Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിസഭയുടെ അനുമതിയോ മുതിർന്ന മന്ത്രിമാരുടെ അറിവോ കൂടാതെ അർദ്ധരാത്രി ഗവർണ്ണറെ കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉരുക്കു വനിത; മഹാരാഷ്ട്രയിൽ പുലർച്ച ഇരു ചെവിയറിയാതെ രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാൻ പുറത്തെടുത്തതും ഇന്ദിരയുടെ അതേ തന്ത്രം; അധികാരം ഒരു വ്യക്തിയിലേക്ക് മാത്രമായി വീണ്ടും ചുരുങ്ങിയെന്ന വിമർശനം അതിശക്തം; മോദി മുമ്പോട്ട് നീങ്ങുന്നത് നെഹ്‌റു പുത്രിയുടെ അതേ യാത്രാ വഴയിലൂടെയോ? ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയത് അധികാര കരുത്തിൽ തന്നെ

മന്ത്രിസഭയുടെ അനുമതിയോ മുതിർന്ന മന്ത്രിമാരുടെ അറിവോ കൂടാതെ അർദ്ധരാത്രി ഗവർണ്ണറെ കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉരുക്കു വനിത; മഹാരാഷ്ട്രയിൽ പുലർച്ച ഇരു ചെവിയറിയാതെ രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാൻ പുറത്തെടുത്തതും ഇന്ദിരയുടെ അതേ തന്ത്രം; അധികാരം ഒരു വ്യക്തിയിലേക്ക് മാത്രമായി വീണ്ടും ചുരുങ്ങിയെന്ന വിമർശനം അതിശക്തം; മോദി മുമ്പോട്ട് നീങ്ങുന്നത് നെഹ്‌റു പുത്രിയുടെ അതേ യാത്രാ വഴയിലൂടെയോ? ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയത് അധികാര കരുത്തിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ ഉരുക്കു വനിതയാണ് ഇന്ദിരാ ഗാന്ധിയെന്ന് കോൺഗ്രസുകാർ പറയുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ കോൺഗ്രസുകാർ ആരും എതിർക്കാറില്ല. ഇന്ത്യയുടെ മുഖച്ഛായ മാറ്റിയത് അടിയന്തരാവസ്ഥയാണെന്ന് പോലും പറയുന്ന കോൺഗ്രസ് നേതാക്കളുണ്ട്. എന്നാൽ ഇന്നലെ മഹാരാഷ്ട്രാ കേസിന്റെ വാദത്തിനിടെ നടക്കുന്നത് അടിയന്തരാവസ്ഥ കാലത്തെ കാര്യങ്ങളാണെന്ന് ശിവസേനയ്ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി പറയുന്നു. വിമർശന സ്വരത്തിലാണ് അത് പറഞ്ഞു വച്ചത്. അടിയന്തരാവസ്ഥ അത്ര നല്ലതായിരുന്നില്ലെന്ന സൂചനയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവായ അഡ്വക്കേറ്റ് വാക്കുകളിലൂടെ ഉയർത്തിയത്. അതായത് മോദി സർക്കാരിന്റെ യാത്ര ഇന്ദിരയുടെ വഴിയേ ആണെന്ന വിലയിരുത്തലിലേക്ക് കോൺഗ്രസ് നേതാക്കൾ പോലും എത്തുന്നു.

ഇന്ദിരാഗാന്ധി തുറന്നിട്ട വഴിയിലൂടെയാണ് മോദി സർക്കാർ മഹാരാഷ്ട്രയിലെ രാഷ്ട്രപതിഭരണം ശനിയാഴ്ച വെളുക്കുംമുമ്പ് പിൻവലിച്ചത്. 1961 മുതൽ നിലവിലുള്ള കേന്ദ്രസർക്കാരിന്റെ കാര്യപരിപാടിച്ചട്ടത്തിലെ 12-ാം വകുപ്പ് പ്രധാനമന്ത്രിക്കു നൽകുന്ന സവിശേഷാധികാരമുയോഗിച്ചായിരുന്നു നടപടി. അടിയന്തരപ്രാധാന്യമുള്ള ഒന്നോ അതിലേറെയോ വിഷയങ്ങളിൽ അനിവാര്യമെന്ന് പ്രധാനമന്ത്രിക്കു ബോധ്യമുണ്ടെങ്കിൽ നിലവിലെ ചട്ടം മറികടന്ന് നടപടി സ്വീകരിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് 12-ാം വകുപ്പ്. ഇതനുസരിച്ച്, പ്രധാനമന്ത്രിക്ക് അനിവാര്യമാണന്നു തോന്നിയാൽ മന്ത്രിസഭയുടെ മുൻകൂർ അനുമതിയില്ലാതെ തീരുമാനമെടുക്കാം. തീരുമാനം നടപ്പായശേഷം അനുമതി (പോസ്റ്റ് ഫാക്ടോ അനുമതി) നേടിയാൽ മതി. ഇതിന് മുമ്പും ഇത്തരത്തിൽ ഒരു പ്രധാനമന്ത്രി ഇടപെട്ടിട്ടുണ്ട്. അത് ഇന്ദിരാ ഗാന്ധിയാണ്. അതായിരുന്നു അടിയന്തരവാസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്.

1975 ജൂൺ 25-നു രാത്രിയിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള ശുപാർശയിൽ രാഷ്ട്രപതിയുടെ ഒപ്പുവാങ്ങാൻ ഇന്ദിരാ ഗാന്ധി ഉപയോഗിച്ചത് 12-ാം വകുപ്പ് നൽകുന്ന അധികാരമാണ്. മന്ത്രിസഭയുടെ അനുമതിയോ മുതിർന്ന മന്ത്രിമാരുടെ അറിവോ കൂടാതെയാണ് ഇന്ദിര അടിയന്തരാവസ്ഥയ്ക്കു ശുപാർശ ചെയ്തത്. ഇത് തന്നെയാണ് മോദിയും ചെയ്യുന്നത്. അതായത് പഴയ ഇന്ദിരാക്കാലത്തേക്ക് ഭരണം പോകുന്നതായുള്ള വിലയിരുത്തൽ സജീവമാണ്. ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥയ്ക്കു ശുപാർശനൽകിയത് രാത്രിയിലാണെങ്കിൽ മഹാരാഷ്ട്രയ്ക്കായി മോദിസർക്കാർ രാഷ്ട്രപതിയെ സമീപിച്ചതു പുലർച്ചെയാണ്. ഇക്കാര്യം മന്ത്രിസഭയോ മുതിർന്ന മന്ത്രിമാരോ അറിഞ്ഞതുമില്ല. അതും അടിയന്തരാവസ്ഥയ്ക്ക് സമാനം. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് ഈ മാസം 12-ന് അവിടെ രാഷ്ട്രപതി ഭരണമേർപ്പെടുത്തിയത്. അതാണ് ആരുമറിയാതെ മോദി പിൻവലിച്ചത്.

ഭരണപരമായ സൗകര്യങ്ങൾക്കുവേണ്ടിയാണ് 12-ാം വകുപ്പ് ചട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളുമായി ഒപ്പുവെക്കുന്ന ധാരണാപത്രങ്ങൾ, നിലവിലുള്ള ഉത്തരവ് പിൻവലിക്കൽ തുടങ്ങിയ ഭരണപരമായ സാങ്കേതികാവശ്യങ്ങൾക്കാണ് ഈ വകുപ്പ് സാധാരണ ഉപയോഗിക്കുക. അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തരസുരക്ഷ, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി 12-ാം വകുപ്പ് ഉപയോഗിച്ചു. ഇപ്പോൾ ഭരണം പിടിക്കാനും. നേരത്തേയും ഈ വകുപ്പ് മോദി സർക്കാർ ഉപയോഗിച്ചിരുന്നു. ജമ്മുകശ്മീർ പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് അടുത്തിടെ മോദിസർക്കാർ 12-ാം വകുപ്പ് ഉപയോഗിച്ചത്. ജമ്മുകശ്മീരിനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്തെ ജില്ലകൾ പങ്കിടാൻ കഴിഞ്ഞമാസം 31-ന് രാഷ്ട്രപതി തീരുമാനമെടുത്തത് ഈ വകുപ്പ് പ്രകാരമുള്ള ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു. ഈ മാസം 20-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അതിന് അനുമതി നൽകി.

12-ാം വകുപ്പുപ്രകാരം നടപടിയെടുക്കുന്നതിന് ബന്ധപ്പെട്ട മന്ത്രാലയം, ഭരണസംവിധാനം എന്നിവരായിരിക്കണം ശുപാർശ നൽകേണ്ടത്. ഓരോ ശുപാർശയോടൊപ്പവും വിഷയത്തിന്റെ അടിയന്തരസാഹചര്യം ബോധ്യപ്പെടുത്തുന്നതിന് രേഖാമൂലമുള്ള വിശദീകരണമുണ്ടാവണം. മന്ത്രിസഭയുടെയോ ബന്ധപ്പെട്ട ഭരണസംവിധാനത്തിന്റെയോ അംഗീകാരം നേടാൻ കഴിയാത്തവിധമുള്ള അടിയന്തരസാഹചര്യമുണ്ടെന്നു ബോധ്യപ്പെടുത്തുന്ന പ്രസ്താവനയും നൽകണം. വിവിധ മന്ത്രാലയങ്ങൾ നിർദിഷ്ടവിഷയത്തിൽ വേണ്ടത്ര കൂടിയാലോചനകൾ നടത്തിയതിന്റെ വിശദാംശങ്ങളും സമർപ്പിക്കണം. പ്രധാനമന്ത്രിയുടെ അനുമതിവാങ്ങിയശേഷം കാബിനറ്റ് സെക്രട്ടറി വഴിയായിരിക്കണം ബന്ധപ്പെട്ട മന്ത്രാലയം ശുപാർശ നൽകേണ്ടത്. ധനവിഷയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ ധനമന്ത്രാലയത്തിന്റെയും അനുമതി വേണം. ഇതൊന്നും മഹാരാഷ്ട്രയിലെ വിഷയത്തിൽ നടന്നിട്ടില്ലെന്നാണ് വിലയിരുത്തൽ.

മന്ത്രിസഭയുടെയോ ബന്ധപ്പെട്ട ഭരണസംവിധാനത്തിന്റെയോ അംഗീകാരം നേടാൻ കഴിയാത്തവിധമുള്ള അടിയന്തരസാഹചര്യം ഉണ്ടായിരുന്നില്ല. മന്ത്രിമാരിൽ ബഹുഭൂരിപക്ഷവും ഡൽഹിയിലുണ്ട്. അടിയന്തര സ്വഭാവവും ഇവിടെ ഇല്ല. എന്നിട്ടും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെന്നതാണ് വസ്തുത. പ്രധാനമന്ത്രി പദത്തിലിരിക്കെ ഏറ്റവും അധികം തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്തിനുള്ള സർവകാല റെക്കോർഡിന്റെ അടുത്തൊന്നും എത്താൻ നരേന്ദ്ര മോദിക്ക് ആയിട്ടില്ല. അടുത്തൊന്നും ആവുമെന്നും തോന്നുന്നില്ല. അത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലാണ്. രണ്ടു തവണയായി ആകെ പതിനാറുവർഷത്തോളമാണ് ഇന്ദിര ഇന്ത്യ ഭരിച്ചിട്ടുള്ളത്. ആദ്യമായി ഇന്ദിര പ്രധാനമന്ത്രിയാകുന്നത് 1966 -ലാണ്. 11 വർഷവും 59 ദിവസവും അവർ തുടർച്ചയായി ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ ഇരുന്നു. 1980 -ലാണ് രണ്ടാമൂഴം ഇന്ദിരയെത്തേടിയെത്തുന്നത്. അത്തവണ 1984 -ൽ കൊല്ലപ്പെടും വരെ, 4 വർഷവും 291 ദിവസവും അവർ പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നു. ഈ കാലയളവിനുള്ളിൽ 50 തവണ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ടിട്ടുണ്ട്.

അധികാരം ഒരു വ്യക്തിയിൽ കേന്ദ്രീകരിച്ചിരിക്കുന്നെന്ന് ഇന്ദിരാഗാന്ധിക്കുശേഷം നരേന്ദ്ര മോദി ഇന്ത്യൻ ജനതയെ ബോധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 1975 ജൂൺ മുതൽ 1977 മാർച്ച് വരെ ഇന്ത്യൻ ജനാധിപത്യത്തെ സ്വേച്ഛാധികാരത്തിന്റെ പരിപ്രേക്ഷ്യത്തിൽ അടച്ചിട്ട ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രി അന്ന് പറഞ്ഞത് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ്‌നല്കുകയാണെന്നാണ്. ഈ ഓർമ്മപ്പെടുത്തൽ തന്നെയാണ് മഹാരാഷ്ട്രയിൽ മോദിയുടെ ഇടപെടലും ചർച്ചയാക്കുന്നത്. അച്ഛൻ നെഹ്‌റുവിന്റെ മരണശേഷം രണ്ടുവർഷങ്ങൾക്കുള്ളിൽ അധികാരത്തിൽ വരികയായിരുന്നു ഇന്ദിര. 1964 ൽ മരിക്കുന്നതുവരെ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നയിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്ത ജവഹർ ലാൽ നെഹ്റു എന്ന പിതാവിന്റെ ഓഫീസിൽ 17 വയസുമുതൽ കടന്നുകൂടിയ ഇന്ദിര സഞ്ചരിച്ച അതേ വഴിയെയാണ് മോദിയും പോകുന്നതെന്നാണ് ഉയരുന്ന വിലയിരുത്തൽ.

1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണം സൃഷ്ടിച്ച പെട്ടന്നുള്ള സാഹചര്യത്തിൽ കോൺഗ്രസിന് മുൻപിൽ 49കാരിയായ ഇന്ദിരാഗാന്ധിയല്ലാതെ മറ്റു നേതാക്കന്മാരൊന്നും തന്നെയില്ലായിരുന്നു. മാത്രമല്ല അവർ അന്നു കരുതിയിരുന്നത് അവരുടെ തീരുമാനത്തിനൊത്ത് പ്രവർത്തിക്കുന്ന ഒരു ഉപകരണമാകും ഇന്ദിരയെന്നുമായിരുന്നു. പക്ഷേ, അവരുടെ വളർച്ചയുടെ രീതി തികച്ചും വ്യത്യസ്തമായിരുന്നു. താരതമ്യേന പിന്നിൽ നിൽക്കുന്നവരെ കണ്ടെത്തി മുന്പന്തിയിലെത്തിച്ചുകൊണ്ട് 1969 ൽ എത്തിയപ്പോൾ പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തത്ര ഉയരത്തിൽ അവർ എത്തിച്ചേർന്നു. ബിജെപിയിൽ ഇന്ന് മോദിയും അങ്ങനെ തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP