Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജരേഖ ചമച്ച് ഭൂമിയും വീടും തട്ടിയെന്ന് വാർത്ത വന്നത് മംഗളം പത്രത്തിൽ; പിതൃ സഹോദരന്റെ ഭൂമി പ്രശ്‌നത്തിൽ തെറ്റ് പറ്റിയെന്നു മനസിലായി പത്രം ഖേദപ്രകടനം നടത്തി തലയൂരിയപ്പോൾ ഒന്നും മിണ്ടാതെ ലേഖകൻ ഹരിദാസൻ പാലയിൽ; നിയമ പോരാട്ടവുമായി ക്രൈംബ്രാഞ്ച് ഐജി മുമ്പോട്ട് പോയപ്പോൾ മുൻ മംഗളം ലേഖകന് ഒരു മാസം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി: വ്യാജ വാർത്ത നൽകിയവരെ ശ്രീജിത്ത് ഐപിഎസ് തളയ്ക്കുമ്പോൾ

വ്യാജരേഖ ചമച്ച് ഭൂമിയും വീടും തട്ടിയെന്ന് വാർത്ത വന്നത് മംഗളം പത്രത്തിൽ; പിതൃ സഹോദരന്റെ ഭൂമി പ്രശ്‌നത്തിൽ തെറ്റ് പറ്റിയെന്നു മനസിലായി പത്രം ഖേദപ്രകടനം നടത്തി തലയൂരിയപ്പോൾ ഒന്നും മിണ്ടാതെ ലേഖകൻ ഹരിദാസൻ പാലയിൽ; നിയമ പോരാട്ടവുമായി ക്രൈംബ്രാഞ്ച് ഐജി മുമ്പോട്ട് പോയപ്പോൾ മുൻ മംഗളം ലേഖകന് ഒരു മാസം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി: വ്യാജ വാർത്ത നൽകിയവരെ ശ്രീജിത്ത് ഐപിഎസ് തളയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിനെതിരെ വ്യാജവാർത്ത നൽകിയ മംഗളം പത്രത്തിന്റെ മുൻ ലേഖകൻ ഹരിദാസൻ പാലയിലിന് ഒരു മാസം തടവും 10000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം അധികം തടവും അനുഭവിക്കണം. വ്യാജരേഖ ചമച്ച് കൊച്ചിയിലെ ഒരു വ്യക്തിയുടെ ഭൂമിയും സ്ഥലവും ശ്രീജിത്ത് തട്ടിയെടുത്തെന്ന വ്യാജവാർത്ത മംഗളം പത്രത്തിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ശ്രീജിത്ത് നൽകിയ കേസിനെ തുടർന്നാണ് കോഴിക്കോട് മജിസ്‌ട്രേട്ട് കോടതിയുടെ വിധി വന്നത്.

ഒമ്പത് വർഷമായി കോഴിക്കോട് കോടതിയിൽ തുടരുന്ന കേസിനാണ് ഇങ്ങിനെ ഒരു പരിസമാപ്തി വന്നത്. പിതാവിന്റെ സഹോദരന് കൊച്ചിയിലുണ്ടായിരുന്ന വീടും സ്ഥലവും വ്യാജരേഖ ചമച്ച് പി.വി.ബിജു സ്വന്തമാക്കിയതിനെ തുടർന്ന് ഹൈക്കോടതിയിൽ നൽകിയ കേസിന് അനുബന്ധമായാണ് ശ്രീജിത്ത് ഈ കേസും നൽകിയത്. മംഗളത്തിന്റെ ചീഫ് എഡിറ്ററും എംഡിയും സിഇഒയും ഹരിദാസനും ഉൾപ്പെടെ നാല്‌പേർക്ക് എതിരെയാണ് കോഴിക്കോട് കോടതിയിൽ കേസ് നൽകിയത്. പക്ഷെ മംഗളം ഖേദപ്രകടനം നടത്തി തലയൂരുകയായിരുന്നു. ഹരിദാസൻ വാർത്തയിൽ ഉറച്ച് നിന്നതിനെ തുടർന്നാണ് കേസ് കോടതിയിൽ തുടർന്നത്. ഈ കേസിലാണ് ഇപ്പോൾ വിധി വന്നത്. അഡ്വക്കേറ്റ് പി.എം.ഹാരിസാണ് ശ്രീജിത്തിനു വേണ്ടി കോടതിയിൽ ഹാജരായത്.

ശ്രീജിത്തിന്റെ പിതാവിന്റെ സഹോദരന്റെ ഭൂമി തട്ടിയെടുത്തതിനെ തുടർന്ന് ഹൈക്കോടതിയിൽ വന്ന കേസിനെ തുടർന്ന് മീഡിയേഷനിൽ അൻപത് ലക്ഷം രൂപ ശ്രീജിത്തിന്റെ പിതൃസഹോദരന് നൽകി ബിജു കേസ് ഒത്തുതീർത്തിരുന്നു. ഭൂമി ശ്രീജിത്തിന്റെ പിതാവിന്റെ സഹോദരന്റെത് തന്നെയെന്നു ഹൈക്കോടതിയിൽ എഴുതി നൽകി ഒപ്പം 50 ലക്ഷം രൂപയും നൽകിയാണ് കേസ് ഒത്തുതീർത്തത്. വാർത്ത വ്യാജമാണെന്ന് മനസിലായതിനെ തുടർന്ന് മംഗളം ദിനപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ വാർത്ത എഴുതിയ ഹരിദാസൻ പാലയിൽ ഖേദം എഴുതി നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് കോഴിക്കോട് സിജെഎം കോടതിയിൽ നൽകിയ കേസിന്റെ വിധിയാണ് ഇപ്പോൾ പുറത്ത് വന്നത്. കൈയേറി കൈവശപ്പെടുത്തിയിരിക്കുന്ന വീടിന്റെ പൂമുഖത്തിരുന്നു പത്രം വായിക്കുന്ന ശ്രീജിത്തിന്റെ ചിത്രം സഹിതമാണ് 2009-ൽ മംഗളം വാർത്ത നൽകിയത്. അന്ന് കോഴിക്കോട് മംഗളത്തിൽ ജോലി ചെയ്ത ഹരിദാസൻ കൊച്ചിയിലെ സംഭവം കോഴിക്കോടിരുന്നാണ് വാർത്തയാക്കിയത്. വാർത്തയിൽ ഖേദം പ്രകടിപ്പിച്ച് മംഗളം തലയൂരിയപ്പോൾ പാലായിൽ തന്റെ വാർത്തയിൽ ഉറച്ചു നിൽക്കുകയായിരുന്നു.

കൊച്ചിയിലെ ഭൂമി മാഫിയയിൽപ്പെട്ടയാൾ തന്റെ പിതാവിന്റെ സഹോദരന്റെ ഭൂമി തട്ടിയെടുത്തത് ശ്രീജിത്ത് വൈകിയാണ് അറിഞ്ഞത്. പിതാവിന്റെ സഹോദരൻ ഇന്ത്യയിൽ ഇല്ലാതിരുന്ന സമയത്താണ് കൊച്ചി പാലാരിവട്ടത്തെ ഭൂമിയും സ്ഥലവും പി.വി.ബിജു തട്ടിയെടുത്തത്. ഭൂമിയുടെ വ്യാജ ആധാരം ചമച്ച് ബാങ്കിൽ നിന്ന് 60 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ലോൺ തിരിച്ചടച്ചില്ല. ബാങ്ക് വീട് അറ്റാച്ച് ചെയ്തു. ഇതോടെയാണ് ശ്രീജിത്തും കുടുംബവും ഭൂമാഫിയ തട്ടിയെടുത്ത വിവരം അറിയുന്നത്. ഇതോടെ ഹൈക്കോടതിയിൽ ശ്രീജിത്ത് പരാതി നൽകി.

ഹൈക്കോടതി വീട് തിരികെ പിതാവിന്റെ സഹോദരന് തന്നെ തിരികെ നൽകി. പ്രതിസ്ഥാനത്തിരുന്നവർ എല്ലാം തങ്ങൾ ചെയ്ത ചതിയായിരുന്നുവെന്ന് ഹൈക്കോടതിക്ക് എഴുതി നൽകുകയും ചെയ്തു. മംഗളം ഖേദം പ്രകടിപ്പിക്കുകയും ഭൂമി തട്ടിയെടുത്തവർ അത് സമ്മതിച്ച് 50 ലക്ഷം നഷ്ടപരിഹാരവും കോടതിയിൽ കത്ത് നൽകുകയും ചെയ്തപ്പോൾ പ്രശ്‌നം ഒത്തുതീരേണ്ടതായിരുന്നു. എന്നാൽ ഹരിദാസൻ പാലയിൽ ഖേദപ്രകടത്തിനു തയ്യാറാകാതിരുന്നത് കാരണമാണ് കോഴിക്കോട് കേസ് നൽകാൻ കാരണമായത്. കോഴിക്കോടിരുന്നു കൊച്ചിയിലെ വാർത്ത നല്കിയതും സംശയാസ്പദമായ കാര്യമാണെന്ന് ഐജി ശ്രീജിത്ത് അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

ശ്രീജിത്തിന്റെ പിതൃസഹോദരന് സ്വന്തം ഭൂമിയും വീടും നഷ്ടമായപ്പോൾ വാർത്ത വന്നത് ശ്രീജിത്ത് ഒരു വ്യക്തിയുടെ കൈവശമിരുന്ന ഭൂമിയും വീടും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു. ഹൈക്കോടതിയിൽ കേസ് നൽകി പിതൃസഹോദരന്റെ ഭൂമി വീണ്ടെടുത്തപ്പോൾ തനിക്ക് അപകീർത്തിയുണ്ടാക്കിയ മംഗളത്തിനും ഹരിദാസൻ പാലയിലിനും എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസ് നൽകിയപ്പോൾ മംഗളം ഖേദ പ്രകടനം നടത്തി തലയൂരി. എന്നാൽ ഹരിദാസൻ പാലയിൽ തന്റെ വാർത്ത ശരിയായിരുന്നു എന്ന രീതിയിൽ ഉറച്ചു നിന്നു. ഹൈക്കോടതി വീട് ഉടമകൾക്ക് തന്നെ തിരികെ നൽകിയിട്ടും ഹരിദാസൻ തന്റെ വാദമുഖങ്ങളിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഒത്തുതീർപ്പ് സാധ്യതകൾ കോടതി തേടിയെങ്കിലും ഹരിദാസന്റെ ഖേദപ്രകടനമാണ് ആവശ്യം എന്ന ആവശ്യമാണ് ശ്രീജിത്ത് മുന്നോട്ടു വെച്ചത്. എന്നാൽ ഖേദപ്രകടനത്തിനു ഹരിദാസൻ തയ്യാറായില്ല. ഇതോടെയാണ് ഒരു മാസം തടവും 10000 രൂപ പിഴയും എന്ന ശിക്ഷ വന്നത്.

ശ്രീജിത്തിന്റെ പിതൃസഹോദരൻ വിദേശത്തായിരുന്നതിനാൽ വീട് വാടകയ്ക്ക് നൽകുകയായിരുന്നു. ഈ വ്യക്തിയാണ് വീട് കൈവശമാക്കാൻ ശ്രമിച്ചത്. വർഷങ്ങൾ ആയി സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ സ്ഥലം കൈവശപ്പെടുത്തിയയാൾ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കുകയായിരുന്നു. ഇങ്ങിനെയാണ് ബാങ്കിൽ നിന്നും 60 ലക്ഷം രൂപ ഇയാൾ ലോൺ എടുത്തത്. ലോൺ തിരികെ അടക്കാത്തതിനാൽ സ്ഥലം ബാങ്ക് അറ്റാച്ച് ചെയ്തു. ഇതോടെയാണ് ശ്രീജിത്തും ബന്ധുക്കളും ഹൈക്കോടതിയിൽ പരാതി നൽകിയത്. കേസ് നീണ്ടുപോയപ്പോൾ മീഡിയെഷനിൽ സ്ഥലം ഉടമയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഭൂമി കൈവശപ്പെടുത്തിയയാൾ കേസ് അവസാനിപ്പിക്കുകയായിരുന്നു.

തങ്ങൾ വീടും സ്ഥലവും തട്ടിയെടുക്കുകയായിരുന്നുവെന്ന് ഇവർ ഹൈക്കോടതിയിൽ എഴുതി നൽകുകയും ചെയ്തു. ഇതോടെയാണ് ഹൈക്കോടതിയിൽ കേസ് ഒത്തുതീർന്നത്. ശ്രീജിത്തിനെതിരെ വാർത്ത നൽകുമ്പോൾ പി.വി.ബിജു ഇങ്ങിനെ വായ്പ തട്ടിപ്പിന്റെ പേരിൽ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയാണെന്ന് ഹരിദാസൻ പാലയിൽ കണക്കിലെടുത്തില്ലെന്ന് സൂചനയുണ്ട്. തന്റെ എക്‌സ്‌പോർട്ട് സ്ഥാപനത്തിന്റെ പേരിൽ എട്ടു കോടിയോളം രൂപ വായ്പ എടുത്തതിന്റെ പേരിൽ പി.വി.ബിജുവിന്റെ പേരിലും കനറാ ബാങ്ക് ഉദ്യോഗസ്ഥരുടെ പേരിലുമാണ് സിബിഐ കേസ് എടുത്തിട്ടുള്ളത്. ശ്രീജിത്തിന്റെ പിതൃസഹോദരൻ നൽകിയ കേസ് ഹൈക്കോടതിയിൽ തുടരവേ തന്നെയാണ് വായ്പാ തട്ടിപ്പിന്റെ പേരിൽ സിബിഐ പി.വി.ബിജുവിന്റെ പേരിൽ കേസ് ചാർജ് ചെയ്തിരുന്നത്. സിബിഐ കേസ് ശ്രീജിത്തിന്റെ സ്ഥാപിത താത്പര്യത്തിന്റെ പുറത്താണ് എന്ന് ചൂണ്ടിക്കാട്ടി പി.വി.ബിജുവും ടീമും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കേസ് കോടതിയിൽ വന്നപ്പോൾ ശ്രീജിത്തിന്റെ താത്പര്യം അങ്ങിനെ നിൽക്കട്ടെ, നിങ്ങൾ വായ്പാ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. അതിനു ബിജുവിനു മറുപടിയുമില്ലായിരുന്നു. നിങ്ങൾ വിചാരണയെ അഭിമുഖീകരിക്കൂ എന്നാണ് സുപ്രീംകോടതി ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഇങ്ങിനെ ഒരു നിവൃത്തിയുമില്ലാത്ത ഘട്ടത്തിലാണ് കൊച്ചിയിലെ ഭൂമി പ്രശ്‌നത്തിൽ തങ്ങൾക്ക് തെറ്റ് പറ്റിയെന്നു ഇവർ ഹൈക്കോടതിയിൽ എഴുതി നൽകിയത്. മീഡിയെഷൻ എന്ന ആവശ്യം വന്നപ്പോൾ ശ്രീജിത്തിന്റെ കുടുംബവും ഇതിനു വഴങ്ങുകയായിരുന്നു. 50 ലക്ഷം രൂപ നഷ്ടവും നൽകിയതിനെ തുടർന്ന് കേസ് ഒത്തുതീരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഈ കേസ് ഒത്തുതീർന്നത്. ഇതോടെയാണ് ഹരിദാസൻ പാലയിൽ നൽകിയ വാർത്ത വ്യാജമായിരുന്നുവെന്ന് തെളിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP