Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'നെടുങ്കുണ്ട' പാടശേഖരത്തിൽ വൈകുന്നേരത്തെ നേരമ്പോക്കിന് ഒത്തുകൂടിയ ടീനേജേഴ്‌സ് സ്വയം വിളിച്ചത് അത്താണി ബോയ്‌സ്; ഗില്ലപ്പി എന്ന ബിനോയ് ടീം ലീഡറും വിനും രണ്ടാം നിര നേതാവും; 'ബോയ്‌സ്' ക്വട്ടേഷൻ പണികളിലേക്ക് തിരിഞ്ഞതോടെ ഇരുവരും പലവട്ടം ഇടഞ്ഞെങ്കിലും പക കൂടിയത് ബിനോയിയെ തേടി കൂടുതൽ പേരെത്തിയതോടെ; അത്താണി കൊലപാതകത്തിൽ വടിവാൾ കണ്ടെടുത്തു; അറസ്റ്റിലായ വിനുവിന്റെ കൂട്ടാളികൾ റിമാൻഡിൽ

'നെടുങ്കുണ്ട' പാടശേഖരത്തിൽ വൈകുന്നേരത്തെ നേരമ്പോക്കിന് ഒത്തുകൂടിയ ടീനേജേഴ്‌സ് സ്വയം വിളിച്ചത് അത്താണി ബോയ്‌സ്; ഗില്ലപ്പി എന്ന ബിനോയ് ടീം ലീഡറും വിനും രണ്ടാം നിര നേതാവും; 'ബോയ്‌സ്' ക്വട്ടേഷൻ പണികളിലേക്ക് തിരിഞ്ഞതോടെ ഇരുവരും പലവട്ടം ഇടഞ്ഞെങ്കിലും പക കൂടിയത് ബിനോയിയെ തേടി കൂടുതൽ പേരെത്തിയതോടെ; അത്താണി കൊലപാതകത്തിൽ വടിവാൾ കണ്ടെടുത്തു; അറസ്റ്റിലായ വിനുവിന്റെ കൂട്ടാളികൾ റിമാൻഡിൽ

പ്രകാശ് ചന്ദ്രശേഖർ

നെടുമ്പാശ്ശേരി പഞ്ചായത്തിലെ തുരുത്തിശ്ശേരി 'നെടുങ്കുണ്ട'പാടശേഖരത്തിൽ വൈകുന്നേരത്തെ നേരമ്പോക്കിന് ഒത്ത്കൂടിയ ഏതാനും കൗമാരപ്രായക്കാരാണ് 'അത്താണി ബോയസ്' എന്ന ഗുണ്ടാസംഘമായി മാറിയത്. ഏകദേശം അര കിലോ മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരായിരുന്നു ഇവർ. 'ഗില്ലപ്പി'യായിരുന്നു സംഘത്തിലെ മുതിർന്ന അംഗവും നേതൃത്വം നൽകിയിരുന്നതും. വിനു രണ്ടാം നിര നേതാവും. പല ഘട്ടങ്ങളിലും ഗില്ലപ്പിയും വിനുവും പിണങ്ങി. അതിനിടെ 'ഗില്ലപ്പി' അത്താണി ബോയ്‌സിന്റെ നേതാവായി അറിയപ്പെടുകയും വാടക ഗുണ്ടാപ്പണിക്ക് ആവശ്യക്കാർ തേടിയെത്തുകയും ചെയ്തിരുന്നത്. അതോടെ വിനുവിന് പകക്കൂടി.

വിനുവിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം രൂപംകൊണ്ടു. സംഘങ്ങൾ തമ്മിൽ പലപ്പോഴും അത്താണിയിലും പരിസരങ്ങളിലും പരസ്യമായ അക്രമം അരങ്ങേറിയിരുന്നു. അതിനിടെയാണ് ഗില്ലപ്പി ദുബായിയിലുള്ള സഹോദരിയുടെ അടുത്തേക്ക് പോകാൻ നല്ല നടപ്പ് ശീലിച്ച് കേസുകൾ തീർപ്പാകാൻ കാത്തിരിക്കുകയായിരുന്നു. അടുത്തിടെ വിനുവിന്റെ പിതാവിനെയും അക്രമങ്ങളിലേർപ്പെടാത്ത സഹോദരനെയും ഗില്ലപ്പി ആക്ഷേപിച്ചുവെന്നാരോപിച്ച് സംഘട്ടനം നടന്നിരുന്നു. അതിന്റെ തുടർച്ചയെന്നോണം ശനിയാഴ്ച രാത്രി വിനുവിന്റെ നേതൃത്വത്തിൽ ഒത്ത്കൂടിയ സംഘമാണ് ബിനോയിയെ വകവരുത്താൻ തീരുമാനിക്കുകയും വാടകക്കൊലയാളികളായ ഉറ്റ സുഹൃത്തുക്കളായ ലാൽ കിച്ചുവിനും ഗ്രിൻേറഷജനുമൊപ്പം കൃത്യം നടത്തുകയും ചെയ്തത്.

നിരവധി കേസ്സുകളിൽ പ്രതിയായിരുന്നു ബിനോയിയും. തന്റെ നേർക്ക് എതിരാളികളുടെ ആക്രമണം ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രയോഗിക്കാൻ പിസ്റ്റൾ കൈയിൽ കരുതിയിരുന്നത്. അതേസമയം, മറ്റൊരു ഗൂണ്ടാത്തലവനായ മലയാറ്റൂർ സന്തോഷ്ബിനോയിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി നേരത്തെ പൊലീസ് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. മേഖലയിലെ പ്രബലമായ ക്വട്ടേഷൻ ഗ്രൂപ്പുകൾക്കാണ് സന്തോഷും ബിനോയിയും നേതൃത്വം നൽകുന്നത്. ഇരു ഗ്രൂപ്പുകളും തമ്മിൽ ശത്രുതയിലാണെന്നും ജാഗ്രത വേണമെന്നുമായിരുന്നു മാസങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ റിപ്പോർട്ടിലെ ഉള്ളടക്കം.

ഞായറാഴ്ച രാത്രി എട്ടരയോടെ ദേശീയപാതയിൽ അത്താണി ഓട്ടോറിക്ഷ സ്റ്റാൻഡിനു മുന്നിലാണ് സംഭവം. സമീപത്തെ ബാറിൽ നിന്നും മദ്യപിച്ചിറങ്ങിയ ബിനോയിയെ റോഡിൽ കാത്തുനിന്ന പ്രതികൾ വളഞ്ഞിട്ടു വെട്ടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബിനോയ് അത്താണി ബോയ്സ് എന്നറിയപ്പെടുന്ന ഗുണ്ടാസംഘം ഉണ്ടാക്കിയ വ്യക്തിയാണ്. ഈ ഗുണ്ടാ സംഘത്തിലെ പഴയ ശിഷ്യന്മാരാണ് പിടിയിലായത്.

കാറിലെത്തിയ ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ബിനോയിയുടെ മുഖത്ത് പ്രതികൾ തുരുതുരാ വെട്ടുന്നതിന്റെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. മൂന്നുപേരാണ് ആക്രമത്തിൽ നേരിട്ടു പങ്കെടുത്തത്. സംഭവത്തിൽ അഞ്ചു പേർ പിടിയിലായിട്ടുണ്ട്. ബിനുവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തിൽ പെട്ട അഞ്ചു പേരാണ് പിടിയിലായത്. അത്താണി ബോയ്‌സ് എന്ന പേരിൽ ബിനോയ് തന്നെ വളർത്തിക്കൊണ്ടു വന്ന ഗുണ്ടാസംഘത്തിലുണ്ടായ ചേരി തിരിവാണ് കൊലപാതകത്തിലേക്കു നയിച്ചത്.

കൊലപാതകശ്രമം മുതൽ കവർച്ചയിൽ വരെ സംഘാംഗങ്ങൾക്കു പങ്കുണ്ടായി. നാട്ടിൽനിന്നും സംഘത്തിന്റെ പ്രവർത്തനം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും സംഘത്തിന് ഉണ്ടായിരുന്നു. എന്നാൽ ചില നേതാക്കൾ ഇവർക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും ചില ഘട്ടത്തിൽ അടിച്ചൊതുക്കുന്ന സാഹചര്യം വരെയും ഉണ്ടായി. കൊല്ലപ്പെട്ട ബിനോയിയെയും പിന്നീട് കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്നയാളെയും അതിനിടെ മൂന്ന് വർഷം മുമ്പ് പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇതോടെയാണ് അത്താണി ശാന്തമായത്. ഒരു വർഷത്തിന് ശേഷം തിരിച്ചെത്തിയ ബിനോയി കാര്യമായ അക്രമങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നാണ് പറയുന്നത്. ഇതിനിടയിൽ ഉറ്റ അനുയായിയുമായി തെറ്റുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസവും ബിനോയിയുമായി സംഘം ഏറ്റമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊല.

ചെറിയ പിടിച്ചുപറി കേസുകളിൽനിന്ന് വൻ മോഷണങ്ങളിലേക്കുള്ള വളർച്ചയായിരുന്നു അത്താണി ബോയ്‌സിന്റേത്. ഒപ്പം ഗുണ്ടാ സംഘവും വളർന്നു. ഗില്ലാപ്പി എന്ന ഇരട്ടപ്പേരിലായിരുന്നു ഗുണ്ടാസംഘങ്ങൾക്കിടയിൽ ബിനോയ് അറിയപ്പെട്ടിരുന്നത്. ബിനോയ് ചെറുപ്പം മുതൽ ഗുണ്ടാ പ്രവർത്തനങ്ങളും പതിവാക്കിയിരുന്നു. കള്ളനോട്ടടി മുതൽ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്. ബിനോയ് തന്നെയാണ് അത്താണി ബോയ്‌സിനു രൂപം നൽകിയതും വളർത്തിക്കൊണ്ടു വന്നതും.

തൃശൂർ ജില്ലയിൽ ജൂവലറികളിലേക്കും മറ്റും കൊണ്ടുവരുന്ന സ്വർണം വഴിയിൽവച്ച് ആക്രമിച്ച് പിടിച്ചു പറിക്കുന്ന സംഘത്തിനു നേതൃത്വം നൽകിയത് ബിനോയി ആയിരുന്നു. നെടുമ്പാശേരി പരിസരത്തുള്ളതിനേക്കാൾ കേസുകൾ ഇതര ജില്ലകളിൽ ഇയാളുടെ പേരിലുണ്ട്. പൊലീസിന്റെ റൗഡി പട്ടികയിൽ ഇടം പിടിച്ച ബിനോയ്‌ക്കെതിരെ അങ്കമാലി, കാലടി, ചെങ്ങമനാട് സ്റ്റേഷനുകളിൽ ആയുധ നിയമം ഉൾപ്പെടെ നിരവധി കേസുകളുണ്ട്. സംഘം ചേർന്ന് കവർച്ച, തട്ടിക്കൊണ്ടു പോകൽ, വധശ്രമം തുടങ്ങിയ കേസുകളിലും പ്രതിയാണ്. എ.വി. ജോർജ് ജില്ലാ പൊലീസ് മേധാവിയായിരിക്കെ ബിനോയ്ക്കെതിരെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.

കൊലപ്പെടുത്തിയിട്ടും പക തീരാതെ ശരീരം വെട്ടി നുറുക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പ്രതികളുടെ അടുത്തേക്കു വരാനോ തടയാനോ ശ്രമിക്കാതിരുന്നത് അതുകൊണ്ടുതന്നെയാണ്. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. കൊലപാതകംനടന്ന സ്ഥലത്തെ സി.സി ടി.വികളിൽ നിന്നുമാണ് പ്രതികളെ സംബന്ധിച്ച തെളിവു ശേഖരിച്ചത്.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന് അതിക്രൂരമായാണ് സംഘം ബിനോയിയെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമായിരുന്നു. മരിച്ചെന്ന് ഉറപ്പായിട്ടും മൂന്നംഗ സംഘം പക തീരും വരെ വെട്ടുകയാണ് ചെയ്തത്. സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്ന നാട്ടുകാരെല്ലാം ഓടിരക്ഷപ്പെടുകയായിരുന്നു. ഗുണ്ടാസംഘത്തിന്റെ ആക്രോശത്തെ തുടർന്ന് സംഭവ സ്ഥലത്തിന് സമീപമുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുടള്ള നാട്ടുകാരെല്ലാം ഭയന്ന് ഓടിമാറുകയായിരുന്നു. ബിനോയി അവിവാഹിതനാണ്. പിതാവ്: പരേതനായ വർക്കി. മാതാവ്: സാറാമ്മ. രണ്ടു സഹോദരിമാരുണ്ട്

കേസിലെ മുഖ്യ പ്രതിയായ വിനുവും മൂക്കന്നൂർ തിരുവിലാംകുന്ന് സ്വദേശികളും ഇനിയും പൊലീസിന്റെ പിടിയിലായിട്ടില്ല. ഇവരെക്കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ഊർജ്ജിത നീക്കങ്ങൾ നടത്തിവരികയാണെന്നും ആലുവ റൂറൽ എസ് പി കെ കാർത്തിക് അറിയിച്ചു. ആലുവ ഡി.വൈ.എസ്‌പി ജി.വേണുവിന്റെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി സിഐ പി.എം.ബൈജു, ആലങ്ങാട് സിഐ പി.വി.വിനേഷ്‌കുമാർ, അങ്കമാലി സിഐ എസ്.മുഹമ്മദ് റിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP