Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വളർച്ചാ നിരക്കിന്റെ മാന്ദ്യത്തിന് പിന്നാലെ മൂഡീസിന്റെ ചതി കൂടി ആയതോടെ കരകയറാനാവാതെ ഇന്ത്യൻ രൂപ; ജൂലൈയിലേക്കാൾ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി നവംബർ നീങ്ങുന്നു; ആകെ ആശ്വാസം ഈ മാസം തുടക്കത്തിലേക്കാൾ മെച്ചപ്പെട്ടത് മാത്രം: സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ രൂപയെ ആർക്കും വേണ്ടാതാവുമോ?

വളർച്ചാ നിരക്കിന്റെ മാന്ദ്യത്തിന് പിന്നാലെ മൂഡീസിന്റെ ചതി കൂടി ആയതോടെ കരകയറാനാവാതെ ഇന്ത്യൻ രൂപ; ജൂലൈയിലേക്കാൾ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി നവംബർ നീങ്ങുന്നു; ആകെ ആശ്വാസം ഈ മാസം തുടക്കത്തിലേക്കാൾ മെച്ചപ്പെട്ടത് മാത്രം: സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ രൂപയെ ആർക്കും വേണ്ടാതാവുമോ?

സ്വന്തം ലേഖകൻ

മുംബൈ: മൂല്യത്തകർച്ചയിൽ ദുർബല തലത്തിലേക്ക് ഇന്ത്യൻ രൂപ കൂപ്പുകുത്തുന്നു. ഏതാനും മാസങ്ങളായി രൂപ മൂല്യ തകർച്ചയിൽ ആയിരുന്നെങ്കിലും ഇപ്പോൾ എമർജിങ് ഏഷ്യൻ കറൻസികളുടെ മൂല്യ തകർച്ചയിലും രൂപ മുന്നിലായിരിക്കുകയാണ്. രൂപയുടെ മൂല്യം നടപ്പു സാമ്പത്തികപാദത്തിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. ഇതോടെ ഏഷ്യയിലെ മുൻനിര കറൻസികൾ പരിഗണിക്കുമ്പോൾ മൂല്യത്തകർച്ചയിൽ ദുർബലതലത്തിലേക്ക് കൂപ്പു കുത്തുകയാണ് ഇന്ത്യൻ രൂപ. ജൂലൈയിലെ മൂലസ്യ വർദ്ധനയ്ക്ക് ശേഷം അഞ്ച് ശതമാനത്തോളം ഇടിവാണ് രൂപയുടെ മൂല്യത്തിൽ ഉണ്ടായിരിക്കുന്നത്. 


വളർച്ചാ നിരക്കിന്റെ മാന്ദ്യത്തിന് പിന്നാലെ റേറ്റിങ് എജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴസും ചതിച്ചതോടെ കരകയറാനാവാത്ത നിലയിലാണ് ഇന്ത്യൻ രൂപ. മൂഡീസ് ഇൻവെസ്റ്റേഴസ് സർവീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഈ മാസമാദ്യം 'നെഗറ്റീവ്' ആക്കിയതാണ് ഇന്ത്യയ്ക്ക് ഇരുട്ടടി ആയിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറവായത് കണക്കിലെടുത്താണ് റേറ്റിങ് എജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴസ് സർവീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഈ മാസമാദ്യം 'നെഗറ്റീവ്' ആക്കിയിത്. വായ്പയ്ക്ക് എത്രമാത്രം അർഹതയുണ്ടെന്നത് നിർണയിക്കുന്ന ഈ റേറ്റിങ് നെഗറ്റീവായതും രൂപയുടെ വിലയിടിവിന് ആക്കം കൂട്ടുന്നതായാണ് വിലയിരുത്തൽ.

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയുൾപ്പെടെ കിട്ടാക്കടം വർധിക്കുന്നതും ഉത്പാദനം ഇടിയുന്നതും ഒക്കെ രൂപയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഈ പാദത്തിൽ കനത്ത വിൽപ്പന സമ്മർദ്ദത്തിലാണ് രൂപ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഈ ആഴ്ച റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് രൂപയുടെ ഇടിവ് കൂടുതൽ പ്രകടമായത്. പൊതു കടത്തിന്റെ തോത് വർധിച്ചതും രൂപയുടെ മൂല്യം കുറയാൻ കാരണമായി വിലയിരുത്തപ്പെടുന്നു. വളർച്ചാ നിരക്ക് കുറയുന്നത് മൂലധനനിക്ഷേപത്തിന്റെ തോത് കുറയ്ക്കുമെന്നതിനാൽ രൂപയുടെ മൂല്യതകർച്ച ഇനിയും വർധിക്കുമെന്ന സൂചനയുണ്ട്.

തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രണ്ടു പൈസ ഇടിവോടെ 71.73 എന്ന തലത്തിലായിരുന്നു രൂപ. തുടർന്ന് 3 പൈസ ഇടിവോടെ 71.74 എന്ന തലത്തിലെത്തി. ബാങ്കുകളും ഇറക്കുമതിക്കാരും ഡോളർ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ വിലയിടിവിന് ഇടയാക്കിയതെന്നാണ് സൂചന. ഒപ്പം ക്രൂഡോയിൽ വിലവർധനയും രാജ്യാന്തരതലത്തിൽ ഡോളർ ശക്തിപ്പെടുന്നതുമാണ് മറ്റു ഘടകങ്ങൾ.

വളർച്ചാനിരക്കിലെ ഇടിവാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുംബൈ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡിലെ ചീഫ് ഇക്കണോമിസ്റ്റ് ഇന്ദ്രാനിൽ പാൻ പറഞ്ഞു. 'സാമ്പത്തികതലത്തിലെ വെല്ലുവിളികൾക്കൊപ്പം, രൂപയുടെ മൂല്യം ദുർബലമാകാനും ഇത് ഇടയാക്കും. വളർച്ചാനിരക്കിലെ മോശം സാഹചര്യങ്ങൾ മൂലധന പ്രവാഹം കുറയ്ക്കുന്നതിലേക്കും നയിക്കാം. അതാകട്ടെ രൂപയെ വലിയതോതിൽ ബാധിക്കും.' അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം കഴിഞ്ഞ പാദത്തിൽ 4.6 ശതമാനമായി കുറഞ്ഞിരുന്നു. ഇത് 2013 ലെ ആദ്യ മൂന്ന് മാസത്തിനുശേഷം ഏറ്റവും താഴ്ന്നതാണെന്ന് ബ്ലൂംബെർഗ് സർവേയിലെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിക്കുന്നത് രാജ്യത്തിന്റെ വളർച്ചാനിരക്ക് 4.2 ശതമാനമായി കുറയുമെന്നാണ്. 2012 മുതൽ കണക്കാക്കിയാൽ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്.

ഈ മാസമാദ്യം രൂപയുടെ മൂല്യം ഡോളറിനെതിരെ 72.2425 എന്ന നിലയിലെത്തിയിരുന്നു. സെപ്റ്റംബറിൽ ഒൻപതു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 72.4075ൽ ആയിരുന്നു മൂല്യം. ധനകാര്യ വ്യവസ്ഥയിൽ രൂപയുടെ പണലഭ്യത വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഡോളർ വാങ്ങൽ വർധിപ്പിച്ചിരുന്നു. ഇതോടെ വിദേശനാണ്യ കരുതൽ ശേഖരം 448 ബില്യൻ ഡോളറിലെത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP