Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് മുക്ത ഭാരതം സംഘപരിവാറിന്റെ നടക്കാത്ത സ്വപ്നം മാത്രം; 2018 തുടക്കത്തിൽ രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന എൻഡിഎ ഭരണം ഇപ്പോൾ 16ലേക്ക് കുറഞ്ഞു; മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയും എൻഡിഎക്ക് നഷ്ടമാവുന്നു; വെറും രണ്ടിൽ നിന്ന് ആറിടത്ത് ഭരണം പിടിച്ച് യുപിഎ; രാജ്യത്തെ 'കാവി പ്രദേശങ്ങൾ' 71ൽ നിന്ന് 40 ശതമാനമായി ചുരുങ്ങുമ്പോൾ

കോൺഗ്രസ് മുക്ത ഭാരതം സംഘപരിവാറിന്റെ നടക്കാത്ത സ്വപ്നം മാത്രം; 2018 തുടക്കത്തിൽ രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന എൻഡിഎ ഭരണം ഇപ്പോൾ 16ലേക്ക് കുറഞ്ഞു; മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയും എൻഡിഎക്ക് നഷ്ടമാവുന്നു; വെറും രണ്ടിൽ നിന്ന് ആറിടത്ത് ഭരണം പിടിച്ച് യുപിഎ; രാജ്യത്തെ 'കാവി പ്രദേശങ്ങൾ' 71ൽ നിന്ന് 40 ശതമാനമായി ചുരുങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രതിപക്ഷത്തിന് പ്രതീക്ഷയേകി രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം അവിശ്വസനീയമായി മാറുന്നു. 2018 തുടക്കത്തിൽ ഇന്ത്യയുടെ 21 സംസ്ഥാനങ്ങൾ സ്വന്തമാക്കി എൻഡിഎ രാജ്യം മൊത്തമായി കാവി പുതപ്പിക്കുമെന്നുമെന്ന പ്രതീക്ഷ ഉയർത്തിയെങ്കിലും അവിടുന്നങ്ങോട്ട് അവർക്ക് തുടർച്ചയായി സംസ്ഥാനങ്ങൾ നഷ്ടമാവുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയും എൻഡിഎക്ക് നഷ്ടമാവുകയാണ്. ഇതോടെ രാജ്യത്തെ 'കാവി പ്രദേശങ്ങൾ' 71 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ചുരുങ്ങി. വലിയ സംസ്ഥാനങ്ങൾ കൂടുതൽ പ്രതിപക്ഷത്തിന്റെ കൈയിലായതാണ് ഈ മാറ്റത്തിന് കാരണം. അതായത് കോൺഗ്രസ് വിമുക്ത ഭാരതം എന്ന ബിജെപിയുടെ സ്വപ്നം അടുത്തകാലത്തൊന്നും നടപ്പാവില്ലെന്ന് വ്യക്തമാണ്.

2014 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യഭരണം പിടിച്ചതിന് പിന്നാലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബിജെപി ഭരണം പിടിച്ചിരുന്നു. 2017 ഡിസംബർ വരെ ഇതായിരുന്നു രാജ്യത്തെ രാഷ്ട്രീയ സാഹചര്യം. നിലവിൽ 16 സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് നേരിട്ടോ അല്ലാതെയോ ഭരണമുള്ളത്. മഹാരാഷ്്ട്രയിലടക്കം ആറിടത്ത്് കോൺഗ്രസ് സഖ്യവും ഭരണം പിടിച്ചു. 2019 നവംബർ വരെയുള്ള രാഷ്ട്രീയ പോരാട്ടത്തിൽ കൂടുതൽ നഷ്ടം ബിജെപിക്കാണ് നേരിടേണ്ടി വന്നത്.

തുടർച്ചയായതും സ്ഥിരവുമായ വളർച്ചയാണ് മോദി- ഷാ കൂട്ടുകെട്ടിന് കീഴിൽ ബിജെപിക്ക് ഉണ്ടായിരുന്നത്. 2014ലെ ഏഴ് സംസ്ഥാനങ്ങളിൽ നിന്ന് ബിജെപി 2015 ആയപ്പോഴേക്കും 13 സംസ്ഥാനങ്ങളിലെ ഭരണം പിടിച്ചു. 2016ൽ ബിജെപിക്ക് ഭരണമുള്ള സംസ്ഥാനങ്ങൾ 19 ആയി ഉയർന്നു. 2018ൽ അത് 21 സംസ്ഥാനങ്ങൾ എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. പല സർക്കാരുകളെയും വിജയകരമായി ബിജെപി അട്ടിമറിക്കുന്നതിനെ പ്രതിപക്ഷം അങ്കലാപ്പോടെ നോക്കിയിരിക്കുന്ന സ്ഥിതിവിശേഷമായിരുന്നു അപ്പോഴൊക്കെ. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പൂർണമായും അങ്ങനെ ചരിത്രത്തിൽ ആദ്യമായി ബിജെപിയുടെ നിയന്ത്രണത്തിൻ കീഴിലായി. എന്നാൽ പിന്നീട് തുടർച്ചയായ തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായത്. എൻഡിഎ സഖ്യത്തിൽ നിന്ന് ടിഡിപി വിട്ടിറങ്ങിയതോടെ ആന്ധ്രാപ്രദേശിലെ ഭരണ പങ്കാളിത്തവും ബിജെപിക്ക് നഷ്ടമായി. ഇതിന് പിന്നാലെ ജമ്മു കശ്മീരിലെ പിഡിപിയുമായുള്ള കൂട്ടുകെട്ട് തകരുകയും സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിൽ ആകുകയും ചെയ്തു.

മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ബജെപിക്ക് നഷ്ടപ്പെട്ടു. കർണാടകയിൽ കുതിരക്കച്ചവടത്തിലൂടെ അധികാരത്തിൽ തിരിച്ചെത്തിയതാണ് ബിജെപിക്ക് ആശ്വാസമായത്. 2019ൽ മോദി സർക്കാർ കേന്ദ്രത്തിൽ ശക്തമായി തിരിച്ചുവന്നെങ്കിലും സംസ്ഥാനങ്ങളിൽ തിരിച്ചടി തുടരുകയാണ്. എന്നാൽ മോദിയുടെ രണ്ടാം വരവിനും സംസ്ഥാനങ്ങളിൽ ബിജെപിക്ക് നേരിടുന്ന തിരിച്ചടിയുടെ ആഘാതം കുറക്കാനാകുന്നില്ല എന്നതാണ് യാഥാർഥ്യം. ഏറ്റവുമൊടുവിൽ ആർഎസ്എസിന്റെ കേന്ദ്രമായ നാഗ്പുർ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയും ബിജെപിക്ക് നഷ്ടപ്പെട്ടിരിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

2014 ൽ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഗോവ, അരുണാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു നേരിട്ടോ അല്ലാതെയോ ബിജെപി ഭരിച്ചിരുന്നത്. എന്നാൽ 2018 ആയപ്പോൾ സ്ഥിതി മറിച്ചായി ഹിന്ദി ഹൃദയഭൂമിക മുഴുവൻ ബിജെപി കാവി പുതപ്പിക്കുന്ന കാഴ്ചയാണ് രാജ്യം പിന്നീട് കണ്ടത്. ബിജെപി ഭരണത്തിന് പിടികൊടുക്കാതെ വഴുതി മാറിയത് ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമായിരുന്നു. തമിഴ്‌നാട്, കേരളം, കർണാടക, മിസോറാം, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപിയുടെ കുതിപ്പിനെ പിടിച്ചുനിർത്തിയത്. അതിൽ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്നത്.

2014 ൽ 13 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഭരണമുണ്ടായിരുന്ന സാഹചര്യത്തിൽ നിന്നാണ് ഈ തിരിച്ചടി കോൺഗ്രസ് അന്ന് നേരിട്ടത്. പഞ്ചാബ്-പോണ്ടിച്ചേരി സർക്കാർ മാത്രമായി കോൺഗ്രസ് പരിഹസിക്കപ്പെട്ടു. അവിടെനിന്നാണ് മധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഡും പഞ്ചാബും അടക്കം നേടിക്കൊണ്ട് കോൺഗ്രസ് തിരച്ചുവരവ് നടത്തിയത്.

്പ്രാദേശികപാർട്ടികളും കോൺഗ്രസും ചേർന്നാൽ ബിജെപി സഖ്യത്തെ തുരത്താമെന്ന സൂചനകളാണ് ഇതിൽനിന്ന് ലഭിക്കുന്നത്. പക്ഷേ അപ്പോഴും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് ഒരു നേതാവുപോലുമില്ലാതെ നട്ടം തിരിയുകയാണ്. ഇടക്കിടെയുള്ള വിദേശയാത്രകളുമൊക്കെ ഒഴിവാക്കി രാഹുൽ ഗാന്ധി ഉറച്ചുനിൽക്കയാണെങ്കിൽ ഇപ്പോഴും കോൺഗ്രസിന് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP