Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്ത വർഷം നിങ്ങൾ നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ ആറ് നഗരങ്ങളിൽ നമ്മുടെ കൊച്ചിയും; നാഷണൽ ജ്യോഗ്രഫിക്കൽ മാഗസിന്റെ റിപ്പോർട്ട് വിദേശമാധ്യമങ്ങൾ ഏറ്റെടുത്തതോടെ കേരളത്തിലേക്ക് ടൂറിസ്റ്റുകൾ പ്രവഹിക്കും; അറബിക്കടലിന്റെ റാണിക്ക് മൂന്നാം സ്ഥാനം; നിനച്ചിരിക്കാതെ കേരളത്തിന് ലോട്ടറിയടിച്ച കഥ

അടുത്ത വർഷം നിങ്ങൾ നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ ആറ് നഗരങ്ങളിൽ നമ്മുടെ കൊച്ചിയും; നാഷണൽ ജ്യോഗ്രഫിക്കൽ മാഗസിന്റെ റിപ്പോർട്ട് വിദേശമാധ്യമങ്ങൾ ഏറ്റെടുത്തതോടെ കേരളത്തിലേക്ക് ടൂറിസ്റ്റുകൾ പ്രവഹിക്കും; അറബിക്കടലിന്റെ റാണിക്ക് മൂന്നാം സ്ഥാനം; നിനച്ചിരിക്കാതെ കേരളത്തിന് ലോട്ടറിയടിച്ച കഥ

മറുനാടൻ ഡെസ്‌ക്‌

അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചിയിലൂടെ കേരളത്തിന്റെ അതിലുപരി ഇന്ത്യയുടെ പേര് അന്താരാഷ്ട്രതലത്തിൽ ഒരിക്കൽ കൂടി തിളങ്ങിയിരിക്കുകയാണിപ്പോൾ. അടുത്ത വർഷം നിങ്ങൾ നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തിലെ ആറ് നഗരങ്ങളിലൊന്നായി നാഷണൽ ജ്യോഗ്രഫിക് മാഗസിൻ ഫോർട്ട് കൊച്ചിയെ ഉൾപ്പെടുത്തിയതിനെ തുടർന്നാണിത്. മാഗസിന്റെ പ്രസ്തുത റിപ്പോർട്ട് മറ്റ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ കേരളത്തിലേക്ക് വിദേശടൂറിസ്റ്റുകളുടെ പ്രവാഹം വർധിക്കുമെന്നുറപ്പായിട്ടുണ്ട്. നിനച്ചിരിക്കാതെ കേരളത്തിന് ലോട്ടറിയടിച്ച കഥ കൂടിയാണിത്.

2020ൽ നിർബന്ധമായും കണ്ടിരിക്കേണ്ട നഗരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് യുഎസിലെ പെൻസിൽ വാനിയയിലെ ഫിലാദൽഫിയയാണ്. രണ്ടാം സ്ഥാനത്ത് ചെച്ചിയയിലെ ടെൽകും മൂന്നാം സ്ഥാനത്ത് ഫോർട്ട് കൊച്ചിയുമാണ് നിലകൊള്ളുന്നത്. തുടർന്നുള്ള നഗരങ്ങളുടെ സ്ഥാനങ്ങളിൽ ബോസ്നിയ ഹെർസഗോവിനയിലെ മോസ്റ്ററും ഇറ്റലിയിലെ പാർമയും മെക്സിക്കോയിലെ പ്യൂബ്ലയും നിലകൊള്ളുന്നു. 2020ൽ കണ്ടിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സിറ്റീസ് കാറ്റഗറിയിലാണ് ഈ നഗരങ്ങളെ നാഷണൽ ജ്യോഗ്രഫിക് മാഗസിൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊച്ചിയെയും കേരളത്തെയും പ്രശംസിച്ച് നാഷണൽ ജ്യോഗ്രഫിക് മാഗസിൻ

ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ സെറ്റിൽമെന്റ് എന്നാണ് കൊച്ചിയെ നാഷണൽ ജ്യോഗ്രഫിക് മാഗസിൻ പരിഗണിച്ചിരിക്കുന്നത്. പുതിയ ആർട്സ് ഹബ് എന്ന നിലയിലും കൊച്ചി പ്രത്യേകിച്ച് ഫോർട്ട് കൊച്ചി മാറിയിരിക്കുന്നുവെന്നും മാഗസിൻ എടുത്ത് കാട്ടുന്നു. 1500 എഡിയിൽ പോർട്ടുഗീസുകാർ സ്ഥാപിച്ച ഈ നഗരത്തിൽ തുടർന്ന് ഹോളണ്ട്, ഇംഗ്ലണ്ട് തുടങ്ങിയ കൊളോണിയൽ ശക്തികൾ അധികാരം സ്ഥാപിച്ച കാര്യവും മാഗസിൻ വിശദീകരിക്കുന്നു.

ഇത്തരത്തിൽ വിവിധ കൊളോണിയൽ ശക്തികളുടെ ഭരണകാലത്തെ ചരിത്രശേഷിപ്പുകൾ ഫോർട്ട് കൊച്ചിയെ ഇന്നും സമ്പന്നമാക്കി നിലനിർത്തുന്നുവെന്നും സഞ്ചാരികൾക്ക് ഇത് പുതിയൊരു അനുഭവമാകുമെന്നും മാഗസിൻ പ്രശംസിക്കുന്നുണ്ട്. ഡച്ച്, ബ്രിട്ടീഷ് കാലത്തെ നിരവധി ചരിത്ര സ്മാരകങ്ങൾ ഇവിടുത്തെ വ്യത്യസ്തമാക്കുന്നു. ഇവിടുത്തെ ആർട്ട് ഗ്യാലറികളും കഫെകളും അതുല്യമാണെന്നും മാഗസിൻ എടുത്ത് കാട്ടുന്നു. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഇവന്റാണ് ഇവിടെ നടക്കുന്ന നാല് മാസം നീളുന്ന കൊച്ചി മുസിരിസ് ബിനാലെയെന്നും മാഗസിൻ പ്രത്യേകിച്ച് പരാമർശിക്കുന്നുണ്ട്. 2012ലാണിത് ആരംഭിച്ചത്.

കണ്ടമ്പററി ഇന്റർനാഷണൽ, ഇന്ത്യൻ, ക്രോസ് കൾച്ചറൽ വിഷ്വൽ ആർട്സിന്റെ മഹത്തായ പ്രദർശനമാണിത്. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് കൊച്ചി സന്ദർശിക്കാൻ ഏറ്റവും ഉചിതമെന്നും മാഗസിൻ സഞ്ചാരികളോട് നിർദ്ദേശിക്കുന്നു. കൊച്ചിയെ മുൻനിർത്തിയാണ് മാഗസിൻ ഇത്തരത്തിൽ പ്രശംസിച്ചതെങ്കിലും അത് കേരളത്തിന് പൊതുവെയുള്ള നേട്ടമായാണ് പരിഗണിച്ച് വരുന്നത്. ഇതിലൂടെ കേരളത്തിനാകമാനം ടൂറിസം രംഗത്ത് കുതിച്ച് ചാട്ടമുണ്ടാകുമെന്ന പ്രതീക്ഷയും ശക്തമാണ്.

നാച്വർ, കൾച്ചർ, അഡ്വൻജർ കാറ്റഗറികളിൽ കാണേണ്ട സ്ഥലങ്ങൾ

മികച്ച സിറ്റികൾക്ക് പുറമെ അടുത്ത വർഷം കാണേണ്ടുന്ന ഇടങ്ങളെ നാച്വർ, കൾച്ചർ, അഡ്വൻജർ കാറ്റഗറികളിലും മാഗസിൻ തെരഞ്ഞെടുത്തിട്ടുണ്ട്.ഇതിൽ നാച്വർ കാറ്റഗറിയിൽ ഒന്നാം സ്ഥാനത്തുള്ളത് കാനഡയിലെ ക്യൂബെക്കിലുള്ള മഗ്ദലെൻ ദ്വീപുകളും രണ്ടാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കയിലെ കാലഹാരി മരുഭൂമിയും മൂന്നാം സ്ഥാനത്ത് ബെലാറസ്/പോളണ്ട് എന്നിവിടങ്ങളിൽ നിലകൊള്ളുന്ന ബിയാലോവിസ കാടുമാണ്. ഹംഗറിയിലെ നാഷണൽ ബ്ലൂ ട്രെയിൽ, സ്പെയിനിലെ കാനറി ദ്വീപുകൾ, മാലിദ്വീപ്, അരിസോണയിലെ ഗ്രാന്റ് കാനിയോൺ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ നിലകൊള്ളുന്നത്. കൾച്ചർ കാറ്റഗറിയിൽ ഒന്നാം സ്ഥാനത്തുള്ളത് സ്പെയിനിലെ ഓസ്റ്റുറിയാസും രണ്ടാം സ്ഥാനത്ത് ചൈനയിലെ ഗ്യുയിസ്ഹൗ പ്രവിശ്യയുമാണ്.

തുടർന്നുള്ള സ്ഥാനങ്ങളിൽ യഥാക്രമം തുർക്കിയിലെ ഗെബെക്ലി ടെപെ, ഗ്വാട്ടിമാലയിലെ മായ, അർജന്റീനയിലെ മെൻഡോസ പ്രവിശ്യ, ഈജിപ്തിലെ അബു സിംബൽ എന്നിവയാണ് നിലകൊള്ളുന്നത്.അഡ്വഞ്ചർ കാറ്റഗറിയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ യഥാക്രമം ഓസ്ട്രേലിയയിലെ ടാസ്മാനിയ, ഓസ്ട്രിയയിലെ ഗ്രോസ്ഗ്ലോക്ക്നെർ ഹൈ ആൽപൈൻ റോഡ്, യുകെയിലെ വെയിൽസ് വേ, എന്നിവ നിലകൊള്ളുന്നു. തുടർന്നുള്ള സ്ഥാനങ്ങളിൽ യഥാക്രമം ജപ്പാനിലെ തോഹോകു, റഷ്യിലെ കാംചാട്ക പെനിൻസുല, ചാഡിലെ സകൗമ നാഷണൽ പാർക്ക്, എന്നിവയും നിലകൊള്ളുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP