Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം ശിവസേനക്കാരനായ ആദിത്യ താക്കറെ മുഖ്യമന്ത്രി; രണ്ടര വർഷമാകുമ്പോൾ എൻസിപിയുടെ സുപ്രീയയും; ഉദ്ദവ് താക്കറയുടെ മകനും ശരത് പവാറിന്റെ മകളും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമ്പോൾ നിർണ്ണായകമാവുക കോൺഗ്രസിന്റെ നിലപാട്; ഇന്ത്യൻ സാമ്പത്തിക തലസ്ഥാനത്തെ നിയന്ത്രിക്കാൻ തട്ടിക്കൂട്ടിയുണ്ടാക്കിയ മുന്നണി എത്രനാൾ ഒരുമിച്ച് നീങ്ങും? നാളെ ഗവർണ്ണറെ കാണുമെന്ന് റിപ്പോർട്ടുകൾ

ആദ്യം ശിവസേനക്കാരനായ ആദിത്യ താക്കറെ മുഖ്യമന്ത്രി; രണ്ടര വർഷമാകുമ്പോൾ എൻസിപിയുടെ സുപ്രീയയും; ഉദ്ദവ് താക്കറയുടെ മകനും ശരത് പവാറിന്റെ മകളും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമ്പോൾ നിർണ്ണായകമാവുക കോൺഗ്രസിന്റെ നിലപാട്; ഇന്ത്യൻ സാമ്പത്തിക തലസ്ഥാനത്തെ നിയന്ത്രിക്കാൻ തട്ടിക്കൂട്ടിയുണ്ടാക്കിയ മുന്നണി എത്രനാൾ ഒരുമിച്ച് നീങ്ങും? നാളെ ഗവർണ്ണറെ കാണുമെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ശിവസേനയും എൻ.സി.പിയും പങ്കിട്ടേക്കും. കോൺഗ്രസിനും എൻ.സി.പിക്കും ഉപമുഖ്യമന്ത്രി സ്ഥാനവും ലഭിക്കും. ആദിത്യ താക്കറെ മുഖ്യമന്ത്രിയാകുന്നതിനോട് എൻ.സി.പിക്കും കോൺഗ്രസിനും യോജിപ്പില്ല. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ഇരു പാർട്ടികളുടെയും നിലപാട്. അതേസമയം ശിവസേന ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ആദിത്യ താക്കറെയെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഉദ്ദവിന്റെ മനസ്സ്. ഇത് നടക്കുമെന്നാണ് റിപ്പോർട്ട്. രണ്ടര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി സ്ഥാനം എൻസിപിക്ക്‌ കിട്ടും. അപ്പോൾ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ മുഖ്യമന്ത്രിയാകും. കോൺഗ്രസിന് ലഭിക്കുന്ന ഉപമുഖ്യമന്ത്രി സ്ഥാനം അശോക് ചവാന് ലഭിക്കും.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 105 സീറ്റ് നേടിയ ബിജെപിയും 56 എംഎ‍ൽഎമാരുള്ള ശിവസേനയും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഭിന്നതയിലായതോടെയാണ് മുന്നണി ബന്ധം തന്നെ വഴിപിരിയുന്ന നിലയിലെത്തിയത്. ഇത് മുതലെടുത്ത് എൻ സിപിയും കോൺഗ്രസും ശിവസേനയെ ഒപ്പം കൂട്ടുകയായിരുന്നു. ചർച്ചകൾക്കൊടുവിലാണ് ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാൻ ധാരണയായത്. ഡിസംബർ ആദ്യവാരം സർക്കാർ രൂപീകരിക്കും. 14-13-11 ഫോർമുലയിലായിരിക്കും മന്ത്രിസ്ഥാനങ്ങൾ വീതം വയ്ക്കുക. 56 എംഎ‍ൽഎമാരുള്ള ശിവസേനയ്ക്ക് 14 മന്ത്രിസ്ഥാനവും 54 എംഎ‍ൽഎമാരുള്ള എൻ.സി.പിക്ക് 14 മന്ത്രിസ്ഥാനവും 44 എംഎ‍ൽഎമാരുള്ള കോൺഗ്രസിന് 11 മന്ത്രിസ്ഥാനവും ലഭിക്കും.

മഹാ വികാസ് അഘാദി എന്ന പേരിലായിരിക്കും സഖ്യം അറിയപ്പെടുന്നത്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് മൂന്ന് പാർട്ടികളുടെയും നേതാക്കൾ ഗവർണറെ കാണും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പാർട്ടികളും ചേർന്ന് സർക്കാർ രൂപീകരിക്കുന്നത്. വ്യാഴാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ശിവസേനയ്ക്ക് പിന്തുണ നൽകാൻ അന്തിമ തീരുമാനമായത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം കൈക്കൊണ്ടത്. പാർട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ 10 ജൻപഥ് റോഡിലെ വസതിയിലാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. എൻ.സി.പിയുമായി ഒരുവട്ടം കൂടി ചർച്ച നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. സർക്കാർ രൂപീകരണം സംബന്ധിച്ച അന്തിമ പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. പൊതുമിനിമം പരിപാടിക്ക് പുറമെ തീവ്ര ഹിന്ദുത്വ നിലപാടിൽ ശിവസേന അയവ് വരുത്തുമെന്ന ഉറപ്പിനെ തുടർന്നാണ് കോൺഗ്രസ് പിന്തുണ നൽകുന്നത്.

എൻ.സി.പിയിൽ നിന്ന് ജയന്ത് പാട്ടീൽ, നവാബ് മാലിക്, ഹസൻ മുഷ്രിഫ്, അനിൽ ദേശ്മുഖ്, ധനഞ്ജയ് മുണ്ഡെ, ചഗൻ ബുജ്ബൽ, അജിത് പവാർ, ദിലീപ് വാസെൽ പാട്ടീൽ, മക്റാന്ദ് പാട്ടീൽ, രാജേഷ് തൊപെ തുടങ്ങിയവർ പുതിയ മന്ത്രിസഭയിൽ അംഗങ്ങളായേക്കും. കോൺഗ്രസിൽ നിന്ന് അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ, ബാലാസാഹേബ് തൊറാട്ട്, വിജയ് വദേന്ദിവാർ, കെ.സി പദ്വി, വിശ്വജിത്ത് കദം, സാതേജ് ബാന്തി, സുനിൽ കെദാർ തുടങ്ങിയവരും മന്ത്രിസഭാംഗങ്ങൾ ആയേക്കും. ശിവസേനയിൽ തീരുമാനം എടുക്കുക ഉദ്ദവ് താക്കറെയാകും. ഇപ്പോഴും ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കുന്നതിൽ കോൺഗ്രസിനും എൻസിപിക്കും ചില എതിർപ്പുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉദ്ദവ് ഉടനെടുക്കും. എന്നാൽ ആദിത്യയെ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന സൂചന ശരത് പവാറിന് ഉദ്ദവ് നൽകിയിട്ടുണ്ട്. പവാറിന്റെ മകൾക്ക് മുഖ്യമന്ത്രിയാകാമെങ്കിൽ തന്റെ മകനും ആകാമെന്നാണ് ഉദ്ദവിന്റെ നിലപാട്.

കോൺഗ്രസ്സും എൻസിപിയും ശിവസേനയും തമ്മിൽ ഇന്ന് ചർച്ച നടത്തും. സർക്കാർ രൂപീകരണത്തിൽ ശിവസേനയും എൻസിപിയും കോൺഗ്രസും പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക ചർച്ചയാണിത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഖെ, അഹമ്മദ് പട്ടേൽ, കെ സി വേണുഗോപാൽ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. അതിനിടെ, ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും എൻസിപി അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി പവാറിന്റെ മുംബൈയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ ഇരുപാർട്ടി നേതാക്കൾ ഒരുവട്ടംകൂടി കൂടിക്കാഴ്ച നടത്തിയ ശേഷമാവും ശിവസേനയുമായുള്ള സംയുക്ത ചർച്ച. സിപിഎം അടക്കമുള്ള പാർട്ടികളുമായി കോൺഗ്രസും എൻസിപിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്നലത്തെ ചർച്ചയോടെ എൻസിപിയും കോൺഗ്രസും ധാരണയിലെത്തിക്കഴിഞ്ഞു. പാർട്ടികൾ തമ്മിൽ നടക്കുന്ന ചർച്ചകൽ സമവായമുണ്ടായാൽ സഖ്യസർക്കാർ രൂപീകരണപ്രഖ്യാപനം ഇന്നുണ്ടാവാനാണ് സാധ്യത.

മൂന്ന് പാർട്ടികളുടെയും സംയുക്ത വാർത്താസമ്മേളനവുമുണ്ടായേക്കും. അതിനിടെ, കുതിരക്കച്ചവടം പേടിച്ച് ശിവസേനാ എംഎൽഎമാരെ ഇന്ന് രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റുമെന്നാണ് വിവരം. സഖ്യത്തെ എതിർക്കുന്ന 17 എംഎൽഎമാർ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും കൂട്ടാക്കിയിരുന്നില്ല. സഖ്യസർക്കാർ രൂപീകരിക്കുന്നതിനോട് ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഒടുവിൽ കോൺഗ്രസ് ഹൈക്കമാൻഡും ഒരുമിച്ചുനീങ്ങുന്നതിനോട് വഴങ്ങുകയായിരുന്നു. പൊതുമിനിമം പരിപാടി മുൻനിർത്തിയുള്ള സർക്കാർ രൂപീകരണം ശിവസേനയുമായുള്ള പ്രത്യയശാസ്ത്ര അന്തരത്തെ മറികടക്കാൻ സഹായിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

കാർഷിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് മുൻനിർത്തിയുള്ള പൊതുമിനിമം പരിപാടിയുടെ പ്രഖ്യാപനവും ഉടൻ നടത്തേണ്ടതുണ്ട്. അതേസമയം മുഖ്യമന്ത്രിയടക്കം 43 മന്ത്രിമാർ മന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ ഈ ത്രി കക്ഷി സഖ്യത്തിന്റെ മുമ്പോട്ട് പോക്ക് അത്ര സുഗമമാകില്ലെന്നും വിലയിരുത്തലുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനാണ് മുംബൈ. അതുകൊണ്ട് തന്നെ മുന്നണി ബന്ധങ്ങളിൽ വിള്ളലുണ്ടാകാൻ നിമിഷ നേരങ്ങൾ മതി. അതുകൊണ്ട് തന്നെ ഈ സഖ്യത്തിന്റെ ഭാവിയിൽ രാഷ്ട്രീയ നിരീക്ഷകർക്കെല്ലാം സംശയങ്ങൾ ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP