Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസത്തിൽ പച്ചപിടിക്കുന്നതോടെ തിരിച്ചറിയുന്നത് ഭാര്യമാർക്ക് സൗന്ദര്യം പോരെന്നും കുഴപ്പക്കാരെന്നും; വിദേശത്തേക്ക് കടക്കാൻ വിസ സമ്പാദിക്കാനുമുള്ള ഉപാധി വിവാഹവും പിന്നെ ഉപേക്ഷിക്കലും; കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭാര്യമാരെ ഉപേക്ഷിച്ചത് ആറായിരം പ്രവാസി ഇന്ത്യക്കാർ; ഈ വർഷം മാത്രം പരാതിയുമായി എത്തിയത് 991 യുവതികൾ

പ്രവാസത്തിൽ പച്ചപിടിക്കുന്നതോടെ തിരിച്ചറിയുന്നത് ഭാര്യമാർക്ക് സൗന്ദര്യം പോരെന്നും കുഴപ്പക്കാരെന്നും; വിദേശത്തേക്ക് കടക്കാൻ വിസ സമ്പാദിക്കാനുമുള്ള ഉപാധി വിവാഹവും പിന്നെ ഉപേക്ഷിക്കലും; കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭാര്യമാരെ ഉപേക്ഷിച്ചത് ആറായിരം പ്രവാസി ഇന്ത്യക്കാർ; ഈ വർഷം മാത്രം പരാതിയുമായി എത്തിയത് 991 യുവതികൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭാര്യമാരെ ഉപേക്ഷിച്ചത് ആറായിരം പ്രവാസികളായ ഇന്ത്യക്കാർ. 2015 ജനുവരി മുതൽ2019 ഒക്ടോബർ വരെയുള്ള കണക്കനുസരിച്ച് ഭർത്താവ് ഉപേക്ഷിച്ചതായി കാട്ടി ആറായിരം പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പാർലമെന്റിൽ പറഞ്ഞു. ഈ വർഷം പത്തു മാസത്തിനിടെ ഉപേക്ഷിക്കപ്പെട്ടത് 991 യുവതികളാണ്. 2015ൽ 796 പരാതികളാണ് ലഭിച്ചത്. 2016ൽ 1510, 2017ൽ 1498, 2018ൽ 1299 എന്നിങ്ങനെയും പരാതികൾ ലഭിച്ചതായി മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്ന ജുഡീഷ്യൽ കേസുകളുടെ വിവരങ്ങളാണ് ഇത്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾക്ക് കൗൺസലിങ്, മാർഗനിർദേശങ്ങൾ, നിയമനടപടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെല്ലാം സർക്കാർ ലഭ്യമാക്കുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുക, ഭർത്താക്കന്മാരുടെ പാസ്പോർട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യുക തുടങ്ങിയ നടപടികളാണ് നിലവിൽ ഇത്തരം കേസുകളിൽ സ്വീകരിക്കുക. ഭർത്താക്കന്മാരാൻ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കായി കേസ് നടത്തിപ്പിനും മറ്റുമായി സർക്കാർ സാമ്പത്തിക സഹായവും നൽകാറുണ്ട്.

പ്രവാസി ഭർത്താക്കന്മാർ ഭാര്യമാരെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും നിരവധി പരാതികൾ ഉയർന്നിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് ഓടിപ്പോയ 45 പ്രവാസികളുടെ പാസ്പോർട്ടുകൾ സർക്കാർ റദ്ദാക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരിയിൽ 'പ്രവാസി ഇന്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ 2019' രാജ്യസഭയിൽ അവതരിപ്പിച്ചത്.

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ പ്രവാസികൾ വിവാഹം രജിസ്റ്റർ ചെയ്യണമെന്നും, പാസ്പോർട്ടിൽ ഇതുസംബന്ധിച്ച വിവരങ്ങൾ പരിഷ്‌കരിക്കണമെന്നുമാണ് ഈ നിയമം നിഷ്‌കർഷിക്കുന്നത്. ഇപ്രകാരം ചെയ്തില്ലെങ്കിൽ പാസ്പോർട്ട് റദ്ദാക്കാൻ അധികൃതർക്ക് സാധിക്കും. ഇന്റർ മിനിസ്റ്റീരിയൽ പാനലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ആവശ്യമെങ്കിൽ പാസ്പോർട്ട് ആക്ടിൽ ഭേദഗതി വരുത്തുമെന്നും അന്ന് അറിയിച്ചിരുന്നു.

കടൽകടന്ന് പോയി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ സംജാതമാകുന്നതോടെ തങ്ങളുടെ നിലയ്ക്കും വിലയ്ക്കും ചേർന്ന ഭാര്യയല്ലെന്ന തോന്നലാണ് ഇത്തരം കേസുകളിൽ കൂടുതലും. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിസ സംഘടിപ്പിക്കാൻ വേണ്ടി മാത്രം വിദേശത്തുള്ള യുവതികളെ വിവാഹം കഴിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്നവരും കുറവല്ല. മാറിയ ജീവിത സാഹചര്യത്തിൽ കുടുംബ ബന്ധങ്ങളിൽ സംശയങ്ങൾ ബലപ്പെട്ടും പ്രവാസികൾ ഭാര്യമാരെ ഉപേക്ഷിക്കുന്നതായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

മൂന്ന് വർഷത്തിനിടെ വിദേശത്ത് അകപ്പെട്ടത് 77 ഇന്ത്യക്കാർ

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 77 ഇന്ത്യക്കാർ വിവിധ രാജ്യങ്ങളിലായി അകപ്പെട്ടു പോവുകയോ പിടിക്കപ്പെട്ട് തടവിൽ കഴിയുകയോ ചെയ്തിട്ടുണ്ടെന്നും ലഭ്യമായ വിവരമനുസരിച്ച് ഇതിൽ 73 പേരും ഇന്ത്യയിലേക്ക് തിരിച്ചെത്തിയാതായും വി മുരളീധരൻ പാർലമെന്റിനെ അറിയിച്ചു. ഒരാൾ തടവിൽ കിടന്ന് മരിച്ചു. മറ്റ് മൂന്ന് പേർ തടവിൽ തുടരുകയാണ്. അവരെ എത്രയും പെട്ടെന്ന് രാജ്യത്തേക്ക് തിരികെയെത്തിക്കാൻ ഇന്ത്യ ഇടപെടലുകൾ നടത്തി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക വിവരമനുസരിച്ച്, കുടിയേറിയ ജീവനക്കാർ ഉൾപ്പെടെ 4823 ഇന്ത്യക്കാർ ഈ വർഷം ഒക്‌ടോബർ 31 വരെ കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലായി മരിച്ചിട്ടുണ്ട്. 2018ൽ ഇത് 6014 ആയിരുന്നു. 2015ൽ 5786 പേരും 2016ൽ 6013 പേരും 2017ൽ 5906 പേരും ഇത്തരത്തിൽ മരിച്ചിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP