വിവരം പുറംലോകത്തിനു ലഭിക്കാതെ ഉത്തര കൊറിയ തടഞ്ഞുവച്ചിരിക്കുകയാണ്. അതിനാൽത്തന്നെ തീവ്രതയോ സ്ഫോടനം നടന്ന കൃത്യം സ്ഥലമോ കണ്ടെത്താനാകില്ല. അങ്ങനെയാണ് മേഖലയിലെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ നിരീക്ഷിക്കാൻ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചത്. ജാപ്പനീസ് ഉപഗ്രഹമായ എഎൽഒഎസ്2ലെ റഡാറുകളിൽ നിന്ന് നിർണായക വിവരങ്ങൾ ഗവേഷകർക്കു ലഭിച്ചു.ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി തിരിച്ചറിയാൻ സഹായിക്കുന്നവയാണ് സാറ്റലൈഡ് റഡാറുകൾ. സെന്റിനൽ1 എന്ന സാറ്റലൈറ്റിലും സമാനമായ റഡാറുകളുണ്ട്. 2022ൽ നാസയും ഐഎസ്ആർഒയും സംയുക്തമായി അയയ്ക്കുന്ന സിന്തറ്റിക് അപേർചർ റഡാർ മിഷന്റെ ലക്ഷ്യവും ഇതു തന്നെ. ഭൂമിയിലെ മഞ്ഞുപാളികൾക്കുണ്ടാകുന്ന സ്ഥാനചലനം മനസ്സിലാക്കുകയെന്ന ലക്ഷ്യമാണ് പ്രധാനമായും ഇത്തരം സാറ്റലൈറ്റുകൾക്കുള്ളത്. എന്നാൽ ഇന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും രഹസ്യമായി നടത്തുന്ന വമ്പൻ സ്ഫോടനങ്ങളുടെ വിവരങ്ങൾ കണ്ടെത്തുന്നത് ഭൂമിശാസ്ത്രപരമായുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ നിരീക്ഷിച്ചാണ്.

പുൻഗ്യെരിയിലെ പർവത ശിഖരത്തിനും 1771 അടി താഴെയായിരുന്നു സ്ഫോടനം. പരീക്ഷണം നടത്തിയ ചേംബറിലേക്കു കടക്കാനുള്ള തുരങ്കത്തിന്റെ വാതിൽക്കൽ നിന്ന് 1.6 മൈൽ വടക്കുമാറിയായിരുന്നു സ്ഫോടനമെന്നും ഗവേഷകർ കണ്ടെത്തി. സ്ഫോടനം നടന്ന ചേംബർ കണ്ടെത്തിയതോടെ അതിനു മുകളിലുള്ള ഭൂപ്രദേശത്തായി ഗവേഷകരുടെ ശ്രദ്ധ. സാറ്റലൈറ്റിലെ സിന്തറ്റിക് അപേർചർ റഡാർ ഇന്റർഫെറോമെട്രി (ഇൻസാർ) സംവിധാനം ഉപയോഗിച്ചായിരുന്നു നേരത്തേ എടുത്തിരുന്ന അളവുകളിൽ നിന്ന് ഏതെങ്കിലും വിധത്തിലുള്ള മാറ്റമുണ്ടോയെന്നു നിരീക്ഷിച്ചത്. സ്ഫോടനത്തിൽ 217 അടി വൃത്തപരിധിയിൽ വമ്പൻ ഗർത്തവും രൂപപ്പെട്ടതായി കണ്ടെത്തി.

ഹിരോഷിമയുടെ 17 ഇരട്ടിയുള്ള സ്ഫോടനം

രണ്ടാം ലോകമഹായുദ്ധകാലത്തു ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് വർഷിച്ച അണുബോംബ് പൊട്ടിത്തെറിച്ചു തൽക്ഷണം കൊല്ലപ്പെട്ടത് 80,000ത്തിലേറെ പേരായിരുന്നു. റേഡിയേഷൻ താങ്ങാനാകാതെ പലരും നിന്നനിൽപിൽ കരിഞ്ഞു പോയി. നാലുമാസത്തോളം ആ റേഡിയേഷൻ അന്തരീക്ഷത്തിൽ നിലനിൽക്കുകയും ചെയ്തു. അതുവഴി പിൻക്കാലത്തു കൊല്ലപ്പെട്ടതാകട്ടെ പതിനായിരങ്ങളും. അന്ന് യുഎസ് വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബിനേക്കാളും 17 ഇരട്ടി സ്ഫോടകശേഷിയുള്ള ബോംബ് രണ്ടു വർഷം മുൻപ് ഉത്തര കൊറിയ പ്രയോഗിച്ചു. സ്ഫോടനം നടന്ന സ്ഥലത്തിനും പ്രദേശവാസികൾക്കും എന്തു സംഭവിച്ചു എന്നത് ഇന്നും ദുരൂഹം.

എന്നാൽ അന്നുണ്ടായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ സാറ്റലൈറ്റ് ചിത്രങ്ങളും സീസ്മിക് ഫലങ്ങളും ഉപയോഗിച്ചു പഠിച്ചു തയാറാക്കിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഉത്തര കൊറിയ പുറത്തുവിടാൻ മടിച്ച ആ രഹസ്യങ്ങളടങ്ങിയ റിപ്പോർട്ട് തയാറാക്കിയതാകട്ടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയിലെ ഗവേഷകരും. 2017 സെപ്റ്റംബർ മൂന്നിനായിരുന്നു ലോകത്തെ ഞെട്ടിച്ച ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം. ഹിരോഷിമയിൽ 15 കിലോ ടൺ ടിഎൻടി പൊട്ടിത്തെറിക്കുന്നതിനു തുല്യമായ സ്ഫോടനമാണ് 'ലിറ്റിൽ ബോയ്' നടത്തിയത്. എന്നാൽ ഉത്തരകൊറിയയിലെ രഹസ്യ കേന്ദ്രത്തിൽ പൊട്ടിത്തെറിച്ച ഹൈഡ്രജൻ ബോംബിന് 245 മുതൽ 271 വരെ കിലോ ടൺ വരെ ടിഎൻടി പൊട്ടിത്തെറിക്കുമ്പോഴുണ്ടാകുന്നത്ര ആഘാതം സൃഷ്ടിക്കാൻ കഴിയുമായിരുന്നു. പരീക്ഷണത്തെ തുടർന്നുള്ള ഭൂചലനം ചൈനയിൽ വരെ അനുഭവപ്പെട്ടു.

ഹ്രൈഡ്രജൻ ബോംബ് പരീക്ഷണത്തിനു ശേഷമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മേഖലയുടെ ഭൂപ്രകൃതിയെ അസ്ഥിരപ്പെടുത്തിയതായി 2017ൽത്തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മാത്രവുമല്ല, ആണവ പരീക്ഷണം ഉത്തര കൊറിയയിലും വൻനാശമാണ് വിതച്ചത്. ആണവ പരീക്ഷണം നടന്ന കേന്ദ്രത്തിന്റെ സമീപത്തായി നിർമ്മാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞ് 200ലധികം ആളുകൾ കൊല്ലപ്പെട്ടതായി ജപ്പാനിലെ അസാഹി ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും തുരങ്കം ഇടിഞ്ഞതോടെയാണ് മരണസംഖ്യ ഉയർന്നത്. പരീക്ഷണത്തെ തുടർന്നുള്ള ഭൂചലനം ചൈനയിൽ വരെ അനുഭവപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂകമ്പമാപിനികളിൽ ഉത്തരകൊറിയൻ അതിർത്തിയിലെ സ്ഫോടനത്തിന്റെ തീവ്രത 6.3 ആണു രേഖപ്പെടുത്തിയത്.

കാത്തിരിക്കുന്നത് വൻ ദുരന്തം

പരീക്ഷണം നടന്ന പുൻഗ്യെരിയിൽ നിന്ന് ഏകദേശം 115-130 കിലോമീറ്റർ അകലെയാണ് ഉത്തരകൊറിയക്കാർക്കു ചരിത്രപരമായി തന്നെ വലിയ പ്രാധാന്യമുള്ള പർവതം മൗണ്ട് പേക്ടു. ആദ്യ കൊറിയൻ രാജവംശത്തിന്റെ സ്ഥാപകനായ ഡാൻഗുണിന്റെ ജന്മഗ്രാമം ഈ മലനിരകളിലാണെന്നാണ് കരുതപ്പെടുന്നത്. ഉത്തരകൊറിയചൈന അതിർത്തിയിലെ ഈ അഗ്നിപർവതത്തിനും സ്ഫോടനത്തിൽ അസ്ഥിരത സംഭവിച്ചെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. വൈകാതെ തന്നെ പേക്ടു പർവതവും പൊട്ടിത്തെറിക്കുമെന്ന വാർത്തകളും ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടതാണ്. ഭൂമിക്കടിയിലുണ്ടായ വൻ ഊർജ പ്രവാഹം പേക്ടു അഗ്നിപർവതത്തിൽ മാറ്റങ്ങൾ വരുത്തുമെന്നായിരുന്നു അത്.

എഡി 946ൽ ഉണ്ടായ സ്ഫോടനത്തിനു ശേഷം പേക്ടു ഇന്നേവരെ പൊട്ടിത്തെറിച്ചിട്ടില്ല. അവസാനമായുണ്ടായ പൊട്ടിത്തെറിയാകട്ടെ 5000 വർഷത്തിനിടെ ലോകത്തുണ്ടായ ഏറ്റവും ഭീകര അഗ്നിപർവത സ്ഫോടനങ്ങളിലൊന്നായിരുന്നു. ഇന്നും സജീവ അഗ്നിപർവതങ്ങളുടെ ഗണത്തിലാണ് മൗണ്ട് പേക്ടു. ഉയർന്ന ശേഷിയിൽ ആണവപരീക്ഷണം നടത്തിയാൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുമെന്ന് നേരത്തേ തന്നെ പല ഗവേഷകരും മുന്നറിയിപ്പ് നൽകിയിട്ടുള്ളതുമാണ്. ആണവ പരീക്ഷണത്തെ തുടർന്ന് മേഖലയിൽ 100 മീറ്റർ നീളവും 60 മീറ്റർ വീതിയും വൻ ആഴവുമുള്ള ഗർത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു

മഞ്ഞുതിർന്നുവീണു കിടക്കുന്ന പെക്ടു പർവത നിരകളിലൂടെ വെളുത്ത കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രം നേരത്തെ കൊറിയ പുറത്തുവിട്ടപ്പോൾ തന്നെ ഈ മേഖല കേന്ദ്രീകരിച്ച് എന്തൊക്കെയോ രഹസ്യങ്ങൾ നടക്കുന്നതിന്റെ സൂചനയായിരുന്നു. യുഎസുമായുള്ള ആണവ നിരായുധീകരണ ചർച്ചകൾ ലക്ഷ്യം കാണാതിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണ ഭീഷണി മുഴക്കാനുള്ള തീരുമാനമായിരിക്കാം ഇത്തവണ കിം കൈക്കൊള്ളുകയെന്നു സംശയിക്കപ്പെടുന്നു. 2017ൽ ഉത്തരകൊറിയയുടെ വമ്പൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുന്നതിനു തൊട്ടുമുൻപും കിം പെക്ടു മലനിരകൾ സന്ദർശിച്ചിരുന്നു. മിസൈൽ യുദ്ധത്തിന്റെ പുതിയ പതിപ്പാണോ ലോകത്തെ കാത്തിരിക്കുന്നതെന്നും ചർച്ചകളുയരുന്നുണ്ട്.

ഇന്ത്യയുടേത് മധുര പ്രതികാരം

ലോക സമാധാനത്തിന് ഭീഷണിയാണെങ്കിലും ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങൾക്ക് ഉത്തര കൊറിയ ഭീഷണിയല്ലെന്ന് പറയുന്നവർ ഉണ്ട്. പക്ഷേ ഈ വാദം ശരിയല്ല. ഉത്തര കൊറിയൻ സർക്കാറിന്റെ അനൗദ്യോഗിക പിന്തുണയോടെ നീങ്ങുന്ന ഹാക്കർമാരാണ് ഇന്ന് ഇന്ത്യപോലുള്ള രാജ്യങ്ങൾക്ക് എറ്റവും വലിയ ഭീഷണി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഇസ്റോ)യ്ക്കു നേരെയും സൈബർ ആക്രമണമുണ്ടായെതതിന് ്പിന്നിൽ ഉത്തര കൊറിയൻ ഹാക്കർമാർ ആണെന്നതാണ് ഏറ്റവും ഒടുവിലത്തെ വിവരം. കൂടംകുളം ആണവനിലയത്തിലെ കംപ്യൂട്ടർ ശൃംഖലയിൽ സൈബർ ആക്രമണം നടന്നതിനു പിന്നിലും ഇതേ രാജ്യക്കാർ തന്നെ.ഉത്തരകൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം വികസിപ്പിച്ച 'ഡിട്രാക്ക്' വൈറസാണ് ഇവിടെ ഉപയോഗിച്ചത്.

ഇസ്റോയുടെ കീഴിലുള്ള ഹൈദരാബാദ് നാഷനൽ റിമോട്ട് സെൻസിങ് സെന്റർ, ഝാർഖണ്ഡിലെ നാഷനൽ മെറ്റലർജിക്കൽ ലാബ് എന്നിവയുടെ ശൃംഖലകളിൽ 2017ൽതന്നെ ഉത്തരകൊറിയൻ സംഘങ്ങളുടെ നിരീക്ഷണമുണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ശൃംഖല തകർക്കുകയോ നുഴഞ്ഞുകയറുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല. യുഎസിലെ പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ റെക്കോർഡഡ് ഫ്യൂച്ചർ 2017ൽ ഉത്തരകൊറിയൻ സൈബർ ആക്രമണങ്ങളെക്കുറിച്ചു തയാറാക്കിയ ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം എടുത്തു പറയുന്നുണ്ട്.

ലോകത്തെ നടുക്കിയ വാനാക്രൈ വൈറസ് വ്യാപിച്ച അതേ സമയത്താണു സംഭവം. വാനാക്രൈയുടെ പിന്നിൽ ഉത്തര കൊറിയയെന്ന് യുഎസും ബ്രിട്ടനും പിന്നീടു കണ്ടെത്തിയിരുന്നു. 2017 മെയ്‌, ജൂൺ മാസങ്ങളിൽ ഇന്ത്യയിലെ ചില ഐപി (ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വിലാസങ്ങളിലേക്ക് ഉത്തര കൊറിയൻ ഐപികളിൽ നിന്നും തിരിച്ചും അസ്വാഭാവികമായ തരത്തിൽ ഇന്റർനെറ്റ് ട്രാഫിക് വർധിച്ചിരുന്നുവെന്നു റിപ്പോർട്ട് പറയുന്നു. ഇന്ത്യ, മലേഷ്യ, നേപ്പാൾ, കെനിയ ഉൾപ്പെടെ രാജ്യങ്ങളിലിരുന്നും ഉത്തരകൊറിയൻ ഹാക്കർമാർ പ്രവർത്തിക്കുന്നുണ്ടെന്നു റിപ്പോർട്ടിലുണ്ട്.

ഈ രീതിയിൽ ഹാക്കർമാരിലൂടെ ഇന്ത്യക്കിട്ട് പണിയുമ്പോഴാണ് ശരിക്കും ശാസ്ത്രത്തിന്റെ രീതിശാസത്രം ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഐസ്ആർഒ കൊറിയുടെയും രഹസ്യം പൊളിച്ചത്. യുഎസ് ഏജൻസികൾക്കുപോലും കഴിയാത്ത ഈ നേട്ടത്തിന് ലോകം രാഷ്ട്രങ്ങൾ ഇന്ത്യയെ അഭിനന്ദിക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP