Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ക്രമസമാധാന നില മെച്ചപ്പെട്ടു; കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചതോടെ കല്ലെറിയൽ കേസുകളിൽ മാത്രം അറസ്റ്റിലായത് 765 പേർ; കല്ലെറിയൽ അടക്കമുള്ള അക്രമസംഭവങ്ങൾക്ക് പിന്നിൽ ഹൂറിയത്തുമായി ബന്ധപ്പെട്ട വിഘടനവാദി സംഘടനകളെന്ന് കേന്ദ്രസർക്കാർ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പെല്ലറ്റ് ഗണ്ണുകൾ പ്രയോഗിച്ചത് അപൂർവം; പാക്കിസ്ഥാൻ 950 വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയെന്നും ലോക്‌സഭയിൽ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം ക്രമസമാധാന നില മെച്ചപ്പെട്ടു; കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചതോടെ കല്ലെറിയൽ കേസുകളിൽ മാത്രം അറസ്റ്റിലായത് 765 പേർ; കല്ലെറിയൽ അടക്കമുള്ള അക്രമസംഭവങ്ങൾക്ക് പിന്നിൽ ഹൂറിയത്തുമായി ബന്ധപ്പെട്ട വിഘടനവാദി സംഘടനകളെന്ന് കേന്ദ്രസർക്കാർ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പെല്ലറ്റ് ഗണ്ണുകൾ പ്രയോഗിച്ചത് അപൂർവം; പാക്കിസ്ഥാൻ 950 വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയെന്നും ലോക്‌സഭയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് കേന്ദ്രസർക്കാർ. കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. സൈന്യത്തിനെതിരെ കല്ലെറിഞ്ഞ 765 പേർ അറസ്റ്റിലായി. കേന്ദ്രമന്ത്രി ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡിയാണ് ലോക്‌സഭയിൽ ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് അഞ്ചിനും നവംബർ 15 നും ഇടയിലാണ് 765 പേർ പിടിയിലായത്. കല്ലെറിയലുമായി ബന്ധപ്പെട്ട് 190 കേസുകളാണ് എടുത്തിരിക്കുന്നത്. രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.

കശ്മീരിൽ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നവരും, അക്രമത്തിന് പ്രേരിപ്പിക്കുന്നവരുമായി ധാരാളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണ്. താഴ് വരയിൽ കല്ലെറിയൽ അടക്കമുള്ള അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഹുറിയത്തിന്റെ ഭാഗമായ നിരവധി വിഘടനവാദി സംഘടനകളുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തീവ്രവാദികൾക്ക് ഫണ്ടെത്തിച്ച് കൊടുത്തതുമായി ബന്ധപ്പെട്ട് 18 പേർക്കെതിരെ എൻഐഎ കുറ്റപത്രം നൽകി. ഓഗസ്റ്റ് 5 ന് ശേഷം പെല്ലറ്റ് ഗണ്ണുകൾ വളരെ ജാഗ്രതയോടെയാണ് പ്രയോഗിച്ചതെന്ന് മറ്റൊരു ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു.

കടുത്ത ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമ്പോൾ മാത്രമാണ് അവ ഉപയോഗിക്കുന്നതെന്നും കിഷൻ റെഡ്ഡി പറഞ്ഞു.ഓഗസ്റ്റിനും ഒക്ടോബറിനും മധ്യേ പാക്കിസ്ഥാൻ 950 വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്ന് മറ്റൊരുചോദ്യത്തിനുള്ള മറുപടിയിൽ കിഷൻ റെഡ്ഡി പറഞ്ഞു.

അതേസമയം, 370ാ ം വകുപ്പ് എടുത്ത് കളഞ്ഞ ശേഷം കശ്മീരിലെ സ്‌കൂളുകളിൽ തുടക്കത്തിൽ, ഹാജർനില കുറവായിരുന്നു. ഇപ്പോൾ അതുകൂടിയിട്ടുണ്ട്. പരീക്ഷാകാലമായ ഇപ്പോൾ 99.7 ശതമാനമാണ് ഹാജർ. കശ്മീരിൽ കഴിഞ്ഞ ആറുമാസത്തിനിടെ, 34,10,219 വിനോദ സഞ്ചാരികൾ എത്തിഇതിൽ 12,934 പേർ വിദേശികളാണ്.

കല്ലെറിയലിന് പിന്നിൽ ഹൂറിയത്തെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ

കശ്മീർ സംഘർഷഭരിതമാകുന്നതിന്റെ പ്രധാന കാരണക്കാർ വിഘടനവാദികളുടെ കൂട്ടായ്മയായ ഹുറിയത് കോൺഫറൻസാണെന്നത് വർഷങ്ങളായി കേന്ദ്ര സർക്കാർ ആരോപിക്കുന്നതാണ്. 2016 ജൂലൈയിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ അതിക്രമങ്ങളിലാണ് ഹുറിയത് പ്രതിസ്ഥാനത്തുനിന്നത്. അന്നു മാസങ്ങളോളം നീണ്ട അക്രമങ്ങളിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടു, ആയിരങ്ങൾക്കു പരുക്കേറ്റു.

 2016 സെപ്റ്റംബറിൽ കേന്ദ്ര സർവകക്ഷി സംഘം സമാധാന ചർച്ചകൾക്കായി കശ്മീരിലെത്തിയെങ്കിലും ഇവരെ കാണാൻ ഹുറിയത് നേതാക്കൾ സമ്മതിച്ചില്ല. തങ്ങളുടെ സമരം ഇസ്ലാമിക് സ്റ്റേറ്റിന്റെയോ അൽ ഖായിദയുടെയോ മാതൃകയിലല്ലെന്നും അവർക്കു കശ്മീരിൽ സ്വാധീനമില്ലെന്നും ഇന്ത്യൻ ഏജൻസികൾ നുണപ്രചാരണം നടത്തുകയാണെന്നും ഹുറിയത് നേതാക്കൾ സംയുക്ത പ്രസ്താവനയിറക്കി. 2010ലും കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി സംഘം കശ്മീരിൽ ചർച്ചയ്‌ക്കെത്തിയിരുന്നു. അന്ന് തീവ്രമത വിഭാഗക്കാർക്കൊപ്പം ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടുമായും (ജെകെഎൽഎഫ്) ഇടതുപക്ഷ സംഘാംഗങ്ങൾ ചർച്ച നടത്തി, ഫലമുണ്ടായില്ല.

രണ്ടാം വട്ടം അധികാരത്തിലേറിയ എൻഡിഎ സർക്കാർ ഭീകരവാദികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. കശ്മീരിന്റെ വിഭജനവും അതിന്റെ ഭാഗമായിരുന്നു.ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകി പോന്നിരുന്ന വകുപ്പാണ് ആർട്ടിക്കിൾ 370. ഇതിനെതിരെ ബിജെപി നേരത്തെ മുതലേ രംഗത്തുണ്ടായിരുന്നു.

പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതോടെ ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആൻഡ് കശ്മീരും പിന്നെ ലഡാക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP